ഒരു രാജ്യം പകര്‍ച്ചവ്യാധികളെ എത്രത്തോളം ഫലപ്രദമായി നേരിടുന്നു എന്ന് നിര്‍ണയിക്കുന്ന പ്രധാന ഘടകം സാമ്പത്തിക അസമത്വമാണെന്ന് പുതിയ പഠനം. അടിയന്തര പ്രതികരണ സംവിധാനങ്ങള്‍, ലാബുകളുടെ ശേഷികള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെക്കാളും കൂടുതല്‍ പ്രധാനമായത് ആ രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വങ്ങള്‍ ആണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 'ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗ്ലോബല്‍ കൗണ്‍സില്‍ ഓണ്‍ ഇന്‍ഇക്വാലിറ്റി, എയ്ഡ്‌സ് ആന്‍ഡ് പാന്‍ഡെമിക്‌സ് എന്ന അന്താരാഷ്ട്ര വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന 26-ാമത് അന്താരാഷ്ട്ര എയ്ഡ്‌സ് സമ്മേളനത്തിലാണ് അവതരിപ്പിച്ചത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥകളില്‍ രാജ്യങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ ആരോഗ്യ അടിസ്ഥാന സംവിധാനങ്ങള്‍ മാത്രം പോരെന്നും പഠനം വാദിക്കുന്നു.
പതിറ്റാണ്ടുകളായി ലബോറട്ടറികള്‍, രോഗനിരീക്ഷണ സംവിധാനങ്ങള്‍, വാക്‌സിനുകള്‍, മരുന്നുകള്‍, അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ തുടങ്ങിയ സാങ്കേതിക ശേഷികള്‍ ശക്തിപ്പെടുത്തുന്നതിലാണ് ആഗോള പാന്‍ഡെമിക് പ്രതിരോധം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ രോഗങ്ങളെ ഒരു രാജ്യം എത്രത്തോളം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ ഈ നടപടികള്‍ മാത്രം മതിയാകില്ലെന്നാണ് കോവിഡ്-19, എച്ച്.ഐ.വി, എയ്ഡ്‌സ് എന്നിവയില്‍ നിന്നുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ആഗോളതലത്തില്‍ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവരുന്നത്. നിലവില്‍ ലോക ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകളും ഉയര്‍ന്ന സാമ്പത്തിക അസമത്വമുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. വംശം, ലിംഗഭേദം, വംശീയത, ലൈംഗികത എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളുമായി സാമ്പത്തിക അസമത്വം കൂടിച്ചേരുമ്പോള്‍, അത് പകര്‍ച്ചവ്യാധകള്‍ മൂലമുണ്ടാകുന്ന അസമത്വത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പകര്‍ച്ചവ്യാധികളെ തടയുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നിശ്ചയിച്ച റാങ്കിങ് സംവിധാനം പലപ്പോഴും പരാജയം ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, കൊവിഡ്-19 ന് മുമ്പ് പകര്‍ച്ചവ്യാധികള്‍ തടയാന്‍ ലോകത്ത് ഏറ്റവും മികച്ച തയാറെടുപ്പ് നടത്തിയ രാജ്യങ്ങളില്‍ ഒന്നാമതായാണ് അമേരിക്ക റാങ്ക് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, ലോകശരാശരിയുടെ രണ്ടിരട്ടിയിലധികം കൊവിഡ് മരണനിരക്കാണ് അവിടെ രേഖപ്പെടുത്തിയത്. കൂടാതെ ഉയര്‍ന്ന എച്ച്.ഐ.വി നിരക്കും അമേരിക്കയിലുണ്ട്. എന്നാല്‍ മറുവശത്ത് വിറ്റ്‌നാം, മൊറീഷ്യസ്, ഉറുഗ്വേ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറെടുപ്പ് സ്‌കോറുകളില്‍ പിന്നിലായിരുന്നിട്ടും പകര്‍ച്ചവ്യാധിയെ മികച്ച രീതിയില്‍ നേരിട്ടു.
