

സിനിമ തേടിയുള്ള യാത്രക്കിടയിൽ അവിചാരിതമായി ഒരിക്കൽ എത്തിപ്പെട്ട ഒരിടമുണ്ട്, അത് മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ, കഥകളുടെ സുൽത്താനായ ബഷീറിന്റെ ‘ഭാർഗ്ഗവീനിലയ’ത്തിന് മുന്നിലായിരുന്നു. ഏറെ നാളായി അടഞ്ഞുകിടക്കുകയായിരുന്നു ആ വലിയ മാളിക. അവിടേക്ക് റിക്ഷയില്‍ കുറച്ച് വീട്ടുസാധനങ്ങളുമായി ഞാനും വന്നെത്തി. വാതിൽ തുറന്ന് കയറുമ്പോൾ മനസ്സിന്റെ ഉള്ളറകളിലേക്ക് കയറുന്ന കണക്കേ തോന്നിയിരുന്നു. തീവ്രമായ ഇരുട്ടും വെളിച്ചവും സൃഷ്ടിക്കുന്ന കൈറോസ് ക്യൂറോ, നീണ്ടുകിടക്കുന്ന നിഴലുകൾ, മനസ്സിന്റെ നാമറിയാത്ത ഇരുട്ടറകളിലേക്ക് ആദ്യമായി കടക്കാൻ ശ്രമം നടത്തിയ സിഗ്മണ്ട് ഫ്രോയിഡിന്റെ കാൽപ്പാടുൾ എന്നിവ ആ ഇരുട്ടറകളിലേക്ക് നീണ്ടിരുന്നു. അതിനു പുറകേ മറ്റൊരു കാൽപ്പാടും. അത് എ വിൻസെന്റ് എന്ന മഹാനായ സംവിധായകന്റേതായിരുന്നു. ഛായാഗ്രാഹകനായി സിനിമയിൽ വന്ന അദ്ദേഹം പിന്നീട് സംവിധായകനായപ്പോൾ കാഴ്ചയിലൂടെ മനുഷ്യന്റെ ആന്തരിക ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
മനസ്സിന്റെ ഓരോ അറകളെയും തുറന്ന്, അതിനെ കലയിൽ പകർത്താൻ ശ്രമിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പിറന്ന കലാശൈലിയെ പിന്നീട് നമ്മൾ എക്സ്പ്രഷനിസം എന്ന് വിളിച്ചു. ഒരു ചിത്രം ആ ചിത്രത്തിനപ്പുറത്തെ കലാകാരന്റെ ഉള്ളിലെ ലോകം സൃഷ്ടിക്കുന്ന ആശയങ്ങളും ഭയവും സ്നേഹവും ഭോഗാസക്തിയും എല്ലാം വർണ്ണങ്ങളിലൂടെ പകർത്തിയവരായിരുന്നു എക്സ്പ്രഷനിസ്റ്റുകൾ. എഡ്വേർഡ് മങ്കും, എഗോൺ ഷീലെയുമെല്ലാം വരച്ച ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ, നമ്മൾ കാണുന്നത് മനുഷ്യമനസിന്റെ അറിയാപ്പുറങ്ങൾ ബാഹ്യമായി രൂക്ഷമായ വർണ്ണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും പകർത്തിയെഴുതുന്നതാണ്. അത് പിന്നീട് കവിതയിലേക്കും നാടകത്തിലേക്കും സിനിമയിലേക്കും പടർന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ദശകത്തിലായിരുന്ന സിനിമയിൽ അതു വരുത്തിയത് മറ്റൊരു തലത്തിൽ നിൽക്കുന്ന ചിത്രരൂപകല്പനയായിരുന്നു. ജർമ്മനിയിൽ ഒന്നാം ലോക മഹായുദ്ധകാലത്താണ് ജർമൻ എക്സ്പ്രഷനിസം എന്ന ചലച്ചിത്രധാര കടന്നുവരുന്നത്. വൈദ്യുതി റേഷൻ വെട്ടിക്കുറച്ചതിനാൽ വലിയ വലിയ സെറ്റുകളിൽ ലൈറ്റിംഗ് പ്രശ്നം നേരിട്ടു, ഇത് പരിഹരിക്കാനായി നീണ്ടുകിടക്കുന്ന നിഴലുകൾ വരച്ചു ചേർത്ത് ഒരു വിഭ്രാത്മകമായ ലോകം സൃഷ്ടിച്ചു, ജർമ്മൻ എക്പ്രഷനിസം ഉദയം കൊളളുന്നത് ഇങ്ങനെയായിരുന്നു. പരിമിതികൾ ഇവിടെ പുതിയൊരു കാഴ്ചപ്പാട് ഉണ്ടാക്കുകയാണ്. സ്വപ്നത്തിനും ഭ്രമത്തിനും ഇടയിലെ നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന കുറേ കഥാപാത്രങ്ങളെയാണ് നമ്മൾ ‘ക്യാബിനറ്റ് ഓഫ് ഡോക്ടർ കലിഗരി’യിലും മറ്റും കാണുന്നത്.
