യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുകയാണ്. അടുത്തിടെ നടന്ന സൈനിക നീക്കങ്ങളില്‍ തന്ത്രപ്രധാനമായ മോക്ക തുറമുഖം ഉള്‍പ്പെടെ ചെങ്കടല്‍ തീരത്തിന്റെ ഭൂരിഭാഗവും ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ സൗദിയുടെ പടിഞ്ഞാറന്‍ തീരം വഴിയുള്ള എണ്ണ ഗതാഗതം കടുത്ത ഭീഷണിയിലായി. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം കാരണം സൗദിയുടെ കിഴക്കന്‍ തീരത്തെ കപ്പല്‍ ഗതാഗതം ഇതിനകം തന്നെ പ്രതിസന്ധിയിലാണ്. ഉര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗദി പ്രദേശങ്ങള്‍ക്ക് നേരെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും അയച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങളിലൂടെയും ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പിലൂടെയുമാണ് സൗദി അറേബ്യ ഇതിനോട് പ്രതികരിച്ചത്.
സുരക്ഷാ കരാറുകളും പ്രതിരോധവും
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമാകുമ്പോഴും സൗദിയുമായി സുപ്രധാന പ്രതിരോധ കരാറുകളുള്ള യു.എസ്, പാകിസ്താന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ എന്തുകൊണ്ട് നേരിട്ട് യുദ്ധത്തിനിറങ്ങുന്നില്ല എന്നത് ആഗോള തലത്തില്‍ വലിയ ചോദ്യമുയര്‍ത്തുന്നുണ്ട്. രേഖകള്‍ പ്രകാരം മേഖലയിലെ പല പ്രമുഖ ശക്തികളുമായും സൗദി അറേബ്യയ്ക്ക് പ്രതിരോധ പങ്കാളിത്തമുണ്ട്. അമേരിക്കയുമായുള്ള സ്ട്രാറ്റജിക് ഡിഫന്‍സ് എഗ്രിമെന്റ്, പാകിസ്താനുമായുള്ള പ്രതിരോധ കരാര്‍, കൂടാതെ സൗദി-പാകിസ്താന്‍-തുര്‍ക്കി രാജ്യങ്ങള്‍ ചേര്‍ന്നുള്ള 'മക്ക ജോയിന്റ് ഡിഫന്‍സ് എഗ്രിമെന്റ്' തുടങ്ങി ശക്തമായ സൈനിക കൂട്ടായ്മകളാണ് സൗദിക്കുള്ളത്.
എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് പാകിസ്താനോ തുര്‍ക്കിയോ യു.എസോ ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാത്തത്? എന്തുകൊണ്ടാണ് പാകിസ്താനും തുര്‍ക്കിയും സൗദി അറേബ്യയ്‌ക്കൊപ്പം പ്രത്യാക്രമണങ്ങള്‍ക്ക് ഇറങ്ങാത്തത്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് മക്ക കരാറിന്റെ കാതല്‍. മക്ക കരാര്‍ ഒരു പ്രതിരോധ ഉടമ്പടിയാണെങ്കിലും അതിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തന ഘടനയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പരസ്യമായി ലഭ്യമല്ല. ഏത് ഘട്ടത്തിലാണ് പങ്കാളിത്ത രാജ്യങ്ങള്‍ എങ്ങനെയുള്ള പ്രതികരണം നടത്തേണ്ടതെന്ന് ഈ കരാറില്‍ വ്യക്തമാക്കുന്നില്ല.
സൈന്യത്തെ അയക്കാന്‍ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തുര്‍ക്കിയുടെയും പാകിസ്താന്റെയും നിലപാട്. തങ്ങളുടെ പാര്‍ലമെന്റ് ഈ പ്രതിരോധ കരാറിന് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നയതന്ത്ര തലത്തില്‍ ഇറാനുമായി സംസാരിച്ച് ഹൂതികളെ പിന്തിരിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷയ്ക്കുമാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. പാകിസ്താന് സൗദി അറേബ്യയുമായി മറ്റൊരു പരസ്പര പ്രതിരോധ കരാര്‍ കൂടിയുണ്ട്. എന്നിരുന്നാലും, രാജ്യത്തെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയ ഏപ്രില്‍ മാസത്തില്‍ അയച്ച ഏതാനും യുദ്ധവിമാനങ്ങള്‍ ഒഴിച്ചാല്‍, പാകിസ്താന്‍ സൈനികമായി ഇടപെട്ടിട്ടില്ല. അഫ്ഗാനിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ സൗദി അറേബ്യ പാകിസ്താന്റെ സഹായത്തിന് എത്തിയിട്ടുമില്ല.
