രണ്ടു മെറി ക്രിസ്തുമസും ഒരു ഹാപ്പി ന്യൂ ഇയറും

എഴുതിക്കഴിഞ്ഞ ഉടന്‍ പോസ്റ്റോഫീസിലേക്കോടി. നാളെയാവട്ടെ എന്നൊന്നും കരുതി മാറ്റിവെക്കില്ല അന്ന്. നടക്കുക പോലുമില്ല, ഓട്ടമാണ്. ഇന്നത്തെ മടികള്‍ ഒക്കെ പിന്നീടെപ്പോഴോ ഉണ്ടായതാണ്
Lijeesh Kumar
Lijeesh KumarImage: Madism Digital
Published on

'I want to live for immortality, and I will accept no compromise!'

Fyodor Dostoyevsky, The Brothers Karamazov

അന്നാ മരിയയുടെ ക്രിസ്തുമസ് ഗിഫ്റ്റായിരുന്നു ദസ്തയെവ്‌സ്‌കി. ഒരുപാട് കൊല്ലം മുമ്പാണത്. അന്നത്തെ മൂന്ന് ന്യൂ ഇയറുകള്‍ പിറന്നത് അവളിലൂടെയായിരുന്നു. പാതിരാത്രി പന്ത്രണ്ടിനു വിളിച്ച് നമുക്കൊന്നിച്ചു മിണ്ടിയേച്ച് പുതിയ കൊല്ലത്തിലേക്കു പോകാം എന്നൊന്നും പറയാവുന്ന കാലമല്ല. കാന്‍ഡില്‍ ലൈറ്റിലിരുന്ന് കടല്‍ക്കാറ്റുകൊണ്ട് കരോളു പാടുന്ന പുതിയ പിള്ളേര്‍ക്ക് അന്നാ മരിയയെ മനസിലാവുമോ എന്തോ! എന്നാലും പറയാം, നിങ്ങടെയീ വൈബും സാധ്യതകളും സ്വാതന്ത്ര്യവും ഒന്നുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. കാത്തിരിപ്പ് എന്നാണ് ആ കാലത്തിന്റെ പേര്. അന്നത്തെ നായികയാണ് അന്നാ മരിയ.

ഇന്ന് ഒരുമിച്ച് പുതുവര്‍ഷം കാണാന്‍ ഒരു 11.59 ഒക്കെ കഴിമ്പോള്‍ തയ്യാറെടുത്താല്‍ മതി. കാത്തിരിപ്പിന്റെ കാലം അങ്ങനെയല്ല. ഡിസംബര്‍ 31ന് രാത്രി 12 മണിക്കു തുറക്കണം എന്ന് കവറിലെഴുതി ഒരു കാര്‍ഡ് വരും. ''ഒന്നൊന്നുമല്ല, ഒരുപാടെണ്ണം വരും. നീ ഫ്രം അഡ്രസെഴുതണം.'' അന്നാ മരിയ പറഞ്ഞു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടേണ്ടിയിരുന്ന ജീസസ് ക്രൈസ്റ്റിനെക്കാള്‍ കഷ്ടമായിരുന്നു അന്നാ മരിയയുടെ സ്ഥിതി. സ്കൂൾ മുഴുവനും അവളുടെ പിന്നാലെയായിരുന്നു.

ഞാൻ ചോദിച്ചു, “എൻ്റെ കൈയ്യക്ഷരം കണ്ടാൽ നിനക്കറിയൂലേ, പിന്നെന്തിനാ ഫ്രം അഡ്രസ് ?”

ഇന്‍ലന്റിലാണ് അന്നത്തെ കത്തുകളൊക്കെ. ലാഭം പക്ഷേ പോസ്റ്റ് കാര്‍ഡാണ്. അതാവുമ്പോള്‍ ഒരു ഇന്‍ലന്റ് കത്തിന്റെ ചെലവിന് കുറേപ്പേര്‍ക്കയക്കാം. അമ്പതു പൈസയുടെ മുട്ടായി പാവാടയില്‍ പൊതിഞ്ഞ് കടിച്ച് പൊട്ടിച്ച് നാലഞ്ച് കഷ്ണമാക്കിയതില്‍ നിന്ന് പൊടി വാരിത്തരുന്ന കൂട്ടുകാരികളുണ്ട് ക്ലാസിലന്ന്. അതുപോലെയാണ് കാര്‍ഡിന്റെ ഇടപാട്. നല്ലതാണെങ്കിലും ചിലപ്പോള്‍ നാണക്കേടുണ്ടാവും. നാട്ടുകാര് മുഴുവനും വായിച്ചിട്ടേ നമുക്ക് വായിക്കാന്‍ കിട്ടൂ. ഫ്രം അഡ്രസെഴുതേണ്ടിടത്ത് 'ഗസ്സ് ഹൂ' എന്നെഴുതി മൂന്ന് കുത്തും രണ്ടാശ്ചര്യ ചിഹ്നവും ഇടാനാവില്ല. തുറന്നാല്‍ കടലുപോലെ നീണ്ടു നീലിച്ചു കിടക്കുന്നതിന്റെ സുഖം കിട്ടില്ല. സംശയമില്ല, എല്ലാംകൊണ്ടും ഇന്‍ലന്റാണ് നല്ലത്.

