

ഒരു കപ്പ് നല്ല അസ്സല്‍ ചായ കുടിക്കുമ്പോള്‍ നമ്മള്‍ എന്താണ് ഓര്‍ക്കാറുള്ളത്? മൂന്നാറിലെ തണുപ്പോ, അസമിലെ പച്ചപ്പോ അതോ ബംഗാളിലെ തേയിലത്തോട്ടങ്ങളോ? എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനിലെ വിഖ്യാതമായ ക്രിസ്റ്റീസ് ലേലഹാളില്‍ ഇരുന്നവര്‍ക്ക് ആ ചായയ്ക്ക് ബംഗാളി ചിത്രകലയുടെ പ്രൗഢമായ മണമായിരുന്നു.
കഥ തുടങ്ങുന്നത് അങ്ങ് ദൂരെ പച്ചപ്പ് നിറഞ്ഞ അസമിലെയും പശ്ചിമ ബംഗാളിലെയും തേയിലത്തോട്ടങ്ങളിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്‍പ് ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ നട്ടുവളര്‍ത്തിയ തോട്ടങ്ങള്‍. പില്‍ക്കാലത്ത് 'കമേലിയ' എന്ന ആഗോള കമ്പനിയും അതിന്റെ ഭാഗമായ 'ഗുഡ്‌റിക്ക് ഗ്രൂപ്പും' ഈ തോട്ടങ്ങളുടെ അമരക്കാരായി മാറി. എന്നാല്‍ കേവലം കച്ചവടത്തിനപ്പുറം, ആ ചായത്തോട്ടങ്ങളുടെ മണ്ണില്‍ ഒളിഞ്ഞിരുന്ന ബംഗാളിന്റെ സംസ്‌കാരത്തെയും കലയെയും അവര്‍ നെഞ്ചോട് ചേര്‍ത്തു. 1990കളില്‍ കമ്പനിയുടെ തലപ്പത്തിരുന്ന ഗോര്‍ഡന്‍ ഫോക്‌സ് എന്ന കനേഡിയന്‍ നിക്ഷേപകന്‍ ബംഗാളിലെ പ്രമുഖ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ ഒന്നൊന്നായി ശേഖരിക്കാന്‍ തുടങ്ങി. തേയിലക്കൊളുന്ത് നുള്ളുന്ന പെണ്ണുങ്ങളുടെ പാട്ടുകള്‍ക്കിടയിലൂടെ അദ്ദേഹം കൊല്‍ക്കത്തയിലെ വരക്കാരെ തേടിച്ചെന്നു. അങ്ങനെ രൂപപ്പെട്ടതാണ് ലോകപ്രശസ്തമായ 'കമേലിയ കളക്ഷന്‍'.
വര്‍ഷങ്ങള്‍ ഒരുപാടുകഴിഞ്ഞു. കൊല്‍ക്കത്തയിലെ ഇരുണ്ട മുറികളിലിരുന്ന് ക്യാന്‍വാസിലേക്കു പകര്‍ത്തിയ ആ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലണ്ടനിലെ ആഡംബര ലേലഹാളില്‍ അണിനിരന്നു. കമ്പനിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി തങ്ങളുടെ പക്കലുള്ള ഈ ചിത്രശേഖരം വില്‍ക്കാന്‍ അവര്‍ തീരുമാനിച്ചപ്പോഴാണ് ലോകം ആ അത്ഭുതം കണ്ടത്.
തേയിലത്തോട്ടങ്ങളിലെ തണുപ്പില്‍ നിന്നും കമ്പനി ഓഫീസുകളിലെ ഫ്രെയിമുകളില്‍ നിന്നും ഇറങ്ങിവന്ന 93 ചിത്രങ്ങളും ഒന്നുപോലും ബാക്കിയാവാതെയാണ് വിറ്റുപോയത്. ലേലം അവസാനിക്കുമ്പോള്‍ ആകെ സമാഹരിച്ചത് 200 കോടിയിലധികം രൂപ!
