നഗരങ്ങള്‍ വളരുന്നു, ഗതാഗത സൗകര്യങ്ങള്‍ കുറയുന്നു; ഇന്ത്യയിലെ 400-ലധികം നഗരങ്ങളില്‍ പൊതു ബസ് സര്‍വീസുകളില്ലെന്ന് പഠനം

നിലവില്‍ ഒരു ലക്ഷം നഗരവാസികള്‍ക്ക് 13.3 മുതല്‍ 13.8 ബസുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡം ലക്ഷം പേര്‍ക്ക് 44 ബസുകള്‍ എന്നതാണെന്നിരിക്കെയാണിത്.
നഗരങ്ങള്‍ വളരുന്നു, ഗതാഗത സൗകര്യങ്ങള്‍ കുറയുന്നു; ഇന്ത്യയിലെ 400-ലധികം നഗരങ്ങളില്‍ പൊതു ബസ് സര്‍വീസുകളില്ലെന്ന് പഠനം
Published on

ഇന്ത്യയിലെ നഗര ഗതാഗത മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി പുതിയ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ നാനൂറിലധികം നഗരങ്ങളില്‍ ബസ് ഗതാഗത സംവിധാനമില്ലെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് 'സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റും' ഗ്ലോബല്‍ ടെക്‌നിക്കല്‍ ഫേം സിറ്റീസ് ഫോറവും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനം വ്യക്തമാക്കുന്നു. നിലവില്‍ നഗര ഗതാഗത മേഖലയില്‍ 70 ശതമാനം ബസുകളുടെ കുറവാണ് നേരിടുന്നത്.

2047-ഓടെ ബസുകളുടെ എണ്ണം പത്തിരട്ടിയാക്കണം

ഉയരുന്ന സനസംഖ്യ കണക്കിലെടുത്ത് 2047-ഓടെ നഗര ബസുകളുടെ എണ്ണം പത്തിരട്ടിയായി ഉയര്‍ത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 65,000 ബസുകളാണ് നഗര സര്‍വീസ് നടത്തുന്നത്. ഇത് 2047-ഓടെ 6,71,000 ആയി വര്‍ധിപ്പിക്കണം. ഡിപ്പോകള്‍, പവര്‍ ഗ്രിഡ്, ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ മേഖലയുടെ സമഗ്രമായ പുനരുദ്ധാരണത്തിന് അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ 14.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരും.

രാജ്യത്തെ നഗര ജനസംഖ്യ നിലവിലുള്ള 49 കോടിയില്‍ നിന്ന് 2047-ഓടെ 76.3 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 27 കോടി ജനങ്ങളുടെ വര്‍ധനവ്. എന്നാല്‍ നിലവില്‍ ഒരു ലക്ഷം നഗരവാസികള്‍ക്ക് 13.3 മുതല്‍ 13.8 ബസുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡം ലക്ഷം പേര്‍ക്ക് 44 ബസുകള്‍ എന്നതാണെന്നിരിക്കെയാണിത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 14.5 ലക്ഷം ബസുകളിലും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിങുകളുടെ 2.9 ലക്ഷം ബസുകളിലും വെറും 65,000 ബസുകള്‍ മാത്രമാണ് നിലവില്‍ നഗര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്.

നഗരങ്ങള്‍ വളരുന്നു, ഗതാഗത സൗകര്യങ്ങള്‍ കുറയുന്നു; ഇന്ത്യയിലെ 400-ലധികം നഗരങ്ങളില്‍ പൊതു ബസ് സര്‍വീസുകളില്ലെന്ന് പഠനം
'ഇപ്പോള്‍ ജീവിക്കൂ, കടം പിന്നെ വീട്ടാം'; ജെന്‍ സിയുടെ കടമെടുപ്പ് ട്രെന്‍ഡ് സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാകുമോ?

