ചുരം കയറുമ്പോൾ

കവിത/ ടി റെജി
ചുരം കയറുമ്പോൾ
Published on

ചുരം കയറുമ്പോൾ

ശരീരമുപേക്ഷിച്ച ചൂട്

ചുരമിറങ്ങും മറ്റേതോ-

ശരീരത്തെ  പ്രതീക്ഷിച്ച്

താഴ്‌വാരത്തിലെ മടക്കുകളിൽ പതിയിരിക്കുന്നുണ്ടാവാം.

ചുരം കയറുമ്പോൾ

മഞ്ഞിൻ തണുത്ത നാവുകൾ

നക്കിത്തുടയ്ക്കുമെന്നെ,

കുളിർപ്പുതപ്പിനാൽ മൂടി

രോമക്കുഴികൾ തുടുത്ത്

തൊലി തിടംവെച്ച്

ഇരുമ്പുടലിൻ കട്ടിയായ്  ഞാൻ.

ഞാൻ ഞാനെന്ന് മാത്രമോർത്തിരിക്കേ

ഉടൽത്തണുപ്പിനെ തുവർത്തിയെടുക്കും വെയിൽച്ചൂരിൽ,

ഉപ്പിലിട്ട ശരീരമായി ഞാനൊരു

വാഹനത്തിൽ പിൻസീറ്റിൽ.

ചുരം പിന്നിടുമ്പോൾ വയൽ,

വയലിൽ പച്ചപ്പ്,

പച്ചപ്പിന്നിടയിൽപ്പതുങ്ങി

കൃഷിക്കാർ,

അവരുടെ ശരീരം

വിയർപ്പിനെ അണകെട്ടിനിർത്തിയ

കോടമഞ്ഞിൻ തുടുപ്പ്.

ആകാശം;

ആർത്തുപെയ്യും മഞ്ഞ്.

മലകൾ;

ചെരിച്ചുപിടിച്ച കുടകൾ.

കാട്;

മറ്റൊരു കടലിരമ്പം

വയൽ;

കനിക്കിനാവിൻ പറുദീസ.

അങ്ങനെയങ്ങനെ  ഞാനുണരും

പുലരിത്തണുപ്പിൽ

പിഞ്ഞിയ വസ്ത്രം പോൽ

എന്റെയുടൽ.

അങ്ങനെ ഞാനുറങ്ങും

രാക്കറുപ്പിൽ

നിലാവ്  നിവർത്തി വായിക്കും പുസ്തകം

എൻ മനം.

തൂവലുകൾ നഷ്ടപ്പെട്ട പക്ഷിയിപ്പോൾ

ചുരമിറങ്ങുകയാണ്

ചൂടിൽ കൂട്ടിലേക്ക്.

ഒരു കിനാവ് പോലെ.

പകൽക്കിനാവ്

പോലെ.

Madism Digital
madismdigital.com