നിയമപരമായ കുടിയേറ്റ സംവിധാനത്തിൽ സമീപകാലത്തെ ഏറ്റവും സമഗ്രമായി പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി അമേരിക്ക. വിദേശ തൊഴിലാളികൾ, അന്താരാഷ്ട്ര വിദ്യാർഥികൾ, തൊഴിലുടമകൾ എന്നിവരുടെ യുഎസ് അനുഭവങ്ങളെ പൂർണമായി മാറ്റിമറിക്കുന്ന വിപുലമായ നിയന്ത്രണ അജണ്ടയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS), ഡിപ്പാർട്ട്‌മെന്റ് ഓഫ് ലേബർ (DOL), ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് (DOS) എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ റെഗുലേറ്ററി അജണ്ടകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പുതിയ നിർദ്ദേശങ്ങൾ, വിദഗ്ദ്ധരായ കുടിയേറ്റക്കാർ അമേരിക്കയിലെത്താൻ ആശ്രയിക്കുന്ന ഏതാണ്ടെല്ലാ പ്രധാന വിസ മാർഗങ്ങളെയും ബാധിക്കുന്നതാണ്.
അമേരിക്കൻ കോൺഗ്രസ് പാസാക്കുന്ന നിയമങ്ങളിലൂടെയല്ല, മറിച്ച് ഫെഡറൽ റൂൾമേക്കിമങ് പ്രക്രിയയിലൂടെയാണ് ഭരണകൂടം ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇവയൊന്നും നിലവിൽ നിയമമായി മാറിയിട്ടില്ല. പൊതുജനാഭിപ്രായ രൂപീകരണത്തിനും പുനഃപരിശോധനകൾക്കും വിധേയമാക്കിയ ശേഷമായിരിക്കും ഇവ അന്തിമ നിയമങ്ങളാവുക. ഈ മാറ്റങ്ങളിൽ പ്രധാനമായും ഉൾപ്പെടുന്നത് എച്ച്-1ബി വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കൽ, തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകളിലെ മാറ്റങ്ങൾ, അടിസ്ഥാന ശമ്പള പരിധിയിലുള്ള പുതുക്കലുകൾ, വിദ്യാർത്ഥി വിസ ചട്ടങ്ങളിലെ ഭേദഗതികൾ, വർക്ക് പെർമിറ്റ് നയങ്ങളിലെ വ്യതിയാനങ്ങൾ എന്നിവയാണ്.
ഇതിനുപുറമെ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും അവർക്ക് സ്പോൺസർഷിപ്പ് നൽകുന്ന തൊഴിലുടമകൾക്കും അധിക നിബന്ധനകളും ബാധകമാകും. അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച്-1ബി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. കൂടാതെ തൊഴിലധിഷ്ഠിത സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡ് കാത്തിരിപ്പ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളതും ഇന്ത്യക്കാരാണ്. അടുത്ത കാലത്തായി അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിലും മറ്റ് രാജ്യങ്ങളെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയിട്ടുണ്ട്.
അമേരിക്കൻ കുടിയേറ്റ സംവിധാനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യൻ പ്രൊഫഷണലുകളും വിദ്യാർഥികളും വളരെ വലിയ പങ്കുവഹിക്കുന്നതുകൊണ്ടുതന്നെ, ഇതിൽ ഏതെങ്കിലും ഒരു വിസ വിഭാഗത്തിൽ വരുത്തുന്ന മാറ്റങ്ങൾ അവരുടെ മൊത്തത്തിലുള്ള യുഎസ് കുടിയേറ്റ പ്രക്രിയയെയും കരിയറിനെയും പലപ്പോഴും ചങ്ങലയിലെ കണ്ണികൾ പോലെ പരസ്പരം സ്വാധീനിക്കാറുണ്ട്. ഒരു വിഭാഗത്തിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരുടെ അടുത്ത ഘട്ടങ്ങളിലേക്കുള്ള യാത്രയെ സാരമായി ബാധിക്കും.
എച്ച്1 ബി വിസ: എന്തൊക്കെയാണ് മാറുന്നത്?
ദശകങ്ങളായി, വിപുലമായ അറിവും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമായ പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ തൊഴിലുടമകളെ അനുവദിക്കുന്ന സംവിധാനമാണ് എച്ച്-1ബി വിസ. ഈ പ്രോഗ്രാമിൽ ഭൂരിഭാഗവും ഇന്ത്യൻ പ്രൊഫഷണലുകളാണ്; പ്രത്യേകിച്ച് ഐടി, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, എഞ്ചിനീയറിങ്, കൺസൾട്ടിങ്, ഫിനാൻഷ്യൽ സർവീസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ.
യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലൻഡ് സെക്യൂരിറ്റിയുടെ റെഗുലേറ്ററി അജണ്ട പ്രകാരം ഓഗസ്റ്റിൽ വരാനിരിക്കുന്ന പുതിയ നിർദ്ദേശം വാർഷിക എച്ച്-1ബി വിസ പരിധിയിൽ നിന്നുള്ള ചില ഇളവുകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും. ഇതോടൊപ്പം എച്ച്-1 ബി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികളുടെ മേലുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കുകയും ചെയ്യും. എച്ച്-1ബി ജീവനക്കാരെ തേർഡ് പാർട്ടി ക്ലയന്റുകളുടെ ഓഫീസുകളിൽ ജോലിക്ക് നിയോഗിക്കുന്ന വ്യാപകമായ രീതിയെ നിയന്ത്രിക്കുക എന്നതാണ് ഈ പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കൺസൾട്ടിങ്, ഔട്ട്‌സോഴ്‌സിങ് കമ്പനികളാണ് പ്രധാനമായും ഈ തൊഴിൽ മാതൃക കാലങ്ങളായി ഉപയോഗിച്ചുവരുന്നത്. വിസ സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ പേറോളിൽ തുടരുമ്പോൾ തന്നെ, അമേരിക്കയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്ലയന്റുകളുടെ ഓഫീസുകളിലിരുന്ന് ജീവനക്കാർ ജോലി ചെയ്യുന്നതാണ് ഈ രീതി. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇത് ഇന്ത്യൻ ഐടി കമ്പനികളുടെ പ്രവർത്തനത്തെയും ജീവനക്കാരെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
പുതിയ നിയന്ത്രണ നിർദേശങ്ങൾ പ്രകാരം, ഒരു ജീവനക്കാരൻ ക്ലയന്റിന്റെ ഓഫീസിൽ ജോലി ചെയ്യുമ്പോഴും, അവരും വിസ സ്പോൺസർ ചെയ്ത കമ്പനിയും തമ്മിൽ യഥാർത്ഥ തൊഴിലുടമ-ജീവനക്കാരൻ ബന്ധം നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കാൻ കമ്പനികൾ കൂടുതൽ വ്യക്തമായ രേഖകൾ ഹാജരാക്കേണ്ടി വരും.
അനുവദിക്കപ്പെട്ട വിസയുടെ പരിധിക്ക് പുറത്തുള്ള ജോലികളല്ല, മറിച്ച് തങ്ങളുടെ പ്രൊഫഷണൽ വൈദഗ്ധ്യം ആവശ്യമായ ജോലികൾ തന്നെയാണ് അവർ അവിടെ ചെയ്യുന്നതെന്ന് ഉറപ്പാക്കാനും തൊഴിലുടമകൾക്ക് ബാധ്യതയുണ്ടാകും. ഇതിനുപുറമേ, ജീവനക്കാരുടെ വ്യക്തിഗത അസൈൻമെന്റുകൾ, ക്ലയന്റുകളുമായുള്ള ബന്ധം, ദൈനംദിന തൊഴിൽ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച വളരെ കൃത്യമായ രേഖകളും കമ്പനികൾ സൂക്ഷിക്കേണ്ടതായി വരും. മുൻകാലങ്ങളിൽ എച്ച്-1ബി വിസ നിയമങ്ങൾ ലംഘിച്ചിട്ടുള്ള കമ്പനികൾക്ക് ഭാവിയിൽ വിസ അപേക്ഷകൾ നൽകുമ്പോൾ കൂടുതൽ കർശനമായ പരിശോധനകൾ നേരിടേണ്ടി വരുമെന്നും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
എച്ച്-1ബി, എൽ-1 (L-1) വിസകളിലെ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്ന കമ്പനികളെ സംബന്ധിക്കുന്നതാണ് മറ്റൊരു സുപ്രധാന നിർദ്ദേശം. അമേരിക്കയിൽ 50-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ, പകുതിയിലധികം പേരും എച്ച്-1ബി അല്ലെങ്കിൽ എൽ-1 വിസയിലുള്ളവരാണെങ്കിൽ നിലവിലെ നിയമപ്രകാരം അവർക്ക് പുതിയ ജീവനക്കാരെ സ്പോൺസർ ചെയ്യുമ്പോഴോ മറ്റ് കമ്പനികളിൽ നിന്ന് ജോലിക്കാരെ എടുക്കുമ്പോഴോ അധിക നിരക്ക് നൽകേണ്ടതുണ്ട്. ഈ വ്യവസ്ഥയിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ ജീവനക്കാരെ നിയമിക്കുമ്പോൾ മാത്രം കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന അധിക ഫീസ് ഇനി മുതൽ നിലവിലുള്ള ജീവനക്കാരുടെ വിസ പുതുക്കുമ്പോഴും ഈടാക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. ജൂലൈയിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചട്ടപ്രകാരം, നിലവിലെ എച്ച്-1ബി ജീവനക്കാരുടെ വിസ കാലാവധി നീട്ടിനൽകാൻ അപേക്ഷിക്കുമ്പോഴും തൊഴിലുടമകൾ ഈ അധിക തുക നൽകേണ്ടി വരും. വർഷങ്ങളായി അമേരിക്കയിൽ തുടരുന്ന പരിചയസമ്പന്നരായ ജീവനക്കാരുടെ വിസ പതിവായി പുതുക്കുന്ന കമ്പനികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയാകും.
