ബഹിരാകാശത്തെ കോര്‍പ്പറേറ്റ് യുഗം: ഐഎസ്ആര്‍ഒയിലെ പ്രതിഭ ചോര്‍ച്ചയും പരിഹാരവും ചര്‍ച്ചയാകുമ്പോള്‍

ബഹിരാകാശത്തെ ഈ പുതിയ 'കോര്‍പ്പറേറ്റ് യുദ്ധം' കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം, നമ്മുടെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും എങ്ങനെയാണ് പുനര്‍നിര്‍വചിക്കുന്നത്?
ബഹിരാകാശത്തെ കോര്‍പ്പറേറ്റ് യുഗം: ഐഎസ്ആര്‍ഒയിലെ പ്രതിഭ ചോര്‍ച്ചയും പരിഹാരവും ചര്‍ച്ചയാകുമ്പോള്‍
Published on

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ പതാക പാറിയപ്പോള്‍ ലോകം അത്ഭുതത്തോടെ നോക്കിനിന്നത് ഐഎസ്ആര്‍ഒ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കരുത്തിനായിരുന്നു. എന്നാല്‍, ഇന്ന് ആകാശത്ത് ഉയരുന്നത് റോക്കറ്റുകള്‍ മാത്രമല്ല, ഐഎസ്ആര്‍ഒയുടെ അറിവിന്റെ തറവാടില്‍നിന്ന് പ്രതിഭകളുടെ വന്‍ ഒഴുക്കു കൂടിയാണ്. സ്വകാര്യ കമ്പനികളുടെ ശമ്പളപ്പട്ടികയിലേക്ക് ഇന്ത്യയുടെ വാനോളം വളര്‍ന്ന ബുദ്ധിജീവികള്‍ കൂടുമാറുമ്പോള്‍, രാജ്യത്തിന്റെ അഭിമാനമായ 'ഗഗന്‍യാന്‍' അടക്കമുള്ള ദൗത്യങ്ങളുടെ ഭാവി തുലാസിലാകുന്നുണ്ടോ? ബഹിരാകാശത്തെ ഈ പുതിയ 'കോര്‍പ്പറേറ്റ് യുദ്ധം' കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം, നമ്മുടെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും എങ്ങനെയാണ് പുനര്‍നിര്‍വചിക്കുന്നത്? സ്വകാര്യവല്‍ക്കരണത്തിന്റെ തിളക്കമുള്ള പുറംമോടികള്‍ക്ക് പിന്നിലെ ഈ അദൃശ്യ പ്രതിസന്ധിയിലേക്ക് ഒരു അന്വേഷണം.

മാറ്റത്തിന്റെ തുടക്കം

2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തതോടെയാണ് ഈ വലിയ മാറ്റം തുടങ്ങിയത്. സ്‌കൈറൂട്ട് എയറോസ്പേസ്, അഗ്നികുല്‍ കോസ്മോസ്, പിക്സല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹ സാങ്കേതികവിദ്യകളും നിര്‍മിച്ച് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു. എന്നാല്‍, ഈ കമ്പനികളുടെയെല്ലാം വിജയഗാഥകള്‍ക്കു പിന്നിലെ പ്രധാന ഊര്‍ജം ഐഎസ്ആര്‍ഒയില്‍നിന്ന് പുറത്തുവന്ന വിദഗ്ധരായ എൻജിനീയര്‍മാരും ശാസ്ത്രജ്ഞരുമാണ്. വന്‍ ശമ്പളവും മികച്ച സൗകര്യങ്ങളും സ്വകാര്യ കമ്പനികള്‍ വാഗ്ദാനം ചെയ്യുമ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് പലപ്പോഴും പ്രതിഭകളെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുന്നു.