പേപ്പറിലെഴുതി കവറിലിട്ട് സ്റ്റാമ്പൊട്ടിച്ചയക്കുന്ന ഒരു ഏര്‍പ്പാടുമുണ്ട്. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അന്നതത്ര സജീവമായിട്ടില്ല. അന്നൊക്കെ ഗള്‍ഫുകാരായാരുന്നു അതിന്റെ പ്രധാന ഇടപാടുകാര്‍. ഇന്‍ലന്റല്ലാത്ത ഒട്ടിച്ചയക്കാന്‍ പറ്റുന്ന ഒന്ന് ഞങ്ങടെ തട്ടേക്കയറുന്നത് ആകെ ഡിസംബറിലാണ്. ഭദ്രമായൊട്ടിച്ച് ഹൃദയം പറത്തിവിടുന്ന പെട്ടികള്‍ കുട്ടികളുടെ മാര്‍ക്കറ്റിലിറങ്ങുന്ന പൊന്നുപോലത്തെ മാസം. ഗ്രീറ്റിംഗ് കാര്‍ഡുകളുടെയും നീണ്ട നീണ്ട കത്തുകളുടേയും മാസം, ഡിസംബര്‍ കിട്ടുന്നതിന്റെയും കൊടുക്കുന്നതിന്റെയും മാസം. കുട്ടിക്കാലത്തേ എഴുതുമായിരുന്നോ എന്ന് ഈയിടെ ഒരാള്‍ ചോദിച്ചു. ചില പ്രത്യേക സീസണില്‍ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇതാണ് ആ സീസണ്‍. അതിന്റെ ഓര്‍മ്മയിലാണ് ഇതെഴുതുന്നത്.

ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്നെഴുതിയ കവറേല്‍ ആദ്യമായി അയച്ചു കിട്ടിയ ഒരു പെട്ടി. അത് അന്നാ മരിയയുടെ ക്രിസ്തുമസ് കാര്‍ഡായിരുന്നു. പെട്ടി തുറന്നപ്പോള്‍ ഉള്ളില്‍ നിന്ന് പാട്ടു പൊങ്ങി, രണ്ടു മെറി ക്രിസ്തുമസും ഒരു ഹാപ്പി ന്യൂ ഇയറും !

എഴുതിക്കഴിഞ്ഞ ഉടന്‍ പോസ്റ്റോഫീസിലേക്കോടി. നാളെയാവട്ടെ എന്നൊന്നും കരുതി മാറ്റിവെക്കില്ല അന്ന്. നടക്കുക പോലുമില്ല, ഓട്ടമാണ്. ഇന്നത്തെ മടികള്‍ ഒക്കെ പിന്നീടെപ്പോഴോ ഉണ്ടായതാണ്. പോസ്റ്റോഫീസിന്റെ ചുവരില്‍ ഒരു നീലക്കുപ്പി ഞാന്ന് കിടപ്പുണ്ടാവും. സ്വര്‍ണനിറമുള്ള ഒരു കൊഴുത്ത പശ കാണും അതിനകത്ത്. അതിങ്ങ് തോണ്ടിയെടുക്കാന്‍ വേണ്ടി മഷി തീര്‍ന്ന ഒരു റീ ഫില്ലറുമുണ്ടാകും. തേച്ചൊട്ടിച്ച് ചെമന്ന പെയിന്റടിച്ച ഇരുമ്പ് പെട്ടിയിലിടുമ്പോള്‍ കിട്ടുന്ന ഒരനുഭൂതിയുണ്ട്. അത് കിട്ടുന്നുണ്ടോ ഞാനിത് പറയുമ്പോള്‍ പിറന്നാളിന് പുതിയ കുപ്പായമൊക്കെയിട്ട് പൊതിയുമായി വരുന്ന ശര്‍ക്കരഭരണിയുടെ മണമുള്ള കൂട്ടുകാരെ കവറടക്കം തിന്നാന്‍ തോന്നിയിട്ടില്ലേ പണ്ട് തേന്‍മുട്ടായി തിന്നുന്ന ചങ്ങാതിയുടെ കൈ നക്കാന്‍ തോന്നിയിട്ടില്ലേ, ലോലിപോപ്പൊലിക്കുന്ന ചുണ്ടില്‍ കടിക്കാന്‍ വിചിത്ര സ്വഭാവങ്ങളില്‍ വിരാജിച്ചവര്‍ക്ക് മാത്രം കിട്ടുന്ന അനുഭൂതിയാണ് പലതും. അല്ലാത്തോര്‍ക്ക് പോയി, അന്നായാലും ഇന്നായാലും. എല്ലാ ന്യൂ ഇയറിലും പറയാനുള്ള കോമണായ ഒന്ന് അതുമാത്രമാണ്. നഷ്ടപ്പെടുത്തരുത് നിമിഷങ്ങളെ എന്ന്. ഓരോ നിമിഷവും ആഘോഷിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ഓരോ നിമിഷവും നമുക്ക് പുതുതായിരിക്കും. അനേകായിരം പുതുവസന്തങ്ങളെക്കാണും ഒറ്റക്കൊല്ലം കൊണ്ട്.