എക്സ്പ്രഷനിസത്തെ കുറിച്ച് എന്നെ പഠിപ്പിച്ച ഫിലിം ഹിസ്റ്ററി പണ്ഡിതർ ഒരിക്കലും ഭാർഗ്ഗവീനിലയത്തെ അതിനോട് ചേർത്തു വായിച്ചിട്ടില്ല!
എ വിൻസന്റ് എന്ന ഇതിഹാസം മലയാള സിനിമയിലേക്ക് ഈ ശൈലിയെ പറിച്ചുനടുമ്പോൾ, നമ്മുടെ കഥാ ലോകത്തോട് ഇണങ്ങത്തക്ക രീതിയിൽ എക്സ്പ്രഷൻസത്തെ പൊളിച്ചെഴുതുന്നു. ഭാർഗ്ഗവിയുടെ ആത്മാവും മനസ്സും എല്ലാമാകുന്ന ആ വീട്ടിലേക്ക് വന്നു താമസമാക്കുന്ന എഴുത്തുകാരൻ പതിയെ പതിയെ അയാൾ പോലും അറിയാതെ ഭാർഗ്ഗവിയുടെ മനസ്സുമായി ലയിക്കുന്നുണ്ട്. പലപ്പോഴും നമ്മൾ എഴുതി തുടങ്ങുന്ന കഥകൾ ഒരു പ്രത്യേക ഇടത്ത് എത്തുമ്പോൾ കഥാപാത്രങ്ങൾ തന്നെ നമ്മളോട് സംസാരിച്ചു തുടങ്ങുകയും കഥയെ എങ്ങനെ മുന്നോട്ടുകൊണ്ടു പോകണമെന്ന് പറഞ്ഞുതരികയും ചെയ്യാറില്ലേ? അതുപോലെ ഇവിടെയും ഭാർഗ്ഗവിയുടെ മനസ്സും പ്രപഞ്ചവും കഥാകാരന്റെ തൂലികയും ചേർന്ന് ആ കഥാലോകം സൃഷ്ടിക്കുകയാണ്. ഭാർഗ്ഗവിയുടെ കാമുകനായ പാട്ടുകാരനെ പിന്നീടാണ് നാം മനസ്സിലാക്കാൻ തുടങ്ങുന്നത്. കോളേജ് ഡേയ്ക്ക് വേണ്ടി അയാൾ ഒരുക്കുന്ന സംഗീതം അത് വിളക്കിലേക്ക് പറന്നടുക്കുന്ന ശലഭത്തെ കുറിച്ചാണ്, ഭാർഗ്ഗവി ഇവിടെ ശലഭമായി മാറുന്നു. കഥാകാരൻ ആദ്യമായി ഭാർഗ്ഗവിയെ കാണുന്നത് അല്ലെങ്കിൽ കണ്ടതുപോലെ തോന്നുന്നത് കടൽക്കരയിൽ വച്ചാണ് വെള്ളസാരിയുടുത്ത് തന്റെ നേർക്ക് ഓടി വരുന്ന ഒരു സുന്ദരി. പിന്നീട് മുറിയിൽ ചെല്ലുമ്പോൾ അയാൾ അവിടെയുള്ള ഫോട്ടോ കണ്ട് മനസ്സിലാക്കുകയാണ് അയാൾ കണ്ടത് ഭാർഗ്ഗവിയെയാണെന്ന്. ഫ്രോയിഡ് പറയുന്നത് നമ്മുടെ കണ്ണിൽ പതിച്ച നാം ശ്രദ്ധിക്കാത്ത പല കാഴ്ചകളും സ്വപ്നങ്ങളിൽ പുനർജീവിക്കും എന്നാണ്. ഇവിടെ കഥാകാരൻ കാണുന്നത് അത്തരത്തിൽ ഒരു പകൽ സ്വപ്നം ആകാൻ വഴിയുണ്ട്.
