എണ്ണൂറിലധികം അസ്ഥികൂടങ്ങൾ; നൂറ്റാണ്ടുകളായി ചുരുളഴിയാത്ത ദുരൂഹതയോടെ ഹിമാലയൻ മലനിരകളിലെ രൂപ്കുണ്ഡ് തടാകം

സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽലാണ് രൂപ്കുണ്ഡ് തടാകം
എണ്ണൂറിലധികം അസ്ഥികൂടങ്ങൾ; നൂറ്റാണ്ടുകളായി ചുരുളഴിയാത്ത ദുരൂഹതയോടെ ഹിമാലയൻ മലനിരകളിലെ രൂപ്കുണ്ഡ് തടാകം
Published on

സമുദ്രനിരപ്പിൽനിന്ന് 16,500 അടി ഉയരത്തിൽ ഹിമാലയൻ മലനിരകളിൽ ഒരു തടാകമുണ്ട്. വേനൽകാലത്ത് മഞ്ഞുരുകുമ്പോൾ തടാകക്കരയിൽ തെളിഞ്ഞുവരുന്നത് എണ്ണൂറിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങൾ. വായിച്ചിട്ട് ആശ്ചര്യം വരുന്നുണ്ടോ? എന്നാൽ ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽ അങ്ങനെയൊരു തടാകമുണ്ട്. അസ്ഥികളുടെ തടാകമെന്ന പേരിൽ അറിയപ്പെടുന്ന ഈ രൂപ്കുണ്ഡ് തടാകത്തിൽ എണ്ണൂറിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങളാണ് നൂറ്റാണ്ടുകളായി ചിതറിക്കിടക്കുന്നത്.

1942ൽ നന്ദദേവി നാഷണൽ പാർക്കിന്റെ ബ്രിട്ടീഷ് ഫോറസ്റ്റ് റേ‍ഞ്ചറായ ഹരി കൃഷ്ണൻ മധ്വാൾ ആണ് ഈ തടാകം കണ്ടെത്തിയത്. എട്ടാം നൂറ്റാണ്ടിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ മരിച്ച ഒരു രാജാവിന്റെയും സൈന്യത്തിന്റെയും അവശിഷ്ടങ്ങളാണ് ഇതെന്നാണ് അടുത്ത കാലത്തുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ 2019-ൽ ⁠ഹാർവാർഡ് യൂണിവേഴ്സിറ്റിയും ഇന്ത്യയിലെ സിസിഎംബിയും ചേർന്ന് നടത്തിയ ⁠വിപുലമായ ഡിഎൻഎ പഠനങ്ങൾ ഈ ധാരണകളെ പൂർണ്ണമായി തിരുത്തുകയായിരുന്നു.

ഇതിൽ എല്ലാവരും ഒരുമിച്ച് മരിച്ചവരല്ല, മറിച്ച് 1000 വർഷങ്ങളുടെ വ്യത്യാസത്തിൽ പലപ്പോഴായി മരണപ്പെട്ടവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നായിരുന്നു ഡിഎൻഎ ഫലങ്ങൾ. ഈ അസ്ഥികൂടങ്ങൾ പ്രധാനമായും മൂന്ന് വ്യത്യസ്ത ജനിതക ഗ്രൂപ്പുകളിൽ പെട്ടവരുടേതാണ്. ഭൂരിഭാ​ഗവും എഡി 7-ാം നൂറ്റാണ്ടിനും 10-ാം നൂറ്റാണ്ടിനും ഇടയിൽ പല ഘട്ടങ്ങളിലായി ജീവിച്ച ‌ഇന്ത്യക്കാരുടേതാണ്. ഏകദേശം എഡി 1800കളിലെ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഗ്രീസ്, ക്രീറ്റ് പ്രദേശങ്ങളിലുള്ളവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 19-ാം നൂറ്റാണ്ടിൽ തന്നെ മരണപ്പെട്ട മലേഷ്യൻ/വിയറ്റ്നാമീസ് വംശജനായ ഒരാളുടെ അസ്ഥികൂടവും ഉണ്ട്. 200 വർഷങ്ങൾക്ക് മുൻപ് ഇവർ എന്തിനാണ് ദുർഘടമായ ഈ ഹിമാലയൻ മലമുകളിൽ എത്തിയത് എന്നതിന് ഇന്നും കൃത്യമായ ഉത്തരമില്ല.