ലേലഹാളിലെ വിളക്കുകള്‍ തെളിഞ്ഞപ്പോള്‍ ആദ്യം എത്തിയത് അബനീന്ദ്രനാഥ് ടാഗോര്‍ വരച്ച മഹാത്മാഗാന്ധിയുടെ ഒരു ചെറിയ പെയിന്റിംഗാണ്'ദി സ്പിന്നര്‍ ഓഫ് എ നേഷന്‍സ് ഡെസ്റ്റിനി'. വെറും 30,000 പൗണ്ട് പ്രതീക്ഷിച്ച ആ ചിത്രത്തിനായി ലണ്ടനിലെ കോടീശ്വരന്മാര്‍ മത്സരിച്ചുവിളിച്ചു. ഒടുവില്‍ ലേലം ഉറപ്പിച്ചത് 10 ലക്ഷം പൗണ്ടിലധികം (ഏകദേശം 11 കോടി രൂപ) തുകയ്ക്കാണ്! ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളിലുള്ള മൂന്ന് നൂലുകള്‍ ഗാന്ധിജി കൈകളില്‍ പിടിച്ചിരിക്കുന്ന ആ ചിത്രം ലേലഹാളില്‍ ഒരു ഇന്ത്യന്‍ വസന്തത്തിനു തുടക്കമിട്ടു.
പിന്നീട് അങ്ങോട്ട് ബംഗാളിന്റെ വിഖ്യാത ആധുനിക ചിത്രകാരന്‍ ഗണേഷ് പൈന്റെ ചിത്രങ്ങളുടെ ഊഴമായിരുന്നു. കുട്ടിക്കാലത്ത് കൊല്‍ക്കത്തയിലെ തെരുവുകളില്‍ കണ്ട ചോരപ്പുഴകള്‍ മനസ്സിലിട്ടുകൊണ്ട്, ഇരുണ്ട നിറങ്ങളില്‍ നിഗൂഢതകള്‍ വരച്ചിട്ട കലാകാരനാണ് ഗണേഷ് പൈന്‍. അദ്ദേഹത്തിന്റെ 'ദി ഫിഷര്‍മാന്‍' എന്ന ചിത്രം ലേലഹാളില്‍ എത്തിയപ്പോള്‍ വിസ്മയങ്ങളുടെ അലയൊലികളാണ് ഉണ്ടായത്. ആഴക്കടലില്‍ തടിവഞ്ചി തുഴയുന്ന ഒരു മെലിഞ്ഞ മീന്‍പിടുത്തക്കാരന്റെ ആ ചിത്രം വിറ്റഴിഞ്ഞത് 50 ലക്ഷം ഡോളറിനാണ് (ഏകദേശം 41 കോടി രൂപ). ഗണേഷ് പൈന്റെ ജന്മവാര്‍ഷിക ദിനത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലോക റെക്കോര്‍ഡ് വിലയായി ഇതു മാറി.
തേയിലത്തോട്ടങ്ങളിലെ തണുപ്പില്‍ നിന്നും കമ്പനി ഓഫീസുകളിലെ ഫ്രെയിമുകളില്‍ നിന്നും ഇറങ്ങിവന്ന 93 ചിത്രങ്ങളും ഒന്നുപോലും ബാക്കിയാവാതെയാണ് വിറ്റുപോയത്. ലേലം അവസാനിക്കുമ്പോള്‍ ആകെ സമാഹരിച്ചത് 200 കോടിയിലധികം രൂപ!
പലപ്പോഴും മുംബൈയിലെയും ഡല്‍ഹിയിലെയും ചിത്രകാരന്മാരുടെ പേരുകള്‍ മാത്രം കേട്ടുശീലിച്ച ആഗോള ആര്‍ട്ട് മാര്‍ക്കറ്റിന് ബംഗാളിന്റെ ഈ വിജയഗാഥ ഒരു പുതിയ അറിവായിരുന്നു. ലണ്ടനിലെ ആ ലേലഹാളില്‍നിന്ന് ആളുകള്‍ പിരിഞ്ഞുപോകുമ്പോഴും അവിടെ വിറ്റഴിഞ്ഞ കോടികളുടെ തിളക്കത്തിനിടയിലും എവിടെയോ ആ പഴയ ബംഗാള്‍ ചായത്തോട്ടങ്ങളുടെ മണവും മണ്‍ചുമരുകളില്‍ വരച്ച ചിത്രങ്ങളുടെ ആത്മാവും ബാക്കിയുണ്ടായിരുന്നു.
A cup of Indian tea unexpectedly became the backdrop to a remarkable celebration of Bengali art at a recent Christie's auction in London. The story traces back to tea plantations in Assam and West Bengal, once managed by British planters and later owned by the Camellia Group and Goodricke. In the 1990s, investor Gordon Fox built the renowned Camellia Collection of Bengali artworks. When 93 paintings were auctioned, every piece sold. Highlights included Abanindranath Tagore’s Gandhi painting fetching over £1 million and Ganesh Pyne’s The Fisherman setting a record at about ₹41 crore. The sale raised over ₹200 crore, showcasing Bengal’s artistic legacy globally.