സ്വര്‍ണത്തിന്റെയും പെട്രോളിന്റെയും ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആശങ്ക സാമ്പത്തിക വിദഗ്ധര്‍ ഉന്നയിച്ചിരുന്നു. ഈ ആശങ്കയ്ക്ക് ആക്കംകൂട്ടി കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രൂപയുടെ മൂല്യം ഡോളറിന് 96 എന്ന നിലവാരവും മറികടന്ന് എക്കാലത്തെയും റെക്കോര്‍ഡ് ഇടിവിലെത്തി.
രൂപ ദുര്‍ബലമാകുന്നത് ഇറക്കുമതി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിനാല്‍ രൂപയുടെ മൂല്യം കുറയുമ്പോള്‍ ക്രൂഡോയില്‍ ഇറക്കുമതി ചെലവ് കൂടും. അതിന്റെ നേരിട്ടുള്ള ആഘാതം പെട്രോള്‍, ഡീസല്‍ വില വര്‍ധന, ഗതാഗത ചെലവ് ഉയരല്‍, ഭക്ഷ്യവില വര്‍ധന, പൊതുവിലക്കയറ്റം തുടങ്ങിയ മേഖലയില്‍ പ്രതിഫലിക്കും.
ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 5.2% ഇടിഞ്ഞു. ഇടിവ് തുടര്‍ന്ന് ഡോളറിന് 100 രൂപയും മറികടക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം കുറച്ചുകാലമായി ഇടിവിന്റെ പാതയിലായിരുന്നു. യുദ്ധം ആ പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കി. ഇടിവിന് തൊട്ടുമുമ്പ് രൂപയുടെ മൂല്യം കൃത്രിമമായി നിലനിര്‍ത്താന്‍ (artificial stabilisation) ശ്രമിച്ചതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തെതന്നെ സാമ്പത്തികനയ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാവിയെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളാണ് ഇന്നത്തെ കനത്ത തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വരും ദിവസങ്ങളിലും കറന്‍സിക്ക് മേലുള്ള സമ്മര്‍ദ്ദം തുടരുമെന്നാണ് നയരൂപകര്‍ത്താക്കള്‍ കരുതുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് വിപണിയിലെ ഇടപെടലുകളിലൂടെ കൂടുതല്‍ പ്രതിരോധിച്ചു നിര്‍ത്തുന്നതില്‍ പരിമിതികളുണ്ടെന്നാണ് വിലയിരുത്തല്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയില്‍ കാര്യമായി ഇടപെട്ടിരുന്ന കാലത്ത് കറന്‍സി മൂല്യം കൃത്രിമമായി പിടിച്ചുനിര്‍ത്തിയത് കൊണ്ടാണ് രൂപയുടെ ഇപ്പോഴത്തെ തകര്‍ച്ച ഇത്രയും രൂക്ഷമായി മാറിയതെന്ന് മുംബൈയിലെ ഒരു സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ രൂപയുടെ മൂല്യത്തിന്റെ ഗ്രാഫ് പരിശോധിച്ചാല്‍, അത് വളരെ ചെറിയൊരു പരിധിക്കുള്ളില്‍ ഒതുങ്ങിനിന്നതായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 സെപ്റ്റംബറില്‍ ആദ്യമായി ഡോളറിനെതിരെ രൂപ 81 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞശേഷം അടുത്ത രണ്ട് വര്‍ഷത്തോളം രൂപയുടെ മൂല്യം 81-83 എന്ന പരിധിക്കുള്ളില്‍ തന്നെയായിരുന്നു. എന്നാല്‍ 2024 ഒക്ടോബറില്‍ ഇത് 84-ഉം, ഡിസംബറില്‍ 85-ഉം ആയി കൂടുതല്‍ ഇടിഞ്ഞു. 2025-ന്റെ തുടക്കം മുതല്‍ ഇതുവരെ രൂപയുടെ മൂല്യത്തില്‍ 11% ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം, വിദേശനാണ്യ വിപണിയില്‍ രൂപയ്ക്ക് ഒരു പ്രത്യേക നിരക്ക് നിശ്ചയിക്കുക എന്നത് തങ്ങളുടെ നയമല്ലെന്നും അമിതമായ ചാഞ്ചാട്ടം തടയാനും വിപണിയിലെ സുഗമമായ ചലനം ഉറപ്പാക്കാനും മാത്രമാണ് ഇടപെടുന്നതെന്നുമാണ് ആര്‍ബിഐയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ 2023, 2024 വര്‍ഷങ്ങളിലെ ആര്‍ബിഐയുടെ വിപണി ഇടപെടലുകളെക്കുറിച്ച് അറിയാവുന്നവര്‍ ഈ വാദത്തോട് യോജിക്കുന്നില്ല. ആ സമയത്ത് ഇന്ത്യയ്ക്ക് വലിയ തോതില്‍ ബാലന്‍സ് ഓഫ് പെയ്മെന്റ്‌സ് (Balance of Payments- BOP) മിച്ചമുണ്ടായിരുന്നുവെന്നും ഇത് രൂപയുടെ മൂല്യം ഉയരാന്‍ കാരണമാകേണ്ടതായിരുന്നു എന്നും അവര്‍ വാദിക്കുന്നു.
