മാധ്യമങ്ങളെ ഭയക്കുന്ന ട്രംപ്; അമേരിക്കന്‍ വിസനയ മാറ്റത്തിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ

വിദേശ മാധ്യമപ്രവര്‍ത്തകരുടെ വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍നിന്ന് 240 ദിവസമായി വെട്ടിക്കുറച്ചതിലൂടെ, അമേരിക്കന്‍ ഭരണകൂടം ലക്ഷ്യമിടുന്നതു വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ സ്വതന്ത്ര സ്വഭാവത്തെ തന്നെ അട്ടിമറിക്കുന്നതാണ്.
മാധ്യമങ്ങളെ ഭയക്കുന്ന ട്രംപ്; അമേരിക്കന്‍ വിസനയ മാറ്റത്തിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ
Published on

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളെ ജനാധിപത്യ സ്ഥാപനമായല്ല, മറിച്ച് തന്റെ അധികാരത്തിനു വെല്ലുവിളിയുയര്‍ത്തുന്ന രാഷ്ട്രീയ ശത്രുവായാണു പലപ്പോഴും കാണുന്നത്. കഴിഞ്ഞ ദിവസം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പ്രഖ്യാപിച്ച പുതിയ വിസ നിയന്ത്രണങ്ങള്‍ ഈ വീക്ഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വിദേശ മാധ്യമപ്രവര്‍ത്തകരുടെ വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍നിന്ന് 240 ദിവസമായി വെട്ടിക്കുറച്ചതിലൂടെ, അമേരിക്കന്‍ ഭരണകൂടം ലക്ഷ്യമിടുന്നതു വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ സ്വതന്ത്ര സ്വഭാവത്തെ തന്നെ അട്ടിമറിക്കുന്നതാണ്.

വിസ എന്ന വാള്‍ത്തലപ്പ്

മുന്‍പ് വിസ കാലാവധി അഞ്ച് വര്‍ഷത്തോളമുണ്ടായിരുന്നപ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു ഭരണകൂടത്തെ പേടിക്കാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിസ കാലാവധി 240 ദിവസമായി (എട്ടു മാസം) ചുരുക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കു മുകളില്‍ എപ്പോഴും ഒരു 'വാള്‍ത്തലപ്പ്' തൂങ്ങിക്കിടക്കുകയാണ്. വിസ കാലാവധി തീരാറാവുമ്പോള്‍ അതു പുതുക്കി ലഭിക്കുമോയെന്ന ആശങ്ക ഏതൊരു വ്യക്തിയെയും അലട്ടും. ഈ ആശങ്കയെ ഭരണകൂടത്തിന് ഒരു ആയുധമായി ഉപയോഗിക്കാം. ഇതാണ് ഏറ്റവും അപകടകരമായ അവസ്ഥ.

മാധ്യമങ്ങളെ ഭയക്കുന്ന ട്രംപ്; അമേരിക്കന്‍ വിസനയ മാറ്റത്തിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ
ജോലി മുതൽ സ്ഥിരതാമസം വരെ പ്രതിസന്ധിയിൽ; അമേരിക്കൻ ഇമിഗ്രേഷൻ നിയമങ്ങൾ മാറുന്നു, ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

മാധ്യമപ്രവര്‍ത്തകർ നേരിട്ടു സെന്‍സര്‍ഷിപ്പ് (സര്‍ക്കാരിന്റെ വിലക്ക്) നേരിടുന്നതിനേക്കാള്‍ ഗുരുതരമാണ് പുതിയ സാഹചര്യം. ഉദാഹരണത്തിന്, ട്രംപ് ഭരണകൂടത്തിന്റെ ഒരു തെറ്റായ നടപടിയെക്കുറിച്ച് വാര്‍ത്തയെഴുതാന്‍ ഇത്തരം മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നുവെന്നു കരുതുക. എന്നാല്‍, ഈ വാര്‍ത്തയഴുതിയാല്‍ വിസ പുതുക്കി ലഭിക്കുമോയെന്ന ചിന്ത മനസ്സില്‍ ഉദിച്ചാല്‍, അദ്ദേഹം ആ വാര്‍ത്ത തല്‍ക്കാലം ഒഴിവാക്കുകയോ അല്ലെങ്കില്‍ തീവ്രത കുറയ്ക്കുകയോ ചെയ്യും. ഇതാണ് 'സെല്‍ഫ് സെന്‍സര്‍ഷിപ്പ്'. ഇവിടെ സര്‍ക്കാര്‍ നേരിട്ടു പേന പിടിച്ചുവാങ്ങേണ്ടതില്ല, മറിച്ച് പേടിപ്പിച്ചാല്‍ മതി, മാധ്യമപ്രവര്‍ത്തകർ തന്നെ വാര്‍ത്തകള്‍ ഇല്ലാതാക്കിക്കൊള്ളും.

ഭരണകൂടത്തിന്റെ ദയാദാക്ഷിണ്യം

എട്ടു മാസത്തിലൊരിക്കല്‍ വിസ പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍, അധികൃതര്‍ക്ക് ആ അപേക്ഷ നിരസിക്കാന്‍ സാധിക്കും. കൃത്യമായ കാരണം പറയണമെന്നില്ല. ഇതുവഴി, തങ്ങള്‍ക്കനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വിസ എളുപ്പത്തില്‍ ലഭിക്കുകയും വിമര്‍ശിക്കുന്നവര്‍ക്ക് അതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന വിവേചനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഇത് മാധ്യമപ്രവര്‍ത്തകരെ ഭരണകൂടത്തിന്റെ ദയാദാക്ഷിണ്യത്തിന് വിധേയരാക്കുന്നു.

