മോഹിനിയാട്ടത്തിന്റെ പ്രേക്ഷകൻ

മനുഷ്യമനസ്സിലെ ഏറ്റവും ശക്തമായ സ്ഥായീഭാവം രതിയാണ്. ഏതൊരു വസ്തുവിനോടും മനുഷ്യന് രതി അനുഭവപ്പെടാം
കലാമണ്ഡലം അഞ്ജലി ബാലൻ
കലാമണ്ഡലം അഞ്ജലി ബാലൻImage: Madism Digital
Published on

എല്ലാ കലകളും അവയുടേതായ വ്യതിരിക്തസ്വത്വം പുലർത്തുന്നവയാണ്. അതിനാൽ ഓരോ കലയുടെ ആസ്വാദനത്തിലും അതേപോലെ വ്യതിരിക്തമായ ഒരു സ്വഭാവം നിലനിൽക്കുന്നു. ഇത്തരത്തിൽ ഒരു തനിമ ഓരോ കലയ്ക്കും ഉണ്ടായി വരുന്നതിൽ കലയുടെ വികാസചരിത്രം മാത്രമല്ല സ്വാധീനം ചെലുത്തുന്നത്. കല രൂപം കൊള്ളുന്ന അതത് ദേശത്തിന്റെ ചരിത്രവഴികളും സംസ്കാരവും അതിൽ ഭാഗഭാക്കാകുന്നു. കാർത്തിക തിരുനാളിന്റെയും സ്വാതിതിരുനാളിന്റെയും വള്ളത്തോളിന്റെയും സംരക്ഷണ പരിഷ്ക്കരണാദി ഘട്ടങ്ങളിലൂടെ മോഹിനിയാട്ടം കലയുടെ മഹാക്ഷേത്രമായ കലാമണ്ഡലത്തിലെത്തുകയും ലോകമാകെ പ്രചരിക്കുകയും ചെയ്തു എന്നതാണ് ഈ കലയുടെ വികാസചരിത്രത്തിന്റെ ചുരുക്കം. ഇതിലൂടെയാണ് മോഹിനിയാട്ടത്തിന് ഇന്നു കാണുന്ന വ്യക്തിത്വവും രൂപഘടനയും കൈവന്നത്. പക്ഷേ, മോഹിനിയാട്ടത്തിന്റെ ആസ്വാദനത്തെക്കുറിച്ചുള്ള പര്യാലോചന അതിന്റെ സാങ്കേതികതയിലോ വിഷയ സ്വീകരണത്തിലോ ലാവണ്യഘടകങ്ങളിലോ ചിരസ്ഥായിയായി ഉറച്ചു നിന്നുകൊണ്ട് ആരംഭിക്കുവാനാകില്ല; സ്ഥലവും കാലവും പ്രധാനമായി വരുന്ന ഭൗതികമായ അന്നന്നത്തെ സാഹചര്യങ്ങൾ കൂടി അവിടെ പ്രസക്തി നേടുന്നുണ്ട്.

കേരളത്തിന്റെ സ്വന്തം നൃത്തരൂപമാണ് മോഹിനിയാട്ടം. സ്വാതിയുടെ കാലഘട്ടത്തിന്റെയും പിന്നീട് കലാമണ്ഡലത്തിൽ എത്തിയതിനുശേഷമുള്ള കാലഘട്ടത്തിന്റെയും പ്രതിഫലനങ്ങൾ മോഹിനിയാട്ടത്തിൽ വ്യക്തമായി കാണുവാനാകും. എന്നാൽ ഇന്നത്തെ കേരളീയ ജനതയുടെ ആസ്വാദനശീലങ്ങൾ ഇവയിൽ നിന്നെല്ലാം ഭിന്നമായ ഒരു ആവിഷ്ക്കരണശൈലി ആവശ്യപ്പെടുന്നു. ശാസ്ത്രീയ കലകളുടെ സാങ്കേതികതയ്ക്കും, സംശുദ്ധതയ്ക്കും കോട്ടം വരാതെ തന്നെ നിലവിലുള്ള പ്രേക്ഷകാഭിരുചികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് കലാവതരണം നടത്തുക എന്നതാണ് ഓരോ കലയുടേയും ധർമ്മം.

