അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക നിയമപോരാട്ടത്തിനാണ് വാഷിങ്ടണിലെ സുപ്രീം കോടതി ഹാള്‍ സാക്ഷ്യം വഹിച്ചത്. കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുമായി രണ്ടാം വട്ടവും വൈറ്റ് ഹൗസിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്, അധികാരമേറ്റ ആദ്യദിനം തന്നെ പുറത്തിറക്കിയ വിവാദ ഉത്തരവിന്മേല്‍ കനത്ത പ്രഹരമേറ്റിരിക്കുന്നു. യു.എസ് മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്കു സ്വയമേവ പൗരത്വം നല്‍കുന്ന ജന്മസിദ്ധ പൗരത്വം റദ്ദാക്കാനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 6-3 ഭൂരിപക്ഷത്തിലാണ് സുപ്രീം കോടതി തള്ളിയത്. വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന 194 പേജുള്ള ഈ ചരിത്രവിധി, ട്രംപിന്റെ രാഷ്ട്രീയ അജണ്ടയ്‌ക്കേറ്റ തിരിച്ചടി മാത്രമല്ല, മറിച്ച് അമേരിക്കന്‍ ഭരണഘടനയുടെ ആത്മാവ് തൊട്ടറിഞ്ഞ പ്രഖ്യാപനം കൂടിയാണ്.
തന്റെ രണ്ടാം ഊഴത്തിന്റെ ഒന്നാം ദിവസം ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ലക്ഷ്യമിട്ടത് യു എസ് ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നിനെ പൊളിച്ചെഴുതാനായിരുന്നു. അതിലേക്കു ട്രംപിന്റെ വാദം ഇതായിരുന്നു: ''രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും ടൂറിസ്റ്റുകളോ വിദ്യാര്‍ത്ഥികളോ ആയി താല്‍ക്കാലിക വിസയില്‍ എത്തുന്ന വിദേശികളുടെയും മക്കള്‍ക്കു യുഎസ് മണ്ണില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം പൗരത്വം നല്‍കരുത്. ഇവര്‍ അമേരിക്കയുടെ നിയമപരമായ അധികാരപരിധിയില്‍ (Subject to the jurisdiction) പൂര്‍മായി വരുന്നില്ല.''
എന്നാല്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ 'സിറ്റിസണ്‍ഷിപ്പ് ക്ലോസ്' വളരെ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. മാതാപിതാക്കളുടെ വിസയോ നിയമപരമായ പദവിയോ നോക്കാതെ, യു.എസ് മണ്ണില്‍ ജനിക്കുന്ന ഏതൊരു കുട്ടിയും ജനനനാല്‍ തന്നെ അമേരിക്കന്‍ പൗരനാണ്. പൗരത്വം എന്നത് അവകാശങ്ങള്‍ കൈവശം വെയ്ക്കാനുള്ള അവകാശമാണ്; നമ്മുടെ രാഷ്ട്രീയ സമൂഹത്തില്‍ സ്വതന്ത്രമായി പങ്കാളികളാകാനുള്ള സ്വാതന്ത്ര്യമാണത്. പതിനാലാം ഭേദഗതിയുടെ ശില്പികള്‍ ഈ നാട്ടില്‍ ജനിക്കുന്ന എല്ലാ സ്വതന്ത്ര വ്യക്തികള്‍ക്കും നല്‍കിയ വാഗ്ദാനം ഇന്ന് നമ്മള്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നിരീക്ഷിച്ചത്.
സുപ്രീം കോടതിയില്‍ കണ്‍സര്‍വേറ്റീവ് (വലതുപക്ഷ) ജഡ്ജിമാര്‍ക്കാണു ഭൂരിപക്ഷമെന്നതിനാല്‍ വിധി തനിക്ക് അനുകൂലമാകുമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കണ്‍സര്‍വേറ്റീവ് ചേരിയിലെ പ്രമുഖര്‍ ഭരണഘടനാ തത്ത്വങ്ങള്‍ക്കൊപ്പം നിലകൊണ്ടതോടെ ട്രംപിന്റെ പ്ലാനുകള്‍ പൂര്‍ണമായി പാളിപ്പോവുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നയിച്ച ആറംഗ ഭൂരിപക്ഷ ബെഞ്ചാണ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സോണിയ സോറ്റോമേയര്‍, എലീന കാഗന്‍, കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍, ആമി കോണി ബാരറ്റ് എന്നിവരാണ് ഈ വിധിയെ അനുകൂലിച്ച പ്രമുഖര്‍. മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ബ്രെറ്റ് കവനോഗ് വിധിന്യായത്തെ ഭാഗികമായി അനുകൂലിച്ചുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതിയിലെ മറ്റു മൂന്ന് ജഡ്ജിമാര്‍ ഈ വിധിയോട് കടുത്ത വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലെ പൗരത്വ നിയമങ്ങളെ രണ്ട് രീതിയില്‍ തരംതിരിക്കാം:
1. ജസ് സോളി: ജനിക്കുന്ന മണ്ണിലെ അവകാശം. അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതാണ് പിന്തുടരുന്നത്. അവിടെ ജനിച്ചാല്‍ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും കുട്ടിക്ക് പൗരത്വം ലഭിക്കും.