Lijeesh Kumar
'ഞാൻ മരിച്ചുപോയാൽ എന്നെ ഓർമ്മിക്കുമോ?'; കെ.പി.എ.സി ലളിതയെന്ന അഭിനയകലയുടെ പാഠശാല

ആഘോഷങ്ങളെന്നൊക്കെ കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയാറുള്ളത് ധൂര്‍ത്താണതെന്ന് തെറ്റിദ്ധരിച്ചാണ്. ധൂര്‍ത്തല്ല പിശുക്കാണ് സത്യത്തിലത്. ഒരു നിമിഷത്തെപ്പോലും വെയ്സ്റ്റ് ചെയ്യാതെ, ഒന്നും കളഞ്ഞു പോകാതെ കരുതലോടെ ജീവിക്കലാണത്. പൂര്‍ണത എന്നൊന്നുണ്ട്, ഇല്ലെന്നൊക്കെ ചുമ്മാ പറയുകയാണ്. നിമിഷങ്ങളില്‍ ജീവിച്ചു നോക്കൂ. ഞാന്‍ ഹാപ്പിയാണ്, എനിക്കിനി ആഗ്രഹങ്ങള്‍ ഒന്നും ബാക്കിയില്ല, ഇപ്പോള്‍ മരിച്ചാലും എനിക്കൊന്നുമില്ല ! എന്നു പറയുന്ന ഒരു ദിവസം വരും. ആ നേരമാണ് പൂര്‍ണതയുടെ നേരം.

പൂര്‍ണതയെക്കുറിച്ച് ആദ്യം പറയുന്നത് അന്നാ മരിയയോടാണ്. ''അടുത്ത കൊല്ലം നമ്മുടെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള കൊല്ലമായിരിക്കും അന്നാ. നീ നോക്കിക്കോ ഒരു ദിവസം തന്നെ ഒത്തിരി ദിവസം പോലെ തോന്നും നമുക്ക്.

കരയില്ല, തല്ലുകൂടില്ല, ഫുള്‍ പീസ് ''

പോസ്റ്റോഫീസെത്തുമ്പഴേക്കും അകത്തുള്ളതൊക്കെ ചോര്‍ന്നു പോയാലോ എന്നു പേടിച്ച് വീട്ടില്‍ നിന്ന് തന്നെ ചോറുമ്മണി തേച്ചൊട്ടിച്ചാണ് ആ കത്ത് അയക്കാന്‍ കൊണ്ടുപോയത്. മറുപടിയായി ഒരു പെട്ടി വന്നു. ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്നെഴുതിയ കവറേല്‍ ആദ്യമായി അയച്ചു കിട്ടിയ ഒരു പെട്ടി. അത് അന്നാ മരിയയുടെ ക്രിസ്തുമസ് കാര്‍ഡായിരുന്നു. പെട്ടി തുറന്നപ്പോള്‍ ഉള്ളില്‍ നിന്ന് പാട്ടു പൊങ്ങി, രണ്ടു മെറി ക്രിസ്തുമസും ഒരു ഹാപ്പി ന്യൂ ഇയറും !

വെള്ളയും ചെമപ്പുമുള്ള കുപ്പായങ്ങളിട്ട് ഞങ്ങള്‍ കരോള് പാടിപ്പിരിഞ്ഞ കാല്‍വരിക്കുന്നിന് ഇന്ന് അന്നാ മരിയയുടെ പേരാണ്, ചങ്ങാതിപ്പാറ ! ''എന്റെ ക്രിസ്തുമസ് ഫ്രണ്ട് നീയായാല്‍ മതിയായിരുന്നു.'' അന്ന പറഞ്ഞു, ''നമ്മള്‍ കട്ട ഫ്രണ്ട്‌സല്ലേ ചെക്കാ. ഈ ക്രിസ്തുമസ് ഫ്രണ്ട് ഒക്കെ അതിനു മുന്നിലെന്ത് !'' ഈ ബെസ്റ്റിയൊക്കെ അന്നുമുണ്ട് കേട്ടോ. കാലം അങ്ങനെ പേരിട്ടു വിളിച്ചിട്ടില്ലാന്ന് മാത്രം.

