ഇൻസ്റ്റ​ഗ്രാമിന് പുതിയ വേഡ്മാർക്ക്; ഇന്റർനെറ്റിൽ ചിരിപടർത്തി 'ഇൻസ്റ്റാഗ്സാം' ട്രോളുകൾ

പഴയ ക്യാമറ ഐക്കൺ മാറ്റി പുതിയ ഗ്രേഡിയന്റ് ഐക്കൺ കൊണ്ടുവന്നതിന് ശേഷം ഇൻസ്റ്റാഗ്രാമിന്റെ വിഷ്വൽ ഐഡന്റിറ്റിയിൽ വരുന്ന ഏറ്റവും വലിയ മാറ്റമാണിത്.
ഇൻസ്റ്റ​ഗ്രാമിന് പുതിയ വേഡ്മാർക്ക്; ഇന്റർനെറ്റിൽ ചിരിപടർത്തി 'ഇൻസ്റ്റാഗ്സാം' ട്രോളുകൾ
Published on

കഴിഞ്ഞ പത്തുവർഷമായി നമ്മൾ കണ്ടുകൊണ്ടിരുന്ന ഇൻസ്റ്റഗ്രാമിന്റെ വേഡ്മാർക്കിന് മാറ്റം വന്നിരിക്കുകയാണ്. ലോഗോ കൂടുതൽ വ്യക്തവും ആധുനികവുമാക്കാനാണ് കമ്പനി ഈ മാറ്റം കൊണ്ടുവന്നതെങ്കിലും, സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ട്രോളുകൾക്കും രസകരമായ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. 2016-ൽ പഴയ ക്യാമറ ഐക്കൺ മാറ്റി പുതിയ ഗ്രേഡിയന്റ് ഐക്കൺ കൊണ്ടുവന്നതിന് ശേഷം ഇൻസ്റ്റാഗ്രാമിന്റെ വിഷ്വൽ ഐഡന്റിറ്റിയിൽ വരുന്ന ഏറ്റവും വലിയ മാറ്റമാണിത്.

പൂർണ്ണമായും കൂട്ടക്ഷരശൈലിയിലായിരുന്ന പഴയ ലോ​ഗോയ്ക്ക് പകരം പ്രിന്റും കൂട്ടക്ഷരവും കലർന്ന ഒരു പുതിയ ഹൈബ്രിഡ് ഡിസൈനാണ് ഇന്റസ്റ്റ​ഗ്രാം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗോയിൽ 's', 'r', 'g' എന്നീ അക്ഷരങ്ങൾക്ക് മാത്രമാണ് പഴയതുപോലെ കർസീവ് ശൈലിയിലുള്ള വളവുകൾ നൽകിയിട്ടുള്ളത്. പത്ത് വർഷമായി യാതൊരു മാറ്റവുമില്ലാതിരുന്ന ലോ​ഗോ കാലപ്പഴക്കം ചെന്നതായി തോന്നിയതിനാലാണ് പുതിയ മാറ്റം കൊണ്ടുവന്നതെന്ന് ഇൻസ്റ്റ​ഗ്രാം മേധാവി ആദം മൊസേരി വ്യക്തമാക്കി. ഈ വേഡ്മാർക്ക് മാറ്റത്തിന് പുറമെ ഇൻസ്റ്റാഗ്രാം സാൻസ് (Instagram Sans), ഇൻസ്റ്റാഗ്രാം പെൻ (Instagram Pen), ഇൻസ്റ്റാഗ്രാം മോണോ (Instagram Mono) എന്നിങ്ങനെ പുതിയ ചില ഫോണ്ടുകളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൽ മുകളിൽ എഴുതി കാണിക്കുന്ന ടെക്സ്റ്റ് ലോഗോയിൽ മാത്രമാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഫോൺ സ്ക്രീനിൽ കാണുന്ന പരിചിതമായ പിങ്ക്-ഓറഞ്ച് ക്യാമറ ഐക്കണിന് മാറ്റമൊന്നുമില്ല. അതേസമയം, പുതിയ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ വേഡ്മാർക്കിലെ 'r' എന്ന അക്ഷരമാണ് പ്രധാനമായും ട്രോളുകൾക്ക് ഇരയായത്. പുതിയ ഡിസൈനിലെ 'r'കണ്ടാൽ 'z' പോലെയിരിക്കുന്നു എന്നാണ് പലരുടെയും അഭിപ്രായം. ഇതോടെ ഇൻസ്റ്റഗ്രാമിന്റെ പേര് ഇൻസ്റ്റാഗ്‌സാം (Instagzam) എന്നായി മാറിയോ എന്ന് ഉപയോക്താക്കൾ ചോദിക്കാൻ തുടങ്ങി. ഇതൊരു പുതിയ സ്കിൻ കെയർ ബ്രാൻഡിന്റെ പേരുപോലെ ഉണ്ടെന്നും ചിലർ എക്സ് പ്ലാറ്റ്‌ഫോമിൽ പരിഹസിച്ചു.

