ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?

തന്റെ അറസ്റ്റിനെ ഒരു 'കോമഡി' ആയാണ് കാണുന്നതെന്ന് പൊലീസ് വാഹനത്തിൽ വെച്ച് ഉദയനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?
Published on

ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിനെ തുടർന്ന് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. പ്രമുഖ നടി തൃഷയുമായി ബന്ധപ്പെടുത്തി നടത്തിയ ദ്വയാർത്ഥ പ്രയോഗമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

എന്താണ് വിവാദമായ പരാമർശം?

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് (പ്രത്യേകിച്ച് മേക്കേദാട്ടു അണക്കെട്ട് വിഷയത്തിൽ) തിങ്കളാഴ്ച തഞ്ചാവൂരിൽ ഡിഎംകെ വലിയൊരു പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന പ്രവർത്തകർ നടി തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. മുഖ്യമന്ത്രി വിജയ്‌യുമായി ചേർത്ത് തൃഷയുടെ പേര് സോഷ്യൽ മീഡിയകളിൽ നിരന്തരം ചർച്ചയാകുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. "45,000 ദശലക്ഷം ഘനയടി വെള്ളം ലഭിക്കേണ്ടതായിരുന്നു... എന്നാൽ ഒരു തുള്ളി വെള്ളം പോലും വന്നിട്ടില്ല. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രി വായ പോലും തുറക്കുന്നില്ല. ഡിഎംകെ നേതാക്കൾക്കെതിരെ എങ്ങനെ കള്ളക്കേസുകൾ ചുമത്താം എന്ന് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്..." ഉദയനിധി പറഞ്ഞു.

ആ സമയത്ത് ഉദയനിധി നടത്തിയ പരാമർശം കേട്ട് അണികൾ പൊട്ടിച്ചിരിച്ചപ്പോൾ, "അല്ല, ഞാൻ കാവേരിയുടെ കാര്യം മാത്രമാണ് ഉദ്ദേശിച്ചത്" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇത് തൃഷയെയും മുഖ്യമന്ത്രി വിജയ്‌യെയും ലക്ഷ്യമാക്കിയുള്ള അശ്ലീലവും ദ്വയാർത്ഥവുമുള്ള പ്രയോഗമാണെന്ന് ആരോപണം ഉയർന്നു.

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?
തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സിനിമാലോകം

ഉദയനിധി സ്റ്റാലിന്റെ ഈ പരാമർശം വൈറലായതോടെ, വാക്കുകൾ അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ എംഎൽഎ രേവന്ത് ചരൺ ഈ പ്രസ്താവനയെ "അറപ്പുളവാക്കുന്നത്" എന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് എന്നുമാണ് വിശേഷിപ്പിച്ചത്. ഉദയനിധിയുടെ ഭാഷാപ്രയോഗം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്കം ടാഗോർ, അദ്ദേഹം പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ബിജെപിയിൽ നിന്നും ഉദയനിധിക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. രാഷ്ട്രീയ നേതാക്കൾ ഇത്തരം "അശ്ലീലച്ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ" നടത്താൻ പാടില്ലെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞപ്പോൾ, പരാമർശം "വെറുപ്പുളവാക്കുന്നതും അശ്ലീലവും ലജ്ജാകരവുമാണെന്ന്" ബിജെപി സംസ്ഥാന മുഖ്യ വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. ഡിഎംകെ നേതാവിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് പുറമെ, ഉദയനിധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഈ പരാമർശം "വളരെ ആശങ്കാജനകമാണെന്ന്" വിശേഷിപ്പിച്ച ടിവികെ, ഇത്തരം വാക്കുകൾ പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപങ്ങളെ സാധൂകരിക്കുമെന്നും പൊതുപ്രവർത്തകർ പുലർത്തേണ്ട മാന്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. പൊതുജീവിതത്തിൽ സ്ത്രീകളോടുള്ള സമീപനത്തിൽ ഇതൊരു "അപകടകരമായ കീഴ്‌വഴക്കം" സൃഷ്ടിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

പോലീസ് നടപടിയും കോടതിയുടെ ഇടപെടലും

വിവാദം വലിയ ചർച്ചയായതോടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം കടുത്ത നടപടികളിലേക്ക് കടന്നു. ടിവികെയുടെ തഞ്ചാവൂർ ജില്ലാ ഭാരവാഹി ഭൈരവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ (BNS, IT Act) ചുമത്തി ഉദയനിധിക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പൊലീസ് നാടകീയമായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

