പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ മാറ്റങ്ങളിലൊന്ന് പ്രഖ്യാപിച്ചു. വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇവിടങ്ങളിൽ ഇനി പുതിയ പ്രൊഡക്റ്റുകൾ പുറത്തിറക്കില്ല. വൺപ്ലസ് 15 സീരീസായിരിക്കും ഈ മേഖലകളിൽ അവതരിപ്പിക്കപ്പെടുന്ന അവസാന മോഡൽ. എന്നാൽ, കമ്പനിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയെ ഈ തീരുമാനം ബാധിക്കില്ലെന്നും, ഇവിടെ എല്ലാ പ്രവർത്തനങ്ങളും പതിവുപോലെ തുടരുമെന്നും വൺപ്ലസ് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന വൺപ്ലസ് ഫോണുകളും മറ്റ് ഉൽപ്പന്നങ്ങളും മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ പുറത്തിറങ്ങും. ഇതിനുപുറമെ, അമേരിക്കയിലും യൂറോപ്പിലും പുതിയ ഫോണുകൾ അവതരിപ്പിക്കില്ലെങ്കിലും നിലവിലെ ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങൾ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഫോൺ ഉടമകൾക്ക് വാറന്റി പരിരക്ഷ, കൃത്യമായ സോഫ്റ്റ്‌വെയർ-സെക്യൂരിറ്റി അപ്ഡേറ്റുകൾ, വിൽപനാനന്തര സേവനങ്ങൾ എന്നിവ തുടർന്നും ലഭ്യമാകും.
ഈ മാറ്റങ്ങൾക്കൊപ്പം സോഫ്റ്റ്‌വെയർ രംഗത്തും വലിയൊരു മാറ്റത്തിന് വൺപ്ലസ് തയ്യാറെടുക്കുകയാണ്. വൺപ്ലസ് ഫോണുകളുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജൻ ഒഎസിന് (OxygenOS) പകരം ഇനിമുതൽ മാതൃസ്ഥാപനമായ ഓപ്പോയുടെ കളർ ഒഎസിലേക്ക് (ColorOS) ഫോണുകൾ മാറും. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് 17 അപ്ഡേറ്റ് മുതലായിരിക്കും ഈ മാറ്റം ഉപഭോക്താക്കളിലേക്ക് എത്തുക. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ സോഫ്റ്റ്‌വെയറിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഓപ്പോയുമായുള്ള സോഫ്റ്റ്‌വെയർ വികസനം സംയോജിപ്പിക്കുന്നതിലൂടെ കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമായ അപ്ഡേറ്റുകൾ നൽകാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മാതൃകമ്പനിയായ ഓപ്പോയുടെ വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പുനഃക്രമീകരണം എന്നാണ് വൺപ്ലസിന്റെ ഔദ്യോഗിക വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ സ്മാർട്ട്ഫോൺ വില്പനയിലുണ്ടായ ഇടിവും, ഫോൺ നിർമ്മാണ സാമഗ്രികൾക്കുണ്ടാകുന്ന അമിതമായ വിലക്കയറ്റവും, അമേരിക്കയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഇത്രയും വലിയൊരു പിൻമാറ്റത്തിന് വൺപ്ലസിനെ പ്രേരിപ്പിച്ചതെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.
OnePlus has announced a major strategic restructuring, confirming that it will stop launching new products in North America and Europe. The recently released OnePlus 15 will be the company's final smartphone in these regions. However, OnePlus reassured its customers that operations in India—one of its most important global markets—will continue uninterrupted, with upcoming device launches remaining on schedule. Despite winding down its hardware sales in Western markets, OnePlus promises to maintain full support for existing users in the US and Europe.