പിണറായിക്ക് 'എക്‌സിറ്റ്', യുഡിഎഫ് 'കം ബാക്ക്'; പ്രവചനങ്ങൾ പാളിയാലും അതിശയിക്കാനില്ല !

ഇടതു-വലതു കേന്ദ്രങ്ങൾ ഒരുപോലെ എക്‌സിറ്റ് പോളുകളെ പൂർണമായി സ്വീകരിക്കുന്നില്ല. കൂടുതൽ സീറ്റുകൾ നേടുമെന്ന് യുഡിഎഫ് പറയുമ്പോൾ ഭരണത്തുടർച്ചയെന്നതിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം
Pinarayi Exit
Pinarayi ExitPinarayi Exit
Published on

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നിരിക്കുകയാണ്. കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് മിക്ക പ്രവചനങ്ങളും. സംസ്ഥാനത്ത് 'ക്ലോസ് ഫൈറ്റ്' സാധ്യത തള്ളാത്ത പ്രവചനങ്ങളും ഉണ്ട്.

2021 ലെ എക്‌സിറ്റ് പോളിൽ ഏറ്റവും ചർച്ചയായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനമാണ്. അന്ന് എൽഡിഎഫിനു 104 മുതൽ 120 സീറ്റുകൾ വരെ ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 99 സീറ്റുകൾ ജയിച്ച് എൽഡിഎഫ് ഭരണത്തുടർച്ചയിലെത്തി. അതുകൊണ്ട് തന്നെ ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലങ്ങളാണ് ഇത്തവണയും ശ്രദ്ധേയം.

യുഡിഎഫിനു 78 മുതൽ 90 സീറ്റുകൾ വരെയാണ് ആക്‌സിസ് മൈ ഇന്ത്യ ഇത്തവണ പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫിനു 49 മുതൽ 69 വരെ സീറ്റുകളും. ഏറ്റവും ചുരുങ്ങിയത് 50 സീറ്റുകൾ നേടാനുള്ള സാഹചര്യം സംസ്ഥാനത്ത് എൽഡിഎഫിനു ഇപ്പോഴും ഉണ്ടെന്നാണ് ആക്‌സിസ് മൈ ഇന്ത്യ അടക്കമുള്ള എക്‌സിറ്റ് പോളുകളിൽ നിന്ന് വ്യക്തമാകുന്നത്. ഭീമമായ തോതിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്നതിന്റെ സൂചന കൂടിയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.

Pinarayi Exit
'വലിയ ജനരോഷമില്ല', 3.0 പ്രതീക്ഷയിൽ എൽഡിഎഫ്; എക്സിറ്റ് പോളുകളുകൾ ഭരണമാറ്റം പ്രവചിച്ചതിനു കാരണമെന്ത്?

എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങളേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് യുഡിഎഫ് അവകാശവാദം. 90 നു മുകളിൽ സീറ്റുകൾ ഉറപ്പെന്ന് യുഡിഎഫ് ക്യാംപുകൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ എക്‌സിറ്റ് പോൾ പാളാനുള്ള സാധ്യതയാണ് എൽഡിഎഫ് ക്യാംപുകൾ പ്രകടിപ്പിക്കുന്നത്.

ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ സ്ത്രീ വോട്ടുകളുടെ വലിയൊരു ഷിഫ്റ്റ് പ്രവചിക്കുന്നുണ്ട്. 2021 ൽ എൽഡിഎഫിനു 43 ശതമാനം സ്ത്രീ വോട്ടർമാരുടെ പിന്തുണയുണ്ടായിരുന്നെന്നും ഇത്തവണ അത് ആറ് ശതമാനം കുറഞ്ഞ് 37 ലേക്ക് ചുരുങ്ങുമെന്നുമാണ് പ്രവചനം. ഈ ആറ് ശതമാനം ഷിഫ്റ്റ് ചെയ്ത് യുഡിഎഫിലേക്ക് എത്തുമെന്നും പറയുന്നു. എന്നാൽ സ്ത്രീ സുരക്ഷാ പെൻഷൻ അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായ സ്ത്രീകൾ എൽഡിഎഫിനെതിരെ ഏകീകരിച്ച് യുഡിഎഫിനു വോട്ട് ചെയ്യാനുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നാണ് ഇടത് ക്യാംപുകളുടെ ആത്മവിശ്വാസം. അതുകൊണ്ടാണ് എക്‌സിറ്റ് പോൾ തെറ്റാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് ഇടത് മുന്നണി എത്തിയത്.

Pinarayi Exit
Kerala Exit Poll| എട്ട് എക്സിറ്റ് പോള്‍ ഫലങ്ങളും യുഡിഎഫിനൊപ്പം, സ്വന്തമാക്കുക നേരിയ ഭൂരിപക്ഷം മാത്രം, ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാവില്ല

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണെന്നും ആക്‌സിസ് മൈ ഇന്ത്യ സർവേ പറയുന്നു. 33 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണയ്ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വി.ഡി.സതീശനു 21 ശതമാനം പിന്തുണയാണുള്ളത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണ് യുഡിഎഫ് ഭരണത്തിലെത്തുമെന്ന് പ്രവചിക്കാൻ ആക്‌സിസ് മൈ ഇന്ത്യ ഇന്ത്യ എക്‌സിറ്റ് പോളിനെ പ്രചോദിപ്പിച്ചതെങ്കിൽ അതേ പാറ്റേൺ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള എക്‌സിറ്റ് പോളിലും കാണേണ്ടതാണ്. ഈ വൈരുദ്ധ്യവും ഇടത് ക്യാംപുകൾ ചൂണ്ടിക്കാട്ടുന്നു.

മറ്റു സർവേകൾ ഇങ്ങനെ

യുഡിഎഫ് 70 മുതൽ 75 സീറ്റുകൾ വരെ നേടി കേരളത്തിൽ ഭരണം പിടിക്കുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ. 60 മുതൽ 65 വരെ സീറ്റുകളാണ് എൽഡിഎഫിനു പ്രവചിക്കുന്നത്. യുഡിഎഫ് 82 മുതൽ 94 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നാണ് മനോരമ സീ വോട്ടർ സർവേ ഫലം. പി-മാർക്യു എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിനു 72 മുതൽ 79 സീറ്റുകൾ വരെ. എൽഡിഎഫിനു 62 മുതൽ 69 സീറ്റുകൾ വരെ. ബിജെപിക്കു സാധ്യത മൂന്ന് സീറ്റിൽ. പീപ്പിൾ പൾസ് എക്‌സിറ്റ് പോളിൽ യുഡിഎഫിനു 75 മുതൽ 85 സീറ്റുകൾ വരെ പ്രവചിക്കുന്നു. എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ. എൻഡിഎ മൂന്ന് സീറ്റുകൾ. സട്ട ബസാർ സർവേ പ്രകാരം എൽഡിഎഫിനു 56-66 സീറ്റുകൾ. യുഡിഎഫിനു 78-85 സീറ്റുകൾ. എൻഡിഎയ്ക്കു 2-3 സീറ്റുകളിൽ സാധ്യത.

English Summary: The Exit Polls for Kerala Assembly Elections throws some contrasting pictures with all predictions visualizing UDF comeback, yet Pinarayi Vijayan emerging as the most voted personality for CM post.

Madism Digital
madismdigital.com