അക്കൊല്ലം അങ്ങനെ കഴിഞ്ഞു. വീണ്ടും ഡിസംബറായി. ആ ക്രിസ്തുമസിനാണ് സെന്റ് ജോസഫ്‌സിലെ ആന്റണിയച്ചന്റെ ക്ലാസില്‍ നിന്ന് മിഷ്‌നയെക്കുറിച്ച് കേള്‍ക്കുന്നത്. ആ പുസ്തകം എനിക്ക് പുതിയതായിരുന്നു. യഹൂദമതക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു കൈമാറിപ്പോന്നതെല്ലാം ക്രോഡീകരിച്ചുണ്ടാക്കിയ ആദ്യത്തെ വിശുദ്ധ ഗ്രന്ഥം മിഷ്‌നയാണ്. ''അന്നാ മരിയാ, വരുന്നത് പുതിയ കൊല്ലമല്ലേ. ഞാന്‍ നിന്നോട് ഒരഞ്ചു കാര്യങ്ങള്‍ പറയട്ടെ. അഞ്ചും മിഷ്‌നയിലേതാണ്. പറയട്ടെ '' എന്നെഴുതിയ കത്ത് ആ വെക്കേഷനിലെഴുതിയതാണ്. ഹീബ്രുവാണ് മിഷ്‌നയുടെ ഭാഷ. മോശം മനുഷ്യര്‍ ആരാണ് എന്നതിന്റെ ലക്ഷണങ്ങള്‍ പറഞ്ഞിട്ടുണ്ട് മിഷ്‌നയില്‍. അതില്‍ നിന്ന് അഞ്ചെണ്ണം ഞാന്‍ അന്നാ മരിയക്കെഴുതി.

മിഷ്ന പറയുന്നു, മോശം മനുഷ്യന്റെ ഒന്നാമത്തെ ലക്ഷണം : തന്നെക്കാള്‍ ജ്ഞാനിയായവന്റെ മുന്‍പില്‍ ആദ്യംകയറി സംസാരിക്കുന്നത്.

അന്നാ, പുതിയ വര്‍ഷം മുതല്‍ നമ്മളിത് ചെയ്യില്ല. ആരുടെ മുമ്പിലും ചെയ്യില്ല. ഏറിയും കുറഞ്ഞും നമ്മളെക്കാള്‍ ജ്ഞാനികളാണ് എല്ലാവരും. അവരാദ്യം പറയട്ടെ, നമുക്ക് കേള്‍ക്കാം. പറയൂ എന്ന് അവര്‍ പറയുമ്പോള്‍ നമുക്ക് പറഞ്ഞു തുടങ്ങാം. വിനയം പഠിക്കാന്‍ തീരുമാനിക്കുന്ന കൊല്ലമാവട്ടെ നമുക്ക് പുതുവര്‍ഷം.

ലക്ഷണം രണ്ട് : വേറൊരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കുകയറി പറയുന്നത്.

അന്നാ, അതയാളെ തടസ്സപ്പെടുത്തലാണ്. ഡിസ് റെസ്പക്ടാണ്. അങ്ങനെ മിണ്ടാതായിപ്പോയവരാണ് ചരിത്രത്തിലേറെയും. പ്രത്യേകിച്ച് പെണ്ണുങ്ങള്‍. അവര്‍ മിണ്ടാനുള്ള ധൈര്യമാര്‍ജിച്ചതു തന്നെ ഒരുപാട് വൈകിയാണ്. ഇടയ്ക്കുകയറി മിണ്ടി നാമില്ലാതാക്കിക്കളയുന്നത് ആ ധൈര്യത്തെക്കൂടിയാണ്. അത് ചെയ്യരുത്, നമ്മളുടെ ഇടപെടല്‍ കൊണ്ട് അവര്‍ റദ്ദ് ചെയ്യപ്പെടരുത്. പുതിയ വര്‍ഷം പഠിക്കേണ്ട വലിയ പാഠങ്ങളിലൊന്ന് ബഹുമാനത്തിന്റേതാണ്. നമ്മോട് മിണ്ടിപ്പറഞ്ഞിരിക്കുന്നവരോടെല്ലാം നമുക്കത് കാണിക്കാന്‍ പറ്റിയെങ്കില്‍ !

