സിനിമാപ്രണയികളെ കയ്യടിപ്പിച്ച ഓസ്കാർ

സിനിമാപ്രണയികളെ കയ്യടിപ്പിച്ച ഓസ്കാർ

ഓസ്കാർ ചരിത്രത്തിൽ തന്നെ മൂന്ന് പ്രാവശ്യം അഭിനയത്തിനുള്ള അംഗീകാരം നേടിയ നാലാമത്തെ മാത്രം നടനായ ഷോൺ പെൻ ചടങ്ങിൽ പങ്കെടുത്തില്ല
Published on

സിനിമകളുടെ കാര്യത്തിൽ അതിസുന്ദരമായ വർഷമായിരുന്നു 2025. പല നാടുകളിൽ നിന്ന്, പല ഭാഷകളിലായി, ചെറുതും വലുതുമായ ഒട്ടനവധി മികച്ച സിനിമകൾ വന്ന, വിജയിച്ച, ചർച്ച ചെയ്യപ്പെട്ട സുന്ദര സിനിമാവർഷം.

വർഷം കുറച്ച് മുന്നോട്ട് പോയതിന് ശേഷം നടക്കുന്നതുകൊണ്ട് അന്താരാഷ്‌ട്ര തലത്തിൽ മുൻ വർഷത്തെ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഗ്രാൻഡ്‌ ഫിനാലെയായി ഓസ്കാറിനെ വിലയിരുത്തിയാലും തെറ്റില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് സാമാന്യം ആവേശത്തോടെയാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ ശ്രദ്ധിച്ചതും കണ്ടതും. സമീപ വർഷങ്ങളിലെ തന്നെ ഏറെ ഇഷ്ടമായ സിനിമകളിൽ ഉൾപ്പെടുന്നതും അവയിൽ പല സിനിമകളും ഒന്നിലേറെ തവണ തീയറ്റർ കാഴ്ച തന്നെയായി അനുഭവിച്ച വർഷം. ചില വിഭാഗങ്ങളിൽ ഏത് സിനിമയ്ക്ക് ലഭിച്ചാലും വല്ലാതെ ഹാപ്പിയാകുന്ന സാഹചര്യം. മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് സമാനമായ രീതിയിൽ സംവിധായകൻ പോൾ തോമസ്‌ ആൻഡേഴ്സനും പറയുകയുണ്ടായി: "1975-ലെ മികച്ച സിനിമയ്ക്കായി മത്സരിച്ച ചിത്രങ്ങൾ വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്, ബാരി ലിൻഡൻ, ഡോഗ് ഡേ ആഫ്റ്റർനൂൺ, ജാസ്, നാഷ്‌വിൽ എന്നിവയാണ്. അത്തരമൊരു പട്ടികയിലേക്ക് നോക്കുമ്പോൾ അവയിൽ 'ഏറ്റവും മികച്ചതെ'ന്ന ഒന്നില്ല. കലയിൽ 'ഏറ്റവും മികച്ചത്' എന്നൊന്നില്ല. ഒരു പ്രത്യേക ദിവസം നമ്മുടെ മൂഡ്‌ എന്താണോ അത് മാത്രമാണുള്ളത്."

ആദരവുള്ളവരും ഇഷ്ടമുള്ള സിനിമകളും പട്ടികയിലുണ്ടാകുമ്പോൾ പലപ്പോഴും രണ്ടുനിര ജേതാക്കൾ മനസ്സിലുണ്ടാകാറുണ്ട്. കിട്ടാനിടയിടയുള്ളവരും കിട്ടണമെന്ന് ആഗ്രഹിക്കുന്നതും. നോമിനേഷനുകൾ വന്നപ്പോഴും പിന്നീട് മാധ്യമങ്ങളിലെ അപ്ഡേറ്റുകൾ ഫോളോ ചെയ്തപ്പോഴും റെക്കോർഡ് നോമിനേഷനുകൾ ലഭിച്ച 'സിന്നേഴ്സി'ന് അതിനൊത്ത രീതിയിൽ പുരസ്കാരങ്ങൾ ലഭിക്കുമെന്ന് തോന്നിയിരുന്നില്ല. 'മാർട്ടി സുപ്രീം', 'ട്രെയിൻ ഡ്രീംസ്‌' എന്നിവയ്ക്ക് അംഗീകാരം ഒന്നെങ്കിലും കിട്ടണമെന്ന ആഗ്രഹമുണ്ടായിരുന്നു. സാധ്യത താരതമ്യേന കുറവായിരുന്നെങ്കിലും നടൻ സ്റ്റെല്ലൻ സ്കാർസ്ഗാർഡ്‌ പുരസ്കാരം നേടിയെങ്കിലോ എന്നും ആലോചിച്ചിരുന്നു. ഇതൊന്നും സംഭവിച്ചില്ല.

