ചരിത്രവും തര്‍ക്കങ്ങളും ഇഴചേര്‍ന്ന കലാസൃഷ്ടി; വാന്‍ ഗോഗ് ചിത്രം വിറ്റുപോയത് 1,779.64 കോടിക്ക്

നാസികളുടെ ഉയര്‍ച്ചയുടെ കാലത്ത് ഈ കലാസൃഷ്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി വിറ്റതാണെന്ന അവകാശവാദങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം അവസാന നിമിഷം പരിഹരിച്ചതിനെത്തുടര്‍ന്നാണ് ഈ ചരിത്രപരമായ ലേലം നടന്നത്.
ചരിത്രവും തര്‍ക്കങ്ങളും ഇഴചേര്‍ന്ന കലാസൃഷ്ടി; വാന്‍ ഗോഗ് ചിത്രം വിറ്റുപോയത് 1,779.64 കോടിക്ക്
Published on: 

പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗിന്റെ എണ്ണച്ചായചിത്രമായ 'ഷാറ്റെയ്‌നിയേഴ്‌സ് എന്‍ ഫ്‌ളൂര്‍' (Chataigniers en flesur- 'പൂത്തുനില്‍ക്കുന്ന ചെസ്റ്റ്‌നട്ട് മരങ്ങള്‍') റെക്കോര്‍ഡ് തുകയായ 190.4 ദശലക്ഷം ഡോളറിന് (ഏകദേശം 1,779.64 കോടി രൂപ) വിറ്റുപോയി. പ്രമുഖ ലേലസ്ഥാപനമായ സോത്ത്ബീസ് ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടത്തിയ ലേലത്തിലാണ് ഈ ചരിത്രനേട്ടം. 2022-ല്‍ 117.2 ദശലക്ഷം ഡോളറിന് വാന്‍ ഗോഗിന്റെ മറ്റോരുചിത്രം വിറ്റുപോയിരുന്നു. ആ റെക്കോര്‍ഡാണ് പുതിയ ലേലം തകര്‍ത്തത്.

നാസികളുടെ ഉയര്‍ച്ചയുടെ കാലത്ത് ഈ കലാസൃഷ്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി വിറ്റതാണെന്ന അവകാശവാദങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം അവസാന നിമിഷം പരിഹരിച്ചതിനെത്തുടര്‍ന്നാണ് ഈ ചരിത്രപരമായ ലേലം നടന്നത്.

കലാസൃഷ്ടിയുടെ സവിശേഷതകള്‍

1890-ല്‍, വാന്‍ ഗോഗിന്റെ ജീവിതത്തിന്റെ അവസാന രണ്ട് മാസങ്ങളിലാണ് 'ഷാറ്റെയ്‌നിയേഴ്‌സ് എന്‍ ഫ്‌ളൂര്‍' വരച്ചത്. ആ കാലഘട്ടത്തില്‍ വരച്ചതും സ്വകാര്യ വ്യക്തികളുടെ ശേഖരത്തില്‍ അവശേഷിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട കലാസൃഷ്ടികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നതെന്ന് സോത്ത്ബീസ് വ്യക്തമാക്കുന്നു. ലേലത്തിന് മുന്‍പ് 180 ദശലക്ഷം ഡോളര്‍ (1,682.28 കോടി) മൂല്യം കണക്കാക്കിയിരുന്ന ഈ ചിത്രം, 'ബ്ലാക്കിയര്‍-അരിയേറ്റ കളക്ഷന്‍' എന്ന പേരിലുള്ള ശേഖരത്തിന്റെ ഭാഗമായാണ് ലേലത്തിന് വെച്ചത്. അതേസമയം, ചിത്രം വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നാസി കാലഘട്ടവും ഉടമസ്ഥാവകാശ തര്‍ക്കവും