പ്രതിഭ ചോര്‍ച്ചയും ദൗത്യങ്ങളുടെ സുരക്ഷയും

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറ്റിയിരുപതോളം മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഒയില്‍നിന്ന് വിട്ടുപോയത്. ഗഗന്‍യാന്‍, ചന്ദ്രയാന്‍-4 തുടങ്ങിയ വരാനിരിക്കുന്ന വലിയ ദൗത്യങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഒരു റോക്കറ്റ് വിക്ഷേപണമോ ഉപഗ്രഹ രൂപകല്‍പ്പനയോ എന്നത് വെറുമൊരു സാങ്കേതിക പ്രക്രിയയല്ല, മറിച്ച് വര്‍ഷങ്ങളോളം ആര്‍ജിച്ചെടുത്ത അറിവിന്റെയും അനുഭവത്തിന്റെയും സങ്കലനമാണ്. ഇത്തരം തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവര്‍ കൂട്ടത്തോടെ സ്ഥാപനം വിടുമ്പോള്‍, അവിടെ അറിവിന്റെ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യത്തെ നേരിടാനാണ് ഗ്രൂപ്പ്-എ വിഭാഗത്തില്‍പ്പെട്ട ശാസ്ത്രജ്ഞരുടെ രാജി അപേക്ഷകള്‍ അതതു സെന്റര്‍ ഡയറക്ടര്‍മാര്‍ക്ക് മാത്രം തീരുമാനിക്കാന്‍ അവകാശമില്ലാതെ, കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് ബഹിരാകാശ വകുപ്പ് നിര്‍ദ്ദേശിച്ചത്. ശാസ്ത്രജ്ഞരുടെ ഈ കൊഴിഞ്ഞുപോക്ക് ദൗത്യങ്ങളുടെ സമയക്രമത്തെ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കൂടി പ്രതിസന്ധിയിലാക്കുന്നുണ്ട്.

ബഹിരാകാശത്തെ കോര്‍പ്പറേറ്റ് യുഗം: ഐഎസ്ആര്‍ഒയിലെ പ്രതിഭ ചോര്‍ച്ചയും പരിഹാരവും ചര്‍ച്ചയാകുമ്പോള്‍
ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്മറിയുടെ തകര്‍ച്ച മുതല്‍ ടാസിറ്റ് നോളജ് വരെ: സ്വകാര്യവല്‍ക്കരണം ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ തകര്‍ക്കുമോ?

സ്വകാര്യവല്‍ക്കരണം: രാജ്യസുരക്ഷയ്ക്ക് ഉയരുന്ന വെല്ലുവിളികള്‍

ബഹിരാകാശ മേഖലയിലെ സ്വകാര്യവല്‍ക്കരണം സാങ്കേതിക മുന്നേറ്റത്തിനു വഴിയൊരുക്കുമ്പോഴും, അത് ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഗൗരവകരമാണ്. ഡേറ്റ സുരക്ഷയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങള്‍ പലതും രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. ഉപഗ്രഹങ്ങള്‍ വഴി ലഭിക്കുന്ന അതിനിര്‍ണായകമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളില്‍ സ്വകാര്യ കമ്പനികളുടെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍, വിവരച്ചോര്‍ച്ചയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു. വിദേശ നിക്ഷേപമുള്ള കമ്പനികളാണെങ്കില്‍ ഇത്തരം തന്ത്രപ്രധാന വിവരങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ കൈകളിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കൂടാതെ, ബഹിരാകാശ സാങ്കേതികവിദ്യകളുടെ 'ഡ്യുവല്‍-യൂസ്' സ്വഭാവവും ആശങ്കയുണ്ടാക്കുന്നുണ്ട്. അതായത്, സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി വികസിപ്പിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യകള്‍ പിന്നീട് മിസൈല്‍ വികസനത്തിനും മറ്റു പ്രതിരോധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് ഇത്തരം വിപുലമായ സാങ്കേതികവിദ്യകള്‍ എത്തുമ്പോള്‍, അത് അനിയന്ത്രിതമായ ആയുധ നിര്‍മാണത്തിലേക്കോ സാങ്കേതികവിദ്യയുടെ അനധികൃത കൈമാറ്റത്തിലേക്കോ നയിച്ചേക്കാം. സൈബര്‍ സുരക്ഷയുടെ കാര്യത്തിലും കടുത്ത ജാഗ്രത ആവശ്യമാണ്. സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന സോഫ്റ്റ്‌വെയറുകളിലോ ഹാര്‍ഡ്‌വെയറുകളിലോ സുരക്ഷാ പോരായ്മകളുണ്ടെങ്കില്‍, ശത്രുരാജ്യങ്ങള്‍ക്കോ ഹാക്കര്‍മാര്‍ക്കോ നമ്മുടെ ബഹിരാകാശ അടിസ്ഥാനസൗകര്യങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചേക്കാം. ലാഭേച്ഛയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി എത്രത്തോളം പ്രതിബദ്ധത കാണിക്കമെന്നതും ഉത്തരവാദിത്തം നിര്‍ണയിക്കുന്നതിലെ അവ്യക്തതയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യചിഹ്നമാണ്. ഇത്തരം സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനും ഐഎസ്ആര്‍ഒയുടെ കരുത്തുചോരാതെ കാക്കാനും നമുക്ക് നാസയുടെ മാതൃകകള്‍ പരിശോധിക്കാവുന്നതാണ്.

