ഡ്യൂപ്പില്ലാതെ ഗ്രൗണ്ടിലിറങ്ങി വിജയ്; 'ബിഗിൽ' പൊട്ടിയെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് നിർമാതാവ്

വൻ ബജറ്റിലൊരുങ്ങിയതുകൊണ്ട് 'ബിഗിൽ' ബോക്സ് ഓഫീസിൽ മൂക്കുകുത്തിയെന്നത് വെറും വായ്ത്താരികൾ മാത്രമാണെന്ന് തുറന്നടിച്ച് നിർമാതാവ് അർച്ചന കല്പാത്തി.
ഡ്യൂപ്പില്ലാതെ ഗ്രൗണ്ടിലിറങ്ങി വിജയ്; 'ബിഗിൽ' പൊട്ടിയെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് നിർമാതാവ്
Published on

വിജയ് നായകനായെത്തിയ ബിഗില്‍ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയ്‌ന്മെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. വന്‍ മുതല്‍മുടക്കിലെത്തിയ സിനിമ പരാജയമാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സിനിമയുടെ സാമ്പത്തിക വിജയത്തെക്കുറിച്ചും യഥാര്‍ത്ഥ കളക്ഷനെക്കുറിച്ചും നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി തന്നെ വെളിപ്പെടുത്തുന്നത്. ഇക്കാര്യം സിനിമാ മേഖലയിലുള്ളവര്‍ക്ക് വ്യക്തമായി അറിയാമെന്നും അര്‍ച്ചന വെളിപ്പെടുത്തുന്നു.

കഴുത്തറപ്പൻ പലിശയ്ക്ക് പുറത്തുനിന്ന് ഫണ്ട് ഇറക്കാതെ, ബാങ്ക് ലോണുകളെ മാത്രം ആശ്രയിച്ചുള്ള കൃത്യമായ ബിസിനസ് പ്ലാനിങ്ങാണ് ബിഗിലിനെ സാമ്പത്തികമായി ഇത്രത്തോളം സുരക്ഷിതമാക്കിയത്. ടൂറിംഗ് ടോക്കീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പകരക്കാരനില്ല, ഫുട്ബോൾ പഠിച്ച് വിജയ്

സിനിമയിലെ ഫുട്ബോൾ രംഗങ്ങൾ ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്നത് വിജയ് തന്നെ തള്ളിക്കളയുകയായിരുന്നു. പകരക്കാരനെ വെച്ച് കളിക്കാൻ താല്പര്യമില്ലാതിരുന്ന അദ്ദേഹം, ഗ്രൗണ്ടിലിറങ്ങി ഗെയിമിലെ ഓരോ മൂവ്മെന്റും സ്വയം പഠിച്ചെടുത്താണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.

രാവിലെ കൃത്യം 7.30ന് തന്നെ ലൊക്കേഷനിലെത്തുന്ന പ്രൊഫഷണലിസമാണ് അദ്ദേഹത്തിന്റേത്. ഷൂട്ടിന് ഒരാഴ്ച മുൻപ് തന്നെ ഡയലോഗ് ഷീറ്റുകൾ വാങ്ങിപ്പഠിക്കുന്ന അച്ചടക്കം. അക്ഷരാർത്ഥത്തിൽ പ്രൊഡക്ഷൻ യൂണിറ്റിലുള്ളവരെക്കാൾ മുൻപേ വിജയ് സെറ്റിലുണ്ടാകുമെന്നാണ് അർച്ചനയുടെ സാക്ഷ്യപ്പെടുത്തൽ.

ഡ്യൂപ്പില്ലാതെ ഗ്രൗണ്ടിലിറങ്ങി വിജയ്; 'ബിഗിൽ' പൊട്ടിയെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് നിർമാതാവ്
'സ്പൈഡർമാൻ' വേഷമഴിക്കാൻ ടോം ഹോളണ്ട്; പകരക്കാരന് മെന്ററാകാൻ ആഗ്രഹം
സ്റ്റാർഡം തലയ്ക്ക് പിടിക്കാത്ത മനുഷ്യൻ

അച്ഛൻ കല്പാത്തി എസ്. അഘോരത്തെ കാണാൻ വിജയ് സ്ഥിരമായി വീട്ടിൽ വരുമായിരുന്നെങ്കിലും, സൂപ്പർതാരത്തെ നേരിൽ കാണാൻ തനിക്ക് ഭയമായിരുന്നെന്ന് അർച്ചന പറയുന്നു. സ്ക്രീനിൽ കാണുന്ന ഹീറോയിസം നേരിൽ കാണുമ്പോൾ ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാമെന്ന തോന്നലായിരുന്നു അതിന് പിന്നിൽ. എന്നാൽ ആ മുൻവിധികൾ വിജയ് തന്നെ തിരുത്തി. സ്വന്തമായി കുട പിടിച്ച്, ചുറ്റും ആളുകളുടെ ബഹളങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി നടക്കുന്ന ഒരാളാണ് അദ്ദേഹമെന്ന് അർച്ചന ഓർത്തെടുക്കുന്നു.

അറ്റ്‌ലിയുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ 'ബിഗിൽ' വിജയ്‌യുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ്. ഡബിൾ റോളിൽ വിജയ് നിറഞ്ഞാടിയ ചിത്രത്തിൽ നയൻതാര, ജാക്കി ഷ്റോഫ്, കതിർ, വിവേക് തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു. എ. ആർ. റഹ്മാന്റെ സംഗീതം കൂടിയായപ്പോൾ ചിത്രം തിയേറ്ററുകളിൽ തീപ്പൊരി പാറിച്ചു

Summary

Vijay’s Bigil was a massive commercial success despite rumors of financial failure, says producer Archana Kalpathi. She credits disciplined financial planning, bank-funded production, and Vijay’s professionalism, revealing he learned football himself without a body double. The 2019 Atlee directorial remains one of Vijay’s biggest blockbuster hits.

Madism Digital
madismdigital.com