ഞാന്‍ എന്ന ജനസഞ്ചയം

അയാള്‍ ഒരേകവചനമല്ല, ബഹുവചനമാണ്. ഈ ബഹുവചനത്വം ഗഗനെ ഭ്രാന്തോളമെത്തിക്കുന്നതിന്റെ ആഖ്യാനമാണ് നോവലില്‍.

ഒരാള്‍ ഒരു ജന സഞ്ചയമായി മാറുന്ന മുഖരതയെയാണെഴുതുന്നത് എന്‍ പ്രഭാകരന്‍ തന്റെ ഏറ്റവും പുതിയ നോവലായ 'മഹാനടന'ത്തില്‍. ആരു നീയെന്ന്, ഇരുട്ടിലിരുന്നു കൊണ്ട് പരസ്പരമാരായുന്ന രണ്ടു പേരെ സങ്കല്പിക്കാമെങ്കില്‍, ഇരുവരുടെയും പ്രതിവാക്യം 'ഞാന്‍' എന്ന ഉത്തമപുരുഷസര്‍വ്വനാമമായതുകൊണ്ട് അദ്വൈതം ഒരനുഭവസത്യമാണെന്ന് നാരായണ ഗുരു. ഇതിനെ ഒരു സാമൂഹ്യാദ്വൈതമായി പടരാനനുവദിക്കുകയാണ് നോവലിസ്റ്റ് 'ഗഗന്‍' എന്ന തന്റെ നായക കഥാപാത്രത്തിന്റെ നടശരീരത്തിലൂടെ. അയാള്‍ ഒരേകവചനമല്ല, ബഹുവചനമാണ്. ഈ ബഹുവചനത്വം ഗഗനെ ഭ്രാന്തോളമെത്തിക്കുന്നതിന്റെ ആഖ്യാനമാണ് നോവലില്‍.

ലോകാന്തതയുടെ എഴുത്താണത്. നടദേഹം എന്ന പരകായപ്രവേശസന്നദ്ധമായ ഉടലിന്റെ സമൃദ്ധിയും വിസ്താരവും സാധ്യതകളുമാണ് നോവലിന്റെ പ്രമേയകേന്ദ്രം. ഒരര്‍ത്ഥത്തില്‍ നോവലിസ്റ്റ് തന്നെയാണ് ഗഗന്‍. എന്‍ പ്രഭാകരന്‍ എന്ന നോവലിസ്റ്റു മാത്രമല്ല, എല്ലാ നോവലിസ്റ്റുകളും; 'ഞാന്‍ തന്നെയാണ് എമ്മാ ബോവറി' എന്നെഴുതിയ ഫ്‌ലോബേറിന്റെ ഗോത്രത്തില്‍പ്പെട്ടവര്‍. പലമപ്പെടലിനുള്ള ഈ അസാമാന്യസിദ്ധിയെ തങ്ങളുടെ കലയുടെ അടിസ്ഥാനശേഷിയാക്കി മാറ്റിയവരാണല്ലോ അവര്‍. മിത്യയും ഐ വാനും അല്യോഷയും സ്‌മെര്‍ഡിയാക്കോവും സഹവസിച്ചിരുന്ന ദസ്തയേവ്‌സ്‌കിയുടെ ശരീരം അപസ്മാരബാധിതമായതു പോലെയുമാകാം, അതിനാല്‍, ഗഗന്റെ ഭ്രാന്ത്.

ഞാന്‍ എന്ന ജനസഞ്ചയം
(വ്യാ)ആഖ്യാനലീല

നോവല്‍, ആശയചര്‍ച്ചയ്ക്കുള്ള അരങ്ങു കൂടിയാണ് നോവലിസ്റ്റായ എന്‍ പ്രഭാകരന്. ഇടതുപക്ഷരാഷ്ട്രീയവും മതവും ആത്മീയതയും പ്രണയവും ലൈംഗികതയുമെല്ലാം നോവല്‍ ചര്‍ച്ച ചെയ്യുന്നു. ക്ഷയോന്മുഖമായ മതവും രാഷ്ട്രീയവും എന്നു വേണമെങ്കില്‍ ഇതിനെ കൂടുതല്‍ കണിശപ്പെടുത്താം. ആണ്ടി അമ്പുവേട്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നോവലിസ്റ്റ് സ്വകാര്യആത്മീയതയെ നിര്‍വ്വചിക്കുകയും കേവലമനുഷ്യരുടെ ജീവിതബോധത്തിന്റെ അഗാധതയെന്തെന്ന് കാട്ടിത്തരികയും ചെയ്യുന്നത്. മികച്ച വായനക്കാരന്‍ കൂടിയാണ് അനഭ്യസ്തവിദ്യനായ അമ്പു. ഗഗനും അങ്ങനെ തന്നെ.നോവലിലെ ഇതര കഥാപാത്രങ്ങളില്‍ പ്രധാനികളായ ശിവന്‍ മാഷും വിജയനുമെല്ലാം വായിക്കുന്നു. വായനയാല്‍ നിര്‍മ്മിക്കപ്പെട്ട മനുഷ്യരാണവര്‍. അമ്പുവേട്ടന്റേതായി നടുക്കുന്ന ഒരു വാക്യമുണ്ട് നോവലില്‍ -