എണ്ണൂറിലധികം അസ്ഥികൂടങ്ങൾ; നൂറ്റാണ്ടുകളായി ചുരുളഴിയാത്ത ദുരൂഹതയോടെ ഹിമാലയൻ മലനിരകളിലെ രൂപ്കുണ്ഡ് തടാകം
ഓരോ മാസവും നൂറുകണക്കിന് പറവകളുടെ ജഡം; അസമിലെ 'പക്ഷികൾ ആത്മഹത്യ ചെയ്യുന്ന ഗ്രാമം'

അസ്ഥികൂടങ്ങളുടെ തലയോട്ടികളിലും തോളെല്ലുകളിലും ഉണ്ടായ പരിക്കുകൾ പരിശോധിച്ചതിൽ നിന്നും ഇവർ മരിച്ചത് മുകളിൽ നിന്ന് ശക്തമായി വന്നുവീണ ഉരുണ്ട വസ്തുക്കൾ കൊണ്ടാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത്, ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള കനത്ത ആലിപ്പഴ വർഷത്തിൽപെട്ട് മരണമടഞ്ഞതാകാനാണ് സാധ്യത. ഒളിക്കാൻ ഒരിടം പോലുമില്ലാത്ത ഈ മലമുകളിൽ വെച്ച് പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഇവർ കൊല്ലപ്പെടുകയായിരുന്നെന്നാണ് നി​ഗമനം.

ഈ അസ്ഥികൂടങ്ങൾ നൂറ്റാണ്ടുകളായി ഹിമാലയത്തിലെ കനത്ത മഞ്ഞിൽ പ്രകൃതിദത്തമായി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇവ താഴേക്ക് മാറ്റിയാൽ അന്തരീക്ഷ വ്യതിയാനം കാരണം പെട്ടെന്ന് നശിച്ചുപോകും. ചരിത്രകാരന്മാർക്കും ശാസ്ത്രജ്ഞർക്കും ഇന്നും ഇതൊരു വലിയ ഗവേഷണ കേന്ദ്രമാണ്. സമുദ്രനിരപ്പിൽനിന്ന് ഇത്രയും ഉയരത്തിലുള്ള ഇവിടേക്ക് റോഡുകളോ മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ല. ദിവസങ്ങളോളം കുത്തനെയുള്ള മലനിരകളിലൂടെ കാൽനടയായി സഞ്ചരിച്ച് എണ്ണൂറിലധികം അസ്ഥികൂടങ്ങൾ താഴേക്ക് എത്തിക്കുക എന്നതും പ്രായോഗികമായി അസാധ്യമാണ്.

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദ്രമായിരുന്നു രൂപ്കുണ്ഡ്. എന്നാൽ സഞ്ചാരികൾ അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതും പരിസ്ഥിതി മലിനമാക്കുന്നതും പതിവായതോടെ, ഈ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കാൻ സർക്കാർ ഇവിടേക്കുള്ള ട്രക്കിംഗും ക്യാമ്പിംഗും പൂർണ്ണമായി നിരോധിച്ചു. ഇപ്പോൾ ഗവേഷകർക്ക് മാത്രമാണ് പ്രത്യേക അനുമതിയോടെ ഇവിടേക്ക് പ്രവേശനമുള്ളത്.

At 16,500 feet in the Himalayas of Uttarakhand lies the mysterious Roopkund Lake, known as “Skeleton Lake.” More than 800 human skeletons emerge when the snow melts each summer. DNA studies revealed the remains belong to people from different regions and eras spanning nearly 1,000 years, including Indians, Europeans, and a Southeast Asian individual. Evidence suggests many died during severe hailstorms. Why these people reached the remote lake remains unknown. Due to environmental concerns and theft of remains, trekking and camping have now been banned.

Madism Digital
madismdigital.com