മൂന്നാമത്തെ ലക്ഷണമായി മിഷ്ന പറയുന്നു, ഉത്തരം നല്‍കാന്‍ തിടുക്കം കാണിക്കുന്നവന്‍ മോശം മനുഷ്യനാണ്.

അന്നാ, എനിക്കാ ശീലമുണ്ട്. നിനക്കില്ല.

മെലിഞ്ഞ് നീണ്ട്, മുടി മെടഞ്ഞിട്ട്, യൂണിഫോമില്‍ അന്നാ മരിയ വരുന്നതാണ് ഓര്‍മ്മ വരുന്നത്. ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്ന സ്‌കൂള്‍ കുട്ടിയെപ്പോലെയായിരുന്നു അവള്‍. ഞങ്ങടെ ക്ലാസിലെ ഏറ്റവും ഗൗരവക്കാരിയായ പെണ്‍കുട്ടി. ക്ലാസിലേക്ക് കയറി വരുമ്പോള്‍ അവള്‍ മുഖത്ത് നോക്കും, ചിരിക്കും. ആ ചിരിക്കപ്പുറത്തേക്ക് ഒരക്ഷരം അവളുടെ വായില്‍ നിന്ന് വരില്ല.

നീ ഒന്നെന്നെ ക്ഷമയോടെ കേട്ടിരിക്ക് എന്ന്. പുതിയ വര്‍ഷം നമ്മള്‍ ക്ഷമ പഠിക്കുന്ന കൊല്ലമാണ്, സെന്റിമെന്റ്‌സോടെ കൂട്ടിരിക്കാന്‍ പഠിക്കുന്ന കൊല്ലമാണ്.

അന്നാ, മിഷ്ന പറയുന്നത് ശരിയാണ്. ഉത്തരം നല്‍കാന്‍ തിടുക്കം കാണിക്കുന്നത് നല്ല ശീലമല്ല. പുതിയ വര്‍ഷം നമ്മളത് ചെയ്യില്ല. കുഞ്ഞായിരുന്നപ്പോള്‍ നമ്മളിങ്ങനെ ആയിരുന്നില്ലല്ലോ. കേട്ടു പഠിക്കാനല്ലേ ശ്രമിച്ചത് മുതിരുന്തോറും നാം അന്വേഷണങ്ങള്‍ അവസാനിപ്പിക്കും, ചോദ്യങ്ങള്‍ അവസാനിപ്പിക്കും. പിന്നെ നമ്മള്‍ ഉത്തരങ്ങളുടെ ആളായിത്തീരും. ആളുകളെ പലതും പഠിപ്പിക്കാന്‍ തുടങ്ങും. നമ്മുടെ കൗതുകങ്ങള്‍ അവസാനിച്ചതിന്റെ അടയാളമാണത്. അത്ഭുതത്തോടെ കണ്ണു മിഴിച്ച് നോക്കി നിന്ന കാഴ്ചകള്‍ പിന്നെയില്ല. സമ്മതിച്ചാലുമില്ലെങ്കിലും പിന്നെയുള്ളത് ഒരു ബോറനാണ്. നമുക്കതാവണ്ട അന്നാ,

എന്തെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞ് എങ്ങോട്ടാണ് നമ്മളീ ഓടുന്നത്. ഉത്തരം പോലുമായിരിക്കില്ല ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് വേണ്ടത്. സൊല്യൂഷനില്ലാത്ത എത്രായിരം പ്രശ്‌നങ്ങളുണ്ട്. നീ തന്നെ പറഞ്ഞിട്ടില്ലേ, ഇത് പിരീഡ്‌സിന്റെയാണ്. എനിക്ക് വേണ്ടത് ഇന്‍സ്റ്റന്റായ സൊല്യൂഷനല്ല. നീ ഒന്നെന്നെ ക്ഷമയോടെ കേട്ടിരിക്ക് എന്ന്. പുതിയ വര്‍ഷം നമ്മള്‍ ക്ഷമ പഠിക്കുന്ന കൊല്ലമാണ്, സെന്റിമെന്റ്‌സോടെ കൂട്ടിരിക്കാന്‍ പഠിക്കുന്ന കൊല്ലമാണ്.

സംഭാഷണ വിഷയത്തില്‍ നിന്നുമാറി ചോദ്യങ്ങള്‍ ചോദിക്കുന്നത്, ചോദിക്കുന്നതിനുമാത്രം മറുപടി പറയാതെ അതുമിതും പറയുന്നത് ! മോശം മനുഷ്യന്റെ നാലാമത്തെയും അഞ്ചാമത്തെയും ലക്ഷണങ്ങളായി മിഷ്‌ന പറയുന്നത് ഇവയാണ്.

