

ഒരു വേനൽക്കാല സന്ധ്യ. വീടിനടുത്തുള്ള പാർക്കിലേക്ക് നടന്നുപോയ ഒരു 13-കാരി. “വേഗം തിരികെയെത്തും” എന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ആ നടപ്പ് ഒരു മടങ്ങിവരവായി മാറിയില്ല. ആ ദിവസത്തോടെ ഒരു കുടുംബത്തിന്റെ ജീവിതം അനിശ്ചിതത്വത്തിലേക്ക് വഴിമാറി.
1994-ൽ കാണാതായ ആ കുട്ടിയുടെ കഥ പിന്നീട് സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വലിയ കേസുകളിലൊന്നായി മാറി. പൊലീസ്, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ, എല്ലാവരും ചേർന്നായിരുന്നു തിരച്ചിൽ. ദിവസങ്ങൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളായി മാറിയിട്ടും യാതൊരു വ്യക്തമായ തെളിവും ലഭിച്ചില്ല. മിസ്സിംഗ് പോസ്റ്ററുകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ തുടരുകയും ആയിരക്കണക്കിന് സൂചനകൾ പരിശോധിക്കുകയും ചെയ്തെങ്കിലും, അന്വേഷണം ഒടുവിൽ നിലച്ച അവസ്ഥയിലേക്കെത്തി. 2000-കളുടെ തുടക്കത്തോടെ ‘കോൾഡ് കേസ്’ ആയി രേഖപ്പെടുത്തപ്പെട്ടു.
എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം, യാദൃശ്ചികമായ ഒരു സംഭവമാണ് ഈ കേസിന് പുതുജീവൻ നൽകിയത്. മറ്റൊരു സംസ്ഥാനത്ത് തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ച ഒരു സ്ത്രീയുടെ വിവരങ്ങൾ പരിശോധിക്കുന്നതിനിടയിൽ സംശയം ഉയർന്നു. വിവരങ്ങൾ ദേശീയ തലത്തിലുള്ള മിസ്സിംഗ് ഡാറ്റാബേസുമായി പൊരുത്തപ്പെട്ടതോടെ അന്വേഷണ ഏജൻസികൾ ഇടപെട്ടു. 48 മണിക്കൂറിനകം സ്ത്രീയെ കണ്ടെത്തി.
പരിശോധനകൾക്ക് ശേഷം, 1994-ൽ കാണാതായ അതേ പെൺകുട്ടിയാണ് അപേക്ഷകയെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനയും ബാല്യകാല ഡെന്റൽ രേഖകളും ഇതിന് ആധാരമായി. 32 വർഷങ്ങൾക്കുശേഷം, 45-ാം വയസ്സിൽ കണ്ടെത്തപ്പെട്ട ഈ സ്ത്രീയുടെ തിരിച്ചുവരവ് അന്വേഷണ സംഘത്തെയും കുടുംബത്തെയും ഒരുപോലെ അതിശയിപ്പിച്ചു.
ഈ കാലയളവിൽ ഇവർ വ്യാജനാമത്തിൽ സാധാരണ ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഇത്രയും വർഷം വ്യക്തിത്വം മറച്ചുവെക്കാൻ ഇടയായ സാഹചര്യം എന്തായിരുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. ബലമായി തടവിലായിരുന്നോയെന്നോ, അല്ലെങ്കിൽ ‘കസ്റ്റോഡിയൽ ഇന്റർഫിയറൻസ്’ കേസാണോയെന്നോ എന്നത് സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്. മറ്റ് ആളുകളുടെ പങ്കുണ്ടോയെന്നും പരിശോധിക്കുന്നു.
കുടുംബാംഗങ്ങളെ ഇതിനകം വിവരം അറിയിച്ചിട്ടുണ്ട്. വർഷങ്ങളായി മകളുടെ മടങ്ങിവരവിനായി കാത്തിരുന്ന അമ്മയും കുടുംബവും ഇപ്പോഴും അതേ വീട്ടിൽ തന്നെയാണ് താമസം.
English Summary: A US girl who went missing at age 13 in 1994 has been found alive after 32 years, with investigators now probing how she lived under a false identity for decades