ഇനിയുമെത്ര വേദികളിൽ പൊതുപ്രവർത്തകരായ സ്ത്രീകൾ അപമാനിക്കപ്പെടും? ഇത് പുരോ​ഗമിക്കാത്ത കേരളം

ഇത്രയും സുസംഘടിതമായ വലിയൊരു സംഘടനയുടെ പിൻബലമുള്ള ജനപ്രതിനിധിക്ക് നേരിടേണ്ടി വരുന്നത് പരസ്യമായ ലൈംഗീക പരാമർശങ്ങൾ ആണെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ അവരുടെ ഒരു ദിനത്തിൽ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെ കുറിച്ച് ആലോചിച്ചു നോക്കൂ
ഇനിയുമെത്ര വേദികളിൽ പൊതുപ്രവർത്തകരായ സ്ത്രീകൾ അപമാനിക്കപ്പെടും? ഇത് പുരോ​ഗമിക്കാത്ത കേരളം
Published on

കേരളത്തിന്റെ പുരോ​ഗമന മേലങ്കി ഒരിക്കൽ കൂടെ അഴിഞ്ഞുവീണിരിക്കുകയാണ്. വീണ്ടുമൊരു സ്ത്രീ, ഒരു വനിതാ സ്ഥാനാർത്ഥി, ജനപ്രതിനിധി പൊതുവേദിയിൽ വെച്ച് വേട്ടയാടപ്പെട്ടിരിക്കുന്നു.! ഈ തിരഞ്ഞെടുപ്പ് കാലം അവസാനിക്കും മുൻപ് ഇനിയും കുറേയേറെ സ്ത്രീകൾ ഇത്തരം ആരവങ്ങൾക്കും കൈയ്യടികളും ആർത്തു ചിരിക്കലുകൾക്കും പരിഹാസങ്ങൾക്കും പാത്രമാകുമെന്ന അവശേഷിപ്പും ഇതിനൊപ്പമുണ്ട്. ഇതൊക്കെ ആവർത്തിക്കപ്പെട്ടാലും യാതൊരു പ്രയാസുമില്ലാതെ പുരോ​ഗമിച്ചവരെന്ന് മലയാളി സ്വയം അഭിസംബോധന ചെയ്യും. കക്ഷിരാഷ്ട്രീയ ലാഭത്തിനായി എതിർചേരിയിലുള്ള സകല സ്ത്രീകൾക്ക് നേരെയും സ്ത്രീവിരുദ്ധ അരാഷ്ട്രീയം ആവർത്തിക്കപ്പെട്ടാലും പുരോ​ഗമന മേലങ്കിയുടുത്ത മലയാളിക്ക് മലർന്നു കിടന്നു തുപ്പുകയാണെന്ന തിരിച്ചറിവുണ്ടാകാൻ സാധ്യതയില്ല.

കായംകുളം എംഎൽഎ യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് സംസ്ഥാനത്തിന്റെ പുരോ​ഗമന മൂടുപടത്തെ വീണ്ടും തൊഴി കൊടുത്ത് ചൂണ്ടുവിരലിൽ നിർത്തിയിരിക്കുന്നത്. 'ശരീര അഴക് വിൽപ്പന ചരക്കാക്കിയാണ് പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദ് പൊതുവേദിയിൽ വെച്ച് പ്രസ്താവിച്ചത്. വാക് ചാരുതയും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇർഷാദ് കൂട്ടിച്ചേർക്കുന്നു. യുഡിഎഫ് മണ്ഡലം കൺവെൻഷൻ വേദിയിലാണ് പ്രസംഗമെന്നതും പ്രത്യേകം ഓർക്കണം.