അസമത്വം പകര്‍ച്ചവ്യാധികളെ വഷളാക്കുന്ന നാല് രീതികള്‍
പകര്‍ച്ചവ്യാധികള്‍ ഉണ്ടായാലുള്ള സാഹചര്യം അസമത്വം എങ്ങനെയൊക്കെ വഷളാക്കുന്നു എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അസമമായ ജീവിത-ജോലി സാഹചര്യങ്ങള്‍ ആളുകള്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജനസാന്ദ്രത കൂടിയ വീടുകള്‍, സുരക്ഷിതമല്ലാത്ത ജോലി, ആരോഗ്യസേവനങ്ങളുടെ കുറവ് എന്നിവ കാരണം നിര്‍ബന്ധിത ഐസൊലേഷന്‍ അല്ലെങ്കില്‍ സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു.
രണ്ടാമതായി, അസമത്വം ഭരണസംവിധാനത്തെയും ജനങ്ങളുടെ വിശ്വാസത്തെയും തളര്‍ത്തുന്നു. ഇത് പൊതുജനാരോഗ്യ നടപടികളോടും വാക്‌സിനേഷന്‍ കാമ്പെയ്നുകളോടും സഹകരിക്കാനുള്ള താല്‍പര്യം കുറയ്ക്കുന്നു. മൂന്നാമത്തേത് സാമ്പത്തിക വിഭവങ്ങളുടെ പരിമിതിയാണ്. സാമ്പത്തിക ശേഷിയിലെ വ്യത്യാസം വേഗത്തില്‍ പ്രതികരിക്കാനുള്ള രാജ്യങ്ങളുടെ ശേഷിയെ പരിമിതപ്പെടുത്തുന്നു. കൊവിഡ് സമയത്ത് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചപ്പോള്‍, കുറഞ്ഞ വരുമാനമുള്ള പല രാജ്യങ്ങളും കടബാധ്യതയും പരിമിതമായ ആരോഗ്യ ബജറ്റും കാരണം ബുദ്ധിമുട്ടി.
നാലാമത്തെത്, ചികിത്സാ സൗകര്യങ്ങളിലെ വിവേചനമാണ്. വാക്‌സിനുകള്‍, ചികിത്സകള്‍, മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലേക്കുള്ള അസമമായ പ്രവേശനം രോഗവ്യാപനം നീണ്ടുനില്‍ക്കാനും പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരാനുമുള്ള സാധ്യതതും വര്‍ധിപ്പിക്കുന്നു.
പഠനത്തിലെ പ്രധാന ശുപാര്‍ശകള്‍
വേതനത്തോടുകൂടിയ രോഗാവധി, തൊഴിലില്ലായ്മ വേതനം, സാമ്പത്തിക സഹായങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക സംരക്ഷണ പരിപാടികള്‍ വിപുലീകരിച്ചുകൊണ്ട് ഈ അസമത്വങ്ങള്‍ പരിഹരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഭവനം, വിദ്യാഭ്യാസം, സുരക്ഷിതമായ തൊഴില്‍ എന്നിവയിലുള്ള ദീര്‍ഘകാല നിക്ഷേപം, വിവിധ സര്‍ക്കാര്‍ മേഖലകള്‍ തമ്മിലുള്ള ശക്തമായ സഹകരണം, ജനങ്ങളുടെ പങ്കാളിത്തം, അടിയന്തര കടാശ്വാസ പദ്ധതികള്‍, ജീവന്‍ രക്ഷാ മരുന്നുകളിലേക്കും സാങ്കേതികവിദ്യകളിലേക്കും എല്ലാവര്‍ക്കും തുല്യമായ പ്രവേശനം എന്നിവയും പഠനം മുമ്പോട്ടു വെക്കുന്നു. ഇത്തരം നടപടികളിലൂടെ മാത്രമേ ഭാവിയിലെ മഹാമാരികളെ നേരിടാന്‍ പ്രാപ്തിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കൂ എന്ന് പഠനം വ്യക്തമാക്കുന്നു.
A new study published in the New England Journal of Medicine has found that reducing economic inequality is essential for countries to effectively prevent and respond to pandemics. The research argues that laboratories, vaccines, disease surveillance and emergency response systems alone are not enough. Inequality can increase exposure to infectious diseases, weaken public trust in health measures, limit governments’ ability to respond and create unequal access to vaccines and treatments.