ഇത് രണ്ടും തോറ്റുപോവുമോ എന്ന പേടിയില്‍ നിന്നുണ്ടാവുന്നതാണ്. അന്നാ, ശരിയ്ക്കും തോല്‍വിയും ജയവുമൊന്നുമില്ല. നമ്മള്‍ പഠിച്ച യുദ്ധങ്ങളിലതുണ്ട്. ചെറിയ നേരത്തേക്ക് നീണ്ടു നില്‍ക്കുന്ന തോല്‍വികള്‍ കളികളിലുണ്ട്. പരീക്ഷകളിലുമുണ്ട്. മത്സരങ്ങള്‍ക്ക് അങ്ങനെ മാത്രമേ മുന്നോട്ട് പോകാനാകൂ. സൗഹൃദം മത്സരമല്ലല്ലോ അന്നാ. പരസ്പരം മിണ്ടിപ്പറഞ്ഞിരിക്കുമ്പോള്‍ എന്തു തോല്‍വിയും ജയവുമാണ്. ഇങ്ങനെയൊക്കെ പെരുമാറുമ്പോഴാണ് നീയെന്തു തോല്‍വിയാണ് എന്നു പറഞ്ഞ് ഉപേക്ഷിച്ചു പോകാന്‍ തോന്നുക. പുതിയ വര്‍ഷം നാമിതായിരിക്കില്ല. എപ്പോഴും ജയം ദാഹിക്കുന്ന ഒരാള്‍ അടുത്ത വര്‍ഷം നമ്മളിലുണ്ടാവില്ല. മത്സരമല്ല ജീവിതമെന്ന പാഠം നമ്മള്‍ പഠിക്കും.

വിനയം, പരസ്പര ബഹുമാനം, കരുണ, ക്ഷമ, സ്നേഹം ! പഴയ പാഠങ്ങള്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറത്തും പറയാന്‍ തോന്നുന്നത്. ഇത് എനിക്കും അന്നാ മരിയക്കും ഇടയിലുള്ള മൂന്നാമത്തെ ക്രിസ്തുമസ് ആയിരുന്നു. കരോള് പാടുന്ന കാര്‍ഡ് അവള്‍ സമ്മാനമായി തരുന്നത് രണ്ടാമത്തെ ക്രിസ്തുമസിനാണ്. ഇക്കുറി അവളയച്ചത് ഒരു പുസ്തകമാണ്, ദസ്തയെവ്‌സ്‌കിയുടെ കാരമസോവ് സഹോദരന്മാര്‍. ഓരോ പുതിയ വര്‍ഷം വരുമ്പോഴും പുതിയ പുസ്തകങ്ങള്‍ തേടുന്ന കാലം അന്നാരംഭിച്ചതാണ്. ആ മൂന്നു കൊല്ലങ്ങള്‍ക്ക് ശേഷം അന്നാ മരിയക്കൊപ്പം ഒരു പുതുവര്‍ഷപ്പിറവി ഉണ്ടായിട്ടില്ല. ചില ശീലങ്ങള്‍ പക്ഷേ അങ്ങനെ കിടന്നു, തുടര്‍ന്നു.

പണ്ട് കഥയെഴുതാന്‍ ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരന്‍ വാള്‍ട്ടര്‍ പേറ്ററെ പോയി കണ്ട കഥ ഞാന്‍ വായിച്ചിട്ടുണ്ട്. താന്‍ എഴുതിയതും കൊണ്ടാണ് അയാള്‍ പോയത്. പേറ്റര്‍ അവ നോക്കിയ ശേഷം പറഞ്ഞത്രെ, ''ദിവസവും രാവിലെ ഒരു ഡോസ് ജോണ്‍സണ്‍ കഴിച്ചാല്‍ ശരിയാകും !'' എന്ന്. നിന്റെ എഴുത്ത് കുറച്ചു കൂടി മെച്ചപ്പെടാന്‍ പോയി ജോണ്‍സനെ പോലുള്ളവര്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കൂ എന്നു പറഞ്ഞ് അയാളെ തിരിച്ചയച്ച വാള്‍ട്ടര്‍ പേറ്റര്‍, പില്‍ക്കാലം അയാളിലെങ്ങനെ പ്രവര്‍ത്തിച്ചു എന്ന് എനിക്കറിഞ്ഞുകൂട. എനിക്കു പക്ഷേ അദ്ദേഹം ഗുരുവാണ്. ഓരോ ഡോസ് വെച്ച് ഞാനിന്നും അതു കഴിക്കുന്നുണ്ട്.

