തണുപ്പുകാലത്ത് 'പുകയുന്ന' നഗരങ്ങള്‍; രാജ്യത്ത് ശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത തൊഴില്‍ സുരക്ഷിതത്വവും വേണമെന്ന് പഠനം

കൃഷിയെയും മറ്റ് അസംഘടിത മേഖലകളെയും അപേക്ഷിച്ച് ബംഗളൂരുവിലെ നിര്‍മാണ മേഖലയില്‍ വേതനം കൂടുതലാണെങ്കിലും, ഇത് മികച്ച തൊഴില്‍ സാഹചര്യം ഉറപ്പുനല്‍കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി.
തണുപ്പുകാലത്ത് 'പുകയുന്ന' നഗരങ്ങള്‍; രാജ്യത്ത് ശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത തൊഴില്‍ സുരക്ഷിതത്വവും വേണമെന്ന് പഠനം
Published on

വേഗത്തിലുള്ള നഗരവല്‍ക്കരണ പാതയിലാണ് ഇന്ത്യ. എന്നാല്‍ ഈ വികസന കുതിപ്പിനിടയില്‍ രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളിലേക്ക് വെളിച്ചം വീശുകയാണ് വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യൂ.ആര്‍.ഐ) ഇന്ത്യ പുറത്തുവിട്ട പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നഗരങ്ങളിലെ വായുമലിനീകരണത്തിന് പ്രധാന കാരണമാകുന്ന അശാസ്ത്രീയ മാലിന്യസംസ്‌കരണവും കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളുന്ന 'ഹരിത കെട്ടിട നിര്‍മാണ' മേഖലയിലേക്ക് മാറുമ്പോള്‍ തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയുമാണ് ഈ പഠനങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

മലിനീകരിക്കപ്പെട്ട 11 ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ ഫീല്‍ഡ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ള ആദ്യ പഠനത്തില്‍, വേനല്‍ക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് വളരെ കൂടുതലാണെന്നും കുറഞ്ഞ വരുമാനക്കാരുള്ള പ്രദേശങ്ങളിലാണ് ഇതിന്റെ ആഘാതം ഏറ്റവുമധികമുള്ളതെന്നും പഠനം കണ്ടെത്തി. ബംഗളൂരുവിലെ കെട്ടിട നിര്‍മാണ മേഖലയെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ പഠനം ചൂണ്ടിക്കാണിക്കുന്നത്, ഹരിത കെട്ടിട നിര്‍മ്മാണ മേഖല വളരുമ്പോഴും നിര്‍മ്മാണ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം, വേതന സമത്വം, ഉന്നത തൊഴില്‍ അവസരങ്ങള്‍, ലിംഗസമത്വം എന്നിവയില്‍ വലിയ പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്.

മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകളും വായുമലിനീകരണവും

ഇന്ത്യയില്‍ പ്രതിദിനം ശരാശരി 1,70,339 ടണ്‍ നഗരമാലിന്യമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 54 ശതമാനം സംസ്‌കരിക്കുകയും 24 ശതമാനം ലാന്‍ഡ്ഫില്ലുകളിലേക്ക് അയക്കുകയും ചെയ്യുന്നു. ബാക്കി 22 ശതമാനം മാലിന്യം ശേഖരിക്കപ്പെടാത്തതോ സംസ്‌കരിക്കപ്പെടാത്തതോ ആണ്. ശേഖരിക്കപ്പെടാത്ത മാലിന്യത്തിന്റെ നല്ലൊരു ഭാഗവും തുറസ്സായ സ്ഥലങ്ങളില്‍ വച്ചാണ് കത്തിക്കുന്നത്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 10 മുതല്‍ 40 ശതമാനം വരെ കത്തിക്കപ്പെടുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിലെ മാലിന്യം കത്തിക്കലിനെക്കുറിച്ച് ഡബ്ല്യു.ആര്‍.ഐ ഇന്ത്യ നടത്തിയ പഠനം, ഈ വിഷയത്തില്‍ ലഭ്യമാകുന്ന ആദ്യത്തെ ബഹു-നഗര പ്രാഥമിക സര്‍വേ വിവരങ്ങളിലൊന്നാണ്.