കേരളത്തിന്റെ സംസ്കൃത നാടകപാരമ്പര്യമായ കൂടിയാട്ടം വളർന്നു വികസിച്ചത് ക്ഷേത്രാനുഷ്ഠാനബദ്ധമായ കലാരൂപം എന്ന നിലയ്ക്കാണ്. അഹിന്ദുക്കളോ താഴ്ന്ന ജാതിക്കാരോ ആയ ആസ്വാദകർ ആദ്യകാലങ്ങളിൽ കൂടിയാട്ട സദസ്സുകളിൽ ഉണ്ടായിരുന്നില്ല. സംസ്ക്കാരം പുലർത്തുന്ന സവർണ്ണരായ ഒരു കൂട്ടം ആളുകളായിരുന്നു കൂടിയാട്ടത്തിന്റെ ആദ്യകാല പ്രേക്ഷകർ. അതോടൊപ്പം ക്ഷേത്രാടിയന്തിരവും കഴകവും പോലെയുളള അനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള സ്ഥിരം വേദികളും ഈ കലയ്ക്കുണ്ടായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി കഥകളി എല്ലാ തലങ്ങളിലുമുള്ള ആസ്വാദകരേയും സ്വാഗതം ചെയ്യുന്ന വിധത്തിൽ രൂപം കൊണ്ട ഒന്നാണ്. കേരളത്തിലെ ജനഹൃദയങ്ങളിൽ നിറഞ്ഞിരുന്ന രാമഭക്തിയെന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ കഥകളിയ്ക്കും കഥകളിയുടേതായ ബൃഹത്തായ ഒരു പ്രേക്ഷക സമൂഹത്തെ ലഭ്യമായി. എന്നാൽ മോഹിനിയാട്ടത്തിന് ഇത്തരത്തിൽ അനുഷ്ഠാനപരതയുടേയോ, ഭക്തിയുടേയോ പിൻബലം അവകാശപ്പെടാനില്ല. തീർത്തും അരക്ഷിതത്വം നിറഞ്ഞ, ഉന്മൂലനാശത്തിന്റെ വക്കോളമെത്തിയതിനുശേഷം കരകയറിയ ഒരു ചരിത്രമാണ് മോഹിനിയാട്ടത്തിനുള്ളത്. അതിജീവനത്തിനായുള്ള കഠിനശ്രമങ്ങൾക്കിടയിൽ മോഹിനിയാട്ടമെന്ന കലാരൂപത്തിന് അതിന്റേതായ ഒരു പ്രേക്ഷക സമൂഹത്തിനെ സൃഷ്ടിക്കുവാൻ സാധിക്കാതെ പോയി. നവരസങ്ങളെയും അവയുടെ ഉത്തുംഗാവസ്ഥയിൽ ആവിഷ്ക്കരിക്കപ്പെടുന്ന കൂടിയാട്ടത്തിന്റേയും കഥകളിയുടെയും അരങ്ങുകൾക്കിടയിൽ നിസ്സാരവത്ക്കരിക്കപ്പെട്ടുപോയ ഒരു കാലഘട്ടം മോഹിനിയാട്ടത്തിനുണ്ടായിരുന്നു. ശൃംഗാര രസത്തിനെ മാത്രം കേന്ദ്രീകരിച്ച് വിളംബ മധ്യമകാലങ്ങളിൽ പദങ്ങളെ വ്യാഖ്യാനിച്ച് ശകലിതമായ രസസംവേദനമാവിഷ്ക്കരിക്കുന്ന മോഹിനിയാട്ടത്തിന്റെ അവതരണ രീതികളോട് ക്രമേണ പ്രേക്ഷകർക്ക് വിമുഖത വന്നു. മാത്രമല്ല കഥകളിക്കും കൂടിയാട്ടത്തിനും ഉള്ളതുപോലെ ഒരരങ്ങു സംസ്ക്കാരം സൃഷ്ടിച്ചെടുക്കുവാൻ മോഹിനിയാട്ടത്തിനു സാധിക്കാതെ പോയി. അതിനാലാണ് മോഹിനിയാട്ടത്തിന്റേതുമാത്രമായ ഒരു ആസ്വദകവൃന്ദം രൂപപ്പെടാതിരുന്നത്.

മോഹിനിയാട്ടത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ള രസങ്ങളിൽ എന്നും മുൻപന്തിയിലുള്ളത് ശൃംഗാരമാണ്. ഇതിനു പ്രധാന കാരണം മോഹിനിയാട്ടം ഒരു സമ്പൂർണ്ണ നൃത്തകലയായി രൂപം പ്രാപിച്ച ആദ്യഘട്ടത്തിൽ നർത്തകികൾ അവതരിപ്പിച്ചിരുന്നവയിൽ ഭൂരിഭാഗവും ശൃംഗാര രസപ്രധാനങ്ങളായ ഇനങ്ങളായിരുന്നു എന്നതാണ്.