ഞാന്‍ എന്ന ജനസഞ്ചയം
വോഡ്കയും മിന്നലും

'Both hell and heaven are flat!'. അതെ, സ്വര്‍ഗ്ഗവും നരകവും ഒരേ പരപ്പാകുന്നു. അമ്പു ഇങ്ങനെയും പറയുന്നുണ്ട് മറ്റൊരിക്കല്‍-

'ജീവിതത്തിന് നമ്മുടെ സാധാരണ കാഴ്ച്ചകളില്‍ നിന്നും കേള്‍വികളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തോ അര്‍ത്ഥമുണ്ടെന്ന് ധരിക്കരുത്. ജീവിതത്തിന് ജീവിതം എന്ന അര്‍ത്ഥമേയുള്ളൂ. അത് തനിക്കും കഴിയുന്നിടത്തോളം മറ്റുള്ളവര്‍ക്കും സന്തോഷമുണ്ടാവും

വിധം ജീവിച്ചു തീര്‍ക്കുക. അതിന്റെ അപ്പുറവും ഇപ്പുറവും ഒന്നുമില്ല'. അനുഭവങ്ങളില്‍ നിന്നും വായനയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഗ്രാമീണദാര്‍ശനികതയാണിത്. ഒരു കിഴങ്ങു പോലെ ഒരാള്‍ സ്വയം നട്ടു നനച്ചു വളര്‍ത്തിയതും സ്വന്തം കൈകൊണ്ട് കുഴിച്ചെടുത്തതും.

നടന്‍ എന്ന നിലയില്‍ ഗഗന്‍,'ഗോദോയെക്കാത്ത് ' എന്ന നാടകത്തില്‍ 'എസ്ട്രഗണ്‍' ആയും 'ഗണശത്രു'വില്‍ 'സ്റ്റോക്മാന്‍' ആയും പകര്‍ന്നാടിയിരുന്നു എന്ന വസ്തുതയ്ക്കുമുണ്ട് വലിയ പ്രാധാന്യം. ഇതില്‍ ആദ്യത്തെ കഥാപാത്രം കാത്തിരിപ്പിന്റെ നിഷ്ഫലതയെയും രണ്ടാമന്‍ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ ഏകാന്തതയെയുമാണല്ലോ സൂചിപ്പിക്കുന്നത്. ഇതു രണ്ടുമാകുന്നു ഗഗന്റെ ജീവിതം; ഏകാന്തവും നൈഷ്ഫല്യത്തോളമെത്തുന്ന അര്‍ത്ഥരാഹിത്യത്താല്‍ പീഡിതവും. ഇത് ഗഗന്റെ മാത്രം കഥയല്ല. ഗഗനിലൂടെയാണ് നോവല്‍; ഗഗനെക്കുറിച്ചു മാത്രമല്ല. ഗഗന്‍ കണ്ടവരും കേട്ടവരും നടിച്ചവരുമെല്ലാം നോവല്‍ഘടനയില്‍ അവരുടേതായ ഭാഗമഭിനയിച്ച് സ്വയം നിഷ്‌ക്രമിക്കുകയോ ചിലപ്പോള്‍ നിഷ്‌കാസിതരാവുകയോ ചെയ്യുന്നു.

ഞാന്‍ എന്ന ജനസഞ്ചയം
മീർ എന്ന നദി

ചിണ്ടന്‍ എന്ന മന്ത്രവാദിയും സതീശന്‍പുലരിയും കാളസ്വാമിയും മയില്‍ മനോജനും ജോണേട്ടനും ജയനും ബ്ലാക്ക്മാന്‍ ഭാര്‍ഗ്ഗവനും വേട്ടക്കാരന്‍ മാര്‍ക്കോസ് ചേട്ടനും ചില നാടകനടിമാരുമെല്ലാം ചേരുന്ന മനുഷ്യവ്യൂഹമാണത്. ഇവരിലൂടെ മനുഷ്യാവസ്ഥയുടെ ഇരുള്‍വെളിച്ചങ്ങള്‍ നിറഞ്ഞ ലോകാന്തരങ്ങള്‍ കാട്ടിത്തരികയാണ് നോവലിസ്റ്റ്. കൂട്ടത്തില്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അപചയവും നാടകകലയും(സുരാസുവിന്റെ 'വിശ്വരൂപന്‍' വിശേഷിച്ചും)നോവലും വായനയും സര്‍ഗ്ഗാത്മകതയും ലൈംഗികതയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. മാടായിപ്പാറയാണ് നോവലിന്റെ സ്ഥലകേന്ദ്രം; ആ സ്ഥലവിസ്തൃതിയുടെ ചരിത്രവും വര്‍ത്തമാനവും.' മഹാനടനം' ഒരു നടനെത്തന്നെ കഥാപാത്രമാക്കിക്കൊണ്ട് ജീവിതനാടകത്തെക്കുറിച്ചെഴുന്നു. അങ്ങനെ കഥനവും അതികഥനവുമായി നോവല്‍ വികസിക്കുന്നു. അതിദീര്‍ഘമോ അത്ര ഹ്രസ്വമോ അല്ല അത്.' പള്‍പ്പ് ഫിക്ഷ'ന്റെ വേലിയേറ്റത്തില്‍ ഏകാന്തമായ ഒരു പച്ചത്തുരുത്തു പോലെ അത് നമ്മുടെ എഴുത്തിന്റെയും വായനയുടെയും സമകാലത്തില്‍ നിലകൊള്ളുന്നു.