വര്‍ഷങ്ങളായി സാംസങ് ഏകപക്ഷീയമായി ആധിപത്യം പുലര്‍ത്തുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണായ 'ഐഫോണ്‍ ഡ്യുവോ' അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. സാംസങ്ങിന്റെ പുതിയ ഫോള്‍ഡബിള്‍ മോഡലായ സാംസങ് ഗാലക്‌സി ഇസെഡ് ഫോള്‍ഡ് 8-ന് സമാനമായി, നീളമുള്ളതിനേക്കാള്‍ വീതികൂടിയ ബുക്ക്-സ്‌റ്റൈല്‍ ഡിസൈനാണ് ഐഫോണ്‍ ഡ്യുവോക്കുള്ളത്. ഡ്യുവോയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നുവെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ വിപണിയില്‍ ലഭ്യമാകൂ.
'ആദ്യത്തെ ഐഫോണിന് ശേഷം ഐഫോണ്‍ നിരയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ഐഫോണ്‍ ഡ്യുവോ. തികച്ചും പുതിയ ഡിസൈനും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയും വഴി, ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സമന്വയിപ്പിച്ച് ഫോള്‍ഡബിള്‍ ഫോണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നും ഇത് പുനര്‍നിര്‍വചിക്കുന്നു,' ആപ്പിള്‍ സി.ഇ.ഒ ജോണ്‍ ടെര്‍നസ് പറഞ്ഞു. മടക്കിവെക്കുമ്പോള്‍ പാസ്പോര്‍ട്ടിന് സമാനമായ വലിപ്പമുള്ളതിനാല്‍ ഒരു കൈകൊണ്ട് പിടിക്കാനും ഉപയോഗിക്കാനും വളരെ സൗകര്യപ്രദമാണ് ഐഫോണ്‍ ഡ്യുവോ.
ഡിസൈന്‍, സവിശേഷതകള്‍
കൂടുതല്‍ കരുത്തുറ്റ പ്രോസസര്‍, മെച്ചപ്പെടുത്തിയ ക്യാമറ, മികച്ച ബാറ്ററി പ്രകടനം, പുതിയ എഐ സവിശേഷതകള്‍ എന്നിവയാണ് പുതിയ സീരീസിന്റെ പ്രധാന പ്രത്യേകതകള്‍. 7.6 ഇഞ്ച് വലിയ ഇന്നര്‍ ഫോള്‍ഡബിള്‍ സ്‌ക്രീനും 5.4 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലേയും എയറോസ്പേസ് ഗ്രേഡ് ടൈറ്റാനിയം ഫ്രെയിമില്‍ ഉള്‍ക്കൊള്ളിച്ചാണ് ഡ്യൂവോ എത്തിയിരിക്കുന്നത്. ഡ്യുവോയുടെ ഇന്നര്‍ ഡിസ്പ്ലേയ്ക്ക് ഐഫോണ്‍ 18 പ്രോ മാക്‌സിനേക്കാള്‍ 50% വലിപ്പക്കൂടുതലുണ്ട്, അതേസമയം പുറത്തെ 5.4 ഇഞ്ച് സ്‌ക്രീന്‍ കൃത്യമായ ആസ്‌പെക്റ്റ് റേഷ്യോ നിലനിര്‍ത്തുന്നു. രണ്ട് സ്‌ക്രീനുകളിലും ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാം. ഫോണ്‍ തുറക്കുമ്പോള്‍ സ്‌ക്രീനില്‍ മടക്കുകള്‍ കാണാതിരിക്കാന്‍ കസ്റ്റം നാനോ ടെക്‌സ്ചര്‍ ഫിനിഷും നല്‍കിയിട്ടുണ്ട്.
