സഭയില്‍ വരാന്‍ മടിച്ച് ജനപ്രതിനിധികള്‍; ബജറ്റ് സമ്മേളനത്തില്‍ പകുതിയില്‍ താഴെ എംപിമാര്‍ക്ക് മാത്രം 90% ഹാജര്‍, പിന്നിലായി കേരളവും

ഏറ്റവും കുറഞ്ഞ ഹാജർ രേഖപ്പെടുത്തിയ സംസ്ഥാനം അസം (15.69 ദിവസങ്ങൾ) ആണ്. തൊട്ടുപിന്നിൽ പശ്ചിമ ബംഗാൾ (16.03 ദിവസങ്ങൾ), തമിഴ്‌നാട് (17.41 ദിവസങ്ങൾ), കേരളം (18.74 ദിവസങ്ങൾ) എന്നിവയുണ്ട്
സഭയില്‍ വരാന്‍ മടിച്ച് ജനപ്രതിനിധികള്‍; ബജറ്റ് സമ്മേളനത്തില്‍ പകുതിയില്‍ താഴെ എംപിമാര്‍ക്ക് മാത്രം 90% ഹാജര്‍, പിന്നിലായി കേരളവും
Published on

പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ പകുതിയില്‍ താഴെ എംപിമാര്‍ക്ക് മാത്രമാണ് 90 ശതമാനമോ അതില്‍ കൂടുതലോ ഹാജരുള്ളതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് (സിഎച്ച്ആര്‍ഐ) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രമുഖ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ് എന്നിവയിലെ അംഗങ്ങളുടെ ശരാശരി ഹാജര്‍ നില പ്രാദേശിക-ചെറിയ പാര്‍ട്ടികളെ അപേക്ഷിച്ച് വളരെ കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്‌സഭയിലും രാജ്യസഭയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

483 ലോക്‌സഭാ എംപിമാരുടെയും 255 രാജ്യസഭാ എംപിമാരുടെയും വിവരങ്ങള്‍ ഇതിനായി ശേഖരിച്ചു. കേന്ദ്ര ബജറ്റിന്റെ മധ്യകാല അവധിയും വിവാദപരമായ മണ്ഡലം പുനര്‍നിര്‍ണയ (ഡിലിമിറ്റേഷന്‍) നിയമനിര്‍മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ മധ്യത്തില്‍ ചേര്‍ന്ന മൂന്ന് പ്രത്യേക സമ്മേളനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ലോക്‌സഭയില്‍ ജനുവരി 28 മുതല്‍ ഏപ്രില്‍ 18 വരെ നടന്ന 31 സമ്മേളനങ്ങളില്‍ ബിജെപി എംപിമാര്‍ ശരാശരി 26.46 ദിവസവും കോണ്‍ഗ്രസ് എംപിമാര്‍ 23.13 ദിവസവുമാണ് ഹാജരായത്. രാജ്യസഭയിലും ഇതേ മാതൃകയില്‍ ഭരണകക്ഷി ശരാശരി 84.39% ഹാജരും കോണ്‍ഗ്രസ് 80.66% ഹാജരും മാത്രമാണ് നേടിയത്. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ പാര്‍ട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Madism Digital
madismdigital.com