തണുപ്പുകാലത്ത് 'പുകയുന്ന' നഗരങ്ങള്‍; രാജ്യത്ത് ശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത തൊഴില്‍ സുരക്ഷിതത്വവും വേണമെന്ന് പഠനം
ജോലി പോയാല്‍ ഉടനടി രാജ്യം വിടണം, എച്ച്-1ബി വിസക്കാര്‍ക്കുള്ള ഗ്രേസ് പീരീഡ് റദ്ദാക്കാന്‍ അമേരിക്ക; കൂടുതല്‍ തിരിച്ചടിയാവുക ഇന്ത്യക്കാര്‍ക്ക്

സര്‍വേ നടന്ന 11 നഗരങ്ങളില്‍ പത്ത് നഗരങ്ങളും 'ദേശീയ ശുദ്ധവായു പദ്ധതി' പ്രകാരം വായുനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. 2019-നും 2026-നും ഇടയിലുള്ള ശൈത്യകാലത്തും വേനല്‍ക്കാലത്തുമായാണ് ഈ സര്‍വേകള്‍ നടത്തിയത്. ജനസംഖ്യ അടിസ്ഥാനമാക്കി ഈ നഗരങ്ങളെ മൂന്ന് തട്ടുകളായി തരംതിരിച്ചാണ് പഠനം നടത്തിയത്. മാലിന്യം കത്തിക്കുന്നതിന്റെ തോത്, കത്തിക്കുന്ന മാലിന്യത്തിന്റെ അളവും ഘടനയും, അതോടൊപ്പം വായുവിലേക്ക് പുറന്തള്ളപ്പെടുന്ന സൂക്ഷ്മ മലിനീകരണ കണികകളുടെ അനുപാതവും പഠനം വിലയിരുത്തി.

ശീതകാലത്ത് മാലിന്യം കത്തിക്കല്‍ കൂടുന്നു

മൂന്ന് തട്ടിലുള്ള നഗരങ്ങളിലും വേനല്‍ക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്താണ് മാലിന്യം കത്തിക്കുന്നത് കൂടുന്നത്. തന്മൂലം മലിനീകരണം മൂന്നിരട്ടിയോളം വര്‍ദ്ധിക്കുന്നു. അശാസ്ത്രീയ മാലിന്യ സംസ്‌കരണവും തണുപ്പകറ്റാന്‍ തീ കായുന്നതുമാണ് ഇതിന് പ്രധാന കാരണമായി പഠനം വിലയിരുത്തിയത്. ശീതകാലത്ത് മാലിന്യം കത്തിക്കുന്ന സംഭവം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ടയര്‍ 3 നഗരങ്ങളിലാണ്. ദിവസേനയുള്ള ശരാശരി സംഭവം ടയര്‍ 1 നഗരങ്ങളില്‍ ചതുരശ്ര കിലോമീറ്ററിന് 39.4 ആയിരുന്നെങ്കില്‍ ടയര്‍ 3 നഗരങ്ങളില്‍ ഇത് 49.6 ആയി ഉയര്‍ന്നു. വേനല്‍ക്കാലത്ത് ടയര്‍ 2 നഗരങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തോത് രേഖപ്പെടുത്തിയത് (പ്രതിദിനം ചതുരശ്ര കിലോമീറ്ററിന് ശരാശരി 33.3 സംഭവങ്ങള്‍).

മാലിന്യം കത്തിക്കുന്നതില്‍ വ്യക്തമായ സാമൂഹിക-സാമ്പത്തിക വ്യത്യാസവും കാണാന്‍ കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം കത്തിക്കുന്നത്. ടയര്‍ 2 നഗരങ്ങളില്‍ ശീതകാലത്ത് ഇത് ചതുരശ്ര കിലോമീറ്ററിന് 84 വരെ എത്തി. കത്തിക്കുന്ന മാലിന്യത്തിന്റെ അളവും ടയര്‍ 2 നഗരങ്ങളിലായിരുന്നു കൂടുതല്‍. ഇവിടെ ശരാശരി മാലിന്യത്തിന്റെ ഭാരം വേനല്‍ക്കാലത്തെ 20.9 ടണ്ണില്‍ നിന്ന് ശൈത്യകാലത്ത് 41 ടണ്ണായി ഇരട്ടിച്ചു. പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവയാണ് കത്തിക്കുന്ന മാലിന്യത്തിന്റെ നാലിലൊന്ന് ഭാഗവും. ഇത് പ്രാദേശികമായ മാലിന്യ തരംതിരിക്കലിലെയും സംസ്‌കരണത്തിലെയും വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

