

സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഡികെ ശിവകുമാറും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന അധികാര തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടകത്തിലെ അധികാര കൈമാറ്റ ഫോര്‍മുലയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം അന്തിമരൂപം നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ച സിദ്ധരാമയ്യ രാജിവെച്ചു. ജൂണ്‍ മൂന്നിന് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ അധികാരത്തിലേറും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവും ഒബിസി പ്രതിനിധിയുമായ സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്ന് മാറ്റിയതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വലിയൊരു വിഭാഗം അനുയായികള്‍ക്കും അതൃപ്തിയുണ്ട്.
സിദ്ധരാമയ്യയെ മാറ്റി നിര്‍ത്തിയതിലൂടെ കര്‍ണാടകയിലെ നേതൃപ്രതിസന്ധി പരിഹരിക്കപ്പെട്ടതായി തോന്നാമെങ്കിലും ഈ നീക്കം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വലിയ തിരിച്ചടിയായേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പലയിടങ്ങളിലും രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറി, പോസ്റ്ററുകള്‍ കത്തിച്ചു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധമെങ്കിലും സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ജനകീയ നേതാവായ സിദ്ധരാമയ്യയെ മാറ്റിയ തീരുമാനത്തിന്റെ പ്രധാന ഉത്തരവാദിയായി ജനങ്ങള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയെയാണ്.
രാഹുല്‍ ഗാന്ധി വര്‍ഷങ്ങളായി കെട്ടിപ്പടുത്ത പ്രതിച്ഛായയ്ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും വിരുദ്ധമാണ് ഡികെ ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട ഈ നടപടി. രാജ്യവ്യാപകമായി ജാതി സെന്‍സസ് വേണമെന്ന് വാദിച്ചുകൊണ്ട് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുന്ന നേതാവായാണ് രാഹുല്‍ തന്നെത്തന്നെ അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മയായ 'അഹിന്ദ' (AHINDA) സമുദായ സഖ്യം കെട്ടിപ്പടുത്ത ഒബിസി നേതാവാണ് സിദ്ധരാമയ്യ. ഡികെ ശിവകുമാര്‍ ആകട്ടെ സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാവാണ്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നത് കര്‍ണാടകത്തില്‍ മാത്രമായിരുന്നു.
ദേശീയതലത്തില്‍ ബിജെപിക്കെതിരെ ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗം വോട്ടര്‍മാരെ ഒരുമിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കര്‍ണാടകയിലെ ഈ സമവാക്യം വളരെ നിര്‍ണായകമായിരുന്നു. എന്നാല്‍ സിദ്ധരാമയ്യ രാജിവെച്ചതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി കസേരയില്‍ ഒബിസി, ന്യൂനപക്ഷ അല്ലെങ്കില്‍ ദലിത് മുഖമില്ലാത്ത അവസ്ഥയായി. കര്‍ണാടകയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് 2028 മേയിലാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളതും അവര്‍ ഭരണത്തിലിരുന്നതുമായ പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക എന്ന വസ്തുതയും മറുപുറത്തുണ്ട്.
'സിദ്ധു' എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന സിദ്ധരാമയ്യ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പാര്‍ട്ടിയെ സംഘടനാപരമായി വളര്‍ത്തിയപ്പോള്‍, മറുവശത്ത് ഡികെ ശിവകുമാര്‍ ഒരു ബദല്‍ ശക്തികേന്ദ്രമായും പാര്‍ട്ടിയുടെ പ്രതിസന്ധി പരിഹാരകനായും ഉയര്‍ന്നുവരികയായിരുന്നു. കോണ്‍ഗ്രസിന്റെ അമരക്കാരനായ രാഹുല്‍ ഗാന്ധിക്ക് സിദ്ധരാമയ്യയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നതില്‍ വിമുഖതയുണ്ടായിരുന്നുവെന്നും പ്രിയങ്ക ഗാന്ധിയാണ് അദ്ദേഹത്തെ അതിന് സമ്മതിപ്പിച്ചതെന്നുമാണ് 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് ഒഴിഞ്ഞുകൊടുക്കണമെന്ന് രാഹുല്‍ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടപ്പോള്‍ സിദ്ധരാമയ്യ ഞെട്ടിപ്പോയതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
രാഹുലിനെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരടങ്ങിയ സംഘമാണ് ഈ തീരുമാനമെടുത്തത്. എന്നിരുന്നാലും ഈ തീരുമാനത്തിന്റെ പ്രധാന മുഖമായി മാറിയത് രാഹുല്‍ ഗാന്ധിയാണ്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പ്രതിഷേധങ്ങളുടെ മുഖ്യപങ്കും അദ്ദേഹം നേരിടേണ്ടി വരും.
