

മധ്യപൂർവേഷ്യയിൽ യുദ്ധസാഹചര്യം വീണ്ടും ഉരുത്തിരിയുന്നതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി. എഐ നിർമിത ചിത്രങ്ങളും വിഡിയോക്കുമൊപ്പം, ഇറാന്റെ ഭൂപടത്തിനുമുകളിൽ അമേരിക്കൻ പതാക പതിപ്പിച്ച നിലയിലും സമീപ രാജ്യങ്ങളിൽനിന്നുള്ള ആക്രമണ സൂചനകളും നൽകുന്ന പോസ്റ്റുകളാണ് ട്രംപ് പങ്കുവെച്ചത്. ഇരുപത്തിലധികം പോസ്റ്റുകളിലൂടെ ഇറാനെതിരെ ട്രംപ് രംഗത്തെത്തിയത്. ഇറാനെ ലക്ഷ്യമിട്ട അമേരിക്കൻ സൈനിക ആക്രമണങ്ങളെ ദൃശ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കൻ ഡ്രോൺ ഇറാനിയൻ നാവിക സേനയുടെ അതിവേഗ ബോട്ടുകളെ ആക്രമിക്കുന്നതുപോലുള്ള ദൃശ്യത്തോടൊപ്പം ബൈ ബൈ, ഫാസ്റ്റ് ബോട്ട്സ് എന്ന കുറിപ്പും ഉണ്ടായിരുന്നു. ഇതിന് പുറമെ “സ്പേസ് ഫോഴ്സ്” എന്ന തലക്കെട്ടോടെ ബഹിരാകാശ പശ്ചാത്തലത്തിൽ ട്രംപിനെ ചിത്രീകരിച്ച മറ്റൊരു എ ഐ ചിത്രം കൂടി അദ്ദേഹം പങ്കുവച്ചു. അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഒരു വിഡിയോയിൽ യുദ്ധക്കപ്പൽ ആക്രമണ ദൃശ്യങ്ങളോടൊപ്പം ട്രംപ് 'ഫയർ, ബൂം' എന്ന് പറയുന്നതും കേൾക്കാം. ഈ തരത്തിലുള്ള ഉള്ളടക്കങ്ങൾ അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുകയാണ്.
അവസാനിക്കാത്ത ഭീഷണികളും മുന്നറിയിപ്പുകളും
ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ ആരംഭിക്കുന്നത്. ഇതിനുപിന്നാലെ, വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ലോകത്തിലെ തന്നെ നിർണായക കടൽപ്പാതയായ ഇറാന്റെ ഹോർമുസ് പ്രതിസന്ധിയിലായതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്കുവരെ നയിച്ചു.
സമാധാന ചർച്ചകൾക്കുശേഷം യുഎസ് - ഇറാൻ സംഘർഷത്തിൽ വെടി നിർത്തൽ സാധ്യമായെങ്കിലും ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇറാന് ഇടയ്ക്കിടെ താക്കീത് നൽകിക്കൊണ്ടുള്ള പ്രതികരണങ്ങളും ട്രംപ് ഇടക്കിടെ രംഗത്തെത്തുന്നുണ്ട്. 'ഇറാനെ സംബന്ധിച്ചിടത്തോളം സമയം തീരുകയാണ്. അവർ ഉടൻ മുന്നോട്ട് വരണം. അല്ലെങ്കിൽ അവർക്കൊന്നും ശേഷിക്കില്ല, സമയം വളരെ വിലപ്പെട്ടതാണ്' എന്നാണ് ഏറ്റവും ഒടുവിലെ പ്രതികരണം.
ഇതിനിടെ സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ട്രംപിന്റെ കടുത്ത നിലപാടും ടെഹ്റാന്റെ വ്യവസ്ഥകളും കാരണം ഉടൻ പരിഹാരം ഉണ്ടാകുമോയെന്നത് അനിശ്ചിതമായി തുടരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം!
പതിറ്റാണ്ടുകളായി സംഘർഷഭരിതമാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം. 1953ലാണ് തുടക്കം. ഇറാൻ പ്രധാനമന്ത്രി മുഹമ്മദ് മൊസദ്ദഖിനെ പുറത്താക്കാൻ യുഎസ് സിവിലിയൻ രഹസ്യാന്വേഷണവിഭാഗമായ സിഐഎ പിന്തുണയോടെ അട്ടിമറി നടത്തുകയും. തുടർന്ന് അമേരിക്ക അനുകൂലിയായ ഷാ മുഹമ്മദ് റേസ പഹ്ലവി അധികാരം ശക്തിപ്പെടുത്തി.
എന്നാൽ 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തോടെ ഷാ ഭരണകൂടം പുറത്താകുകയും അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക് റിപ്പബ്ലിക് രൂപംകൊള്ളുകയും ചെയ്തു. അതേ വർഷം ടെഹ്റാനിലെ അമേരിക്കൻ എംബസിയിൽ 52 അമേരിക്കക്കാരെ 444 ദിവസം ബന്ദികളാക്കിയ സംഭവത്തോടെ ഇരു രാജ്യങ്ങളുടെയും ബന്ധം പൂർണമായും പ്രതിസന്ധിയിലായി.
1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ–ഇറാഖ് യുദ്ധകാലത്ത് അമേരിക്ക ഇറാഖിന് പിന്തുണ നൽകിയതോടെ ഇറാനിൽ അമേരിക്ക വിരുദ്ധ വികാരം കൂടുതൽ ശക്തമായി. 2002-ന് ശേഷം ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയായി മാറി.
അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ശക്തമാക്കി. ഇതിന് പിന്നാലെ 2015ൽ ഒബാമ ഭരണകൂടകാലത്ത് ഇറാനും ലോക ശക്തികളും ചേർന്ന് ജെ സി പി ഓ എ എന്ന ആണവ കരാറിൽ ഒപ്പുവെച്ചു. ഉപരോധ ഇളവിന് പകരമായി ഇറാൻ തന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സമ്മതിച്ചു.
എന്നാൽ 2018-ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിക്കുകയും സമ്മർദ്ദനയം പ്രഖ്യാപിച്ച് ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. 2020ൽ ഇറാന്റെ ഉന്നത സൈനിക നേതാവായ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദിൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും തുറന്ന സൈനിക ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ഈ സംഭവങ്ങൾ അമേരിക്ക–ഇറാൻ ബന്ധം ഇന്നും അതീവ സംഘർഷഭരിതമായി തുടരാൻ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
English Summary: US President Donald Trump has intensified tensions with Iran by sharing AI-generated war visuals and threatening posts on Truth Social amid the ongoing Middle East crisis. The posts featured missile strikes, drones attacking Iranian boats, and military-themed imagery targeting Iran. The escalation comes as US-Iran relations remain strained over nuclear issues, sanctions, and regional conflicts, while global concerns grow over the Strait of Hormuz and rising geopolitical instability.