എന്നാൽ, അറസ്റ്റിനെതിരെ ഉദയനിധി അടിയന്തരമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേവലം ചോദ്യം ചെയ്യാൻ മാത്രമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു. ഇതോടെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച തന്നെ ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ ജസ്റ്റിസ് ജി കെ ഇളന്തിരയ്യൻ ഉത്തരവിട്ടു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?
സാനാതന ധര്‍മം മുതല്‍ തൃഷ വരെ; ഉദയനിധിയുടെ വാക്കുകളില്‍ പിറന്ന വിവാദങ്ങള്‍

ഉദയനിധിയുടെയും ഡിഎംകെയുടെയും പ്രതികരണം

തന്റെ അറസ്റ്റിനെ ഒരു 'കോമഡി' ആയാണ് കാണുന്നതെന്ന് പൊലീസ് വാഹനത്തിൽ വെച്ച് ഉദയനിധി മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും, മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കും സർക്കാരിനുമുണ്ടായ പരാജയങ്ങൾ മറച്ചുവെക്കാനും, ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള രാഷ്ട്രീയ പകപോക്കലാണ് ഈ അറസ്റ്റ് എന്നാണ് ഡിഎംകെയുടെ വാദം. മുൻമന്ത്രിമാരായ അൻബിൽ മഹേഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഡിഎംകെ പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചു.

ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഏതൊക്കെയാണ്?

പൊലീസ് കൊണ്ടുപോകുന്നതിനിടെ, "ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിലാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്" എന്ന് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വിജയ് സർക്കാരിന്റെ ശ്രമമാണിതെന്നും, ഈ വിഷയം നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം, ഭാരതീയ ന്യായ സംഹിതയിലെ (BNS) ഏഴ് വകുപ്പുകൾ, ഐടി ആക്ട്, തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.

  • സെക്ഷൻ 196: വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ.

  • സെക്ഷൻ 192: ലഹള ഉണ്ടാക്കുന്നതിനായി ബോധപൂർവം പ്രകോപനം സൃഷ്ടിക്കൽ.

  • സെക്ഷൻ 352: അപമാനിച്ച് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കൽ.

  • സെക്ഷൻ 79: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വാക്ക്, പ്രവൃത്തി അല്ലെങ്കിൽ ആംഗ്യങ്ങൾ.

  • സെക്ഷൻ 296 (b): പൊതുസ്ഥലങ്ങളിൽ വെച്ച് അശ്ലീല വാക്കുകളോ പാട്ടുകളോ ഉപയോഗിക്കൽ.

  • സെക്ഷൻ 61: ക്രിമിനൽ ഗൂഢാലോചന.

  • സെക്ഷൻ 351 (2): ക്രിമിനൽ ഭീഷണിപ്പെടുത്തൽ.

ഇതിനുപുറമെ, പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ (TNPHW Act) സെക്ഷൻ 4, ഇൻഫർമേഷൻ ടെക്നോളജി (IT) നിയമത്തിലെ സെക്ഷൻ 67 എന്നിവ പ്രകാരവും സ്റ്റാലിൻ ജൂനിയറിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് തഞ്ചാവൂർ പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം ലഭിക്കുമെങ്കിലും, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. താൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മോശമായി സംസാരിച്ചിട്ടില്ലെന്നുമാണ് ഉദയനിധിയുടെ വാദം എന്നതിനാൽ അദ്ദേഹം ഈ കേസിനെ നിയമപരമായി നേരിടും.

ഇതിനുപുറമെ, ഭരണകക്ഷിയായ ടിവികെ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുള്ളതിനാൽ ആ വഴിക്കും അന്വേഷണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കേസ് തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കാവേരി പ്രശ്നത്തിലെ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ മുഖ്യമന്ത്രി വിജയ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന പ്രതികാര നടപടിയാണിതെന്ന് ഡിഎംകെ ആരോപിക്കുന്നു. ഓഗസ്റ്റ് 5-ന് സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, ഉദയനിധിയുടെ അറസ്റ്റും വിവാദ പരാമർശവും ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള വലിയ രാഷ്ട്രീയ പോരിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്.

Summary

DMK leader Udhayanidhi Stalin was detained by Tamil Nadu police for allegedly making derogatory and double-meaning remarks against actress Trisha and CM Vijay during a political rally. He was booked under multiple serious sections of the BNS, IT Act, and TNPHW Act. However, the Madras High Court swiftly intervened, ordering his release on station bail while directing him to cooperate with the ongoing investigation. Udhayanidhi and the DMK have termed the police action a "comedy" and a political vendetta aimed at diverting public attention from the Cauvery water dispute, setting the stage for a massive political showdown in the upcoming assembly session.

Madism Digital
madismdigital.com