ഫെഡറൽ കോടതികളിൽ നിന്നുള്ള നിയമപരമായ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, എച്ച്-1ബി, എൽ-1 തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്ന തൊഴിലുടമകളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം തുടരുകയാണ്. ഇതിനുപുറമേ, തൊഴിൽ വകുപ്പ് അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളും തയ്യാറാക്കുന്നുണ്ട്. എച്ച്-1ബി, എച്ച്-1ബി1, ഇ-3 വിസകൾക്കും PERM ലേബർ സർട്ടിഫിക്കേഷൻ വഴിയുള്ള തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് സ്പോൺസർഷിപ്പുകൾക്കും ഈ മാറ്റങ്ങൾ ബാധകമാകും. എൻട്രി ലെവൽ തസ്തികകൾക്കായുള്ള കുറഞ്ഞ ശമ്പള പരിധി നിലവിലെ 17-ാം പെർസെന്റൈലിൽ നിന്ന് 34-ാം പെർസെന്റൈലായി ഉയർത്താനാണ് പുതിയ നിർദ്ദേശം.
ഇതോടെ ഈ വിസ പ്രോഗ്രാമുകൾക്ക് കീഴിൽ വിദേശ പ്രൊഫഷണലുകളെ സ്പോൺസർ ചെയ്യുന്നതിന് മുൻപായി തൊഴിലുടമകൾ അവർക്ക് ഗണ്യമായ തോതിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യേണ്ടി വരും. പുതുക്കിയ ശമ്പള വ്യവസ്ഥകൾ നിലവിൽ വരുന്നതോടെ വിദേശ പ്രതിഭകളെ സ്പോൺസർ ചെയ്യുന്ന കാര്യത്തിൽ കമ്പനികൾ കൂടുതൽ കർശന നിലപാടെടുത്തേക്കാം. ഉയർന്ന സാമ്പത്തിക ബാധ്യത വരുന്നതുകൊണ്ടുതന്നെ വിദേശ തൊഴിലാളികൾക്കും കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അമേരിക്കയിൽ ലഭിക്കാനിടയുള്ള എൻട്രി ലെവൽ അവസരങ്ങൾ കുറയാൻ ഇത് കാരണമാകും.
ഗ്രീൻ കാർഡുകൾ: എന്തൊക്കെയാണ് മാറുന്നത്?
സ്ഥിരതാമസത്തിനായി നിലവിൽ തന്നെ ലോകത്തിലെ ഏറ്റവും നീണ്ട കാത്തിരിപ്പ് നേരിടുന്ന ഇന്ത്യൻ അപേക്ഷകർക്ക് തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് സംവിധാനത്തിലും വലിയ മാറ്റങ്ങൾ നേരിടേണ്ടി വരും. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) തങ്ങളുടെ അഡ്ജസ്റ്റ്‌മെന്റ് ഓഫ് സ്റ്റാറ്റസ് (AOS) മാർഗനിർദ്ദേശങ്ങൾ പുതുക്കിയ മെയ് മാസത്തിലാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് സംഭവിച്ചത്. പരമ്പരാഗതമായി, അമേരിക്കയിൽ ജീവിക്കുന്ന യോഗ്യരായ വിദേശ പൗരന്മാർക്ക് രാജ്യം വിടാതെ തന്നെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്ന സംവിധാനമായിരുന്നു അഡ്ജസ്റ്റ്‌മെന്റ് ഓഫ് സ്റ്റാറ്റസ്.