ചരിത്രത്തെ ഒഴിവാക്കി നിർത്തിക്കൊണ്ട് കലകളുടെ പഠനവും അവതരണവും സാധ്യമല്ല. എന്നാൽ ഒരു കലയുടെ നൂറ്റാണ്ടുകളുടെ ചരിത്രവും, സാങ്കേതികതയും, ശാസ്ത്രീയതയുമെല്ലാം കൂടിച്ചേർന്ന് പുറത്തേയ്ക്ക് ആവിർഭവിക്കുന്നത് ഒരൊറ്റ ബിന്ദുവിലെത്തിച്ചേരുമ്പോഴാണ്. കല അവതരിപ്പിക്കപ്പെടുന്ന വർത്തമാനകാലത്തിലുള്ള അരങ്ങാണ് ആ ബിന്ദു. അതിനാൽ തന്നെ വർത്തമാനകാലത്തിന്റെ സ്പന്ദനങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളതുമായിരിക്കണം കലയുടെ ഘടന. കേരളകലാമണ്ഡലത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മോഹിനിയാട്ടം ഇന്ന് സ്ഥാനം നേടുന്നത് അന്തർദേശീയ നൃത്തരൂപങ്ങളുടെ ഇടയിലാണ്. മുപ്പതുകളിലെ ഒരാസ്വാദകന്റെ സംവേദന ഉപകരണങ്ങൾ അല്ല, ഇന്ന് ലോകനൃത്തരൂപങ്ങൾ ദർശിച്ച ഒരാസ്വാദകൻ സ്വായത്തമാക്കിയിട്ടുള്ളത്. അവൻ രൂപപ്പെടുത്തുന്ന സർഗ്ഗാത്മക ആസ്വാദനപാഠങ്ങൾ തികച്ചും വ്യത്യസ്തവും വ്യതിരിക്തവുമായിരിക്കുന്നതിലുമുപരി, കാലദേശ പ്രമാണങ്ങളെ നിരാകരിച്ചു കൊണ്ടുള്ള കേവലാസ്വാദനമെന്ന പരികല്പന ഇവിടെ നഷ്ടമാകുന്നതും നമുക്കു കാണാം.

ഏകദേശം ഒരേ കാലയളവിൽ രണ്ടുദേശങ്ങളിൽ പുനരുദ്ധരിക്കപ്പെട്ട നൃത്തരൂപങ്ങളാണ് കേരളത്തിന്റെ മോഹിനിയാട്ടവും തമിഴ്നാടിന്റെ ഭരതനാട്യവും. എന്നാൽ ഭരതനാട്യത്തിലേതുപോലെ ശാസ്ത്രീയതയിലോ, സങ്കേതങ്ങളിലോ ഒന്നുംതന്നെ ഒരു സുസ്ഥിരത കൈവരിക്കുവാൻ മോഹിനിയാട്ടത്തിനായിട്ടില്ല. ഭരതനാട്യത്തിന്റെ സർവ്വാംഗങ്ങളേയും കാലികമായി ഉടച്ചുവാർത്തു നവീകരിക്കുവാൻ അതതു കാലങ്ങളിൽ വ്യക്തികൾ മുന്നോട്ടുവന്നു. ഇന്ന് സമകാലിക നൃത്തവേദിയിൽ സമുന്നതമായ ഒരിടമൊരുക്കുന്നതിന് ഭരതനാട്യത്തെ യോഗ്യതപ്പെടുത്തിയത് ഇത്തരം ധീര നൂതന യത്നങ്ങളാണ്. ഈയൊരു പശ്ചാത്തലത്തിൽമോഹിനിയാട്ടം എന്ന നൃത്തരൂപത്തെ അതിന്റെ ആസ്വദനമേഖലയുടെ ഭാഗത്തുനിന്ന് പരിശോധനാവിധേയമാക്കുമ്പോൾ പാരമ്പര്യത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ നിലവിലുള്ള ധാരണകളെ അതിലംഘിച്ചു കൊണ്ട് മൂല്യമുള്ള ഒരു ആസ്വാദനശീലത്തെ വളർത്തിയെടുക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ വളരെ ചുരുങ്ങിയവ മാത്രമേ നർത്തകികൾ നടത്തിയിട്ടുള്ളുവെന്ന് മനസ്സിലാക്കുവാൻ സാധിക്കും.