പറ്റിയാല്‍ കുറച്ച് പുസ്തകങ്ങള്‍ വായിക്കാന്‍ നോക്കണം 2026 ല്‍. സമയമൊക്കെ കിട്ടും. ഭംഗിയുള്ള, രസമുള്ള എത്ര പുസ്തകങ്ങള്‍ ഉണ്ടെന്നോ വായിക്കാനിവിടെ. ഹുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോയും, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും ഞങ്ങളൊക്കെ കുട്ടിക്കാലത്ത് വായിച്ചാവേശം കൊണ്ട ക്ലാസിക്കുകളാണ്. അവയിതാ സീരീസായി നെറ്റ്ഫ്‌ലിക്‌സിലെത്തിയിരിക്കുന്നു. പുസ്തകങ്ങള്‍, സിനിമകള്‍, വെബ് സീരീസുകള്‍ ! കാഴ്ചയുടെ വസന്തമാണ് ചുറ്റും. അതിന്റെ തുടര്‍ച്ചയുടെ പ്രതീക്ഷകളുമായാണ് 2026 വരുന്നത്.

അന്നാ മരിയ, നീയിപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല. നീ തന്ന ക്രിസ്തുമസ് പുസ്തകം ഇതാ എന്റെ അരികിലുണ്ട്. ഓരോ ക്രിസ്തുമസിനും ഞാനതെടുത്തും നോക്കും. ക്രിസ്തു തിരിച്ചു വന്ന കഥ വായിച്ചു നോക്കും. അങ്ങനൊരു കഥ ഞാനാദ്യമായി വായിക്കുന്നത് കാരമസോവ് സഹോദരന്മാരിലാണ്. ആ പുസ്തകം എനിക്ക് സമ്മാനമായി കിട്ടിയ ക്രിസ്തുമസിനാണ്. ദസ്‌തെയെവ്‌സ്‌കി പറയുന്നു, അദ്ദേഹം വീണ്ടും വന്നു. മതനിന്ദകരെ വിചാരണ ചെയ്തു ശിക്ഷിച്ച് പോന്നിരുന്ന ഇന്‍ക്വിസിഷന്‍ കാലത്ത്, ഒരു ദിവസം സ്‌പെയിനിലെ സെവില്‍പ്പട്ടണത്തില്‍ ക്രിസ്തു പ്രത്യക്ഷനായി

ശതാബ്ദങ്ങള്‍ക്കു മുമ്പ് നടന്ന പോലെ ജനങ്ങളുടെ ഇടയിലൂടെ ക്രിസ്തു നടന്നു. പതിഞ്ഞ മന്ദഹാസത്തോടുകൂടി, കാരുണ്യത്തോടെ അദ്ദേഹം വരുന്നത് ജനം നോക്കി നിന്നു.

'I want to live for immortality, and I will accept no compromise!'' എന്ന് കാരമസോവ് സഹോദരന്മാരിൽ ദസ്തയെവ്സ്കി എഴുതിയത് ആ ചോദ്യത്തിനുള്ള തൻ്റെ ഉത്തരമാണ്.

ജനങ്ങള്‍ക്കിടയില്‍ നിന്ന് അന്ധനായ ഒരാള്‍ വിളിച്ചു പറഞ്ഞു: ''എനിക്കു കാഴ്ച തരൂ !'' ക്രിസ്തു അയാളെ നോക്കി ചിരിച്ചു. അത്ഭുതം, സ്വന്തം കണ്ണാല്‍ അയാള്‍ ക്രിസ്തുവിനെ കണ്ടു. ശവപ്പെട്ടിയുമായി കുറേ ആളുകള്‍ പിന്നാലെ വന്നു, അതില്‍ ഏഴു വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു. കരയുന്ന അമ്മയോട് ആളുകള്‍ പറഞ്ഞു, ''അദ്ദേഹം നിന്റെ കുഞ്ഞിനെ ഉയിര്‍ത്തെഴുന്നേല്പിക്കും !''

''അങ്ങ് അദ്ദേഹമാണെങ്കില്‍ എന്റെ കുഞ്ഞിനെ ഉയിര്‍ത്തെഴുന്നേല്പിക്കൂ '' അവള്‍ കരഞ്ഞു. ക്രിസ്തു ദയയോടെ അവരെ നോക്കി. അത്ഭുതം, ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്ന് പെണ്‍കുട്ടി ചിരിക്കുന്നു.

തെരുവിലൂടെ കടന്നു പോകുമ്പോള്‍ തിങ്ങിക്കൂടിയ ജനതയെ കാഡിനല്‍ കണ്ടു. അയാളാണ് സ്‌പെയിനിലെ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്റര്‍'. മതനിന്ദകരെ കുറ്റിയില്‍ക്കെട്ടി എരിച്ചിരുന്നത് അയാളുടെ ആജ്ഞ അനുസരിച്ചാണ്. അത്ഭുത പ്രവൃത്തികള്‍ നടത്തുന്നയാളെ അറസ്റ്റു ചെയ്ത് കാരാഗൃഹത്തിലടക്കാന്‍ കാഡിനല്‍ ഉത്തരവിട്ടു. ക്രിസ്തു തടവിലായി.

