

റോബോട്ടുകൾക്ക് യഥാർത്ഥ വസ്തുക്കൾ തിരിച്ചറിയാനും ലേബലുകൾ വായിക്കാനും സഹായിക്കുന്ന ജെമിനി എഐ അപ്‌ഡേറ്റ് പുറത്തിറക്കി ഗൂഗിൾ. ഇതുവരെ റോബോട്ടുകള്‍ ചെയ്തിരുന്ന നിരവധി ജോലികളുടെ പരിമിതികള്‍ ഇതോടെ ഇല്ലാതാവും, മനുഷ്യരെപ്പോലെ യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഇതോടെ റോബോട്ടുകള്‍ക്ക് സാധിക്കും. ജെമിനി റോബോട്ടിക്‌സ്-ഇആർ 1.6 എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പേര്. സങ്കീർണ്ണമായ ചുറ്റുപാടുകളില്‍ സഞ്ചരിക്കാനും വിവിധ ഉപകരണങ്ങൾ കൃത്യമായി തിരിച്ചറിയാനും പുതിയ സംവിധാനത്തിന് കഴിയും. പല കാഴ്ചപ്പാടുകളിൽ നിന്നുള്ള ദൃശ്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്.
പുതിയ മോഡൽ മെച്ചപ്പെട്ട സ്ഥലകാല ബോധ്യങ്ങള്‍ റോബോട്ടുകള്‍ക്ക് നൽകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്ഥലബോധം, ലോകത്തെക്കുറിച്ചുള്ള അറിവ്, പ്രവർത്തനാധിഷ്ഠിത ദൃശ്യവിശകലനം എന്നിവ സംയോജിപ്പിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ക്യാമറകളിലൂടെ ലഭിക്കുന്ന വിവിധ കോണുകളിലുള്ള ദൃശ്യങ്ങൾ ഒന്നിച്ച് ചേർത്ത് പരിസരത്തെ സമഗ്രമായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഇതിലൂടെ റോബോട്ടുകൾക്ക് ജോലികൾ അനായസമാക്കാനും സങ്കീർണ്ണമായ സാഹചര്യങ്ങളെ പൂർണമായും മനസിലാക്കി അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും സാധിക്കും.
പ്രായോഗിക രംഗങ്ങളിൽ റോബോട്ടുകളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകും. അലങ്കോലമായിക്കിടക്കുന്ന വർക്ക്ഷോപ്പുകളിൽ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തുകയും അനാവശ്യ വസ്തുക്കൾ ഒഴിവാക്കുകയും ചെയ്യാൻ റോബോട്ടുകൾക്ക് കഴിയും. ഒരു ജോലി പൂർത്തിയായോ അല്ലെങ്കിൽ വീണ്ടും ശ്രമിക്കണമോയെന്ന് വിലയിരുത്താനും സംവിധാനത്തിന് കഴിവുണ്ട്. അനലോഗ് ഡയലുകൾ വായിക്കുന്നതും വിവിധ സാഹചര്യങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനും ഈ സംവിധാനം സഹായിക്കുന്നു. കൂടാതെ 20 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാതിരിക്കേണ്ടതുപോലുള്ള ഭൗതിക നിയന്ത്രണങ്ങളും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
അതേസമയം, റോബോട്ടിക്‌സ് രംഗത്ത് ചൈന സ്വീകരിക്കുന്ന സമീപനം വ്യത്യസ്ത ദിശയിലാണ് മുന്നേറുന്നത്. യൂണിട്രീ റോബോട്ടിക്സ് വികസിപ്പിച്ച എച്ച്1 ഹ്യൂമനോയിഡ് റോബോട്ട് അതിവേഗം ഏറെ ദൂരം ഓടി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരു സെക്കൻഡിൽ 10 മീറ്റർ വേഗതയിൽ ഓടുന്ന ഈ റോബോട്ട് ഹ്യൂമനോയിഡ് റോബോട്ടുകളുടെ വേഗതയിൽ പുതിയ റെക്കോർഡായി കണക്കാക്കപ്പെടുന്നു. 2026 ഏപ്രിൽ 19-ന് നടക്കാനിരിക്കുന്ന രണ്ടാം ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തോണിന് മുന്നോടിയായി ഈ പരീക്ഷണം നടത്തിയത്. ഗ്ലോബൽ ടൈംസ് റിപ്പോർട്ട് പ്രകാരം 70-ൽ അധികം ടീമുകൾ ഇതിനകം ഓട്ടപരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
English Summary: Google has introduced the Gemini Robotics-ER 1.6 AI update, enabling robots to recognize real-world objects, read labels, and make logical decisions in complex environments. This advancement enhances spatial awareness, task planning, and autonomy, marking a major step forward in robotics.