എന്താണ് ബാലന്‍സ് ഓഫ് പെയ്മെന്റ്‌സ് (ബിഒപി)?
ഇന്ത്യക്കാര്‍ ഇറക്കുമതിക്കായും നിക്ഷേപങ്ങള്‍ക്കായും വിദേശത്തേക്ക് അയക്കുന്ന പണവും കയറ്റുമതിയിലൂടെയും പ്രവാസി നിക്ഷേപങ്ങളിലൂടെയും വിദേശികള്‍ ഇന്ത്യന്‍ ഓഹരി-ബോണ്ട് വിപണികളിലോ ഫാക്ടറികളിലോ നേരിട്ട് നടത്തുന്ന നിക്ഷേപങ്ങളിലൂടെയോ ഇന്ത്യയിലേക്ക് എത്തുന്ന പണവും തമ്മിലുള്ള വ്യത്യാസമാണ് 'ബാലന്‍സ് ഓഫ് പെയ്മെന്റ്‌സ്'.
ഇന്ത്യ വിദേശത്തേക്ക് വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനാല്‍ രാജ്യത്തിന് വ്യാപാര കമ്മി (trade deficit) ഉണ്ടാകാറുണ്ട്. എന്നാല്‍ മിക്ക വര്‍ഷങ്ങളിലും വിദേശ നിക്ഷേപങ്ങളും പ്രവാസി പണവുമൊക്കെയായി എത്തുന്ന തുക ഈ വ്യാപാര കമ്മിയെ മറികടക്കാന്‍ സഹായിക്കാറുണ്ട്. ഈ വിദേശ പണവരവ് വ്യാപാര കമ്മിയേക്കാള്‍ കൂടുതലാകുമ്പോള്‍ ബിഒപി മിച്ചം (surplus) ആകുകയും രൂപ ശക്തിപ്പെടുകയും ചെയ്യും. നേരെമറിച്ച് ബിഒപി കമ്മി (deficit) ആയാല്‍ രൂപ ദുര്‍ബലപ്പെടും.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിഒപി 64 ബില്യണ്‍ ഡോളറിന്റെ മിച്ചത്തിലേക്ക് നീങ്ങി. ഇതോടെ ആര്‍ബിഐക്ക് തങ്ങളുടെ ഡോളര്‍ വില്‍പ്പന കുറയ്‌ക്കേണ്ടി വന്നുവെന്ന് മാത്രമല്ല, അറ്റാദായമായി 41 ബില്യണ്‍ ഡോളര്‍ വാങ്ങേണ്ടതായും വന്നു. ഇത് വിദേശനാണ്യ ശേഖരം 68 ബില്യണ്‍ ഡോളറായി ഉയരാന്‍ കാരണമായി. ഈ സമയത്ത് രൂപയുടെ മൂല്യത്തില്‍ 1.4% ഇടിവ് മാത്രമാണ് ഉണ്ടായത്.
എന്നാല്‍ 2024-25-ല്‍ ബിഒപി 5 ബില്യണ്‍ ഡോളറിന്റെ കമ്മിയിലായി. ഇതോടെ രൂപയുടെ മൂല്യം 2.5% ഇടിഞ്ഞു. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി മൂല്യശോഷണ നിരക്കായ 3.2 ശതമാനത്തിന് അനുസൃതമായിരുന്നു. ഈ ഘട്ടത്തില്‍ ആര്‍ബിഐയുടെ ആകെ ഡോളര്‍ വില്‍പ്പന റെക്കോര്‍ഡ് നിരക്കായ 399 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ വര്‍ഷങ്ങളിലെ കറന്‍സി ചലനങ്ങളാണോ രൂപയുടെ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് കൃത്യമായി പറയുക പ്രയാസമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നിലവിലെ പ്രവണതകള്‍ അനുസരിച്ച് ഡോളറിന് 100 രൂപ എന്നത് ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷമോ സംഭവിക്കാനിടയുള്ള വളരെ അടുത്ത സാധ്യതയാണ് എന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും കരുതുന്നത്.
മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ചിലെ അസോസിയേറ്റ് പ്രൊഫസറായ രാജേശ്വരി സെന്‍ഗുപ്ത പറയുന്നത്, വിപണി ശക്തികള്‍ക്ക് വിപരീതമായി രൂപയുടെ മൂല്യശോഷണം തടയാന്‍ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ്. വിദേശ മൂലധനം ആകര്‍ഷിക്കാന്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഘടനാപരമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: The sharp decline of the Indian rupee has raised fresh concerns about the stability of India’s economy, especially after Prime Minister Narendra Modi urged citizens to reduce gold and fuel consumption. The rupee recently crossed the 96-per-dollar mark, hitting a record low amid rising geopolitical tensions in the Middle East and growing pressure on import costs. Since late February, the rupee has fallen by more than 5% against the dollar, with some experts predicting it could soon touch 100 per dollar.