ആഴമേറിയ കിണർ വളരെ നിഗൂഢമായ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഒരിടമാണ്. ഭാർഗ്ഗവി കൊലചെയ്യപ്പെട്ട ആഴങ്ങളെക്കുറിച്ചും ഇത്തരത്തിൽ ഒരു വായന നടത്തുകയാണെങ്കിൽ,അത് മനസ്സിന്റെ ആഴങ്ങൾ ആണെന്നും കഥാപാത്രങ്ങളുടെ ഉള്ളിലെ ലോകത്തിന്റെ ബാഹ്യമായ ആവിഷ്കാരമാണെന്നും മനസ്സിലാക്കാം.
എ വിൻസന്റ് എന്ന മഹാനായ സംവിധായകൻ വൈക്കം മുഹമ്മദ് ബഷീർ എന്ന അതുല്യനായ എഴുത്തുകാരനുമായി ചേർന്ന് സൃഷ്ടിക്കുന്ന ഈ ലോകത്തിൽ ഓരോ ഫ്രെയിമും ഒരോ എക്സ്പ്രഷനിസ്റ്റ് കാവ്യമാണ്. എക്സ്പ്രഷനിസത്തെ കുറിച്ച് എന്നെ പഠിപ്പിച്ച ഫിലിം ഹിസ്റ്ററി പണ്ഡിതർ ഒരിക്കലും ഭാർഗ്ഗവീനിലയത്തെ അതിനോട് ചേർത്തു വായിച്ചിട്ടില്ല! ഒരിക്കൽ ഐ എഫ് എഫ് കെ യിൽ വെച്ച് ഞാൻ ഭാർഗവീനിലയത്തിന്റെ റീമാസ്റ്റേഴ്സ് വേർഷൻ കണ്ടപ്പോൾ അതിലെ ഷോട്ടുകളും അവയുടെ ആംഗിളുകളും എന്റെയുള്ളിൽ ഉണർത്തിയ ചിന്തകളാണ് പിന്നീട് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്.
ചിലപ്പോൾ, മനസ്സിലെ വിഭ്രാത്മകമായ ബിംബങ്ങളെ സിനിമയിൽ പ്രതിബിംബങ്ങളായി കാണുന്നതാണോ എന്നുപോലും സംശയിച്ചിരുന്നു. പക്ഷേ എഡ്‌വേർഡ് മങ്കിന്റെ ദി സ്ക്രീം, എഫ്.ഡബ്ല്യൂ. മുർനൗയുടെ നോസ്ഫെറാറ്റുയും നമ്മുടെ ഉള്ളിൽ ഉണർത്തുന്ന മാനസിക വ്യാപാരങ്ങൾക്കും ചലനങ്ങൾക്കും തുല്യമായ അലകൾ തന്നെ ഭാർഗ്ഗവീനിലയം എന്ന ഇതിഹാസ ചലച്ചിത്രവും എന്റെ ഉള്ളിൽ സൃഷ്ടിച്ചു. കറുപ്പും വെളുപ്പും ഇഴചേർന്ന പട്ടുനൂലൂഞ്ഞാല് കെട്ടുകയാണ് വിൻസന്റ് സാർ. ഇവിടെ ആ ഊഞ്ഞാൽ ഭാർഗ്ഗവിയുടെ കിനാവുകൾ കൊണ്ടുള്ളതാണ്. പൊട്ടിതകർന്ന കിനാവുകൾ കൊണ്ട്.