വല്ലാതെ സന്തോഷം തോന്നിയവ പുരസ്കാരങ്ങൾ അവലംബിത തിരക്കഥ സംവിധാനം എന്നിവയിൽ പോൾ തോമസ്‌ ആൻഡേഴ്സൻ, ഛായാഗ്രാഹണത്തിന് ഓട്ടം അർകപൊ, അനിമേഷൻ ഹ്രസ്വചിത്രങ്ങളിൽ 'ദ ഗേൾ ഹു ക്രൈഡ്‌ പേൾസ്' എന്നിവയാണ്.

കഴിഞ്ഞ വർഷത്തെ തിയറ്റർ കാഴ്ചകളിൽ അത്യുജ്ജ്വലമായ അനുഭവങ്ങളിലൊന്നായിരുന്നു 'ദ ഗേൾ ഹു ക്രൈഡ്‌ പേൾസ്'. ആ സിനിമ നിസംശയം ഒരു അച്ചീവ്‌മെന്റാണ്. കേവലം പതിനേഴ് മിനിറ്റ് സിനിമയ്ക്ക് വേണ്ടി അഞ്ച് വർഷങ്ങൾ ചിലവഴിച്ചുവെന്ന് സംവിധായകരിൽ ഒരാൾ പറഞ്ഞപ്പോൾ ഞെട്ടിയില്ല. ആ സിനിമ സുന്ദരമായ പ്രൊജക്ഷനിൽ കണ്ടിട്ടുള്ള ഒരാൾക്ക് അത് സ്വാഭാവികമായി തോന്നാനേ ഇടയുള്ളൂ. ഓസ്കാർ പോലെ ഏറ്റവും അഭിമാനകരമായ ചലച്ചിത്ര പുരസ്കാരങ്ങളിലൊന്ന് ക്യാമറയ്ക്ക് പുറകിൽ പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് ലഭിക്കാൻ നീണ്ട 98 വർഷമെടുത്തു എന്നത് പലർക്കും ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. മറ്റാരേക്കാളും അത് വ്യക്തിഗത നേട്ടമായി ഓട്ടം അർകപൊ കണക്കാക്കാതിരുന്നതും തനിക്ക് മുൻപേ നടന്ന, ആ നിമിഷത്തിലേക്ക് വഴിതെളിച്ച എല്ലാ സ്ത്രീകളെയും അവർ അഭിവാദ്യം ചെയ്തതും ഓസ്കാറിൻറെ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നായിരിക്കും.

മികച്ച സിനിമകൾ ഏറെയുള്ള കരിയറിൽ പോൾ തോമസ്‌ ആൻഡേഴ്സനെപ്പോലെ ഒരാൾക്ക് ആദ്യ ഓസ്കാർ പുരസ്കാരം ലഭിക്കുന്നത് ഇപ്പോൾ അൻപത്തഞ്ചാം വയസ്സിലാണ്. മാർട്ടിൻ സ്കോർസെസീക്ക് ലഭിക്കുന്നത് അറുപത്തിനാലാം വയസ്സിലാണെന്നും ആൽഫ്രഡ്‌ ഹിച്ച്കോക്കിനും സിഡ്നി ലൂമെറ്റിനും ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഓർത്തുകൊണ്ട് തന്നെയാണ് പറയുന്നത്.

ഓസ്കാർ രാത്രിയിൽ അവതാരകൻ കോനൻ ഒബ്രായെൻ അവതരിപ്പിച്ച പ്രൊലോഗ്, എപിലോഗ് സെഗ്മെന്റുകളുടെ ആലോചനയ്ക്കും സംവിധാനത്തിനും കൂടി വേണമെങ്കിൽ ഒരു പുരസ്കാരം കൊടുക്കാവുന്നതാണ്. ദാറ്റ് വാസ് ബ്രില്യന്റ്.! 'വെപ്പൺസി'ലെ ഭയപ്പെടുത്തുന്ന വില്ലൻ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന വേഷത്തിൽ കോനൻ നോമിനേഷൻ ലഭിച്ച മറ്റ് സിനിമകളിലെ സന്ദർഭങ്ങളിലൂടെ ഒരുപറ്റം കുട്ടികളോടൊപ്പം അതിൽ കൃത്യമായും ഇഴുകി ചേരുംവിധം കടന്നുപോകുന്നതും ഒടുവിൽ അതേ വേഷത്തിൽ ഡോൾബി തിയേറ്ററിന്റെ സ്റ്റേജിലേക്ക് കടന്നുവരുന്നതുമായിരുന്നു പ്രൊലോഗ്.

ഓസ്കാർ വിതരണ ചടങ്ങിനൊടുവിൽ കോനൻ ഒബ്രായെൻ അവതരണം നന്നായി നടത്തിയെന്നും അതിനാൽ ഇനിയുള്ള കാലം മുഴുവൻ അദ്ദേഹമായിരിക്കും അവതാരകനെന്നും അക്കാദമിയുടെ പ്രതിനിധി പറയുന്നതും അത്ഭുതപ്പെട്ട് നിൽക്കുന്ന കോനൻ, പ്രതിനിധിയോടൊപ്പം ഓഫീസിലേക്ക് പോകുന്നതുമാണ് എപിലോഗ്. 'വൺ ബാറ്റിൽ ആഫ്റ്റർ അനദറി'ൽ ഷോൺ പെൻ അവതരിപ്പിച്ച കഥാപാത്രത്തിന് സംഭവിക്കുന്നതിന് സമാനമായ അന്തിമവിധിയിലാണ് പക്ഷേ ആ ഭാഗം അവസാനിക്കുന്നത്. ദാറ്റ് വാസ് ഹിലാരിയസ്.! ഈ രണ്ട് ഭാഗങ്ങളുടെയും ഭാവനയ്ക്ക് കയ്യടിയുണ്ട്.