തണുപ്പുകാലത്ത് 'പുകയുന്ന' നഗരങ്ങള്‍; രാജ്യത്ത് ശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത തൊഴില്‍ സുരക്ഷിതത്വവും വേണമെന്ന് പഠനം
കൃഷി ചെയ്യാന്‍ ചെറുപ്പക്കാരില്ല, ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ ജനസംഖ്യാപരമായ വെല്ലുവിളികള്‍; ഭക്ഷ്യസുരക്ഷയുടെ ഭാവി എന്ത്?

അതേസമയം, ഈ കണ്ടെത്തലുകള്‍ ഒരു പ്രാഥമിക വിവര ശേഖരണം മാത്രമാണെന്നും നഗരങ്ങളുടെ റാങ്കിങ് ആയി കാണരുതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പഠനത്തിന് എടുത്ത നഗരങ്ങളുടെ എണ്ണത്തിലെ വ്യത്യാസം, ചില സമയങ്ങളില്‍ ഒറ്റ നഗരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണം, വിവിധ ഘട്ടങ്ങളിലായി നടത്തിയ സര്‍വേ, 2011 ലെ സെന്‍സസ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക തരംതിരിവ് എന്നിവ ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവിലെ ഹരിത കെട്ടിട നിര്‍മ്മാണ മേഖലയും തൊഴില്‍ യാഥാര്‍ത്ഥ്യങ്ങളും

ബെംഗളൂരുവിലെ കാര്‍ബണ്‍ കുറഞ്ഞ ഹരിത നിര്‍മാണ മേഖലയിലേക്ക് മാറുമ്പോള്‍ അത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ടോ എന്നാണ് ഡബ്ല്യു.ആര്‍.ഐ ഇന്ത്യയുടെ രണ്ടാമത്തെ പഠനം പരിശോധിക്കുന്നത്. ബംഗളൂരുവിലെ മൊത്തം ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ പകുതിയും കെട്ടിട നിര്‍മാണ മേഖലയില്‍ നിന്നാണ്. ഊര്‍ജം, ജലം, മാലിന്യ സംസ്‌കരണം, പ്രീ-ഫാബ്രിക്കേറ്റഡ് നിര്‍മാണം തുടങ്ങി വിവിധ മേഖലകളിലൂടെ ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും തൊഴിലാളികളുടെ സുരക്ഷിതത്വം ഇന്നും ഉറപ്പാക്കപ്പെട്ടിട്ടില്ല.

കൃഷിയെയും മറ്റ് അസംഘടിത മേഖലകളെയും അപേക്ഷിച്ച് ബംഗളൂരുവിലെ നിര്‍മാണ മേഖലയില്‍ വേതനം കൂടുതലാണെങ്കിലും, ഇത് മികച്ച തൊഴില്‍ സാഹചര്യം ഉറപ്പുനല്‍കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. നിര്‍മ്മാണ മേഖലയില്‍ നൈപുണ്യമില്ലാത്ത തൊഴിലാളികള്‍ക്ക് ദിനംപ്രതി 500 മുതല്‍ 1,000 രൂപ വരെയും, ഭാഗിക നൈപുണ്യമുള്ളവര്‍ക്ക് 700 മുതല്‍ 1,500 രൂപ വരെയുമാണ് കൂലി. എന്നാല്‍ ഇതേ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 200 മുതല്‍ 300 രൂപ വരെ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. വന്‍കിട പദ്ധതികളില്‍ ചില സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടെങ്കിലും, ചെറിയ നിര്‍മ്മാണ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും വന്‍ ഭീഷണിയിലാണ്. പല തൊഴിലാളികളും താത്കാലിക ഷെഡ്ഡുകളിലോ പണിതീരാത്ത കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നത്. അവിടെയുള്ള ചൂടും പൊടിയും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. മാത്രമല്ല, ഇവിടെ ലിംഗവിവേചനവും പ്രകടമാണ്. വന്‍കിട നിര്‍മ്മാണ മേഖലകളില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം കേവലം 2 മുതല്‍ 3 ശതമാനം മാത്രമാണ്.