ഇൻസ്റ്റ​ഗ്രാമിന് പുതിയ വേഡ്മാർക്ക്; ഇന്റർനെറ്റിൽ ചിരിപടർത്തി 'ഇൻസ്റ്റാഗ്സാം' ട്രോളുകൾ
വരുമാനമുണ്ടാക്കല്‍ എളുപ്പമാകില്ല! വാച്ച് അവറും ഷോര്‍ട്‌സ് വ്യൂസും വർധിപ്പിച്ച് യൂട്യൂബ്

ലോഗോ മാറ്റത്തിന് പിന്നാലെ ഉയർന്ന മറ്റൊരു പ്രധാന ചർച്ച പുതിയ തലമുറയെ കുറിച്ചാണ്. പുതിയ തലമുറയ്ക്ക് കൂട്ടക്ഷര ശൈലി വായിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഇൻസ്റ്റഗ്രാം തങ്ങളുടെ ലോഗോ കൂടുതൽ വ്യക്തമാക്കിയെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായി. അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ 2010-ന് ശേഷം കർസീവ് ശൈലി പഠിപ്പിക്കുന്നത് പലയിടത്തും നിർത്തിവെച്ചിരുന്നു. ഇത് പുതിയ തലമുറയുടെ വായനാശേഷിയെ ബാധിച്ചിട്ടുണ്ട്. ഡോക്യുസൈൻ അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, അമേരിക്കയിലെ ജെൻ സി തലമുറയിൽ വെറും 51 ശതമാനം പേർക്ക് മാത്രമേ കർസീവ് ശൈലിയിൽ സ്വന്തം പേര് ഒപ്പിടാൻ അറിയൂ (പഴയ തലമുറയിൽ ഇത് 80% ആണ്). ഈ കണക്കുകൾ കൂടി പുറത്തുവന്നതോടെ ഇൻസ്റ്റാഗ്രാം ലോഗോ മാറ്റിയത് പുതിയ തലമുറയ്ക്ക് വേണ്ടിയാണെന്ന വാദത്തിന് കൂടുതൽ പ്രചാരം ലഭിച്ചു.

അതിനിടെ, കർസീവ് ശൈലിയെക്കുറിച്ചുള്ള ചർച്ചകൾ ഇന്റർനെറ്റിൽ ചൂടുപിടിക്കുന്നുണ്ടെങ്കിലും ജെൻ സി തലമുറയുടെ വായനാശേഷിയുമായി ലോഗോ മാറ്റത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് ഇൻസ്റ്റഗ്രാം നൽകുന്ന വിശദീകരണം. ലോഗോ കൂടുതൽ ലളിതവും ആധുനികവുമാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.

Summary

Instagram has updated its text-based wordmark for the first time in nearly a decade, introducing a cleaner, hybrid print-and-cursive font. However, the redesign has sparked a wave of online jokes because the new letter 'r' resembles a 'z', leading users to mockingly call the app "Instagzam." The update also triggered a social media debate over whether Gen Z can still read cursive writing, given the decline in cursive education. Despite the internet speculation, Instagram clarified that the change was simply to make the logo look more modern, not because of Gen Z's reading habits.

Madism Digital
madismdigital.com