കനത്ത തിരിച്ചടിയുണ്ടാകും: സിദ്ധരാമയ്യയുടെ സമുദായ നേതാക്കള്‍
കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ഒരു ജനകീയ നേതാവിനെ ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ച് പുറത്താക്കുകയായിരുന്നു എന്ന് ആരോപിച്ച് സിദ്ധരാമയ്യയുടെ സമുദായമായ കുറുബ വിഭാഗക്കാരും മറ്റ് പിന്നാക്ക വിഭാഗങ്ങളും യാദ്ഗിരി, റായ്ച്ചൂര്‍, കലബുറഗി, ശിവമൊഗ്ഗ ജില്ലകളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രതിഷേധക്കാര്‍ ഹൈക്കമാന്‍ഡിനെതിരെയും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. എട്ട് വര്‍ഷം വിജയകരമായി ഭരണം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനീതി കാണിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. യാദ്ഗിരിയില്‍ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രവര്‍ത്തകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി 'ഡെക്കാന്‍ ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു.
'സിദ്ധരാമയ്യ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയായിരിക്കുമെന്ന വിശ്വാസത്തിലാണ് അഹിന്ദ സഖ്യം കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. പാര്‍ട്ടി നേതൃത്വം അഹിന്ദ വോട്ടര്‍മാരെ വഞ്ചിച്ചിരിക്കുകയാണ്. സിദ്ധരാമയ്യയെ പാതിവഴിയില്‍ രാജിവെപ്പിച്ചതിന് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള 135 സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് വെറും 36 സീറ്റുകളിലേക്ക് കൂപ്പുകുത്തും,' കലബുറഗിയിലെ കര്‍ണാടക പ്രദേശ് കുറുബ സംഘം ജില്ലാ പ്രസിഡന്റ് ഗുരുനാഥ് പൂജാരി മുന്നറിയിപ്പ് നല്‍കി.
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയാകുന്നത് എന്തുകൊണ്ട്?
രാജ്യത്തെ ഒബിസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതിയും അര്‍ഹമായ പ്രാതിനിധ്യവും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധി തന്റെ ദേശീയ രാഷ്ട്രീയ പ്രതിച്ഛായ നിര്‍മ്മിച്ചെടുത്തത്. ഈ രാഷ്ട്രീയ തന്ത്രമാണ് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ നേട്ടമുണ്ടാക്കിക്കൊടുത്തത്. സിദ്ധരാമയ്യയെ രാജിവെപ്പിച്ചതിലൂടെ പിന്നാക്ക സമുദായങ്ങളുടെ നേതാവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേറ്റതായി പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.
'രാഹുല്‍ ഗാന്ധി നേരിട്ട് രാജിവെക്കാന്‍ ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പിന്തുണക്കാരന്‍. അതുകൊണ്ട് തന്നെ ഇതൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ അദ്ദേഹത്തിന് വലിയ ആഘാതമായി മാറി. അദ്ദേഹം മാനസികമായി തികച്ചും തളര്‍ന്നിരിക്കുകയാണ്,' ബെംഗളൂരുവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍കെ ഉപാധ്യ പറഞ്ഞു. വൊക്കലിഗ എന്ന പ്രബല സമുദായത്തില്‍ നിന്നുള്ള ശിവകുമാറിനെ അധികാരത്തില്‍ പ്രതിഷ്ഠിച്ചതോടെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടുകളിലെ 'ഇരട്ടത്താപ്പ്' പരസ്യമായി വിമര്‍ശിക്കപ്പെടുകയാണ്.
പിന്നാക്ക ജനവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, ദലിതര്‍ എന്നിവരുടെ ശാക്തീകരണത്തിലൂടെ കര്‍ണാടകത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ പടുത്തുയര്‍ത്തിയ ജനകീയ നേതാവാണ് സിദ്ധരാമയ്യ. ഈ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികളിലൂടെ അദ്ദേഹം കെട്ടിപ്പടുത്ത സാമൂഹിക സഖ്യമാണ് കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്കും കരുത്തുപകര്‍ന്നത്. എന്നാല്‍ സിദ്ധരാമയ്യയെ മാറ്റിയതിലൂടെ പാര്‍ട്ടിക്കുള്ളിലെ നിന്നുപോലും രാഹുല്‍ ഗാന്ധിക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരിക രാഹുല്‍ ഗാന്ധിക്ക് തന്നെയായിരിക്കും.
English Summary: The Congress leadership has approved Karnataka's power-sharing formula, with D. K. Shivakumar set to replace Siddaramaiah as Chief Minister. The move has sparked protests from Siddaramaiah's supporters, particularly among OBC and AHINDA groups.Political analysts believe the decision could hurt Rahul Gandhi, who has positioned himself as a champion of OBCs, Dalits and minorities. Critics argue that removing Siddaramaiah weakens Congress' social justice narrative and may impact the party's support base ahead of the 2028 Karnataka Assembly elections.