

ഒന്നുറക്കമുണരുമ്പോൾ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ടെക്കികൾ. എഐയുടെ അതിവേഗ വളർച്ചയാണ് ടെക് മേഖലയിലെ തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ, പുലർച്ചെ നാലിന് മെറ്റയുടെ പിരിച്ചുവിടൽ ഇ-മെയിൽ സന്ദേശം നൽകിയിരിക്കുകയാണ്. കൂടാതെ കൂട്ടത്തോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശങ്ങൾ നൽകുന്ന പ്രവണതയും വലിയ ആശങ്കയാണ് ടെക്കികൾക്ക് ഉണ്ടാക്കുന്നത്.
മെറ്റയുടെ സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്ക് ഇന്ന് പുലർച്ചെ ഇ-മെയിൽ ലഭിച്ചതെന്നാണ് റിപ്പോർട്ട്. കൂടാതെ നിലവിൽ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരവധി ടെക് കമ്പനികൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോം നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം പിരിച്ചുവിടലുകളും ആരംഭിച്ചിട്ടുണ്ട്. ഏകദേശം 8000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളാണ് കമ്പനി ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇത് കമ്പനിയുടെ ആകെ തൊഴിലാളികളുടെ ഏകദേശം 10 ശതമാനത്തോളം വരും
എഐ കൊണ്ടുവരുന്ന മാറ്റങ്ങൾ
മെറ്റയുടെ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയിൽ പറയുന്നതനുസരിച്ച്, പിരിച്ചുവിടൽ നടപടിക്ക് മുമ്പ് മെറ്റയിൽ ഏകദേശം 78000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ ആയിരത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലുള്ളവരിൽ 7000 ജീവനക്കാരെ പുതിയ എഐ ടീമുകളിലേക്ക് മാറ്റുകയും 6000 ഒഴിവുകൾ റദ്ദാക്കുകയും ചെയ്യും. മാനേജ്മെന്റ്തല പോസ്റ്റുകള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം എഐ വികസന പദ്ധതികൾക്കായി 12.08 ലക്ഷം കോടി രൂപ മുതൽ 14.01 ലക്ഷം കോടി രൂപ വരെ ചെലവിടാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, വര്‍ക്ക് ഫ്രം ഹോം, പിരിച്ചുവിടല്‍ നടപടികള്‍ക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്നില്ല. എന്നിരുന്നാലും ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന എ ഐ ട്രാക്കിംഗ് ഉപകരണത്തിനെതിരെ 1000ലധികം പേർ പ്രതിഷേധ ഹർജിയിൽ ഒപ്പുവച്ചിട്ടുണ്ട്.
മെറ്റ മാത്രമല്ല, മറ്റ് പ്രമുഖ ടെക് കമ്പനികളും പ്രതിസന്ധിയിൽ
എഐ അധിഷ്ഠിത പുനഃസംഘടനയുടെ സ്വാധീനം ഇപ്പോൾ മെറ്റയിൽ മാത്രം ഒതുങ്ങുന്നില്ല. ടെക് ലോകമെമ്പാടും സമാനമായ തൊഴിൽവെട്ടിക്കുറക്കലുകൾ വ്യാപകമാകുകയാണ്. കഴിഞ്ഞ ആഴ്ച സിസ്കോ സിസ്റ്റംസ് 4,000 തൊഴിലുകൾ വെട്ടിക്കുറച്ചപ്പോൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഡിസ്നി, എഎസ്എംഎൽ തുടങ്ങിയ കമ്പനികള്‍ പിരിച്ചുവിടലുകളോ സ്വമേധയാ പുറത്തുപോകൽ പദ്ധതികളോ പ്രഖ്യാപിച്ചു.
ഏപ്രിലിൽ ഒറാക്കിൾ ഇമെയിലുകൾ വഴി ഏകദേശം 20000 മുതൽ 30000 വരെ ജീവനക്കാരെ പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത് താൽക്കാലിക സാമ്പത്തിക പ്രതിസന്ധിയല്ല മറിച്ച് എഐ സൃഷിടിക്കുന്ന സ്ഥിരമായ ഘടനാപരമായ മാറ്റത്തിന്റെ ഭാഗമാണെന്ന് റെഡോക്യു സിഇഒ ദീപൽ ദത്ത പറഞ്ഞു. ലിങ്ക്ഡ്ഇന്നും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കമ്പനി 600 പേരെ വരെ പുറത്താക്കി എന്നാണ് റിപ്പോര്‍ട്ട്.
ഇനി കോർപ്പറേറ്റുകൾ വിലമതിക്കുന്നത് വേഗത്തിൽ ജോലി പൂർത്തിയാക്കുന്നവരെയല്ല, മറിച്ച് പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ഏകോപിപ്പിച്ചും ജോലികൾ ചെയ്യാൻ കഴിയുന്നവരെയാണ്. ലോകത്തെ മുന്നോട്ടു നയിക്കുന്ന എഐ കാലഘട്ടത്തിലെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദഗ്ധർക്കാണ് ഭാവിയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
English Summary: AI-driven restructuring is reshaping the global tech industry, with companies like Meta, Microsoft, Amazon, Cisco and Oracle announcing major layoffs and workforce changes. Meta has reportedly begun cutting nearly 8,000 jobs while shifting thousands of employees into new AI-focused teams. Employees across regions were instructed to work from home ahead of the restructuring process. Experts say this is not a temporary slowdown but a long-term transformation where companies increasingly value professionals who can manage AI systems, automation and business operations together.