ഗ്രേഡ് 5 ടൈറ്റാനിയവും സെറാമിക് ഷീല്‍ഡ് 2-വും ചേര്‍ന്നതാണ് ഫോണിന്റെ ബോഡി. സ്റ്റാര്‍ വൈറ്റ്, നൈറ്റ് സ്‌കൈ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. സൈഡ് ബട്ടണിലാണ് ടച്ച് ഐഡി നല്‍കിയിരിക്കുന്നത്. രണ്ട് നാനോമീറ്റര്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആപ്പിളിന്റെ ഏറ്റവും പുതിയ എ20 പ്രോ പ്രൊസസറാണ് ഐഫോണ്‍ ഡ്യുവോയ്ക്ക് കരുത്തേകുന്നത്. ആറ് കോറുകളുള്ള ഈ സിസ്റ്റം ഓണ്‍ ചിപ്പിന് എ19 പ്രോ ചിപ്‌സെറ്റിനേക്കാള്‍ 20 ശതമാനം വേഗം കൂടുതലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഐഒഎസ് 27 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മികച്ച മള്‍ട്ടിടാസ്‌കിങ്ങിനായി സ്പ്ലിറ്റ് വ്യൂ, എളുപ്പത്തിലുള്ള ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റം നല്‍കുന്നു.
ഒരേസമയം രണ്ട് ഹോം സ്‌ക്രീനുകള്‍ കാണാനും രണ്ട് ആപ്പുകള്‍ ഒരുമിച്ച് ഉപയോഗിക്കാനും താഴെ ഭാഗത്ത് ജോലി ചെയ്യുമ്പോള്‍ മുകള്‍ ഭാഗത്ത് വീഡിയോ പിന്‍ ചെയ്തു വെക്കാനും ഡ്യുവോ സോഫ്റ്റ്വെയറിലൂടെ സാധിക്കും. ഈ പുതിയ രൂപകല്‍പ്പനയ്ക്ക് അനുയോജ്യമായ രീതിയില്‍ ആപ്പുകള്‍ വികസിപ്പിക്കാന്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ എപിഐ പിന്തുണയും നല്‍കുന്നുണ്ട്. മികച്ച കാമറ സംവിധാനമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ പ്രൈമറി കാമറയും 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ അള്‍ട്രാ വൈഡ് ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പാണ് ഇതിലുള്ളത്. സെക്കന്‍ഡില്‍ 120 ഫ്രെയിമില്‍ ഫോര്‍കെ റെസല്യൂഷനില്‍ വീഡിയോകള്‍ ചിത്രീകരിക്കാന്‍ ഇതിലൂടെ സാധിക്കും. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഇന്നര്‍ ഡിസ്‌പ്ലേയില്‍ 12 മെഗാപിക്‌സല്‍ സെന്റര്‍ സ്റ്റേജ് കാമറയും നല്‍കിയിട്ടുണ്ട്.
മാഗ്‌സേഫ് വയര്‍ലസ് ചാര്‍ജിങ് പിന്തുണയുള്ള ഫോണില്‍ മികച്ച ബാറ്ററി ബാക്കപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്നര്‍ സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ 31 മണിക്കൂര്‍ വരെയും ഔട്ടര്‍ സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ 44 മണിക്കൂര്‍ വരെയും വീഡിയോ പ്ലേബാക്ക് ലഭിക്കും. രണ്ട് സ്‌ക്രീനുകളും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഒറ്റ ചാര്‍ജില്‍ 24 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും.
വിലയും ലഭ്യതയും
നാല് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐഫോണ്‍ ഡ്യുവോ വിപണിയില്‍ എത്തുന്നത്. ഇന്ത്യയില്‍, 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ ഡ്യുവോയ്ക്ക് 2,99,900 മുതലാണ് വില ആരംഭിക്കുന്നത്. 512 ജിബി മോഡലിന് 3.24 ലക്ഷം രൂപയും ഒരു ടിബി വേരിയന്റിന് 3.74 ലക്ഷം രൂപയും രണ്ട് ടിബി മോഡലിന് 4.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. ഒക്ടോബര്‍ 23 മുതല്‍ വില്‍പ്പന ആരംഭിക്കും. ഒക്ടോബര്‍ 16ന് വൈകിട്ട് 5.30 മുതല്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.
Apple has entered the foldable smartphone market with its first foldable iPhone, the iPhone Duo, featuring a book-style design and a large 7.6-inch inner display. The device comes with an A20 Pro chip, iOS 27, a dual 48MP rear camera system, Apple Pencil support on both screens, and MagSafe wireless charging. It is offered in four storage variants, starting at ₹2,99,900 in India, with sales beginning on October 23 and pre-orders opening on October 16.