കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികളും എതിരെ നടന്നത് 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍; 119 എണ്ണത്തിലും ഭരണകൂടത്തിന് പങ്കാളിത്തം

വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഫലമായി കൊല്ലപ്പെട്ട 54 പേരില്‍ 21 പേരും മരിച്ചത് പൊലീസിന്റെയോ സൈന്യത്തിന്റെയോ കൈകളാലാണ്. ഇതില്‍ 12 പേര്‍ പൊലീസ്-സൈനിക ഏറ്റുമുട്ടലുകളിലും ഒമ്പത് പേര്‍ കസ്റ്റഡിയിലോ ജയിലിലോ വെച്ചുമാണ് മരണപ്പെട്ടത്.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികളും എതിരെ നടന്നത് 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍; 119 എണ്ണത്തിലും ഭരണകൂടത്തിന് പങ്കാളിത്തം
Published on: 

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും ആശങ്കാജനകമാംവിധം വര്‍ധിച്ചുവരുന്നതായാണ് മനുഷ്യാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2026-ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ 322 വിദ്വേഷ കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 119 സംഭവങ്ങളിലും (37%) നേരിട്ടോ അല്ലാതെയോ ഭരണകൂട സംവിധാനങ്ങള്‍ക്ക് പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്.

ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന സംഭവങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ 'ഹേറ്റ് ക്രൈം ട്രാക്കര്‍', 'ഹേറ്റ് സ്പീച്ച് ട്രാക്കര്‍' എന്നീ രണ്ട് റിപ്പോര്‍ട്ടുകളാണ് എപിസിആര്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ കണക്കാണിതെന്നും യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലാകാമെന്നും സംഘടന വ്യക്തമാക്കുന്നു.

ഭരണകൂട സംവിധാനങ്ങളുടെ ഇടപെടലും കസ്റ്റഡി മരണങ്ങളും

വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഫലമായി കൊല്ലപ്പെട്ട 54 പേരില്‍ 21 പേരും മരിച്ചത് പൊലീസിന്റെയോ സൈന്യത്തിന്റെയോ കൈകളാലാണ്. ഇതില്‍ 12 പേര്‍ പൊലീസ്-സൈനിക ഏറ്റുമുട്ടലുകളിലും ഒമ്പത് പേര്‍ കസ്റ്റഡിയിലോ ജയിലിലോ വെച്ചുമാണ് മരണപ്പെട്ടത്. 11 കേസുകളില്‍ ഒരൊറ്റ പ്രതിയെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുറഞ്ഞത് അഞ്ച് കൊലപാതകങ്ങളിലെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുകയോ ആദ്യം ഇരയ്‌ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. കന്‍വര്‍ യാത്രയില്‍ പങ്കെടുത്തവരുടെ മര്‍ദ്ദനമേറ്റ് കോമയിലായ പിക്കപ്പ് ഡ്രൈവര്‍ അസീമിനെതിരെ, അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വധശ്രമത്തിന് കേസെടുക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികളും എതിരെ നടന്നത് 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍; 119 എണ്ണത്തിലും ഭരണകൂടത്തിന് പങ്കാളിത്തം
ആഗോള കാര്‍ബണ്‍ മലിനീകരണം കുറയുന്നു, സഹായകമായത് ഇറാന്‍ സംഘര്‍ഷം; ആശങ്കയായി ഇന്ത്യയിലെ ഉയര്‍ന്ന നിരക്ക്

കത്തിക്കുത്ത് കേസില്‍ പ്രതികളാക്കപ്പെട്ടതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സീഷാന്‍, ഗുല്‍ഫാം എന്നീ സഹോദരന്മാരുടെയും, ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മരിച്ച 70-കാരനായ സഹീര്‍ ഷെയ്ഖിന്റെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനീഷിന്റെയും സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഈ 21 മരണങ്ങളില്‍ ഒരൊറ്റ ഉദ്യോഗസ്ഥനെതിരെ പോലും കുറ്റം ചുമത്തിയിട്ടില്ല എന്നത് നിയമവ്യവസ്ഥയുടെ പരാജയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നാല് കേസുകളില്‍ മാത്രമാണ് അന്വേഷണമോ എഫ്‌ഐആറോ രജിസ്റ്റര്‍ ചെയ്തത്.

ഇരകള്‍ക്കെതിരെ കേസെടുക്കുന്ന പ്രവണത

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത 108 സംഭവങ്ങളില്‍ 40 എണ്ണവും (37%) അക്രമത്തിന് ഇരയായവര്‍ക്കെതിരെയാണ് പൊലീസ് ചുമത്തിയത്. ഇതില്‍ പകുതിയിലധികവും (21 എണ്ണം) ഉത്തര്‍പ്രദേശിലാണ്. ആള്‍ക്കൂട്ടമോ വ്യക്തികളോ നടത്തിയ 30 കൊലപാതകങ്ങളില്‍ 20 എണ്ണത്തിലും പ്രതികളില്‍ ചിലരോ എല്ലാവരോ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണ്. കൂടാതെ, 2024-ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ബുള്‍ഡോസര്‍ നടപടികളും കുടിയൊഴിപ്പിക്കലുകളും തുടരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിച്ചുനീക്കിയതും അസമിലെ ഗോല്‍പാറയില്‍ 73 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതും ഇതിന് ഉദാഹരണങ്ങളാണ്.