നാസ മാതൃക

സ്വകാര്യ മേഖലയിലേക്ക് മാറുന്ന ഇന്ത്യ, അമേരിക്കയുടെ നാസ മാതൃകയില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നാസയും സ്പേസ് എക്സ്, ബ്ലൂ ഒറിജിന്‍ തുടങ്ങിയ സ്വകാര്യ കമ്പനികളും തമ്മില്‍ ശക്തമായ ഒരു 'വെല്‍-ഓയില്‍ഡ്' സംവിധാനമുണ്ട്. നാസ വലിയ ശാസ്ത്രീയ ദൗത്യങ്ങളിലും അടിസ്ഥാന ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സ്വകാര്യ കമ്പനികള്‍ ലോഞ്ച് വെഹിക്കിളുകളിലും വാണിജ്യ വിക്ഷേപണങ്ങളിലും നേതൃത്വം നല്‍കുന്നു. ഇവര്‍ പരസ്പരം മത്സരിക്കുന്നവരല്ല, മറിച്ച് മനുഷ്യവിഭവശേഷി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് സഹകരിക്കുന്ന പങ്കാളികളാണ്. ഇന്ത്യയിലും ഇത്തരത്തില്‍ ഒരു സഹകരണ സംസ്‌കാരം വളര്‍ന്നുവരേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ബഹിരാകാശത്തെ കോര്‍പ്പറേറ്റ് യുഗം: ഐഎസ്ആര്‍ഒയിലെ പ്രതിഭ ചോര്‍ച്ചയും പരിഹാരവും ചര്‍ച്ചയാകുമ്പോള്‍
മരണത്തിലും വേര്‍തിരിവ്? ഒരു അഗ്‌നിവീറിന്റെ മരണാനന്തര ജീവിതം

ഐഎസ്ആര്‍ഒയെ കേവലം ഒരു റിക്രൂട്ട്മെന്റ് ഏജന്‍സിയായല്ല, മറിച്ച് ഇന്ത്യയുടെ ബഹിരാകാശ തന്ത്രങ്ങളുടെ കാവലാളായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ശാസ്ത്രജ്ഞര്‍ക്കു കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നതേണ്ടതുണ്ട്.

Summary

India's growing private space sector has accelerated innovation but also raised concerns over talent migration from ISRO. As experienced scientists move to private aerospace companies offering better pay and flexibility, experts warn of potential impacts on critical missions, institutional knowledge, and national security. The article argues that India should adopt a collaborative model similar to NASA's partnership with private firms, ensuring that ISRO remains the country's strategic research and space technology backbone while encouraging responsible private participation.

Madism Digital
madismdigital.com