അമേരിക്കൻ കോൺഗ്രസിലെ പ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തികച്ചും സത്യസന്ധമാണെങ്കിൽ മാത്രമേ താൻ ഫലം അംഗീകരിക്കുകയുള്ളൂ എന്നാണ് ട്രംപിന്റെ നിലപാട്.
എന്താണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം?
ഒക്ടോബർ അവസാന വാരം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ചാണ് ട്രംപ് ഈ അഭിപ്രായപ്രകടനം നടത്തിയത്. എന്തുതന്നെ സംഭവിച്ചാലും തെരഞ്ഞെടുപ്പ് ഫലത്തെ മാനിക്കുമോ എന്ന മാനിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് സത്യസന്ധമാണെങ്കിൽ താൻ ഫലം അംഗീകരിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ, ഒരു തെരഞ്ഞെടുപ്പ് സത്യസന്ധമാണോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡങ്ങൾ ട്രംപ് വ്യക്തമാക്കിയിട്ടില്ല. 2016-ലും 2020-ലും സമാനമായ നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചത്. 2020-ൽ പരാജയപ്പെട്ടപ്പോൾ ഫലം അംഗീകരിക്കാൻ വിസമ്മതിക്കുകയും കോടതികളിൽ നിരവധി കേസുകൾ നൽകുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ഡോണൾഡ് ട്രംപ് ഇതിനകം തന്നെ ശക്തമായ പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നുവെന്നും പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നുവെന്നും, തപാൽ വോട്ടുകൾ വ്യാപകമായ ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നുവെന്നുമുള്ള മുന്നൂറോളം പ്രസ്താവനകളാണ് ട്രംപ് അടുത്തിടെ നടത്തിയത്. ഇത്തരം ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നവർക്ക് പത്ത് ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ, വോട്ടർ രജിസ്ട്രേഷന് പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്ന 'സേവ് ആക്റ്റ്' നിയമമാക്കണമെന്നും റിപ്പബ്ലിക്കൻ പാർട്ടി ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
വസ്തുതകളും യാഥാർത്ഥ്യവും
പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നതും തപാൽ വോട്ടുകളിലെ തട്ടിപ്പും വളരെ അപൂർവമാണെന്നാണ് ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നത്. കൺസർവേറ്റീവ് ചിന്താഗതിക്കാരായ ഹെറിറ്റേജ് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, 2003നും 2023നും ഇടയിൽ യുഎസ് തെരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തത് 24 സംഭവങ്ങളിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ തക്കവണ്ണമുള്ള യാതൊരു ക്രമക്കേടുകളും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
എങ്കിലും പൊതുജനങ്ങളിൽ ഈ പ്രചാരണങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒക്ടോബറിൽ നടന്ന വാഷിംഗ്ടൺ പോസ്റ്റ്-എബിസി ന്യൂസ്-ഇപ്സോസ് സർവേ പ്രകാരം, റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ ട്രംപ് അത് അംഗീകരിക്കുമെന്ന് 70 ശതമാനം അമേരിക്കക്കാർക്കും വിശ്വാസമില്ല.
തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ പ്രസിഡന്റിന് അധികാരമുണ്ടോ?
അമേരിക്കൻ ഭരണഭടനയുടെ ഒന്നാം അനുച്ഛേദപ്രകാരം, പ്രതിനിധി സഭയ്ക്കും സെനറ്റിനും അതിലെ ഓരോ അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ഫലങ്ങളും പരിശോധിക്കാനും അന്തിമ തീരുമാനമെടുക്കാനും പൂർണ്ണ അധികാരമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, മറ്റ് തെരഞ്ഞെടുപ്പുകളിൽ ഫലം റദ്ദാക്കാൻ പ്രസിഡന്റിന് അധികാരമില്ല. തെരഞ്ഞെടുപ്പ് നടത്തിപ്പ് പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.
