എഐ അല്ലാതെ ഇനിയെന്ത്! ടെക്‌സസ് സർവകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ദമ്പതികൾ

സർവകലാശാലയുടെ ഡാറ്റാ സയൻസ് പ്രോഗ്രാമുകൾക്ക് ദമ്പതികൾ മുമ്പ് നൽകിയ പിന്തുണയുടെ തുടർച്ചയായാണ് നിലവിലെ സംഭാവന
എഐ അല്ലാതെ ഇനിയെന്ത്! ടെക്‌സസ് സർവകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ദമ്പതികൾ
Published on

എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന സമൂഹമായി മാറുകയാണ് നമ്മൾ. ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയായി നിർമിതബുദ്ധി മാറുമെന്ന വിലയിരുത്തലുകൾ ഏറെയുണ്ടെങ്കിലും എഐ കേന്ദ്രീകരിച്ച് നിലവിൽ ധാരാളം പഠനങ്ങളും പരീക്ഷണങ്ങും നടന്ന് വരുന്നുണ്ട്. ഇപ്പോഴിതാ, ഈ പഠനങ്ങൾക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ ഇന്ത്യൻ വംശജരായ ദമ്പതികൾ.

അനുരാധ സൻഹ, വികാസ് സിൻഹ എന്നീ ദമ്പതികൾ യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് ടെക്‌സസിന് 2 കോടി യുഎസ് ഡോളർ, ഏകദേശം 190 കോടി രൂപ സംഭാവന നൽകി എന്നതാണ് പുതിയ വാർത്ത. നിർമ്മിത ബുദ്ധി, അഡ്വാൻസ്ഡ് അനലിറ്റിക്‌സ് എന്നീ മേഖലകളിലെ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായാണ് സംഭാവന. യൂണിവേഴ്സിറ്റിക്ക് കീഴിൽ ഈ വിഷയങ്ങൾക്ക് വേണ്ടി മാത്രം ഒരു പുതിയ കോളജ് ഒരുക്കുന്നതിനായാണ് പണം വിനിയോഗിക്കുക. ദമ്പതികളോടുള്ള ആദരസൂചകമായി ഈ പുതിയ കോളജിന് 'അനുരാധ ആൻഡ് വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്' എന്ന് പേരിടുമെന്ന് സർവ്വകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഹെൽത്ത് ഇൻഫോമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലേണിംഗ് ടെക്നോളജീസ് എന്നിവയിലെ പ്രോഗ്രാമുകളും ഗവേഷണങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ഒരു അക്കാദമിക്-ഗവേഷണ കേന്ദ്രമാണ് സർവകലാശാലയുടെ ലക്ഷ്യം. സ്കോളർഷിപ്പുകൾ, പ്രൊഫസർഷിപ്പുകൾ, കോളേജ് നേതൃത്വം, സംരംഭകത്വവും ഇൻകുബേഷനും, അഡ്വാൻസ്ഡ് റിസർച്ച്, പുതിയ സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായും പണം വിനിയോഗിക്കും

എഐ അല്ലാതെ ഇനിയെന്ത്! ടെക്‌സസ് സർവകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ദമ്പതികൾ
സിലിക്കൺ വാലിയെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തൽ: ആന്ത്രോപിക് സിഇഒയുടെ ഭാര്യ എപ്സ്റ്റീനെ സമീപിച്ചത് 'ലക്ഷ്വറി പോൺ' കമ്പനിക്ക് വേണ്ടി

എഐ രൂപപ്പെടുത്തുന്ന ഭാവിയിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ സർവ്വകലാശാലകൾക്ക് നിർണായക പങ്കുണ്ടെന്നാണ് വികാസ് സിൻഹ പറയുന്നത്. 2023ൽ ടെക്സസ് സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആളാണ് വികാസ് സിൻഹ.

"നമ്മുടെ തലമുറയെ നിർണ്ണയിക്കുന്ന പ്രധാന സാങ്കേതികവിദ്യകളിൽ ഒന്നായിരിക്കും നിർമ്മിത ബുദ്ധി. ഇതിന്റെ ഭാവി രൂപപ്പെടുത്തുന്ന ആളുകളെ സജ്ജരാക്കുന്നതിൽ സർവ്വകലാശാലകൾക്ക് അത്യന്താപേക്ഷിതമായ പങ്കുണ്ട്," ഫോക്സ് 4 ന്യൂസ് ഡാലസ്-ഫോർട്ട് വർത്ത് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കുടിയേറ്റക്കാരും വിദ്യാർത്ഥികളും എന്ന നിലയിലുള്ള തങ്ങളുടെ സ്വന്തം അനുഭവങ്ങളാണ് ഈ സംഭാവന നൽകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ സംഭാവന ഞങ്ങൾക്ക് ലഭിച്ച അവസരങ്ങളെ മറ്റുള്ളവർക്കായി തിരികെ നൽകുന്നതിനും, കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നത്തിൽ പങ്കുചേരുക മാത്രമല്ല, അത് കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് അംഗീകരിക്കുന്നതിനും വേണ്ടിയുള്ളതാണ്."