ലേലത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, ചിത്രത്തിന്റെ നിലവിലെ ഉടമകളായ ബ്ലാക്കിയര്‍-അരിയേറ്റ കുടുംബവും മുന്‍ ജര്‍മ്മന്‍ ഉടമകളായിരുന്ന ഫിഷര്‍ കുടുംബത്തിന്റെ അനന്തരാവകാശികളും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതായി സോത്ത്ബീസ് അറിയിച്ചു. നാസി ഭരണകൂടത്തിന്റെ ഉയര്‍ച്ചയ്ക്കിടെ ഫിഷര്‍ കുടുംബത്തിന്റെ പ്രസാധന കമ്പനിക്ക് നേരിട്ട കടുത്ത സാമ്പത്തിക നഷ്ടം കാരണമാണ് രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് ആംസ്റ്റര്‍ഡാമില്‍ വെച്ച് ഈ ചിത്രം വില്‍ക്കേണ്ടി വന്നതെന്ന് അനന്തരാവകാശികളുടെ അഭിഭാഷകന്‍ സോത്ത്ബീസിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി വിറ്റതാകാമെന്ന വാദം ഉയര്‍ന്നത്.

ചരിത്രവും തര്‍ക്കങ്ങളും ഇഴചേര്‍ന്ന കലാസൃഷ്ടി; വാന്‍ ഗോഗ് ചിത്രം വിറ്റുപോയത് 1,779.64 കോടിക്ക്
അടുക്കളയിൽ തീപിടിക്കുന്നു, വായ്പകളിൽ പലിശഭാരം; കേരളത്തിലും രാജ്യത്തും വിലക്കയറ്റം കുതിക്കുന്നതെന്തുകൊണ്ട്?

തുടര്‍ന്ന്, സോത്ത്ബീസാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതും ലേലം നടത്തിയതും. 'ചിത്രത്തിന്റെ സങ്കീര്‍ണ്ണമായ നാസി കാലഘട്ട ചരിത്രവും ഹോളോകോസ്റ്റ് കാലത്ത് ഫിഷര്‍ കുടുംബം അനുഭവിച്ച ദുരിതങ്ങളും കണക്കിലെടുത്ത്, ഇരു കുടുംബങ്ങളും പരസ്പരം തൃപ്തികരമായ ഒരു ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ടെന്നും അവരുടെ കരാര്‍ പ്രകാരം ചിത്രം വില്‍ക്കുമെന്നും' ചര്‍ച്ചകള്‍ക്ക് ശേഷം സോത്ത്ബീസ് വ്യക്തമാക്കിയിരുന്നു.

ഉടമസ്ഥാവകാശ ചരിത്രം

1890 മുതല്‍ ചിത്രം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ വിശദമായ ചരിത്രവും സോത്ത്ബീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ജര്‍മ്മന്‍ പ്രസാധകനായ സാമുവല്‍ ഫിഷര്‍ 1909-ല്‍ ഈ ചിത്രം സ്വന്തമാക്കി. തുടര്‍ന്ന് 1932-1933-ല്‍ ആംസ്റ്റര്‍ഡാമിലെ പോള്‍ കാസിററുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും 1934-ല്‍ സാമുവല്‍ ഫിഷറിന്റെ മരണശേഷം ചിത്രം കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. പിന്നീട് 1936-ല്‍ ചിത്രം പാരീസിലെ ഹെന്റിയെറ്റ്, മാര്‍സെല്‍ കാപ്‌ഫെറര്‍ എന്നിവരുടെ കൈവശമെത്തി. തുടര്‍ന്ന് മറ്റ് നാല് ഉടമകളിലൂടെയും ചിത്രം കൈമാറ്റം ചെയ്യപ്പെട്ടു. ഏറ്റവും പുതിയ വില്‍പനയ്ക്ക് മുന്‍പ്, 1975-ല്‍ ബ്ലാക്കിയര്‍ കുടുംബം ചിത്രം സ്വന്തമാക്കുകയും അരനൂറ്റാണ്ടിലേറെക്കാലം കൈവശം വയ്ക്കുകയും ചെയ്തു.

Summary

Vincent van Gogh’s painting Chataigniers en fleurs (Chestnut Trees in Blossom) has been sold for a record $190.4 million (approximately ₹1,779.64 crore) at a Sotheby’s auction in New York. The sale surpassed the artist’s previous auction record of $117.2 million, set in 2022. Painted in 1890 during the final months of Van Gogh’s life, the artwork was part of the Blackier-Arietta collection. The auction proceeded after a long-running ownership dispute between the current owners and the heirs of the Fischer family, who had owned the painting during the Nazi era. The Fischer heirs had raised concerns that the artwork was sold under financial pressure linked to the Nazi regime’s rise. Sotheby’s confirmed that both families reached a mutually satisfactory settlement before the auction.