

യുഎസിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് രാജിവച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ തുൾസി ഗബ്ബാർ. ഭർത്താവിന്റെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാജി. ട്രംപിന്റെ ക്യാബിനറ്റിൽ നിന്ന് രാജിവയ്ക്കുന്ന ഏറ്റവും പുതിയ അംഗമാണ് തുൾസി- ഏറ്റവുമൊടുവിലത്തെ വനിതാ അംഗവും.
സംഭവബഹുലമായ 15 മാസത്തെ കാലാവധി അവസാനിക്കെയാണ് രാജിയെങ്കിലും ദേശസുരക്ഷയെ സംബന്ധിക്കുന്ന നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന, ട്രംപിന്റെ ഉന്നതതല സംഘത്തിൽ നിന്ന് നേരത്തെ തന്നെ തുൾസി പുറത്തായിരുന്നു. പല തീരുമാനങ്ങളിലും തുൾസിയെ പരിഗണിക്കാതിരിക്കുകയോ അഭിപ്രായങ്ങൾ അവഗണിക്കുകയോ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുമ്പും സമാനരീതിയിൽ പുറത്താക്കപ്പെടുകയോ സ്വയം രാജിവെച്ചൊഴിയുകയോ ചെയ്ത വനിതകൾ ട്രംപിന്റെ ക്യാബിനറ്റിലുണ്ടായിട്ടുണ്ട്. തുൾസിയുടെ രാജിയോടെ ഈ വിരരങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ട്രംപ് ക്യാബിനറ്റിൽ വനിതകൾ തഴയപ്പെടുന്നു എന്ന വാദങ്ങൾ ബലവത്താക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
ഭർത്താവിന് അത്യപൂർവമായ അസ്ഥി കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് പദവി ഒഴിയുന്നതായി വെള്ളിയാഴ്ചയാണ് തുൾസി ഗബ്ബാർ പ്രഖ്യാപിച്ചത്. എക്‌സിൽ പങ്കുവെച്ച രാജിക്കത്തിൽ, ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് നയിക്കാനുള്ള അവസരം നൽകിയതിന് ട്രംപിനോടവർ നന്ദിയും പറയുന്നുണ്ട്. ജൂൺ 30 മുതൽ രാജി പ്രാബല്യത്തിൽ വരും.
ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വെള്ളിയാഴ്ച നടന്ന ഓവൽ ഓഫീസ് കൂടിക്കാഴ്ചയിൽ രാജിവെക്കാനുള്ള തന്റെ തീരുമാനം തുൾസി ട്രംപിനെ അറിയിച്ചിരുന്നു.
തുടർന്ന് രാജി സ്വീകരിക്കുന്നതായി ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് സ്ഥിരീകരിച്ചു. ദേശീയ ഇന്റലിജൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായ ആരോൺ ലൂക്കാസ് താൽക്കാലികമായി ഡയറക്ടറുടെ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജി വയ്ക്കാൻ തുൾസിയെ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. തുൾസിയുടെ പല നിലപാടുകളോടും കുറച്ച് കാലങ്ങളായി വൈറ്റ് ഹൌസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും തുൾസിയുടെ സ്ഥാനം തെറിക്കുമെന്ന് ഏപ്രിലിൽ തന്നെ ഉറപ്പായതാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തുൾസിയോടുള്ള വിയോജിപ്പ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപും പലതവണ പരസ്യമാക്കിയിട്ടുണ്ട്. തുൾസിയെ ഇന്ർറലിജൻസ് തലപ്പത്ത് നിന്ന് മാറ്റാൻ ട്രംപ് വിദഗ്ധോപദേശം തേടിയെന്നും ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.
ട്രംപ് ക്യാബിനറ്റിൽ നിന്ന് പുറത്താകുന്ന നാലാമത്തെ അംഗമാണ് തുൾസി. മുമ്പ് പദവി ഒഴിഞ്ഞ മൂന്നുപേരും വനിതകളാണ്. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി നോമിനെ പദവിയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് മാർച്ചിൽ ട്രംപ് പുറത്താക്കി.
ഏപ്രിലിൽ, അമേരിക്കൻ അറ്റോർണി ജനറലായിരുന്ന പാം ബോണ്ടിയെ ട്രംപ് പദവിയിൽ നിന്ന് നീക്കി. എപ്സ്റ്റീൻ കേസ് സംബന്ധിച്ച രേഖകൾ കൈകാര്യം ചെയ്ത രീതിയുൾപ്പെടെ, നീതിന്യായ വകുപ്പിലെ അവരുടെ നേതൃത്വത്തിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏപ്രിൽ അവസാനത്തിൽ, തൊഴിൽ സെക്രട്ടറിയായിരുന്ന ലോറി ചാവെസ്, കീഴുദ്യോഗസ്ഥനുമായുള്ള വഴിവിട്ട ബന്ധവും, യാത്രാ ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്നുമുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രാജിവെച്ചു.
കാർഷിക വകുപ്പ് സെക്രട്ടറി ബ്രൂക്ക് റോളിൻസ്, വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ, ചെറുകിട ബിസിനസ്സ് വകുപ്പ് മേധാവി കെല്ലി ലോഫർ എന്നിവരാണ് ട്രംപ് ക്യാബിനറ്റിൽ ഇനി ശേഷിക്കുന്ന വനിതകൾ. ആദ്യ ടേമിനെ അപേക്ഷിച്ച് വനിതകളുടെ പ്രാതിനിധ്യം ട്രംപ് സർക്കാരിൽ ഇത്തവണ കൂടിയിട്ടുണ്ടെങ്കിലും രാജി, പിരിച്ചുവിടൽ എന്നിവ തുടർന്നാൽ മുമ്പത്തേക്കാൾ പിന്നോട്ടാവും കാര്യങ്ങൾ.
English Summary: There have been previous instances of women in President Trump’s Cabinet either being dismissed or stepping down from their positions. With Tulsi Gabbard’s resignation, these departures are once again drawing significant attention. The latest developments have strengthened arguments that women are being sidelined within the Trump administration, fueling renewed debate over the treatment and representation of women in the Cabinet.