ബ്രെന്നൻ സെന്റർ ഫോർ ജസ്റ്റിസ് വ്യക്തമാക്കുന്നത് പോലെ, ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പോലും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായി സാധിക്കില്ല. എങ്കിലും നീതിന്യായ വകുപ്പിനെ ഉപയോഗിച്ച് കോടതികളിൽ കേസുകൾ ഫയൽ ചെയ്യാനും, തനിക്ക് വിയോജിപ്പുള്ള നിയമനിർമ്മാണങ്ങളെ വീറ്റോ ചെയ്യാനും പ്രസിഡന്റിന് കഴിയും.
ഇരുപക്ഷവും നടത്തുന്ന തയ്യാറെടുപ്പുകൾ
മുൻകാലങ്ങളിൽ സംഭവിക്കാൻ സാധ്യത കുറവാണെന്ന് കരുതിയിരുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. പോളിങ് ബൂത്തുകളിൽ അസാധാരണമായ ഇടപെടലുകൾ ഉണ്ടായാൽ നേരിടാൻ ഡെമോക്രാറ്റിക് ഗവർണർമാരും മേയർമാരും പ്രത്യേക പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്. കൂടാതെ, ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ കോടതിയെ സമീപിക്കാനുള്ള ഹർജികളും അവർ തയ്യാറാക്കി വെച്ചിട്ടുണ്ട്.
മറുവശത്ത്, തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയും വലിയ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. അറ്റ്ലാന്റ, ഡിട്രോയിറ്റ്, മിൽവാക്കി തുടങ്ങിയ സുപ്രധാന നഗരങ്ങളിലേക്ക് അവർ കോൺഗ്രസ് നിരീക്ഷകരെ അയച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കും?
മിക്ക ഫലങ്ങളും തെരഞ്ഞെടുപ്പ് രാത്രിയിലോ ദിവസങ്ങൾക്കുള്ളിലോ അറിയുമെങ്കിലും, തപാൽ വോട്ടുകൾ എണ്ണാൽ കൂടുതൽ സമയമെടുക്കുന്ന സംസ്ഥാനങ്ങളിൽ ഫലപ്രഖ്യാനം വൈകിയേക്കാം. നവംബർ അവസാനത്തിലും ഡിസംബർ തുടക്കത്തിലുമായാണ് ഫലങ്ങൾ സംസ്ഥാനങ്ങൾ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തേണ്ടത്. ഫലം സാക്ഷ്യപ്പെടുത്താൻ ഏതെങ്കിലും ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കും. ജനുവരി 3-ന് പുതിയ കോൺഗ്രസ് സമ്മേളിക്കുന്നതാണ് ഇതിലെ അവസാന ഘട്ടം.
ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, ട്രംപ് ഔദ്യോഗികമായി പരാജയം സമ്മതിച്ചില്ലെങ്കിൽ അത് വലിയ ഭരണപ്രതിസന്ധി സൃഷ്ടിച്ചേക്കാം. നീണ്ടുനിൽക്കുന്ന കോടതി വ്യവഹാരങ്ങൾ, തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് നേരെയുണ്ടാകുന്ന ഭീഷണികൾ, ജനാധിപത്യ പ്രക്രിയയിലുള്ള പൊതുജനവിശ്വാസം നഷ്ടപ്പെടൽ എന്നിവയാണ് രാജ്യം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികൾ. ഒപ്പം, ഡെമോക്രാറ്റുകൾ ഏതെങ്കിലും സഭയിൽ ഭൂരിപക്ഷം നേടിയാൽ, ഭരണം വിഭജിക്കപ്പെടുകയും പ്രസിഡന്റിന് നിരന്തരമായ കോൺഗ്രസ് അന്വേഷണങ്ങളെ നേരിടേണ്ടി വരികയും ചെയ്യും. ഇത് നയരൂപീകരണത്തെയും നിയമനിർമ്മാണങ്ങളെയും കാര്യമായി ബാധിച്ചേക്കാം.
Donald Trump's statement that he will only accept the 2026 US midterm election results if they are "fair" has sparked political debate. This explainer details the constitutional limits of the president's power over midterm elections, clarifying that states and Congress, not the executive branch, control certification. It outlines the legal and strategic preparations by both Democrats and Republicans, including the GOP's deployment of election monitors and Democrats' tabletop exercises for potential federal interference. The piece also examines public skepticism regarding peaceful transitions and the potential political fallout if the results are heavily contested.