2. ജസ് സാംഗ്വിനിസ്: രക്തബന്ധത്തിന്റെ അവകാശം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ന് ഈ രീതിയാണ് പിന്തുടരുന്നത്. ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ കുട്ടി ഇവിടെ ജനിച്ചാല്‍ മാത്രം പോരാ, മാതാപിതാക്കളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ പൗരനായിരിക്കണം.
കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ക്ലാരന്‍സ് തോമസ് എഴുതിയ 90 പേജുള്ള വിയോജനക്കുറിപ്പ് യുഎസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. 14-ാം ഭേദഗതി പണ്ട് അടിമത്തത്തില്‍നിന്ന് മോചിതരായ കറുത്തവര്‍ഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ കൊണ്ടുവന്നതാണെന്നും, അത് താല്‍ക്കാലികമായി രാജ്യത്ത് വന്നുപോകുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കാനുള്ള 'കുറുക്കുവഴി'യല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ ചരിത്രത്തെ ഇടുങ്ങിയ രീതിയില്‍ കാണാനാവില്ലെന്ന് ജസ്റ്റിസ് കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ ഇതിനു മറുപടിയായി തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
ഈ ചരിത്രപരമായ വിധിയോടെ യുഎസിലെ പൗരത്വ മാനദണ്ഡങ്ങള്‍ കൂടുതല്‍ സുതാര്യമായി തുടരും.
പൗരത്വത്തിന് അര്‍ഹതയുള്ളവര്‍: അമേരിക്കന്‍ മണ്ണില്‍ (50 സംസ്ഥാനങ്ങള്‍, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, പ്യൂര്‍ട്ടോ റിക്കോ, ഗുവാം തുടങ്ങിയ പ്രദേശങ്ങള്‍) ജനിക്കുന്ന എല്ലാ കുട്ടികളും. മാതാപിതാക്കള്‍ ടൂറിസ്റ്റുകളോ, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോ, ഗ്രീന്‍ കാര്‍ഡില്ലാത്ത താല്‍ക്കാലിക തൊഴിലാളികളോ, രേഖകളില്ലാത്ത കുടിയേറ്റക്കാരായാലും കുട്ടിക്ക് ജന്മനാ പൗരത്വം ലഭിക്കും.
ഒഴിവാക്കപ്പെട്ടവര്‍: അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന വിദേശ നയതന്ത്രജ്ഞരുടെകുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കാരണം അവര്‍ സാങ്കേതികമായി യു.എസിന്റെ നിയമപരമായ അധികാരപരിധിക്ക് പുറത്താണ്.
വിധി പുറത്തുവന്നയുടന്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'ഇത് രാജ്യത്തിന് അങ്ങേയറ്റം ദോഷകരമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് (അമേരിക്കന്‍ പാര്‍ലമെന്റ്) വഴി പുതിയ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുമെന്ന് സൂചന നല്‍കി. എങ്കിലും, ഈ വിധിയിലൂടെ പ്രതിവര്‍ഷം അമേരിക്കയില്‍ ജനിക്കുന്ന ഏകദേശം രണ്ടര ലക്ഷത്തോളം (250,000) കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയിലെ വലിയൊരു അനിശ്ചിതത്വത്തിനാണു വിരാമമായിരിക്കുന്നത്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഈ വിധി ഒരു പുതിയ നാഴികക്കല്ലാവുകയാണ്.
In a landmark legal battle in Washington, the U.S. Supreme Court has dealt a significant blow to President Donald Trump’s administration. By a 6-3 majority, the Court struck down an executive order issued by Trump on his first day of his second term, which aimed to revoke birthright citizenship—the policy granting automatic citizenship to children born on U.S. soil. This historic 194-page verdict is being viewed not only as a major setback to the President’s anti-immigration agenda but also as a profound affirmation of the core principles of the U.S. Constitution.