സർവകലാശാലയുടെ ഡാറ്റാ സയൻസ് പ്രോഗ്രാമുകൾക്ക് ദമ്പതികൾ മുമ്പ് നൽകിയ പിന്തുണയുടെ തുടർച്ചയായാണ് നിലവിലെ സംഭാവന. 2024-ൽ 'അനുരാധ ആൻഡ് വികാസ് സിൻഹ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡാറ്റാ സയൻസ്' സ്ഥാപിക്കാൻ ഇവർ ധനസഹായം നൽകിയിരുന്നു. തുടർന്ന് 2025ൽ ഡാറ്റാ സയൻസിനായുള്ള 'സിൻഹ ഇന്നൊവേഷൻ ലാബ്' സൃഷ്ടിക്കുന്നതിലേക്ക് വലിയൊരു സംഭാവനയും ഇരുവരും ചേർന്ന് നൽകി.

എഐ അല്ലാതെ ഇനിയെന്ത്! ടെക്‌സസ് സർവകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ദമ്പതികൾ
ട്രംപിന്റെ ഭീഷണി വിലപ്പോയില്ല! പിക്‌ആക്സിലെ നിർമാണപ്രവർത്തനം ദ്രുതഗതിയിൽ, ഇറാന്റെ ഉദ്ദേശമെന്ത്?

ഇന്ത്യയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയിൽ നിന്ന് സിവില് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദമ്പതികൾ യുഎസിലേക്ക് കുടിയേറിയത്. പിന്നീട് ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ വികാസ് സിൻഹ, ടെക്സസിൽ നിന്ന് ഡോക്ടറേറ്റ് നേടുന്നതിന് മുൻപ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി.

നിലവിൽ ബ്രോഡ്കോമിലെ മെയ്ൻഫ്രെയിം സോഫ്റ്റ്വെയർ ഡിവിഷന്റെ വൈസ് പ്രസിഡന്റാണ് വികാസ്. 2023 മുതൽ യുഎൻടി കോളേജ് ഓഫ് ഇൻഫർമേഷൻ ലീഡർഷിപ്പ് ബോർഡിലും പ്രവർത്തിക്കുന്നുണ്ട്.

ഫോക്സ് 4 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പുതിയ കോളേജ് രണ്ട് അക്കാദമിക് വിഭാഗങ്ങളിലൂടെയായിരിക്കും പ്രവർത്തിക്കുക. ഒന്ന് ഇന്റലിജന്റ് സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റൊന്ന് മനുഷ്യന്റെയും സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളിൽ ഇന്റലിജന്റ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കും.

സാങ്കേതികവിദ്യ, തൊഴിൽ, ഗവേഷണം എന്നിവയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള യുഎൻടിയുടെ വിപുലമായ തന്ത്രത്തെ കോളേജ് പിന്തുണയ്ക്കുമെന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഹാരിസൺ കെല്ലർ പറയുന്നത്. പുതിയ കോളേജിന് പേരിടുന്നതിന്റെ ഭാഗമായി ഈ വർഷാവസാനം കാമ്പസ് ആഘോഷം സംഘടിപ്പിക്കാനും സർവകലാശാല പദ്ധതിയിടുന്നു.

എഐ അല്ലാതെ ഇനിയെന്ത്! ടെക്‌സസ് സർവകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ദമ്പതികൾ
ആരാണ് ഒഎൽഎക്സ് ആൽഫയ്ക്ക് പിന്നിൽ?സോഷ്യൽ മീഡിയയിൽ ചർച്ചയായി ഡെവലപ്പർ ആരാണെന്നറിയായാത്ത എഐ മോഡല്‍

1890ൽ ജോഷ്വ സി. ചിൽട്ടൺ 'ടെക്സസ് നോർമൽ കോളേജ് ആൻഡ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്' ആയി ആരംഭിച്ച സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ്. ഡെന്റൺ ഡൗൺടൗണിലെ ഒരു ഹാർഡ്‌വെയർ സ്റ്റോറിന് മുകളിൽ പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് യുഎസിലെ ഏറ്റവും വലിയ പബ്ലിക് റിസർച്ച് യൂണിവേഴ്സിറ്റികളിൽ ഒന്നായുള്ള സർവകലാശാലയുടെ വളർച്ചയ്ക്ക് പിന്നിൽ വികാസ്-അനുരാധ ദമ്പതികളെ പോലെ അനവധി പേരുടെ സംഭാവനകളുമുണ്ട്.

Summary

We are becoming a society increasingly dependent on AI for everything. While there are growing concerns that artificial intelligence could pose a threat to humans in the future, numerous studies and experiments focused on AI are currently underway. Now, an Indian-origin couple in the US has stepped forward to provide financial support for such research.

Madism Digital
madismdigital.com