പ്രത്യക്ഷമായ രീതിയിൽ ഇത്രയും ടെക്നിക്കൽ എററുകൾ സംഭവിച്ച ഓസ്കാർ ലൈവ് ഓർക്കുന്നില്ല. ക്യാമറ റെഡിയാകുന്നതിന് മുൻപേ എഡിറ്റർ ലൈവിലേക്ക് സ്വിച്ച് ചെയ്യുക, പ്രസന്റ് ചെയ്യുന്ന ചിലരുടെ താളം തെറ്റുക, ബ്രേക്കിന് ശേഷം പ്രസന്റേഷൻ തുടങ്ങി അൽപ്പം കഴിഞ്ഞു മാത്രം സ്റ്റേജിന് മുന്നിൽ നിന്ന് ഇരിപ്പിടത്തിലേക്ക് ഓടിപ്പോകുന്ന സിഗർണി വീവറിനെ പ്രേക്ഷകർ വ്യക്തമായി തന്നെ കാണുക. അമ്പരപ്പിക്കുന്ന പെർഫക്ഷനിൽ അവതരിപ്പിക്കാറുള്ള പരിപാടിയിൽ പതിവില്ലാത്തവിധം ചില്ലറ തകരാറുകൾ കണ്ടപ്പോൾ കണ്ണിലുടക്കിയെന്ന് മാത്രം.!

ഓസ്കാർ ചരിത്രത്തിൽ തന്നെ മൂന്ന് പ്രാവശ്യം അഭിനയത്തിനുള്ള അംഗീകാരം നേടിയ നാലാമത്തെ മാത്രം നടനായ ഷോൺ പെൻ ചടങ്ങിൽ പങ്കെടുത്തില്ല. പുരസ്കാരം നൽകാൻ വന്ന കഴിഞ്ഞ വർഷത്തെ മികച്ച സഹനടൻ കീരൻ കൾക്കിൻ പറഞ്ഞത് "ഷോൺ പെന്നിന് ഇവിടെ എത്താൻ കഴിഞ്ഞില്ല — അല്ലെങ്കിൽ വരാൻ താല്പര്യമില്ലായിരുന്നു — അതിനാൽ അദ്ദേഹത്തിന് പകരമായി ഈ പുരസ്കാരം ഞാൻ ഏറ്റുവാങ്ങുന്നു" എന്നാണ്.

വൺ ബാറ്റിൽ ആഫ്റ്റർ അനദർ, സെന്റിമെന്റൽ വാല്യു, ഫ്രാങ്കെൻസ്റ്റൈൻ, എഫ് വൺ, സിന്നേഴ്സ് എന്നിങ്ങനെ കഴിഞ്ഞ വർഷത്തെ ഒരുപാട് ഇഷ്ടചിത്രങ്ങൾ ആഘോഷിക്കപ്പെട്ട അടിപൊളി ഓസ്കാർ.

പോൾ തോമസ്‌ ആൻഡേഴ്സൻ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചിലരെ നന്ദിപൂർവ്വം ഓർക്കുന്നുണ്ട്. "Thank you to Warner Bros., to my producers, and to everyone who still believes in the power of the big screen."

അവതരണത്തിനിടയിൽ കോനൻ ഒബ്രായെൻ ഒരു സെഗ്മെന്റായി തന്നെ സിനിമയുടെ വർദ്ധിച്ച് വരുന്ന മൊബൈൽ കാഴ്ചയെ കണക്കറ്റ് പരിഹസിച്ചിരുന്നു. ഇന്ന് അംഗീകരിക്കപ്പെടുകയും നോമിനേഷനുകൾ ലഭിക്കുകയും ചെയ്ത സിനിമകളിൽ സിംഹഭാഗവും അതുല്യ കലാകാരന്മാർ അവതരിപ്പിക്കാൻ ഉദ്ദേശിച്ച രീതിയിൽ തന്നെ വലിയ, സുന്ദരൻ സ്ക്രീനുകളിൽ അനുഭവിക്കാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ വലിയ സന്തോഷം തോന്നുന്നു.

English Summary: The article reflects on the 2025 film year and the excitement surrounding the Academy Awards. It highlights major wins including recognition for director Paul Thomas Anderson and cinematographer Autumn Durald Arkapaw, as well as the animated short The Girl Who Cried Pearls. The ceremony, hosted by Conan O'Brien, featured creative segments, memorable tributes, and some minor technical glitches, while celebrating the power of cinema on the big screen.

Madism Digital
madismdigital.com