ഇനിയുമെത്ര വേദികളിൽ പൊതുപ്രവർത്തകരായ സ്ത്രീകൾ അപമാനിക്കപ്പെടും? ഇത് പുരോ​ഗമിക്കാത്ത കേരളം
ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ: സംരക്ഷണമോ അതോ സ്വത്വനിഷേധത്തിന്റെ പുതിയ ചട്ടക്കൂടോ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായല്ല സ്ത്രീകൾ ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത്. 'ലാത്തികൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ ഞാൻ ആയിരം ലാത്തികുഞ്ഞുങ്ങൾക്ക് ജന്മം നൽകിയേനെ' എന്ന് പറഞ്ഞ കെ ആർ ഗൗരിയമ്മയടക്കം ഇന്ന് യു പ്രതിഭ വരെ ദൃഷ്ടാന്തമാക്കുന്നൊരു ചരിത്രമുണ്ട്. സൈബറിടങ്ങളിൽ പല നാമങ്ങളിൽ അറിയപ്പെടുന്ന, വിവിധ പാർട്ടികളുടെ ഓൺലൈൻ പുരുഷന്മാരുടെ ​ഗുണ്ടാപ്പട ചുക്കാൻ പിടിക്കുന്ന സ്ത്രീ വിരുദ്ധ ആക്രമണങ്ങൾക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ടുണ്ട്!. പൊതുവേദികളിൽ പല നേതാക്കന്മാർ നടത്തുന്ന ഇത്തരം പ്രസ്താവനകളാണ് ​ഗുണ്ടാപ്പടയ്ക്കുള്ള ഇന്ധനം. കേവലം നാക്ക് പിഴയായിട്ടോ അബദ്ധമായിട്ടോ ഇത്തരം പ്രസ്താവനകളെ അംഗീകരിക്കാൻ സാധിക്കാത്തതും അതുകൊണ്ടു തന്നെയാണ്. ഇർഷാദ് പറ‍ഞ്ഞ പ്രസ്താവനകൾ Ai ഇമേജുകളുടെ സഹായത്തോടെ സൈബർ കോൺ​ഗ്രസുകാർ പ്രചരണായുധമാക്കും. നിർമ്മിത ബുദ്ധിയും പുരുഷ ബുദ്ധിയും ചേർന്നാലുള്ള അനന്തസാധ്യതകളെക്കുറിച്ച് വിവരിക്കേണ്ടതില്ലെന്ന് തോന്നുന്നു!. സമൂഹത്തിന്റെ പല ബിംബവത്കരണത്തേയും തച്ചുടച്ച് പൊതുജീവിതത്തിൽ ശക്തവും പ്രകടവുമായ സാന്നിധ്യം അറിയിച്ചതും, വിജയിച്ചു കയറിയതുമായ സ്ത്രീകളെ പുരുഷായുസിൽ മുഴുവനും ഉൾകൊണ്ട വെറുപ്പാണ് ഇവിടെ പ്രകടമാകുന്നത്.

ഇത്രയും സുസംഘടിതമായ വലിയൊരു സംഘടനയുടെ പിൻബലമുള്ള ജനപ്രതിനിധിക്ക് നേരിടേണ്ടി വരുന്നത് പരസ്യമായ ലൈംഗീക പരാമർശങ്ങൾ ആണെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ അവരുടെ ഒരു ദിനത്തിൽ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെ കുറിച്ച് ആലോചിച്ചു നോക്കൂ. സ്വന്തം വീട്ടിലും തൊഴിലിടത്തുമായി എത്രത്തോളം പാട്രിയാർക്കിയുടെ ഉപദ്രവങ്ങൾ അതിജീവിച്ചായിരിക്കും ഒരു സ്ത്രീ തന്റെ ഇരുപത്തിനാലു മണിക്കൂറുകളെ തള്ളി നീക്കുന്നത്. സ്ത്രീകളെ ലൈംഗീകതയ്ക്കുള്ള ഉപകരണങ്ങൾ മാത്രമായി പരിഗണിക്കുന്ന തലച്ചോറുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ഉത്പന്നമാണ്. രൂപം മാറിയെന്നല്ലാതെ ആശയത്തിൽ അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല!.

ഇനിയുമെത്ര വേദികളിൽ പൊതുപ്രവർത്തകരായ സ്ത്രീകൾ അപമാനിക്കപ്പെടും? ഇത് പുരോ​ഗമിക്കാത്ത കേരളം
മാർച്ച് എട്ടിന് ഇന്ത്യയ്ക്ക് ഓർക്കാതിരിക്കാനാവാത്ത മുഖങ്ങൾ

കേവല രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് എ ഇർഷാദിനെ കൊണ്ട് ഇത്തരമൊരു പ്രസ്താവന പറയിപ്പിച്ചതെന്ന ലളിത യുക്തിയിൽ വസ്തുതകളെ ഒതുക്കാനാവില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം സ്ത്രീ വിരുദ്ധതയോടൊപ്പം ഇർഷാദ് ആവർത്തിച്ചു പറയുന്ന മറ്റൊരു കാര്യമാണ് 'ഒരു കഴിവുമില്ലാത്തൊരാളാണ് പ്രതിഭ' എന്ന പ്രസ്താവന. നോക്കൂ, വികസനം, പ്രത്യശാസ്ത്രം, രാഷ്ട്രീയ അപാകതകൾ തുടങ്ങിയവ ചർച്ചയാവേണ്ട ഇടത്ത് എങ്ങനെയാണ് സ്ത്രീയെ വ്യക്തിപരമായി നേരിടുന്ന, ശരീരവും സൗന്ദര്യവുമെല്ലാം കടന്നുവരുന്ന വിമർശനങ്ങൾ ഉണ്ടാവുന്നത്?. ഇതൊരു ഇർഷാദ് മാത്രം നടത്തുന്ന സ്ത്രീ വിരുദ്ധ രാഷ്ട്രീയ വിശകലനവുമല്ല. ഇതൊരു പൊതുബോധമാണ്, വില്ലൻ വ്യക്തികളുമല്ല, പൊതുസമൂഹം തന്നെയാണ്.