സാമൂഹിക സുരക്ഷയും വളരെ കുറവാണ്. 2025 സെപ്റ്റംബര്‍ വരെ, കര്‍ണാടക ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 288,767 തൊഴിലാളികള്‍ക്ക് (10.44%) മാത്രമാണ് വിവിധ ക്ഷേമപദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ ലഭിച്ചത്. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം കൂടുതലാണെങ്കിലും മൂന്ന് ശതമാനത്തിന് മാത്രമാണ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത്. രേഖകളുടെ അഭാവം മൂലം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.

തണുപ്പുകാലത്ത് 'പുകയുന്ന' നഗരങ്ങള്‍; രാജ്യത്ത് ശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത തൊഴില്‍ സുരക്ഷിതത്വവും വേണമെന്ന് പഠനം
ലോകത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ റെക്കോര്‍ഡ് ആക്രമണങ്ങള്‍; 258 ദശലക്ഷം കുട്ടികളുടെ പഠനം അപകടത്തില്‍

ഹരിത നൈപുണ്യ വികസനത്തെ തൊഴില്‍ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കണമെന്ന് ഡബ്ല്യു.ആര്‍.ഐ ഇന്ത്യ ശുപാര്‍ശ ചെയ്യുന്നു. തൊഴില്‍ സ്ഥലങ്ങളില്‍ വച്ച് തന്നെ ക്ഷേമ ബോര്‍ഡ് രജിസ്‌ട്രേഷന്‍ നടത്തുക, രേഖകള്‍ ലളിതമാക്കുക, സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യുമ്പോഴും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, തൊഴിലിടങ്ങളില്‍ ഫ്രണ്ട് ഓഫീസുകള്‍ തുടങ്ങുക, കരാറുകാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുക, പരിശീലന സമയത്തെ വേതന നഷ്ടം നികത്തുക, കാലാവസ്ഥാ വ്യതിയാന സുരക്ഷയ്ക്ക് ക്ഷേമനിധി ഫണ്ട് ഉപയോഗിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇന്ത്യയുടെ നഗര നവീകരണം പുതിയ സാങ്കേതികവിദ്യകളില്‍ മാത്രം ഒതുങ്ങരുത് എന്നാണ് ഈ രണ്ട് പഠനങ്ങളും വ്യക്തമാക്കുന്നത്. നഗരസഭകളുടെ വീഴ്ചകള്‍ വായുമലിനീകരണം കൂട്ടുമെന്നും അത് ദരിദ്രരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും മാലിന്യ പ്രശ്‌നം കാണിക്കുന്നു. കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നത് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെങ്കിലും, ശക്തമായ തൊഴില്‍ നിയമങ്ങളും സാമൂഹിക സുരക്ഷയും നൈപുണ്യവും ഉണ്ടെങ്കില്‍ മാത്രമേ ഈ മാറ്റം എല്ലാവര്‍ക്കും ഉപകാരപ്പെടൂ എന്ന് ബംഗളൂരുവിലെ പഠനവും വ്യക്തമാക്കുന്നു.

Summary

A new study by WRI India has highlighted two major challenges facing India’s rapidly urbanising cities: unscientific waste management that contributes to air pollution and inadequate social and economic protection for workers in the growing green construction sector. A field survey across 11 polluted Indian cities found that open waste burning increases significantly during winter, with poorer neighbourhoods experiencing the greatest impact. Another study of Bengaluru’s low-carbon construction sector found persistent gaps in wages, worker safety, gender equality and access to social security despite the growth of green jobs. WRI India has called for stronger waste management systems, green skill development and better labour welfare measures.

Madism Digital
madismdigital.com