മോഹിനിയാട്ടവും ആസ്വാദനപ്രക്രിയയും

ആഴമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനും വിവിധ രസങ്ങൾ അരങ്ങിൽ ആവിഷ്കരിക്കുവാനും പ്രാപ്തിയുള്ള ഒരു ഘടനയും സൗന്ദര്യാത്മകതയും മോഹിനിയാട്ടം കാലഘട്ടങ്ങളിലൂടെയുള്ള പരിവർത്തനങ്ങളിലൂടെ കൈവരിച്ചിരിക്കുന്നു. എന്നാൽ മോഹിനിയാട്ടസങ്കേതങ്ങളിൽ ശാസ്ത്രീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകോപനം ഇനിയും ആവശ്യമുണ്ട്. ഒരു കലാരൂപത്തിന്റെ സ്വത്വവും അസ്തിത്വവും നിലനിൽക്കുന്നത് അതിന്റെ പ്രകാശന അലങ്കാരപ്രകടനങ്ങളുടെ മേൽപ്പരപ്പിലല്ല, ഉറപ്പുള്ള ശാസ്ത്രീയ അടിസ്ഥാനവ്യാകരണത്തിലാണ്. അടിസ്ഥാന അടവുകൾ, ചാരികൾ, അംഗോപാംഗപ്രത്യംഗങ്ങളുടെ പ്രവർത്തനങ്ങൾ മുതലായ സങ്കേതങ്ങളിലൂടെ കൃത്യതയില്ലായ്മയാണ് മോഹിനിയാട്ടത്തിന്റെ ഏറ്റവും വലിയ പരാധീനത. ഈ കുറവിന്റെ മറവിൽ എണ്ണമറ്റ ശൈലീഭേദങ്ങളാണ് ഈ കലയിൽ സൃഷ്ടിക്കപ്പെടുന്നത്. നൂറു ശതമാനവും ആധികാരികമെന്ന നിലയിൽ സമീപിക്കാൻ സാധിക്കുന്ന ശൈലിയോ സങ്കേതങ്ങളോ മോഹിനിയാട്ടത്തിനില്ല എന്നതാണ് യാഥാർത്ഥ്യം.

ഭരതനാട്യം, കുച്ചിപ്പുടി മുതലായ ദക്ഷിണേന്ത്യയിലെ തന്നെ ഇതരശാസ്ത്രീയ നൃത്തകലകളെല്ലാം ശക്തമായ അടിത്തറയും വിപുലമായ ചട്ടക്കൂടും ഉള്ളവയാണ്. അവയിലോരോന്നിലും ശൈലീഭേദങ്ങളും ദൃശ്യമാണ്. എന്നാൽ ഓരോ ശൈലി കൈകാര്യം ചെയ്യുന്നവർക്കും അതിന്റെ ചരിത്രത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും പ്രയോഗവശങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ ജ്ഞാനവും ധാരണയുമുണ്ടായിരിക്കും. ഇത്തരത്തിൽ ദൃഢമായ ഒരു ശാസ്ത്രീയഘടനയുടെ അസാന്നിധ്യം മൂലമാണ് മോഹിനിയാട്ടത്തിലെ പല ഉദാത്ത നിർമ്മിതികൾക്കും ലോകശ്രദ്ധ നേടാനാകാതെ പോകുന്നത്. ഇതിനെ മറികടക്കുവാനായി ആധുനിക പ്രേക്ഷകന്റെ ആസ്വാദനതാൽപ്പര്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പുനഃക്രമീകരണം മോഹിനിയാട്ടത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ട്.

കലാമണ്ഡലം അഞ്ജലി ബാലൻ
പദ്മനാഭന്‍ തേടുന്ന വഴി, ഞാന്‍ തേടുന്ന പച്ചപ്പ്, ഞങ്ങള്‍ നേടുന്ന പായല്‍

