

കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഷ്ടപരിഹാരം നൽകാനൊരുങ്ങുകയാണ് ടിക്‌ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാൻസും. യുഎസ് നീതിന്യായ വകുപ്പുമായി, 400 മില്യൺ ഡോളറിന്റെ (ഏകദേശം 3,800 കോടി രൂപ) ഒത്തുതീർപ്പിലാണ് ടിക്‌ടോക്ക് എത്തിയിരിക്കുന്നത്. ആദ്യ ഗഡുവായി 300 മില്യൺ ഡോളറും പിന്നീട് 100 മില്യണും നൽകും വിധമാണ് കരാർ.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിച്ചു എന്നതായിരുന്നു ടിക്ടോക്കിന് എതിരെയുള്ള കേസ്. കുട്ടികളുടെ അക്കൌണ്ടുകൾ ഇല്ലാതാക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷകൾ നിരസിച്ചുവെന്നും ഈ അക്കൌണ്ടുകളിൽ നടപടിയെടുത്തില്ലെന്നും വിമർശനമുയർന്നിരുന്നു. തുടർന്ന് 2024ൽ നീതിന്യായ വകുപ്പും ഫെഡറൽ ട്രേഡ് കമ്മീഷനും ടിക്‌ടോക്കിനെതിരെ സംയുക്തമായി കേസ് ഫയൽ ചെയ്തു. COPPA നിയമപ്രകാരമായിരുന്നു കേസ്. കുട്ടികളുടെ വ്യക്തിവിവരങ്ങൾ അവരുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ശേഖരിക്കുന്നത് തടയുന്ന അമേരിക്കൻ നിയമമാണിത്.
ആരോപണങ്ങളെല്ലാം തള്ളിയ ടിക്‌ടോക്ക്, കുട്ടികളുടെ വിവരം ചോർത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് വാദിച്ചു. എന്നാൽ യുഎസ് കേസ് ഫയൽ ചെയ്തതിന് പിന്നാലെ കാര്യമായ മാറ്റങ്ങൾക്ക് കമ്പനി വിധേയമായി. ഒറാക്കിൾ (Oracle), സിൽവർ ലേക്ക് (Silver Lake), യു.എ.ഇ അധിഷ്ഠിത ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ എം.ജി.എക്സ് (MGX) എന്നീ വൻകിട നിക്ഷേപകരുമായി ചേർന്ന് ജനുവരിയിൽ കമ്പനി പുതിയൊരു സംയുക്ത സംരംഭത്തിന് രൂപം നൽകി.
കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമത്തിന്റെ (COPPA) ലംഘനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകകളിലൊന്നാണ് ടിക്‌ടോക്ക് നൽകാനൊരുങ്ങുന്നത്. യുഎസ് സർക്കാരിന്റെയും നിയമങ്ങളുടെയും കർശന നിയന്ത്രണങ്ങൾ പാലിച്ച് ഉപയോക്താക്കളുടെ (പ്രത്യേകിച്ച് കുട്ടികളുടെ) ഡാറ്റ സുരക്ഷിതമാക്കാനും പ്രായപരിധി കർശനമായി പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താമെന്ന് ടിക്‌ടോക്ക് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രായപരിധി കടുപ്പിക്കുന്ന നടപടികളടക്കം കമ്പനി സ്വീകരിച്ചുവെന്ന് നീതിന്യായ വകുപ്പും പ്രസ് റിലീസിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ സ്വകാര്യതാ ലംഘനത്തിന് പുറമെ, കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണത്തിൽ മെറ്റ വൻ നിയമപോരാട്ടങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ടിക്‌ടോക്ക് ഒത്തുതീർപ്പിന് തയ്യാറായത് എന്നതാണ് ശ്രദ്ധേയം. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും കുട്ടികളിലും കൗമാരക്കാരിലും ലഹരിപോലെ അഡിക്ഷൻ ഉണ്ടാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചാണ് 30-ലധികം യുഎസ് സംസ്ഥാനങ്ങൾ മെറ്റയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്.
ഈ കേസുകൾ ടെക് ഭീമന്മാർക്ക് മേൽ സർക്കാരുകൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാനും, ഭാവിയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധിയും സുരക്ഷാ മുൻകരുതലുകളും കർശനമാക്കാനും വഴിതുറക്കുമെന്നാണ് പ്രതീക്ഷ.
TikTok and its parent company, ByteDance, are set to pay compensation for violating child safety standards. TikTok has reached a $400 million (approximately ₹3,800 crore) settlement with the U.S. Department of Justice. Under the agreement, $300 million will be paid initially, followed by another $100 million later.