സാബര്‍മതിയിലെ ചെരിപ്പുകുത്തി

സച്ചിദാനന്ദൻ എഴുതിയ കവിത
സാബര്‍മതിയിലെ ചെരിപ്പുകുത്തി
Published on

ചര്‍ക്കയില്‍ പരുപരുത്ത സ്വാതന്ത്ര്യം

നൂറ്റുകൊണ്ടിരിക്കെ

താന്‍ അഴിച്ചുവെച്ച മെതിയടികള്‍

ഗാന്ധിയെ ദയനീയമായി നോക്കി. 

‘ബാപ്പു, മണലിലും ചരലിലും

നാട്ടിന്‍പുറത്തെ പെരുവഴികളിലും

അതിവേഗം നടന്നു നടന്ന് ഞങ്ങള്‍

തേഞ്ഞു തീരാറായി. നടത്തം കുറയ്ക്കൂ

അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വിശ്രമം തരൂ.’

‘നടത്തം കുറയ്ക്കുകയോ? അതിന്

ആരെങ്കിലും എന്നെ വെടിവെച്ചിടേണ്ടി വരും

കാലിലാണ് എന്റെ ഹൃദയം, മസ്തിഷ്കം

ഹൃദയത്തിലെന്ന പോലെ.’

പിന്നെ ഗാന്ധി,

മരിച്ച ഒരു കാളയുടെ തോലെടുത്ത്

തന്റെ വലിയ കാലടികളുടെ

അളവില്‍  രണ്ടു കഷണം മുറിച്ചെടുത്തു.

മരിച്ച കാള ചോദിച്ചു: ‘ മരിച്ചവരോടും വേണ്ടേ കരുണ?

അഹിംസ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമോ?’

ഗാന്ധി അല്‍പ്പനേരം കണ്ണടച്ചിരുന്നു

പ്രതിവചിച്ചു: ‘അതിര്‍ത്തി

അഹിംസയ്ക്കുമുണ്ട്. മരണം.

എനിക്കറിയാം, നിന്റെ ആത്മാവാണ്

ഈ ചോദ്യം ചോദിക്കുന്നത്.’

‘ഊം,’കാളയുടെ ആത്മാവ് മെല്ലെ അമറി,

‘എന്റെ തോല്‍ അങ്ങയുടെ കാലുകളെ

കല്ലിലും മുള്ളിലും നിന്ന് കാക്കുമെങ്കില്‍.’

ഗാന്ധി പതുക്കെ ചെരിപ്പുകുത്തുന്ന

സൂചിയെടുത്ത് പണി തുടങ്ങി.

‘വഴികള്‍. വഴികള്‍ എന്നെ ഭയപ്പെടുത്തുന്നു’

രൂപം കൊള്ളുന്നതിനിടെ, ദുസ്വപ്നം

കണ്ട പോലെ ചെരിപ്പു പറഞ്ഞു.

‘വഴികള്‍ പലതുണ്ട്; ഞാന്‍ നിന്നെ

സ്നേഹത്തിന്റെ വഴിയിലൂടെ നടത്താം,

വേദനിക്കാതെ.’

വെയില്‍ തളംകെട്ടി നിന്ന വഴികളിലെ

കല്ലുകള്‍ മോക്ഷം കാത്തു കിടന്നു.

മഞ്ഞും ചോരയും ഓര്‍മ്മകളായി പറ്റിപ്പിടിച്ച പുല്ലുകള്‍

ഭാവിയിലേയ്ക്കെത്തിനോക്കി.

അവ കണ്ടു, മുകളില്‍,

സ്വാതന്ത്ര്യത്തിലേക്കു പറന്നു നീങ്ങുന്നു,

നീതിയുടെ ചിറകുകള്‍ വെച്ച

രണ്ടു ചെരിപ്പുകള്‍.      

Madism Digital
madismdigital.com