മോഹിനിയാട്ടത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ള രസങ്ങളിൽ എന്നും മുൻപന്തിയിലുള്ളത് ശൃംഗാരമാണ്. ഇതിനു പ്രധാന കാരണം മോഹിനിയാട്ടം ഒരു സമ്പൂർണ്ണ നൃത്തകലയായി രൂപം പ്രാപിച്ച ആദ്യഘട്ടത്തിൽ നർത്തകികൾ അവതരിപ്പിച്ചിരുന്നവയിൽ ഭൂരിഭാഗവും ശൃംഗാര രസപ്രധാനങ്ങളായ ഇനങ്ങളായിരുന്നു എന്നതാണ്. സ്വാതിതിരുനാളിന്റെ കാലം മുതൽ സ്ത്രീയുടെ മൊഴികളായ പദങ്ങൾ തന്നെയാണ് രചിക്കുകയും ആടിക്കുകയും ചെയ്തത്. ഒന്നുകിൽ നായികയ്ക്ക് നായകനോടു പറയാനുള്ളത് അല്ലെങ്കിൽ നായിക നായകന്റെ പ്രതിയുള്ള തന്റെ വികാരങ്ങൾ സഖിയോടു പറയുന്നത്. അതുമല്ലെങ്കിൽ നായികയുടെ സന്ദേശങ്ങളുടെ ഉള്ളടക്കം സഖി നായകന്റെ സമീപത്തു ചെന്ന് അറിയിക്കുന്നത്. ഇങ്ങനെ ഏതു വിധത്തിലുള്ള ചിത്രീകരണമാണെങ്കിലും രസാവിഷ്കരണം ശൃംഗാരത്തിലധിഷ്ഠിതമായിരിക്കും. സ്വാതിക്കുശേഷം അധഃപതിച്ച മോഹിനിയാട്ടത്തെ വള്ളത്തോൾ വീണ്ടെടുത്ത് സംസ്ക്കരിച്ച് പുനഃപ്രതിഷ്ഠിച്ചപ്പോഴും ശൃംഗാരത്തെ ആസ്പദമാക്കിയുള്ള സൃഷ്ടികൾ തന്നെയാണ് ആദ്യകാലങ്ങളിൽ രൂപംകൊണ്ടത്. രസരാജനാണ് ശൃംഗാരം. ഈയൊരു ശ്രേഷ്ഠത കൊണ്ടുതന്നെയാകണം കാലങ്ങളോളം ഒരേയൊരു രസത്തെ മാത്രം ആസ്പദമാക്കി മോഹിനിയാട്ടത്തിൽ സൃഷ്ടികൾ നടന്നിട്ടും ഈ കല മൃതമായിപ്പോകാതിരുന്നത്. മനുഷ്യമനസ്സിലെ ഏറ്റവും ശക്തമായ സ്ഥായീഭാവം രതിയാണ്. ഏതൊരു വസ്തുവിനോടും മനുഷ്യന് രതി അനുഭവപ്പെടാം. എന്നാൽ അവയിൽ ഏറ്റവും ശക്തമായത് സ്ത്രീയ്ക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നുന്ന രതിഭാവമാണ്. പ്രേക്ഷകന്റെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഘടകം കൂടിയാണിത്. ഇതിനെ ജീവാത്മാവെന്ന നർത്തകി പരമാത്മാവായ നായകനിലേക്ക് വിലയം പ്രാപിക്കുന്നതിനുള്ള ഉപാധിയാണ് നൃത്തം എന്ന് ആചാര്യന്മാർ തത്വവത്ക്കരിക്കുന്നു. ശൃംഗാരത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലുമൊരു രസമായിരുന്നു മോഹിനിയാട്ടത്തിലെ മുഖ്യരസമായി സ്വീകരിച്ചിരുന്നതെങ്കിൽ ഇത്രയും സൗന്ദര്യാത്മകമായ ശരീരചലനങ്ങളും ഭാവാവിഷ്ക്കരണത്തിലുള്ള വ്യാപ്തിയും ഈ കലയ്ക്ക് ലഭിക്കുമായിരുന്നില്ല. ഒരു നൃത്തരൂപത്തിന്റെ കൃത്യമായ സ്വഭാവം വെളിപ്പെടുന്നത് അംഗചലനങ്ങളുടെ സ്വഭാവരീതിയിലൂടെയാണ്. മോഹിനിയാട്ടമെന്ന കലാരൂപം ലാസ്യനൃത്യവും ലാസ്യനൃത്തവുമാണ്. മോഹിനിയാട്ടത്തിന്റെ നൃത്യാംശത്തിനും നൃത്താംശത്തിനും കേരളീയ

സംസ്കാരവുമായി ഇഴുകിച്ചേർന്നു കിടക്കുന്ന ലാസ്യപരത കൈവന്നത് ശൃംഗാരത്തിന്റെ നിരന്തരമായ ആവിഷ്ക്കരണത്തിലൂടെയാണ്.