ആഘോഷങ്ങളും തെരഞ്ഞെടുപ്പും കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അക്രമസംഭവങ്ങള്‍ പ്രധാനമായും മൂന്ന് കാലയളവുകളെ കേന്ദ്രീകരിച്ചാണ് നടന്നതെന്ന് കാണാം. റംസാന്‍-ഹോളി-രാമനവമി കാലയളവ്, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം, ബക്രീദ്-കന്‍വര്‍ യാത്ര എന്നീ സമയങ്ങളിലാണ് ആകെ സംഭവങ്ങളുടെ 58 ശതമാനവും (187 സംഭവങ്ങള്‍) നടന്നത്. മാംസവും കന്നുകാലികളുമായിരുന്നു നാലിലൊന്ന് അക്രമങ്ങള്‍ക്കും പിന്നിലെ പ്രധാന പ്രകോപനം. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസത്തിനുള്ളില്‍ എട്ട് ജില്ലകളിലായി 34 സംഭവങ്ങള്‍ എപിസിആറിന്റെ വസ്തുതാന്വേഷണ സംഘം രേഖപ്പെടുത്തി.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികളും എതിരെ നടന്നത് 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍; 119 എണ്ണത്തിലും ഭരണകൂടത്തിന് പങ്കാളിത്തം
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രവേശനം; കൃത്യമായ മെഡിക്കല്‍ രേഖകളില്ലാതെ അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്വേഷ പ്രസംഗങ്ങള്‍

ഇതേ കാലയളവില്‍ 16 സംസ്ഥാനങ്ങളിലായി 83 വിദ്വേഷ പ്രസംഗങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 33 എണ്ണവും നടത്തിയത് മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി പൊതുപദവികള്‍ വഹിക്കുന്നവരാണ്. 37 പ്രസംഗങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയോ ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പരാതിയില്ലാതെ തന്നെ സ്വമേധയാ കേസെടുക്കണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഈ അനാസ്ഥ. 83 പ്രസംഗങ്ങളില്‍ ആറെണ്ണത്തിന് മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം വിരുദ്ധ ചുവരെഴുത്തുകള്‍ നടത്തിയതിന് ഹിന്ദു രക്ഷാ ദളിന്റെ മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതാണ് ആകെ നടന്ന അറസ്റ്റ്.

കൊലപാതകങ്ങള്‍ക്കുള്ള ആഹ്വാനം

2026-ലെ വിദ്വേഷ പ്രചാരണങ്ങളില്‍ കാണുന്ന ഏറ്റവും അപകടകരമായ പ്രവണതയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്, ആള്‍ക്കൂട്ടം ഭരണകൂടത്തോട് നേരിട്ട് നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ ആവശ്യപ്പെടുന്നു എന്നതാണ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രചരിച്ച 110 വീഡിയോ ക്ലിപ്പുകളില്‍ 60 എണ്ണത്തിലും മുസ്ലിം താമസക്കാരെ 'ഏറ്റുമുട്ടലില്‍' വധിക്കണമെന്നും 23 എണ്ണത്തില്‍ വീടുകളും പള്ളികളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

വിദ്വേഷ കുറ്റകൃത്യങ്ങള്‍ കേവലം ഒറ്റപ്പെട്ട അക്രമങ്ങളല്ലെന്നും മറിച്ച് 'രാഷ്ട്രീയം നടത്താനുള്ള ഒരു സാധാരണ രീതിയായി' മാറിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് നിയമവിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ഭരണകൂട സ്ഥാപനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ കാഴ്ചക്കാരായി നില്‍ക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. സുപ്രീം കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും എപിസിആര്‍ ആവശ്യപ്പെടുന്നു.

Summary

A new report by the Association for Protection of Civil Rights (APCR) has highlighted a worrying rise in hate crimes and hate speech against religious minorities in India. According to the organisation, 322 hate crimes targeting Muslims and Christians were recorded across 24 states and Union Territories during the first nine months of 2026. Government institutions were allegedly directly or indirectly involved in 119 of these incidents, accounting for 37 per cent of the total. The report, based on incidents recorded between January 1 and September 30, also documents 54 deaths linked to hate crimes. Of these, 21 people died at the hands of police or security personnel, including 12 in alleged encounters and nine in custody or prison. No official has been charged in connection with these 21 deaths, while investigations or FIRs were initiated in only four cases.