ഒരു ജനാധിപത്യ രാജ്യത്തിന്റെ കരുത്ത് ഭരണകൂടത്തോട് കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള ധൈര്യമാണ്. എന്നാല്‍, ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പതുക്കെ നിശബ്ദരാകുന്നു. ഭരണകൂടം ലക്ഷ്യമിടുന്നത് ഇതാണു വിമര്‍ശനങ്ങളില്ലാത്ത, ചോദ്യങ്ങളില്ലാത്ത, ഭരണകൂടം പറയുന്നതിനെ മാത്രം ശരിവയ്ക്കുന്ന ഒരു മാധ്യമസമൂഹം. ഈ നിയമം ശാരീരികമായി ആരെയും വിലക്കുന്നില്ല, മറിച്ച് ഭയപ്പെടുത്തി മാനസികമായി നിയന്ത്രിക്കുന്നു. വാര്‍ത്തകള്‍ക്കുമേല്‍ ഭരണകൂടം കത്രിക വയ്ക്കുന്നതിനു പകരം, മാധ്യമപ്രവര്‍ത്തകരുടെ മനസ്സില്‍ ഭയം വിതച്ച് അവരെക്കൊണ്ടു തന്നെ വാര്‍ത്തകള്‍ വെട്ടിക്കുറയ്ക്കുന്ന തന്ത്രമാണിത്.

മാധ്യമങ്ങളെ ഭയക്കുന്ന ട്രംപ്; അമേരിക്കന്‍ വിസനയ മാറ്റത്തിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ
തകരുന്ന ചരിത്രബന്ധം; ഇസ്രായേൽ അമേരിക്കയ്ക്ക് ഒരു ബാധ്യതയാകുന്നുവോ?

വിസ ഒരു രാഷ്ട്രീയ ആയുധം

അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിസയെ ഒരു നയതന്ത്ര ആയുധമായി ഉപയോഗിക്കുന്ന രീതി ട്രംപ് ഭരണകൂടം തുടരുന്നുണ്ട്. ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്കു 90 ദിവസത്തെ കാലാവധി മാത്രം നല്‍കിയത് ഇതിന്റെ ഭാഗമാണ്. വാഷിങ്ടണും ബെയ്ജിങ്ങും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരെ ഒരു 'ബന്ദിയാക്കി' മാറ്റുന്ന പ്രവണതയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമ്പോള്‍, അതിന്റെ പ്രത്യാഘാതം ആദ്യം അനുഭവിക്കുന്നതു മാധ്യമപ്രവര്‍ത്തകരാണ്.

''ഇത് മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടങ്ങള്‍ നടത്തുന്ന കടന്നുകയറ്റത്തിന്റെ ഏറ്റവും നീചമായ മാതൃകയാണ്. ഇതൊരു ജനാധിപത്യ രാജ്യത്തിന്റെ സ്വഭാവമല്ല, മറിച്ച് സ്വേച്ഛാധിപത്യത്തിലേക്കുള്ള സൂചനയാണ്,'' എന്നാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

അമേരിക്കയെ ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ വേദിയായാണ്. എന്നാല്‍, നിരീക്ഷണത്തിന്റെ പേരില്‍ കര്‍ശനമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അമേരിക്ക ലോകത്തിനു നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല. സുരക്ഷയുടെ പേരില്‍ കൊണ്ടുവരുന്ന ഇത്തരം നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇളക്കുന്നത്.

തുടര്‍ച്ചയായ സമ്മര്‍ദം

വിസ നിയന്ത്രണം മാത്രമല്ല, സമൂഹമാധ്യമ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശവും മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ആരെയാണ് പിന്തുടരുന്നത്, എന്ത് ചിന്തിക്കുന്നുവെന്ന് ഭരണകൂടം നിരീക്ഷിക്കുന്നുവെന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത് വിവരദാതാക്കളെ പേടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകരുമായുള്ള അവരുടെ ആശയവിനിമയം തടസപ്പെടുത്തുകയും ചെയ്യും.

ചുരുക്കത്തില്‍, ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ഈ നിയന്ത്രണങ്ങള്‍ കേവലം കുടിയേറ്റ നിയമങ്ങളിലെ മാറ്റമല്ല; മറിച്ച്, അധികാരത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആസൂത്രിതമായ നീക്കമാണ്. ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട മാധ്യമങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഈ നയങ്ങള്‍, അമേരിക്കയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കു തന്നെ വലിയ കോട്ടം വരുത്തും. ഒരു രാജ്യം എത്രത്തോളം ജനാധിപത്യപരമാണെന്ന് അളക്കുന്നത് അവിടുത്തെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം വച്ചാണ്. ആ അളവുകോലില്‍ ട്രംപ് ഭരണകൂടം ഇപ്പോള്‍ വലിയ പരാജയം ഏറ്റുവാങ്ങുകയാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെ ഒരു നേതാവിനും ചരിത്രത്തെയോ സത്യത്തെയോ തടയാന്‍ കഴിയില്ലെന്നതാണ് ചരിത്രം നല്‍കുന്ന വലിയ പാഠം.

Summary

The Trump administration's latest visa restrictions on foreign journalists have intensified concerns over press freedom in the United States. By reducing the validity of journalist visas from five years to 240 days, the Department of Homeland Security has introduced a policy that critics argue could undermine independent reporting and place additional pressure on international media organizations. The move reflects broader concerns about the relationship between the administration and the press, with opponents viewing it as a challenge to media independence.

Madism Digital
madismdigital.com