പൗരത്വ രേഖയും എഫ്ബിഐ റെയ്ഡും; വോട്ടര്‍മാരെ പൂട്ടാന്‍ ട്രംപിന്റെയും ആയുധം, വരാനിരിക്കുന്നതു കറുത്ത ദിനങ്ങളോ?

ഇടക്കാല തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ട്രംപ് ഭരണകൂട സംവിധാനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ആയുധമാക്കുന്നു
പൗരത്വ രേഖയും എഫ്ബിഐ റെയ്ഡും; വോട്ടര്‍മാരെ പൂട്ടാന്‍ ട്രംപിന്റെയും ആയുധം,  വരാനിരിക്കുന്നതു കറുത്ത ദിനങ്ങളോ?
Published on

അമേരിക്കന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന നിര്‍ണായകമായ 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഭരണകൂട സംവിധാനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ആയുധമാക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

വെറുമൊരു രാഷ്ട്രീയ ആരോപണമല്ല ഇത്. നാല് പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ സുപ്രീം കോടതിയില്‍ വോട്ടവകാശ കേസുകള്‍ വാദിച്ചു ജയിച്ച പ്രമുഖ ഭരണഘടനാ വിദഗ്ദ്ധന്‍ ഡേവിഡ് എഫ് വാല്‍ബര്‍ട്ട് തന്റെ പുതിയ പുസ്തകമായ 'സ്റ്റീലിങ് ഇലക്ഷന്‍സ്, അമേരിക്കന്‍ സ്‌റ്റൈല്‍' എന്ന കൃതിയിലൂടെ പുറത്തുവിട്ട അണിയറക്കഥകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

ഒഹായോയെ നടുക്കിയ എഫ്ബിഐ റെയ്ഡ്; ലക്ഷ്യം ഭയപ്പെടുത്തലോ?

കഴിഞ്ഞ വ്യാഴാഴ്ച ഒഹായോ സംസ്ഥാനത്ത് നടന്ന ഒരു സംഭവം ഡേവിഡ് വാല്‍ബര്‍ട്ടിന്റെ ഈ വാദങ്ങളെ ശരിവയ്ക്കുന്നതാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മേഖലയില്‍ വോട്ട് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സന്നദ്ധ സംഘടനയുടെ ഓഫീസിലേക്കു യാതൊരു മുന്നറിയിപ്പുമില്ലാതെ ഇരച്ചുകയറിയത് നൂറോളം എഫ്ബിഐ ഏജന്റുമാരാണ്. അവിടെയുണ്ടായിരുന്ന ജീവനക്കാരെയും സാധാരണക്കാരായ വോട്ടര്‍മാരെയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം വരുമ്പോള്‍ ജനങ്ങളിലേക്കു ഇറങ്ങിച്ചെല്ലുന്നതിന് പകരം, വോട്ടിങ് നിയമങ്ങള്‍ അട്ടിമറിക്കുന്ന തന്ത്രമാണ് ട്രംപും കൂട്ടരും പയറ്റുന്നതെന്ന് പ്രമുഖ ഭരണഘടനാ വിദഗ്ദ്ധന്‍ ഡേവിഡ് എഫ് വാല്‍ബര്‍ട്ട് 'സ്റ്റീലിങ് ഇലക്ഷന്‍സ്, അമേരിക്കന്‍ സ്‌റ്റൈല്‍' എന്ന പുതിയ പുസ്തകത്തിൽ ചൂണ്ടികാട്ടുന്നു

ഒരു വോട്ട് രജിസ്‌ട്രേഷന്‍ ഓഫീസിനെതിരെ ഇത്രയും വലിയ സന്നാഹങ്ങളോടെ എഫ്ബിഐ രംഗത്തിറങ്ങിയതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു. മുന്‍ യുഎസ് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ ഈ റെയ്ഡിനെ വിശേഷിപ്പിച്ചത് 'അര്‍ഹരായ സാധാരണ വോട്ടര്‍മാരെ ഭയപ്പെടുത്തി പോളിങ് ബൂത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം' എന്നാണ്. ഇതിനു സമാനമായി, ഡെമോക്രാറ്റിക് അനുഭാവമുള്ള ലാറ്റിനോ വംശജരുടെ സംഘടനകള്‍ക്കെതിരെ കടുത്ത നിയമനടപടികളുമായി ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ രംഗത്തുണ്ട്. വോട്ടര്‍മാര്‍ക്കു വണ്ടിയില്‍ വരാന്‍ പെട്രോള്‍ കാശ് കൊടുത്തുവെന്നതുപോലുള്ള നിസ്സാര കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ക്രിമിനല്‍ കേസുകള്‍ എടുക്കുന്നത്. കേസുകളില്‍ ജയിക്കുകയെന്നതിനേക്കാള്‍, വോട്ടര്‍മാരെയും സംഘാടകരെയും ഭയപ്പെടുത്തുകയെന്നതുതന്നെയാണ് ഇവിടെയും റിപ്പബ്ലിക്കന്‍ ലക്ഷ്യം.

