

പാചകവാതക വിലയില്‍ വരുത്തിയിരിക്കുന്നത് ഒറ്റത്തവണ വരുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലകൂട്ടല്‍. 993 രൂപയാണ് മെയ് ഒന്നിന് രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. പ്രതിമാസ വില നിര്‍ണയത്തിന്റെ ഭാഗമായാണ് വില കൂട്ടിയത്. എന്നാല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ രാജ്യത്ത് പാചകവാതക വിലയില്‍ ഉണ്ടായ വന്‍ വര്‍ധന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴി വച്ചിരിക്കുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധം ഉള്‍പ്പെടെ ലോകത്ത് ഊര്‍ജ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും രാജ്യത്തെ എല്‍പിജി വില പരിധി വിട്ടിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കാലയളവാണ് വിലസ്ഥിരതയ്ക്ക് കാരണമായന്നൊണ് വിലയിരുത്തല്‍. വോട്ടെടുപ്പുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഉണ്ടായ വന്‍ വിലക്കയറ്റം ജന ജീവിതത്തെ നേരിട്ട് ബാധിക്കും എന്നും വ്യക്തമാണ്. നേരത്തെ പെട്രോള്‍ ഡീസല്‍ വില തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്താതിരുന്ന സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തേതെന്ന് പൊതു വികാരം.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റം
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഒറ്റയടിക്ക് ഉണ്ടായ കുത്തനെയുള്ള വർധന, ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിംഗ്, ഹോം ഡെലിവറി മേഖലകളെ നേരിട്ട് ബാധിക്കും.
വിലക്കയറ്റത്തോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്ലാം 19 കിലോ സിലിണ്ടറിന് വില 3000 രൂപയ്ക്ക് മുകളിലെത്തി. ഇതോടെ ചെറിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനച്ചെലവ് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലെത്തുകയും ചെയ്തു. ഡൽഹിയിലടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലും വിലയിൽ സമാനമായ ഉയർച്ച രേഖപ്പെടുത്തി. വിലക്കയറ്റം ദേശീയ തലത്തിൽ പ്രതിഫലിക്കും എന്നതും വ്യക്തമാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ തുടർച്ചയായി വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടിയിട്ടുണ്ട്. വലിയ സാമ്പത്തികഭാരമാണ് ഇത് ചെറകിട കച്ചവടക്കാർക്ക് സൃഷ്ടിച്ചിട്ടുള്ളത്. വിപണി ഘടകങ്ങൾ പരിഗണിച്ചുള്ള ക്രമാനുസൃത വർധനയ്ക്കുപകരം, ഒരുമിച്ച് വലിയ തോതിൽ നിരക്കുകൾ ഉയർത്തുകയാണ് ഉണ്ടായതെന്നാണ് വില വർധനയ്ക്ക് എതിരായ പ്രധാന വിമർശനം.
ഭക്ഷണവില വർധിക്കും
വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടൽ ഭക്ഷണ നിരക്കുകളിൽ ഉടൻ പ്രതിഫലിക്കും. അസംസ്കൃത വസ്തുക്കളുടെ വിലയും ഗതാഗത ചെലവും ഉയർന്ന സാഹചര്യത്തിൽ ഗ്യാസ് വില വർധന അധിക ഭാരം ഉണ്ടാക്കുന്നു. ഈ സാഹചര്യം ഉപഭോക്താക്കളിലേക്ക് കൈമാറാതെ സ്ഥാപനങ്ങൾക്കും പിടിച്ചു മുന്നോട്ട് പോകാനാകില്ല.
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്നത് ആദ്യനോട്ടത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമെന്ന തോന്നൽ സൃഷ്ടിക്കുന്നുവെങ്കിലും, ബുക്കിംഗ് സംവിധാനത്തിലെ നിയന്ത്രണങ്ങൾ മറ്റൊരു പ്രതിസന്ധി. നഗരപ്രദേശങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്ത ശേഷം അടുത്ത ബുക്കിംഗിന് കൂടുതൽ ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യവും, ഗ്രാമപ്രദേശങ്ങളിൽ ഇതിലും നീണ്ട ഇടവേളയും ഉപഭോക്താക്കളെ അവരുടെ ഉപയോഗരീതിയിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കുന്നു. ഇത് നേരിട്ടുള്ള വില വർധനയല്ലെങ്കിലും, ലഭ്യത നിയന്ത്രണത്തിലൂടെ ഉപഭോഗം നിയന്ത്രിക്കുന്ന ഒരു പരോക്ഷ നയമായി കാണപ്പെടുന്നു.
ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) സംവിധാനം നിർബന്ധമാക്കിയതോടെ പാചകവാതക വിതരണം കൂടുതൽ നിയന്ത്രിതവും സാങ്കേതികമായി മേൽനോട്ടമുള്ളതുമായ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP നൽകിയാൽ മാത്രമേ സിലിണ്ടർ കൈമാറുകയുള്ളൂ എന്ന വ്യവസ്ഥ, വ്യാജ ബുക്കിംഗുകളും അനധികൃത ഇടപാടുകളും തടയാൻ സഹായിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, ഡിജിറ്റൽ സൗകര്യങ്ങളിലെ അസമത്വം നിലനിൽക്കുന്ന രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും മുതിർന്ന ഉപഭോക്താക്കളിലും, ഈ സംവിധാനം പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ട്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതും ഇന്ധനവില വർധനയ്ക്ക് അടിസ്ഥാനമായ ഘടകങ്ങളാണ്. ഇന്ധന കമ്പനികൾ നേരിടുന്ന നഷ്ടം നികത്തേണ്ടതിന്റെ ആവശ്യകതയമുണ്ട്. എന്നാൽ ഒറ്റടിക്ക് വില ഉയർത്തിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
English Summary: A sharp rise in LPG prices after elections has triggered political debate, with critics questioning the timing. The hike impacts businesses, may raise food prices, and adds pressure on consumers despite stable domestic cylinder rates