ഫ്രീ സേവനങ്ങള്‍ക്ക് നിയന്ത്രണമോ? ഇന്‍സ്റ്റഗ്രാം മുതല്‍ വാട്‌സ്ആപ്പ് വരെ പ്രീമിയം ഫീച്ചറുകളുമായി ‘മെറ്റ പ്ലസ്’

എഐയും അഡ്-ഫ്രീ സേവനങ്ങളും പുതിയ പ്ലാനുകളുമായി മെറ്റ
ഫ്രീ സേവനങ്ങള്‍ക്ക് നിയന്ത്രണമോ? ഇന്‍സ്റ്റഗ്രാം മുതല്‍ വാട്‌സ്ആപ്പ് വരെ പ്രീമിയം ഫീച്ചറുകളുമായി ‘മെറ്റ പ്ലസ്’
Published on

മെറ്റയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ‘മെറ്റ പ്ലസ്’ എന്ന പേരില്‍ വിവിധ തലങ്ങളിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. ഉപയോക്താക്കള്‍ക്ക് അധിക സൗകര്യങ്ങളും എഐ അടിസ്ഥാനത്തിലുള്ള പ്രത്യേക ഉപകരണങ്ങളും സ്വകാര്യതാ നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തിയ സേവനങ്ങളായിരിക്കും പുതിയ സംവിധാനത്തിന്റെ പ്രധാന ആകര്‍ഷണം.

നിലവില്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരിക്കുന്ന ‘മെറ്റ വെരിഫൈഡ്’ സേവനങ്ങളെക്കാള്‍ കൂടുതല്‍ വിപുലമായ രീതിയിലായിരിക്കും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം രൂപപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരസ്യങ്ങളില്ലാത്ത ഉപയോഗാനുഭവം, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍, എഐ ചാറ്റ് സഹായം, പ്രീമിയം എഡിറ്റിങ് സൗകര്യങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സ്വകാര്യതാ ക്രമീകരണങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാനിടയുണ്ടെന്നാണ് വിവരം.

ഫ്രീ സേവനങ്ങള്‍ക്ക് നിയന്ത്രണമോ? ഇന്‍സ്റ്റഗ്രാം മുതല്‍ വാട്‌സ്ആപ്പ് വരെ പ്രീമിയം ഫീച്ചറുകളുമായി ‘മെറ്റ പ്ലസ്’
എഐ ചെലവുകൾ പോക്കറ്റ് കാലിയാക്കുന്നു; കമ്പനികൾക്ക് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് റിപ്പോർട്ടുകൾ

മാര്‍ക്ക് സക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ, പരസ്യവരുമാനത്തെ മാത്രം ആശ്രയിക്കുന്ന നിലവിലെ ബിസിനസ് മാതൃകയില്‍നിന്ന് സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വരുമാന സംവിധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിന്റെ ഭാഗമായാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയെ ഒരുമിപ്പിക്കുന്ന തരത്തിലുള്ള പണമടച്ച സംവിധാനത്തിലേക്ക് കമ്പനി നീങ്ങുന്നതെന്നാണ് സൂചന.

വാട്‌സ്ആപ്പിലെ ബിസിനസ് ഉപയോക്താക്കള്‍ക്കായി അധിക ക്ലൗഡ് സംഭരണം, എഐ ഓട്ടോമേഷന്‍, ഉപഭോക്തൃ സേവനത്തിനായുള്ള പ്രത്യേക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പണമടച്ച സേവനങ്ങളും അവതരിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫഷണല്‍ ക്രിയേറ്റര്‍മാര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള വിഡിയോ എഡിറ്റിങ് സംവിധാനവും വിശദമായ റീച്ച് വിവരങ്ങള്‍, പ്രത്യേക പ്രൊമോഷന്‍ സംവിധാനങ്ങള്‍ എന്നിവയും എത്തിക്കുമെന്നാണ് വിവരം.

ഫ്രീ സേവനങ്ങള്‍ക്ക് നിയന്ത്രണമോ? ഇന്‍സ്റ്റഗ്രാം മുതല്‍ വാട്‌സ്ആപ്പ് വരെ പ്രീമിയം ഫീച്ചറുകളുമായി ‘മെറ്റ പ്ലസ്’
ഒരു ട്വീറ്റ് മാറ്റിമറിച്ച ഓഹരി വിപണി; സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിയന്ത്രണം കടുപ്പിച്ച് ആന്ത്രോപിക്കും ഓപ്പണ്‍എഐയും

ചില സേവനങ്ങളുടെ പ്രതിമാസ നിരക്കുകളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഫേസ്ബുക്ക് പ്ലസിന് 3.99 ഡോളറും വാട്‌സ്ആപ്പ് പ്ലസിന് 2.99 ഡോളറും നിരക്കായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 387 രൂപയും 290 രൂപയും വരും. എന്നാല്‍ ഇന്ത്യയിലെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതിനൊപ്പം, എഐ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുന്ന സേവനങ്ങള്‍ക്കും ഉപയോഗപരിധി ഏര്‍പ്പെടുത്താന്‍ കമ്പനി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അണ്‍ലിമിറ്റഡ് എഐ സേവനം പണമടച്ച പ്രീമിയം ഉപയോക്താക്കള്‍ക്കായി മാത്രം പരിമിതപ്പെടുത്താനുള്ള സാധ്യതയും ചര്‍ച്ചയിലുണ്ടെന്നാണ് വിവരം.

English Summary: Meta is reportedly preparing a premium subscription system called “Meta Plus” for Instagram, Facebook, and WhatsApp. The service may include ad-free access, AI-powered tools, advanced privacy features, premium editing options, and business automation tools as the company shifts towards subscription-based revenue.

Madism Digital
madismdigital.com