രാത്രി കാഡിനല്‍ വന്നു, തടവറയുടെ ഇരുമ്പു വാതില്‍ തുറന്ന് അകത്തു കയറി. അരണ്ട വെളിച്ചത്തില്‍ അയാള്‍ ക്രിസ്തുവിനെക്കണ്ടു, ''അങ്ങാണോ ഇവിടെ പണ്ടു പറഞ്ഞതില്‍ക്കൂടുതലായി ഒന്നും പറയാനില്ല. യഥാര്‍ത്ഥത്തില്‍ അങ്ങ്, ക്രിസ്തു ആണെങ്കിലും അല്ലെങ്കിലും നാളെ ഞാന്‍ അങ്ങയെ കുറ്റിയില്‍ക്കെട്ടി എരിക്കും.''

നിരാശയോടെ ക്രിസ്തു മന്ദഹസിച്ചു. കാഡിനല്‍ തുടര്‍ന്നു, ''അങ്ങ് എല്ലാം പോപ്പിനെ ഏല്പിച്ചതല്ലേ. ഇപ്പോള്‍ അതൊക്കെ പോപ്പിന്റെ കൈയ്യിലാണ്. അങ്ങേയ്ക്ക് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല. ഇനി അങ്ങയുടെ ആവശ്യം ലോകത്തിനില്ല.'' ക്രിസ്തു ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു. ''ഇന്ന് അങ്ങയുടെ പാദങ്ങള്‍ ചുംബിച്ചവര്‍ തന്നെ നാളെ കല്‍ക്കരി വാരി എരിയുന്ന കുറ്റിയുടെ ചുവട്ടിലിടും. അങ്ങേയ്ക്ക് അതറിയാമല്ലോ. ഞങ്ങളുടെ വഴിയില്‍ എന്തിനാണിങ്ങനെ വന്നു നില്‍ക്കുന്നത് എന്തിനാണ് ഞങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നത് ''

കാഡിനല്‍ വാതില്‍ തുറന്ന് ക്രിസ്തുവിനോട് അജ്ഞാപിച്ചു: ''പോകൂ. ഇനി ഒരിക്കലും വരാതിരിക്കൂ. ഒരിക്കലും, ഒരിക്കലും ''

എല്ലാ ക്രിസ്തുമസ്സിനും ഞാനദ്ദേഹത്തെ അന്വേഷിക്കും. കാഡിനല്‍മാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷപ്പന്തലുകളില്‍ നിന്ന് ദൂരെ ഏതോ ഒരിടത്ത് അദ്ദേഹമുണ്ട്. പതിഞ്ഞ മന്ദഹാസത്തോടുകൂടി, കാരുണ്യത്തോടെ അദ്ദേഹം വരുന്നത് ഞാന്‍ നോക്കി നില്‍ക്കുകയാണ്. കുറച്ചു കൂടെ കാഴ്ച തരൂ എന്ന്, എന്നെ കുറച്ചു കൂടെ നല്ല ഞാനാക്കൂ എന്ന് പറയാന്‍.

രണ്ടായിരത്തില്‍ അവസാനിക്കുമെന്ന് പ്രവചിക്കപ്പെട്ട ലോകമാണ്. പിന്നെയും കാല്‍നൂറ്റാണ്ട് കഴിഞ്ഞു. ഒന്നും അങ്ങനെ അവസാനിക്കുകയില്ല. അവസാനിക്കുന്നത് ചില മനുഷ്യര്‍ മാത്രമാണ്. ആ ചിലരില്‍ നാമുണ്ടോ എന്ന ചോദ്യം മാത്രമാണ് നമുക്ക് നമ്മോട് ചോദിക്കാനുള്ളത്. 'I want to live for immortality, and I will accept no compromise!'' എന്ന് കാരമസോവ് സഹോദരന്മാരിൽ ദസ്തയെവ്സ്കി എഴുതിയത് ആ ചോദ്യത്തിനുള്ള തൻ്റെ ഉത്തരമാണ്. ഫയദോർ, ഞങ്ങൾക്കും അനശ്വരതയ്ക്കായി ജീവിക്കണം, ഒരു വിട്ടുവീഴ്ചയും ഞങ്ങൾ സ്വീകരിക്കില്ല. 2026 നല്ലതായിരിക്കട്ടെ. നമുക്ക് കുറച്ചു കൂടെ കാഴ്ച തരാൻ, നമ്മെ കുറച്ചു കൂടെ നല്ല നാമാക്കാൻ കഴിയുന്ന പുതുവർഷം.

Related Stories

No stories found.
Madism Digital
madismdigital.com