ആൺ മേൽക്കോയ്മയുടെ സമൂഹത്തിലെ മുഴുവൻ തടസങ്ങളെയും അതിജീവിച്ചു ജയിച്ചു നിൽക്കുന്ന സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്ന പ്രവണതകളെ എണ്ണം പറഞ്ഞെടുക്കാൻ ചരിത്രാന്വേക്ഷണം നടത്തേണ്ടതില്ല. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് പോലും നമുക്കിത് വ്യക്തമാണ്. ആഗോള സമ്പദ്ഘടനയുടെ നട്ടെല്ലുകളായ രാഷ്ട്രങ്ങൾ പോലും കൊറോണ പോലൊരു മഹാമാരിയ്ക്കു മുൻപിൽ മുട്ടിടിച്ചു നിന്നപ്പോഴും, മരണനിരക്ക് നിയന്ത്രിക്കാനാവില്ലെന്ന ആശങ്ക പടർത്തികൊണ്ട് നിപ വന്നപ്പോഴും തളരാതെ ലോകത്തിന്റെ നെറുകയിൽ അതിജീവനത്തിന്റെ വലിയ ഉദാഹരണമായി കേരളത്തെ പിടിച്ചുകയറ്റിയ കെകെ ശൈലജയെയും, ആരോഗ്യ രംഗത്ത് അവർ തുടങ്ങിവെച്ച മുഴുവൻ പദ്ധതികളുടെയും തുടർച്ചകളെ നയിച്ച കേരളത്തിന് അഭിമാന നേട്ടങ്ങൾ നൽകിയ വീണ ജോർജിനെയും എങ്ങനെയാണ് എതിർ മുന്നണികൾ ആക്രമിച്ചതെന്ന് സമീപകാലത്ത് കേരളം കണ്ടതാണ്.

2019 ൽ സമാന സാഹചര്യത്തിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ അശ്ലീല ചുവയുള്ള പരാമർശവും കേരളം ചർച്ച ചെയ്തതാണ്. പൊന്നാനിയിൽ പിവി അൻവറിൻറെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു വിജയരാഘവൻ രമ്യക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. 'സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോൾ പറയാനാവില്ല', എന്നായിരുന്നു വിജയരാഘവൻ അന്ന് പ്രസ്താവിച്ചത്.

അന്ന് പൊലീസിന് നൽകിയ പരാതിയിൽ രമ്യ പരാമർശിച്ച ഒരു കാര്യം പുറമെ പുരോഗമനവും സ്ത്രീ സമത്വവും പ്രസംഗിക്കുന്ന ശരാശരി മലയാളിയെ തുറന്നു കാണിക്കലായിരുന്നു. 'നവോത്ഥാനത്തിനും വനിതാമതിലിനും വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിൻറെ പ്രതിനിധി എന്ന നിലയിൽ എൽഡിഎഫിൻറെ കൺവീനർ തനിക്കെതിരെ പോരാടേണ്ടത് ആശയപരമായിട്ടാണ്. തൻറെ പ്രായത്തിലുള്ള ഒരു മകളുണ്ടായിരുന്നെങ്കിൽ വിജയരാഘവന് ഇത്തരത്തിൽ സംസാരിക്കുമോ?', എന്നായിരുന്നു രമ്യ പ്രതികരിച്ചത്.

ഇത്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നത് മറ്റൊരു വസ്തുതയാണ്. അതിന് ഉത്തമ ഉദാഹരണവും ഇന്ന് ആക്രമിക്കപ്പെട്ട യു പ്രതിഭ തന്നെയാണ്.! ഒരിക്കൽ മകനുമായി ബന്ധപ്പെട്ട കേസിനെ ആസ്പദമാക്കി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടി തെരുവിൽ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസുണ്ടായിരുന്നു എന്നായിരുന്നു. ഈ പരാമർശത്തെ കുറിച്ച് പ്രതിഭ പിന്നീട് സംസാരിക്കുകയോ ഇതുവരെയും ഖേദ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല.

'പെണ്ണുള്ളത് കൊണ്ടല്ലേ പീഡനവുമുള്ളത്' എന്ന് പറഞ്ഞ മുഖ്യമന്ത്രിയും കേരളം ഭരിച്ചിട്ടുണ്ടെന്നത് ഈ ഘട്ടത്തിൽ ഓർമ്മപ്പെടുത്തേണ്ടിവരും. ഫാത്തിമ തഹ്‌ലിയയെ പോലെ, ശോഭ സുരേന്ദ്രനെ പോലെ എണ്ണിയാലൊടുങ്ങാത്രയത്ര അവഹേളനങ്ങൾ ഏറ്റുവാങ്ങുന്ന പൊതുപ്രവർത്തകർ ഈ നാട്ടിലുണ്ട്. നാം ഇനിയും ഇത് തുടരും, പേരുകൾ മാറുമെന്ന് മാത്രം.!

English Summary: The article criticizes repeated misogynistic remarks against women in Kerala politics, highlighting how female public figures continue to face personal and sexist attacks instead of issue-based debates, exposing contradictions in the state's progressive image.

Related Stories

No stories found.
Madism Digital
madismdigital.com