

അത്യന്തം അപകടകരമായ സവിശേഷ സാഹചര്യത്തെ നേരിടുകയാണ് ഇന്ത്യയിലെ രാജ്യത്തെ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികൾ. തലച്ചോറിലെയും കഴുത്തിലെയും കാന്‍സറുകള്‍, ഗര്‍ഭാശയമുഖ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയവയ്ക്കു നൽകുന്ന സിസ്പ്ലാറ്റിന്‍, കാര്‍ബോപ്ലാറ്റിന്‍ എന്നീ രണ്ട് പ്രധാന കീമോതെറാപ്പി മരുന്നുകളുടെ ഉത്പാദനം രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചതാണ് ഈ പ്രതിസന്ധിക്കു കാരണം. മരുന്ന് നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സര്‍ക്കാരിന്റെ കര്‍ശനമായ വിലനിയന്ത്രണവും കാരണം ഉത്പാദനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മരുന്നു കമ്പനികളുടെ നീക്കം.
സിസ്പ്ലാറ്റിന്, കാര്‍ബോപ്ലാറ്റിന്‍ കീമോതെറാപ്പി മരുന്നുകളുടെ ജീവന്‍രക്ഷാ ഘടകമായ ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് നിര്‍മിക്കുന്നതു പ്ലാറ്റിനത്തില്‍ നിന്നാണ്. എന്നാല്‍ പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ പ്ലാറ്റിനത്തിന്റെ വിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്ലാറ്റിനം വിലക്കയറ്റം: 2025 ജൂണ്‍ മുതല്‍ പ്ലാറ്റിനത്തിന്റെ വില ഗ്രാമിന് 2,000 രൂപയില്‍നിന്ന് 5,000 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ 15-17 വര്‍ഷത്തിനിടയിലെ ഏറ്റവും ഭയാനകമായ വിലക്കയറ്റമാണിത്.
നടുവൊടിച്ച് ഇറക്കുമതി തീരുവ: മരുന്നിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഭൂരിഭാഗവും വിദേശത്തുനിന്നാണ് വരുന്നത്. ഇതിനിടയിലാണ് സര്‍ക്കാര്‍ പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനത്തില്‍നിന്ന് 15.4 ശതമാനമായി കുത്തനെ കൂട്ടിയത്. രൂപയ്‌ക്കെതിരെ യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും തിരിച്ചടിയായി.
സര്‍ക്കാർ ഇടപെടൽ: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ കര്‍ശനമായ വിലനിയന്ത്രണം കാരണം വിപണിയില്‍ സിസ്പ്ലാറ്റിന് 250 മുതല്‍ 400 രൂപ വരെയും കാര്‍ബോപ്ലാറ്റിന് 1,000 രൂപ വരെയുമേ പരമാവധി ഈടാക്കാന്‍ അനുവാദമുള്ളൂ.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതോടെ, മരുന്നിന്റെ നിര്‍മാണച്ചെലവ് അതിന്റെ വിപണി വിലയേക്കാള്‍ വളരെ കൂടുതലായി മാറിയെന്നാണ് കമ്പനികൾ പറയുന്നത്. ഇതു ചൂണ്ടിക്കാട്ടി 'നാപ്രോഡ് ലൈഫ് സയന്‍സസ്' ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഉത്പാദനം പൂര്‍ണമായി നിര്‍ത്തി. വിദേശത്തുനിന്ന് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരാനുള്ള പ്രത്യേക സര്‍ക്കാര്‍ പെര്‍മിറ്റിനായി 3-4 മാസം കാത്തിരിക്കേണ്ടി വരുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
മരുന്നു കമ്പനികള്‍ ഫാക്ടറികള്‍ അടച്ചുപൂട്ടിയപ്പോള്‍ അതിന്റെ നേരിട്ടുള്ള പ്രഹരമേല്‍ക്കുന്നത് ജീവനായി പോരാടുന്ന സാധാരണക്കാരായ രോഗികള്‍ക്കാണ്. നിലവില്‍ കീമോതെറാപ്പി ഡേ കെയര്‍ രോഗികളില്‍ 20 മുതല്‍ 40 ശതമാനം വരെ ഈ പ്ലാറ്റിനം അധിഷ്ഠിത മരുന്നുകള്‍ അനിവാര്യമാണ്.