പിന്മാറി നില്‍ക്കുന്ന അമേരിക്ക
ഹൂതികള്‍ക്കെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ നടത്തണമെന്ന സൗദിയുടെ അഭ്യര്‍ത്ഥന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായാണ് വിവരം. നേരത്തെ യെമനില്‍ ബോംബാക്രമണം നടത്തിയിരുന്ന അമേരിക്ക, 2025-ല്‍ ഹൂതികളുമായി ഒരു ധാരണയിലെത്തിയിരുന്നു. ഹൂതികള്‍ യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് ധാരണയുണ്ടാക്കിയാണ് അമേരിക്ക അന്ന് പിന്മാറിയത്. നിലവില്‍ സൗദി കപ്പലുകളെ മാത്രം ലക്ഷ്യമിടുന്ന ഹൂതികള്‍ക്കെതിരെ വീണ്ടുമൊരു യുദ്ധമുഖം തുറക്കാന്‍ ട്രംപ് ഭരണകൂടത്തിന് താല്‍പര്യമില്ല. തൊട്ടടുത്തുള്ള ഇറാന്‍ യുദ്ധത്തില്‍ വന്‍തോതില്‍ ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വന്നതിനാല്‍ യു.എസിന്റെ ആയുധശേഖരത്തില്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും അമേരിക്കയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതും യു.എസിനെ പിന്നോട്ട് വലിക്കുന്ന കാരണങ്ങളാണ്.
ഹൂതികള്‍ക്ക് പ്രധാനമായും പരിശീലനവും ആയുധങ്ങളും നല്‍കുന്നത് ഇറാനാണ്. സൗദി അറേബ്യയ്ക്ക് വേണ്ടി മറ്റ് രാജ്യങ്ങള്‍ സജീവമായി യുദ്ധത്തിനിറങ്ങിയാല്‍, ഇറാനും അവരുടെ സഖ്യകക്ഷികളും ഹൂതികളെ പരസ്യമായി പിന്തുണയ്ക്കാനിടയുണ്ട്. ഇത് യു.എസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ കൂടുതല്‍ സംഘര്‍ഷമാക്കുകയും മിഡില്‍ ഈസ്റ്റ് മുഴുവന്‍ പടരുന്ന വലിയൊരു മഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും.
ഒറ്റയ്ക്ക് പോരാടാന്‍ സൗദിയുടെ മടി
ഹൂതികള്‍ സെയ്ദി ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. സുന്നി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ് യെമനിലെ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. 2014-ല്‍ അവര്‍ തലസ്ഥാനമായ സന പിടിച്ചെടുത്തു. തുടര്‍ന്ന് 2015-ല്‍ യെമന് സഹായവുമായി സൗദി ഹൂതികള്‍ക്കെതിരെ പോരാട്ടത്തിന് ഇറങ്ങി. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിലും വലിയ സാമ്പത്തിക-മാനുഷിക നഷ്ടങ്ങളല്ലാതെ ഹൂതികളെ പൂര്‍ണ്ണമായി കീഴടക്കാന്‍ സൗദിക്ക് സാധിച്ചില്ല.
2022-ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ സംഘര്‍ഷങ്ങള്‍ക്ക് വലിയ അളവില്‍ അയവ് വരുത്തിയെങ്കിലും അത് ഒരു സ്ഥിരം കരാറായി മാറിയില്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് മേലുള്ള ഉപരോധം സൗദി അറേബ്യ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൂതികള്‍ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ തുടങ്ങിവെച്ചത്. ഇന്ന് ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മികച്ച പരിശീലനം നേടിയ സേനയാണ്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും വികസനത്തിനും മുന്‍ഗണന നല്‍കുന്ന ഈ ഘട്ടത്തില്‍, നേരിട്ടുള്ള ഏറ്റുമുട്ടലിന് സൗദി തയ്യാറാവാന്‍ സാധ്യതയില്ല. തല്‍ക്കാലം നയതന്ത്ര ഇടപെടലുകളിലൂടെയും വ്യോമാക്രമണങ്ങളിലൂടെയും ഭീഷണി ചെറുക്കുക എന്ന തന്ത്രമാണ് സൗദി സ്വീകരിക്കുന്നത്.
Saudi Arabia is facing renewed pressure from Iran-aligned Houthi forces in Yemen after the group made significant advances along the Red Sea coast, including the strategic port of Mokha and areas near the Bab el-Mandeb shipping route. The escalation has raised concerns over Saudi oil exports and regional maritime security. Despite Saudi Arabia's defence relationships with the United States, Pakistan and Türkiye, none has entered the conflict through direct military action. The Makkah Joint Defence Agreement signed by Saudi Arabia, Türkiye and Pakistan on August 7 states that an armed attack on one member shall be regarded as an attack on all three, but the agreement is publicly framed as defensive and does not prescribe a specific military response.