

പൊതുകമ്പ്യൂട്ടറുകളിലും ഓഫീസ് കമ്പ്യൂട്ടറുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇത്തരം കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് അക്കൗണ്ട് ലോഗിൻ ചെയ്ത് ലോഗ് ഔട്ട് ചെയ്യാതെ പോകുന്നത് സ്വകാര്യ സന്ദേശങ്ങൾ ചോരുന്നതിനും അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിനും സൈബർ തട്ടിപ്പുകൾക്കുമെല്ലാം വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയത്.
കമ്പ്യൂട്ടറിൽ തുടരുന്ന വാട്സ്ആപ്പ് വെബ് സെഷനുകൾ സൈബർ കുറ്റവാളികൾക്ക് ദുരുപയോഗം ചെയ്യാൻ കഴിയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ അനധികൃതമായി അക്കൗണ്ടിൽ പ്രവേശനം ലഭിച്ചാൽ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും കോൺടാക്ട് ലിസ്റ്റുകളും ഗ്രൂപ്പ് സംഭാഷണങ്ങളും പരിശോധിക്കാനും സാധിക്കും. അക്കൗണ്ട് ഉടമയുടെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കാനും കഴിയും.
ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ഫിഷിങ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പരിചയമുള്ള വ്യക്തിയുടെ അക്കൗണ്ടിൽ നിന്നുള്ള സന്ദേശമാണെന്ന് വിശ്വസിച്ച് മറ്റുള്ളവർ തട്ടിപ്പിന് ഇരയാകാനും സാധ്യതയുണ്ട്.
ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ബ്രൗസർ വിൻഡോയോ ടാബോ അടയ്ക്കുന്നതുകൊണ്ട് മാത്രം വാട്സ്ആപ്പ് വെബ് സെഷൻ അവസാനിക്കില്ല എന്നതാണ്. അതിനാൽ ഓരോ ഉപയോഗത്തിനുശേഷവും അക്കൗണ്ടിൽ നിന്ന് മാനുവലായി ലോഗ് ഔട്ട് ചെയ്യണം.
സൈബർ കഫേകൾ, പൊതുകിയോസ്കുകൾ, ഹോട്ടൽ ബിസിനസ് സെന്ററുകൾ, മറ്റുള്ളവരുടെ കമ്പ്യൂട്ടറുകൾ തുടങ്ങിയ വിശ്വാസമില്ലാത്ത സംവിധാനങ്ങളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. നിർബന്ധമായും ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ വിശ്വസനീയമായ കമ്പ്യൂട്ടറിൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞാൽ ലോഗ് ഔട്ട് ചെയ്യുകയും വേണം.
സാമ്പത്തിക ഇടപാടുകൾ, രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തുടങ്ങിയവ കമ്പ്യൂട്ടറുകളിലെ വാട്സ്ആപ്പ് വെബ് സെഷനുകളിലൂടെ കൈമാറുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അക്കൗണ്ടിൽ നിന്ന് പ്രതീക്ഷിക്കാത്ത സന്ദേശങ്ങൾ അയക്കപ്പെടുക, കോൺടാക്ടുകളിൽ നിന്ന് അസാധാരണമായ മറുപടികൾ ലഭിക്കുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ടിന്റെ സുരക്ഷ പരിശോധിക്കണം.
കൂടാതെ ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ, സുരക്ഷാ സോഫ്റ്റ്വെയർ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. സംശയാസ്പദമായ ഡൗൺലോഡുകൾ, അജ്ഞാത ഫയലുകൾ, ക്രാക്ക് ചെയ്ത സോഫ്റ്റ്വെയറുകൾ എന്നിവ ഒഴിവാക്കണമെന്നും I4C നിർദേശിക്കുന്നു.
I4C has warned WhatsApp Web users against security risks when accessing accounts on public or shared computers. Users are advised to log out manually after every session, as simply closing the browser does not end the session. Failure to do so could expose private messages and lead to account misuse and cyber fraud.