

ഇന്ത്യ ഉൾപ്പെടെ നിരവധി മൂന്നാംലോക രാജ്യങ്ങളിൽ ഡെങ്കിപ്പനി വർഷംതോറും ആയിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്ന രോഗമാണ്. പല സംസ്ഥാനങ്ങളിലും ഓരോ വർഷവും ഡെങ്കിപനിയുടെ എണ്ണത്തിൽ ക്രമാധീത വളർച്ചയാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഡെങ്കിക്കെതിരെ ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടെത്തുകയെന്നത് ലോകാരോഗ്യ സംഘടനയുടേയും അതാത് രാജ്യങ്ങളുടേയും ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്.
ഡെങ്കിപനിയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന ബ്രസീൽ അടുത്തിടെ ഡെങ്കി വാക്സിൻ ക്യാമ്പയിൻ നടത്തിയിരുന്നു. പരിപൂർണ്ണ പരാജയത്തിലായ ആ ക്യമ്പെയിനു ഇന്ത്യയുമായുള്ള ബന്ധമാണ് ചർച്ചയാകുന്നത്. ബ്രസീലിലെ ഡെങ്കി വാക്‌സിനേഷൻ ക്യാമ്പയിനിനിടെ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ബ്രസീൽ സർക്കാർ ജൂൺ 8ന് വാക്‌സിന്റെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ബ്രസീലിൽ ഉപയോഗിച്ചിരുന്ന ബുറ്റാന്റാൻ-ഡിവി എന്ന വാക്‌സിനും ഇന്ത്യയിൽ ഉടൻ വിപണിയിലെത്താൻ സാധ്യതയുള്ള ഡെൻകിആൾ എന്ന വാക്‌സിനും ഒരേ ശാസ്ത്രീയ സാമ്യങ്ങളാണ് എന്നതാണ് നിലവിലെ ആശങ്ക.
ഡെങ്കിപ്പനിയുടെ സങ്കീർണത അതുണ്ടാക്കുന്ന വൈറസിന്റെ സ്വഭാവത്തിലാണ്. ഡെങ്കി വൈറസ് ഒറ്റരൂപത്തിലല്ല വരുന്നത്. DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെ നാല് വ്യത്യസ്ത സെറോടൈപ്പുകളാണ് ഇതിനുള്ളത്. ഒരാൾക്ക് ഒരു സെറോടൈപ്പ് ബാധിച്ച് രോഗം വന്നാൽ അതിനെതിരെയുള്ള പ്രതിരോധം ലഭിക്കുമെങ്കിലും മറ്റ് സെറോടൈപ്പുകൾക്കെതിരെ പൂർണ സംരക്ഷണം ലഭിക്കില്ല. ഇതാണ് ഡെങ്കി വാക്‌സിൻ വികസനത്തെ അത്രയും ദുഷ്കരമാക്കിയത്. നാല് സെറോടൈപ്പുകൾക്കും ഒരേസമയം ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കുന്ന വാക്‌സിനാണ് ശാസ്ത്രജ്ഞർ തേടിയത്. അതിനായി വികസിപ്പിച്ചവയാണ് ടെട്രാവാലന്റ് വാക്സിനുകൾ.
ഇന്ത്യയിലെയും ബ്രസീലിലെയും പുതിയ ഡെങ്കി വാക്‌സിനുകളുടെ കഥ തുടങ്ങുന്നത് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ്. വർഷങ്ങളോളം നടത്തിയ ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞർ നാല് സെറോടൈപ്പുകളെയും ദുർബലമാക്കി. പിന്നീട് അവയെ ചേർത്ത് ഒരു ടെട്രാവാലന്റ് വാക്‌സിൻ വികസിപ്പിച്ചു. ഈ സാങ്കേതികവിദ്യ പിന്നീട് ബ്രസീലിലെയും ഇന്ത്യയിലെ കമ്പനികൾക്കും കൈമാറുകയായിരുന്നു. അതിന്റെ ഫലമായാണ് ഇരു രാജ്യങ്ങളിലും വാക്സിനുകൾ രൂപം കൊണ്ടത്.
ബ്രസീലിൽ വാക്‌സിൻ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഏകദേശം അഞ്ച് ലക്ഷം പേർക്ക് വാക്‌സിൻ നൽകി. തുടക്കത്തിൽ കാര്യങ്ങൾ എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു. എന്നാൽ പിന്നീട് ചിലരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗികൾക്ക് അനുഭവപ്പെട്ട ലക്ഷണങ്ങൾ സാധാരണ വാക്‌സിൻ പാർശ്വഫലങ്ങളായിരുന്നില്ല. കടുത്ത വയറുവേദന, തുടർച്ചയായ ഛർദി, രക്തസ്രാവം തുടങ്ങിയ ഗുരുതര ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോട് സാമ്യമുള്ള അവസ്ഥകളായിരുന്നു. അതിലും ആശങ്കാജനകമായ കാര്യം, ഈ ലക്ഷണങ്ങളൊന്നും Phase-3 ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തപ്പെട്ടിരുന്നില്ല എന്നതാണ്.
സാധാരണയായി ഒരു വാക്‌സിൻ ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാക്കും. പിന്നീട് വൈറസ് ആക്രമിക്കുമ്പോൾ അവ വൈറസിനെ നശിപ്പിക്കും. എന്നാൽ ഡെങ്കിപ്പനിയിൽ ചിലപ്പോൾ കാര്യങ്ങൾ തിരിച്ചാകാം. ചില ആന്റിബോഡികൾ വൈറസിനെ പൂർണമായി തടയാൻ കഴിയാതെ വന്നാൽ അവ വൈറസിനെ ശരീരത്തിലെ കോശങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാൻ സഹായിക്കും. അതിന്റെ ഫലമായി രോഗം കൂടുതൽ ഗുരുതരമാകും. ഡെങ്കിപ്പനി വാക്‌സിൻ വികസനത്തിൽ വർഷങ്ങളായി ശാസ്ത്രജ്ഞരെ അലട്ടുന്ന ഏറ്റവും വലിയ ആശങ്കയും ഇതുതന്നെയാണ്.
ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്‌സിൻ Phase-3 പരീക്ഷണ ഘട്ടം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയ പരീക്ഷണം 2024ലാണ് ആരംഭിച്ചത്. ഇവരെ രണ്ട് വർഷം നിരീക്ഷിച്ച ശേഷമായിരിക്കും അന്തിമ വിലയിരുത്തൽ.
Dengue fever continues to claim thousands of lives every year in India and many other developing countries, making the search for an effective vaccine a global health priority. Concerns have emerged after Brazil suspended its dengue vaccination campaign following two deaths and several reports of severe side effects among vaccine recipients. The concern is significant because Brazil’s Butantan-DV vaccine shares key scientific similarities with India’s upcoming DengiAll vaccine. Dengue’s four virus serotypes make vaccine development challenging, requiring protection against all variants.