

നിങ്ങളുടെ മൊബൈൽ ഫോണിൽ പെട്ടെന്ന് ഉയർന്ന ശബ്ദത്തോടുകൂടിയ ബീപ് അലർട്ടോ പ്രത്യേക സന്ദേശമോ ലഭിച്ചാൽ ആശങ്കപ്പെടേണ്ട . പ്രകൃതി ദുരന്തങ്ങളെയും മറ്റ് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി ജനങ്ങൾക്ക് അതിവേഗ മുന്നറിയിപ്പ് നൽകാൻ കേന്ദ്ര സർക്കാർ സജ്ജമാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം’ എന്ന സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനമാണ് ഇന്ന് രാജ്യത്തുടനീളം നടക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്നാണ് ഈ ട്രയൽ സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യമൊട്ടാകെ നടക്കുന്ന ഈ പരിശോധനയുടെ ഭാഗമായി ഭൂരിഭാഗം സ്മാർട്ട്ഫോണുകളിലും ഉയർന്ന ശബ്ദത്തോടുകൂടി ‘Emergency Alert: Severe’ എന്ന സന്ദേശം പ്രത്യക്ഷപ്പെടും. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും അലർട്ട് ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന സന്ദേശത്തിൽ ഇത് ഒരു പരീക്ഷണമാണെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കും. ഫോൺ സൈലന്റ് മോഡിലായിരുന്നാലും ഈ ശബ്ദ അലർട്ട് കേൾക്കാൻ സാധ്യതയുണ്ടെന്നത് ശ്രദ്ധേയമാണ്.
റേഡിയോ, ടെലിവിഷൻ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളെക്കാൾ വേഗത്തിൽ ഒരു നിർദ്ദിഷ്ട പ്രദേശത്തെ മുഴുവൻ ആളുകളിലേക്കും ഒരേസമയം വിവരമെത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും. സുനാമി, പ്രളയം, ഉരുൾപൊട്ടൽ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും സുരക്ഷിത നടപടികൾ സ്വീകരിക്കാൻ സഹായിക്കാനും ഈ സാങ്കേതിക വിദ്യ നിർണായകമാകും. മൊബൈലിൽ സന്ദേശം ലഭിക്കുമ്പോൾ താഴെ കാണുന്ന ‘ഓക്കേ’ ബട്ടൺ അമർത്തുന്നതോടെ ശബ്ദം നിർത്താൻ സാധിക്കും. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായുള്ള ഈ പരീക്ഷണ പ്രവർത്തനത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ‘സചേത്’. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ’ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനസജ്ജമാണ്.
English Summary: A sudden loud beep or emergency alert on mobile phones is part of a nationwide test by the Indian government’s Cell Broadcast Alert System for disaster preparedness