എന്നാൽ ഈയൊരു അടിസ്ഥാന പ്രകൃതത്തിൽ നിന്നും വ്യതിചലിച്ച് മറ്റു രസങ്ങളെയുംകൂടി മോഹിനിയാട്ടത്തിലേക്ക് സന്നിവേശിപ്പിക്കുവാൻ വളരെയധികം കാലവിളംബം നേരിട്ടു. ഈയൊരു കാരണം കൊണ്ടാണ് മോഹിനിയാട്ടത്തിന്റെ രസാവിഷ്ക്കരണത്തിലുള്ള അനന്തസാധ്യതകളെ പ്രേക്ഷകൻ തിരിച്ചറിയാൻ വൈകിയത്. കൂടിയാട്ടത്തിന്റേയോ കഥകളിയുടേതോ പോലെ വിസ്തൃതമായ ഒരു ആഖ്യാനപാടവം മോഹിനിയാട്ടമെന്ന കേരളത്തിന്റെ സ്ത്രീനകലയ്ക്കില്ല എന്നൊരു തെറ്റായ ധാരണ കേരളത്തിലെ ശാസ്ത്രീയ കലകളുടെ ആസ്വാദകർക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ കാലക്രമേണ മോഹിനിയാട്ട ആചാര്യകളുടെയും പുതുനർത്തകികളുടെയും അശ്രാന്ത പരിശ്രമഫലമായി മോഹനിയാട്ടത്തിന്റെ അരങ്ങുകളിൽ നവരസങ്ങളേയും ആവിഷ്ക്കരിക്കുവാൻ സാധിച്ചു. ഇന്നത്തെ മോഹിനിയാട്ടക്കച്ചേരികളിലെ വ്യത്യസ്ത ചിന്താധാരകൾ മോഹിനിയാട്ടത്തിന്റെ ഘടനയെ വിപുലമാക്കുന്നതെങ്ങനെയെന്ന് കാണാൻ കഴിയും. പുതിയ ആശയങ്ങൾ പലതരത്തിലാണ് കടന്നുവന്നിട്ടുള്ളത്. ചൊൽക്കെട്ട്, ജതിസ്വരം, വർണ്ണം, പദം, സപ്തം എന്നിങ്ങനെയുള്ള പരമ്പരാഗത രൂപത്തിനു പുറത്തു നിൽക്കുന്ന കവിതകൾ, നാടകങ്ങൾ തുടങ്ങിയ സാഹിത്യരൂപങ്ങളെക്കൂടി ഉൾക്കൊള്ളിക്കുന്ന രീതിയാണ് പ്രധാനമായി കണ്ടുവരുന്ന സൃഷ്ടിഭേദം.

മോഹിനിയാട്ടത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിയുള്ള യഥാർത്ഥ അന്വേഷണം പ്രയോപക്ഷകേന്ദ്രീകൃതമായിത്തന്നെ തുടങ്ങണം. ആസ്വാദനം എന്നത് അവതാരകനും പ്രേക്ഷകനുമിടയിൽ നടക്കുന്ന ഒരു തരം രാസപ്രക്രിയയാണ്. അത് അരങ്ങിലെ ആവിഷ്ക്കാരം പോലെ തന്നെ സർഗ്ഗാത്മകവുമാണ്. ആത്യന്തികമായി കലാകാരന്റെ സർഗ്ഗാത്മകത എന്നത് ആവിഷ്കർത്താവിന്റെ ഏകമുഖത്വം എന്നതിനപ്പുറം ആസ്വാദകനിലാണ് പൂർണ്ണത പ്രാപിക്കുന്നത്. എന്ന് കൃത്യമായിത്തന്നെ പൂർവ്വസൂരികൾ നിരീക്ഷിച്ചിരിക്കുന്നു. അതിനാൽ കലാകാരന്റെ സൃഷ്ടികർമ്മം അതിന്റെ സാഫല്യത്തിലും പൂർണ്ണതയിലും എത്തിച്ചേരണമെങ്കിൽ സ്ഥലത്തിനും കാലത്തിനും വിധേയമായ ആവിഷ്ക്കാര രീതികൾ കണ്ടെത്തി പ്രയോഗിക്കേണ്ടതായുണ്ട്. ആശയത്തേക്കാൾ ഉപരിയായി അരങ്ങിൽ നവീനമായ ആവിഷ്ക്കാരസമ്പ്രദായങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിലാണ് ഓരോ നർത്തകിയും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

English Summary: A reflective piece exploring the perspective, sensitivity, and cultural awareness of an audience engaging with Mohiniyattam, Kerala’s classical dance form.

Related Stories

No stories found.
Madism Digital
madismdigital.com