'പണം നൽകിയാൽ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടാം'; ഇൻഫ്ലുവൻസർമാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ക്വട്ടേഷൻ സംഘങ്ങൾ

ആളുകളെ നിശ്ശബ്ദരാക്കാനുള്ള ഇത്തരം പ്രവർത്തികൾ സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്ന് മെറ്റ
'പണം നൽകിയാൽ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടാം'; ഇൻഫ്ലുവൻസർമാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ക്വട്ടേഷൻ സംഘങ്ങൾ
Published on: 

പണം വാങ്ങി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിക്കുന്ന ഡിജിറ്റൽ ക്വട്ടേഷൻ സംഘങ്ങൾ ഇന്ത്യയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഇൻഫ്ലുവൻസർമാരുടെ അക്കൗണ്ടുകളാണ് ഇത്തരം സംഘങ്ങൾ പണം വാങ്ങി കൂടുതലായി പൂട്ടിക്കുന്നതെന്നാണ് ഇന്ത്യാ ടുഡേയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് അവ പൂട്ടിക്കുകയാണ് ഇവരുടെ രീതി. 17,000 രൂപ മുതൽ പ്രതിഫലമായി വാങ്ങി ഒരു വ്യക്തിയുടെ സോഷ്യൽമീഡിയയിലെ സാന്നിധ്യം തന്നെ ഇല്ലാതാക്കാൻ കഴിയുന്ന തരത്തിലാണ് ചില വെബ്‌സൈറ്റുകൾ സേവനങ്ങൾ നൽകി വരുന്നത്.

ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അഞ്ചോളം വെബ്‌സൈറ്റുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകൾക്കെതിരെ കൂട്ടത്തോടെ റിപ്പോർട്ടുകൾ അയയ്ക്കാനുള്ള സേവനങ്ങളാണ് ഇത്തരം സംഘങ്ങൾ വാ​ഗ്ദാനം നൽകുന്നത്.

'പണം നൽകിയാൽ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടാം'; ഇൻഫ്ലുവൻസർമാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ക്വട്ടേഷൻ സംഘങ്ങൾ
സിന​ഗോഗ് തീവെയ്പ്പ് കേസ്: പ്രതി മുൻപ് വീടിന് തീയിട്ടു, ബിഷ്ണോയ് സംഘത്തിനും പങ്കെന്ന് എബിന്‍

17,000 രൂപയിൽ തുടങ്ങി ബിസിനസ് അക്കൗണ്ടുകൾക്ക് ഏകദേശം 23,000 രൂപയും ഗ്രൂപ്പിന് 28,000 രൂപയുമാണ് ഇവയിൽ ചില വെബ്സൈറ്റുകൾ ആളുകളിൽ നിന്ന് വാങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ’യൂട്യൂബ് അക്കൗണ്ട് പൂട്ടിക്കണോ? എങ്കിൽ ഞങ്ങളെ സമീപിക്കൂ’ എന്ന തരത്തിൽ പരസ്യങ്ങൾ നൽകി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ റിപ്പോർട്ടുകൾ അയക്കാൻ ഉപയോഗിക്കാവുന്ന ‘റിപ്പോർട്ട് ബോട്ടുകൾ’ വെറും 36 രൂപയ്ക്ക് വിൽക്കുന്നതായും ചില വെബ്സൈറ്റുകൾ അവകാശപ്പെടുന്നുണ്ട്.

എസ്എംഎം പിരാറ്റ് എന്ന മറ്റൊരു വെബ്‌സൈറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ട് റിപ്പോർട്ട് ചെയ്യുന്നതിനുള്ള 20 പ്ലാനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 46 രൂപ മുതലുള്ള പ്ലാനുകളാണ് ഇതിനായി സൈറ്റിൽ പരസ്യപ്പെടുത്തിയത്. വ്യാജ അക്കൗണ്ടുകളെ നേരിടാനാണ് ഇത്തരം സേവനങ്ങൾ നൽകുന്നതെന്നാണ് ഇവരുടെ അവകാശവാദം. പ്രവർത്തനരീതി പുറത്താകാതിരിക്കാൻ വെബ്സൈറ്റുകൾ സർവീസ് പൂർത്തിയാക്കിയതിന്റെ തെളിവുകൾ നൽകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ വർഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയിലെ ഡിജിറ്റൽ ക്രിയേറ്റർ രം​ഗത്തെ നേരിട്ടുള്ള വരുമാനം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം കോടിയോളമാണ്. യൂട്യൂബിന്റെ ക്രിയേറ്റർ ഇക്കോസിസ്റ്റം 2025-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 18,000 കോടി രൂപയിലധികം സംഭാവന നൽകിയതായി ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിയേറ്റർമാരുടെ വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളാണ് പരസ്യങ്ങൾ, ബ്രാൻഡ് കൊളാബുകൾ മറ്റ് വാണിജ്യ സഹകരണങ്ങൾ എന്നിവ. എന്നാൽ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുകയോ പൂട്ടുകയോ ചെയ്താൽ വരുമാനത്തെയും ക്രിയേറ്റർമാരെ ആശ്രയിച്ച് പ്രവർത്തിക്കുന്ന മറ്റ് ആളുകളെയും ഇത് നേരിട്ട് ബാധിച്ചേക്കാം.

'പണം നൽകിയാൽ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടാം'; ഇൻഫ്ലുവൻസർമാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ക്വട്ടേഷൻ സംഘങ്ങൾ
പുറത്തുനിന്നുള്ള ഷൂട്ടര്‍മാര്‍ മുതല്‍ സോഷ്യല്‍ മീഡിയ റിക്രൂട്ട്മെന്റ് വരെ; മുംബൈ അധോലോകത്തിന്റെ പുതിയ പാത

ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് നിരവധി പേർ ഒരേസമയം റിപ്പോർട്ട് ചെയ്യുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ റിപ്പോർട്ടിങ് സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള മാർഗമാണ്. ആളുകളെ നിശ്ശബ്ദരാക്കാനുള്ള ഇത്തരം പ്രവർത്തികൾ സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്ന് മെറ്റ പ്രതികരിച്ചു.

Summary

Some websites offer services to take down social media accounts through mass reporting, charging around 17,000 for a Facebook profile, 23,000 for a business page and 28,000 for a group. These services pose a threat to influencers and content creators who depend on social media for their income.

Madism Digital
madismdigital.com