പൗരത്വ രേഖയും എഫ്ബിഐ റെയ്ഡും; വോട്ടര്‍മാരെ പൂട്ടാന്‍ ട്രംപിന്റെയും ആയുധം,  വരാനിരിക്കുന്നതു കറുത്ത ദിനങ്ങളോ?
US Election 2026: വോട്ടര്‍മാരെ വെട്ടാന്‍ ട്രംപിന്റെ 'രഹസ്യ ലിസ്റ്റ്'; അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നീക്കമോ?

തോല്‍വി ഒഴിവാക്കാന്‍ വോട്ടിങ് നിയമങ്ങളില്‍ 'സര്‍ജറി'

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം വരുമ്പോള്‍ ജനങ്ങളിലേക്കു ഇറങ്ങിച്ചെല്ലുന്നതിന് പകരം, വോട്ടിങ് നിയമങ്ങള്‍ അട്ടിമറിക്കുന്ന തന്ത്രമാണ് ട്രംപും കൂട്ടരും പയറ്റുന്നതെന്ന് പുസ്തകം ചൂണ്ടികാണിക്കുന്നു. ഡെമോക്രാറ്റുകള്‍ക്കു വോട്ട് ചെയ്യാന്‍ സാധ്യതയുള്ള ആഫ്രിക്കന്‍-അമേരിക്കന്‍, ലാറ്റിനോ തുടങ്ങിയ ന്യൂനപക്ഷങ്ങളെ പോളിങ് ബൂത്തില്‍നിന്ന് എങ്ങനെ ഒഴിവാക്കാമെന്നതിനാണ് റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ട്രംപിന്റെ അന്യായമായ ആവശ്യങ്ങളെ എതിര്‍ത്ത ഉദ്യോഗസ്ഥരെല്ലാം ഇന്ന് പദവികളില്‍നിന്ന് പുറത്താണ്. ഇപ്പോള്‍ പ്രധാന തസ്തികകളിലുള്ളവരെല്ലാം ട്രംപിനോട് മാത്രം വിശ്വസ്തത പുലര്‍ത്തുന്നവരാണ്.

ഇതിനായി അവര്‍ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ ഇവയാണ്:

വോട്ടര്‍ പട്ടികയിലെ കൂട്ടത്തോടെയുള്ള വെട്ടിമാറ്റല്‍: പല കാരണങ്ങള്‍ പറഞ്ഞ് ഡെമോക്രാറ്റിക് വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു.

പൗരത്വ രേഖകളുടെ കടുപ്പം: വോട്ട് ചെയ്യാന്‍ പൗരത്വ രേഖകള്‍ വേണമെന്ന് ട്രംപ് നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍ വിദേശികള്‍ വ്യാജമായി വോട്ട് ചെയ്യുന്നത് അമേരിക്കയില്‍ വിരളമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. കൃത്യമായ രേഖകള്‍ കൈവശമില്ലാത്ത പാവപ്പെട്ട വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതാണ് ഈ നിയമം.

തപാല്‍ വോട്ടിന് പൂട്ട്: ട്രംപ് സ്വയം മെയില്‍-ഇന്‍ (തപാല്‍) ബാലറ്റ് വഴി വോട്ട് ചെയ്യുമെങ്കിലും സാധാരണക്കാര്‍ അത് ഉപയോഗിക്കുന്നതു തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പ് ദിവസത്തിന് മുന്‍പ് പോസ്റ്റ് ഓഫീസില്‍ എത്തിയ വോട്ടുകള്‍ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അസാധുവാക്കാനാണു നീക്കം.

വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളോ?

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടപ്പോള്‍ ഫലം അട്ടിമറിക്കാന്‍ ട്രംപ് നടത്തിയ നീക്കങ്ങള്‍ ലോകം കണ്ടതാണ്. അന്ന് നിയമം ഉയര്‍ത്തിപ്പിടിച്ച് ട്രംപിന്റെ അന്യായമായ ആവശ്യങ്ങളെ എതിര്‍ത്ത ഉദ്യോഗസ്ഥരെല്ലാം ഇന്ന് പദവികളില്‍നിന്ന് പുറത്താണ്. ഇപ്പോള്‍ പ്രധാന തസ്തികകളിലുള്ളവരെല്ലാം ട്രംപിനോട് മാത്രം വിശ്വസ്തത പുലര്‍ത്തുന്നവരാണ്. ഇതാണ് ഡേവിഡ് വാല്‍ബര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ഏറ്റവും വലിയ അപകടം.

ഡേവിഡ് എഫ് വാല്‍ബര്‍ട്ട്
ഡേവിഡ് എഫ് വാല്‍ബര്‍ട്ട്

കടുത്ത മത്സരം നടക്കുന്ന ഏതെങ്കിലും കൗണ്ടിയില്‍ (ഉദാഹരണത്തിന് ജോര്‍ജിയയിലെ ഫുള്‍ട്ടണ്‍ കൗണ്ടി) തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍, 'വ്യാജ വോട്ട് അന്വേഷണം' എന്ന പേരില്‍ ട്രംപിന്റെ കീഴിലുള്ള എഫ്ബിഐയോ കഷ് പട്ടേലോ വോട്ടിങ് മെഷീനുകളോ ബാലറ്റുകളോ പിടിച്ചെടുത്താല്‍ എന്തുസംഭവിക്കും? ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ല.അമേരിക്കന്‍ ഭരണഘടനയനുസരിച്ച് ഏതെങ്കിലും സീറ്റില്‍ തര്‍ക്കമുണ്ടായാല്‍ അന്തിമ തീരുമാനമെടുക്കേണ്ടതു പാര്‍ലമെന്റാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടി വോട്ടുകളെ അപ്പാടെ അവഗണിച്ച് തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ വിജയികളായി പ്രഖ്യാപിക്കുന്ന ഒരു 'ഡീല്‍' അവിടെ നടന്നേക്കാം.

പൗരത്വ രേഖയും എഫ്ബിഐ റെയ്ഡും; വോട്ടര്‍മാരെ പൂട്ടാന്‍ ട്രംപിന്റെയും ആയുധം,  വരാനിരിക്കുന്നതു കറുത്ത ദിനങ്ങളോ?
സ്വന്തം പാര്‍ട്ടിക്കുപോലും വിശ്വാസമില്ലാത്ത ട്രംപിന്റെ ഇറാന്‍ കരാര്‍; വില്ലനാകുന്നത് 'ആണവ രഹസ്യങ്ങള്‍'!

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഇതൊരു ഹോളിവുഡ് സിനിമയിലെ സാങ്കല്‍പ്പിക കഥ മാത്രമായിരുന്നെങ്കില്‍, ഇന്നത്തെ അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് ഏതുനിമിഷവും സംഭവിക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ലോകത്തിനു മുന്നില്‍ ജനാധിപത്യത്തിന്റെ വലിയ വക്താക്കളായി ചമയുന്ന അമേരിക്കന്‍ ഭരണകൂടം, സ്വന്തം മണ്ണില്‍ വോട്ടര്‍മാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണ്.

Summary

Donald Trump and the Republican Party are using government institutions, law-enforcement agencies, and changes to voting laws to gain an advantage ahead of the 2026 U.S. midterm elections. Citing claims from constitutional scholar David F. Walbert, it points to an FBI raid on a voter-registration organization in Ohio and legal actions against Latino voter groups in Texas as examples of efforts to intimidate voters.

Measures such as stricter citizenship-document requirements, voter-roll purges, and restrictions on mail-in voting are described as disproportionately affecting Democratic-leaning voters and minorities. It warns that political interference in election administration could undermine democratic processes and create disputes over election results. The piece presents these developments as a serious threat to American democracy.

Madism Digital
madismdigital.com