മരുന്നുകളുടെ കടുത്ത ക്ഷാമം കാരണം ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിലവിലുള്ള സ്റ്റോക്ക് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ഡോസുകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുകയാണ്. ബദല്‍ മരുന്നുകള്‍ ഉണ്ടെങ്കിലും അവയുടെ ഫലപ്രാപ്തിയെക്കുറിച്ച് കൃത്യമായ തെളിവുകളില്ലെന്ന് മാത്രമല്ല, അവ രോഗികള്‍ക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു.
ഭാവിയില്‍ ഇത്തരം ജീവന്‍രക്ഷാ മരുന്നുകളുടെ ദൗര്‍ലഭ്യം മുന്‍കൂട്ടി അറിയാന്‍ 'ദേശീയ ഏര്‍ലി വാണിങ് സിസ്റ്റം'കൊണ്ടുവരണമെന്നും മെഡിക്കല്‍ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു
ക്ഷാമം ഈ രീതിയില്‍ തുടര്‍ന്നാല്‍ രാജ്യത്തെ ഓരോ അഞ്ച് കാന്‍സര്‍ രോഗികളില്‍ ഒരാളുടെ വീതം ചികിത്സ കടുത്ത കാലതാമസം നേരിടുമെന്ന് കാന്‍സര്‍ കെയര്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത, കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി നശിപ്പിക്കാനുള്ള ചികിത്സയിലുള്ള ഒരു രോഗിക്ക് മരുന്ന് ലഭ്യതക്കുറവ് മൂലം നാലാഴ്ചയില്‍ കൂടുതല്‍ ചികിത്സ വൈകിയാല്‍ അവരുടെ മരണസാധ്യത ആറു മുതല്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്നതാണ്.
ഇതുവരെ നാല് മരുന്നുകളുടെ വില വർധനവിനു മാത്രമാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. അതേസമയം, അസംസ്കൃത വസ്തുക്കളുടെ വിലയിൽ വൻ വർധനവ് ചൂണ്ടിക്കാട്ടി, 82 മരുന്നുകളുടെ വില പരിഷ്കരണമാണ് മരുന്ന് ഉത്പാദകർ ആവശ്യപ്പെടുന്നത്.
ഈ ജീവന്‍മരണ പോരാട്ടത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യം വലിയൊരു മാനുഷിക ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. നിര്‍മ്മാതാക്കള്‍ നിലവില്‍ വില പരിധി പുതുക്കി നിശ്ചയിക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനൊപ്പം ഇറക്കുമതി തീരുവ കുറയ്ക്കാനും ലൈസന്‍സ് നടപടികള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും മരുന്ന് കമ്പനികൾ ആവശ്യപ്പെടുന്നു.
ഭാവിയില്‍ ഇത്തരം ജീവന്‍രക്ഷാ മരുന്നുകളുടെ ദൗര്‍ലഭ്യം മുന്‍കൂട്ടി അറിയാന്‍ 'ദേശീയ ഏര്‍ലി വാണിങ് സിസ്റ്റം'കൊണ്ടുവരണമെന്നും മെഡിക്കല്‍ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിപണിയിലെ വിലക്കയറ്റവും തമ്മിലുള്ള തര്‍ക്കത്തില്‍ ഒടുവില്‍ പിടഞ്ഞുതീരുന്നത് പാവപ്പെട്ട രോഗികളുടെ ജീവനാണ്.
Summary
Due to a massive increase in platinum prices, pharmaceutical companies have stopped the production of chemotherapy drugs, posing a severe challenge for cancer patients.