എന്നാൽ, പുതുക്കിയ യുഎസ്‌സിഐഎസ് മാർഗനിർദേശം ആ പ്രക്രിയയെ അവകാശം എന്നതിലുപരി ഉദ്യോഗസ്ഥരുടെ വിവേചനാധികാരവും ഭരണപരമായ ഔദാര്യവും അടിസ്ഥാനമാക്കിയുള്ള ഒന്നായി മാറ്റുന്നു. അതോടൊപ്പം തന്നെ, അമേരിക്കയ്ക്കുള്ളിൽ വെച്ച് ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കുന്നതിന് പകരം, വിദേശത്തുള്ള കോൺസുലാർ പ്രോസസിങ് വഴി ഇമിഗ്രന്റ് വിസകൾ നേടാൻ യുഎസ്‌സിഐഎസ് അപേക്ഷകരെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പല അപേക്ഷകർക്കും ഇത് അങ്ങേയറ്റം പ്രതിസന്ധി സൃഷ്ടിക്കും. കാരണം തങ്ങളുടെ അപേക്ഷയുടെ അന്തിമ തീരുമാനത്തിനായി അമേരിക്കയിൽ തുടരുന്നതിന് പകരം, വിസ നടപടികൾ പൂർത്തിയാക്കാൻ അവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വന്നേക്കാം.
ഇതിനെല്ലാം പുറമെ, 2026 ജൂലൈയിലെ വിസ ബുള്ളറ്റിൻ പ്രകാരം, ഇന്ത്യൻ അപേക്ഷകർക്കുള്ള ഇബി-2 കാറ്റഗറി ഈ സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് ഔദ്യോഗികമായി ലഭ്യമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് വിഭാഗങ്ങളിലൊന്നിലെ പുതിയ അപ്രൂവലുകൾ ഇതോടെ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്ര വിദ്യാർഥികൾ: എന്തൊക്കെയാണ് മാറുന്നത്?
നിലവിൽ യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹം ഇന്ത്യക്കാരാണ്. ഓപ്പൺ ഡോർസ് റിപ്പോർട്ട് പ്രകാരം 2024-25 അധ്യയന വർഷത്തിൽ മാത്രം ഏകദേശം 3.6 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ എൻറോൾ ചെയ്തിട്ടുള്ളത്. അതായത് രാജ്യത്തെ ആകെ വിദേശ വിദ്യാർത്ഥികളുടെ 31 ശതമാനത്തോളം വരും ഇത്. അതിനാൽ തന്നെ വിദ്യാർഥി വിസ നിയമങ്ങളിലെ മാറ്റങ്ങൾ ഇന്ത്യക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.
കോഴ്‌സ് പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാൻ വിദ്യാർഥികളെ അനുവദിക്കുന്ന നിലവിലെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് രീതി നിർത്തലാക്കി, പകരം നിശ്ചിത കാലാവധിയുള്ള വിസകൾ അനുവദിക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. ഇതോടെ നിശ്ചിത സമയപരിധിക്ക് ശേഷം പഠനം തുടരണമെങ്കിൽ വിസ പുതുക്കുന്നതിനായി വിദ്യാർത്ഥികൾ അധിക ഫീസും പുതിയ അപേക്ഷയും നൽകേണ്ടി വരും. ഇതിനുപുറമേ, പഠനത്തിന് ശേഷവും പഠനകാലത്തും അമേരിക്കയിൽ ജോലി പരിചയം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്, കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിങ് എന്നീ പ്രോഗ്രാമുകളിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഈ പരിഷ്‌കാരങ്ങൾ വിദ്യാർത്ഥി വിസയിൽ അമേരിക്കയിലെത്തി പഠനം പൂർത്തിയാക്കി എച്ച്-1ബി വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ ഭാവി പ്രതിസന്ധിയിലാക്കും.
The Trump administration is preparing a massive overhaul of the US legal immigration system, proposing sweeping changes to H-1B visas, green cards, and student visas. Since Indian nationals dominate these pathways, the proposed regulations will severely impact their immigration journey from studying in the US to securing permanent residency. The administration plans to tighten rules for placing employees at third-party client sites, requiring stricter proof of employer-employee relationships. Additionally, companies heavily reliant on H-1B and L-1 workers will face extra surcharges when extending visas, and the minimum wage requirements for entry-level foreign workers will be significantly raised.