

യേശുവിനെ ക്രൂശിച്ചുകഴിഞ്ഞു
ബാക്കി വന്ന ആണിയാണ് ഞാന്‍.
തിരുരക്തം ഏറ്റുവാങ്ങാന്‍ ഭാഗ്യമില്ലാതെ
തുരുമ്പുപിടിച്ചു തുടങ്ങിയ ഒരാണി.
അവയില്‍ ഒന്നായിരുന്നെങ്കില്‍
ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തി ആ വാതിലിനെ
പാപികള്‍ കടക്കാതെ ഉറപ്പിച്ചുനിര്‍ത്തുന്ന
ഒരാണിയായി മാറുമായിരുന്നു.
ഇനി എന്റെ അവസാനം ചെകുത്താനെ
ഒഴിപ്പിക്കാനുള്ള പലകയില്‍ ആയേക്കാം
അവനോടൊപ്പം നരകത്തിലെത്തി
അവിടെ പുണ്യവാന്മാരെ തടയുന്ന
വാതിലിന്റെ ഒരാണിയായേക്കാം ഞാന്‍.
ഒന്നാലോചിച്ചാല്‍ രണ്ടും ഒരേ ധര്‍മ്മം:
ലോകത്തെ ഒരുകൂട്ടര്‍ക്ക് മാത്രം
വിട്ടുകൊടുക്കാതിരിക്കുക.
പുണ്യവാന്മാര്‍ വരിച്ച ദുഖങ്ങളും
പാപികള്‍ തേടിയ സുഖങ്ങളുമില്ലാതെ
ഭൂമി എന്ത് വിരസമായിരുന്നേനെ!
എനിക്ക് ഈ ഭൂമിയിലെ ഒരാണി
ആയിരുന്നാല്‍ മതി:
ആശാരിച്ചെറുക്കന്മാരെ ക്രൂശിക്കാന്‍
ഉപയോഗിക്കാത്തത്, കൊല്ലന്റെ
പാട്ടില്‍ പഴുത്തത്, ശവപ്പെട്ടിമേലിരുന്ന്
മരങ്ങള്‍ക്കിടയിലൂടെ യാത്രചെയ്ത്
പൂക്കളുടെ മണം പിടിക്കുന്നത്
സാവധാനം , സാവധാനം
അടപ്പിന് കീഴിലെ ഓര്‍മ്മകള്‍ നിറഞ്ഞ
മംസത്തോടൊപ്പം
കലപ്പയായി പുനര്‍ജ്ജനിക്കാന്‍
മണ്ണിലേയ്ക്കു അയിരായി മടങ്ങുന്നത്.
ഇരുമ്പിന്റെ, നൂറു മേനി വിളയിക്കുന്ന,
ഒരു ചെറിയ വിത്ത്.