പ്രാദേശിക അസമത്വവും പഴകിയ വാഹനങ്ങളും

രാജ്യത്തെ ആകെ നഗര ബസുകളുടെ 55 ശതമാനവും മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ്. ഇത് വന്‍തോതിലുള്ള പ്രാദേശിക അസമത്വത്തെയാണ് വ്യക്തമാക്കുന്നത്. പഴകിയ വാഹനങ്ങളുടെ ഉപയോഗം പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കുന്നു. സര്‍വീസിലുള്ള നാല്‍പ്പതിനായിരത്തോളം നഗര ബസുകള്‍ 15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയവയാണ്. കൂടാതെ, എല്ലാ വിഭാഗങ്ങളിലുമായി 5.8 ലക്ഷം ബസുകള്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കും.

ഓരോ വര്‍ഷത്തിലും വാങ്ങുന്ന ബസുകളുടെ എണ്ണം ശരാശരി 41,500 ആയി ഉയര്‍ത്തണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. ഇത് നടപ്പിലായാല്‍ 2047-ഓടെ ഒരു ലക്ഷം പേര്‍ക്ക് 88 ബസുകള്‍ എന്ന നിരക്കിലെത്താനും. മൊത്തം ബസുകളുടെ 90 ശതമാനവും ഇലക്ട്രിക് ബസുകളാക്കി മാറ്റാനും സാധിക്കും. ശുദ്ധവായു, ഊര്‍ജ്ജ സുരക്ഷ, കാലാവസ്ഥാ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് ബസ് ഗതാഗത സംവിധാനം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സി.എസ്.ഇ റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുമിത റോയ് ചൗധരി പറഞ്ഞു. റോഡില്‍ നിന്ന് 40 മുതല്‍ 50 വരെ സ്വകാര്യ കാറുകളെ ഒഴിവാക്കാന്‍ ഒരു ബസിന് സാധിക്കുമെന്നും പൊതുഗതാഗത വിഹിതം 70-75 ശതമാനമായി ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. പൂര്‍ണ്ണമായും മലിനീകരണമുക്തമായ നഗര ബസ് ശൃംഖല നിലവില്‍ വരണമെങ്കില്‍ 121 ഗിഗാവാട്ട്-അവര്‍ ബാറ്ററി ശേഷിയും പ്രതിവര്‍ഷം 37,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ആവശ്യമാണ്.

പ്രധാന ശുപാര്‍ശകള്‍

നാഷണല്‍ അര്‍ബന്‍ ബസ് മിഷന്‍ ആരംഭിക്കുക, നാഷണല്‍ അര്‍ബന്‍ ബസ് ഇലക്ട്രിഫിക്കേഷന്‍ ഫണ്ട് രൂപീകരിക്കുക, ഗ്രീന്‍ ബസ് ബോണ്ടുകള്‍, ഇളവുകളോടെയുള്ള വായ്പകള്‍, ക്രെഡിറ്റ് ഗ്യാരന്റികള്‍ എന്നിവ ലഭ്യമാക്കുക, സാമ്പത്തിക പ്രതിസന്ധിയിലായ പൊതുഗതാഗത സ്ഥാപനങ്ങളെ പുനസംഘടിപ്പിക്കുക, നഗര ഗതാഗത മേഖലയിലെ നികുതി ഘടനകള്‍ ലളിതമാക്കുക, അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വാങ്ങുന്ന എല്ലാ പുതിയ നഗര ബസുകളും നിര്‍ബന്ധമായും ഇലക്ട്രിക് ആക്കുക എന്നിവയാണ് പഠനം മുന്നോട്ടുവെക്കുന്ന പ്രധാന ശുപാര്‍ശകള്‍.

Summary

India’s urban transport system is facing a severe shortage of buses, according to a joint study by the Centre for Science and Environment (CSE) and Cities Forum. More than 400 Indian cities reportedly have no bus-based public transport system, while the country currently faces a 70% shortage of urban buses. The study estimates that the number of urban buses must rise from the current 65,000 to around 6.71 lakh by 2047 to meet the needs of a rapidly growing urban population.

Madism Digital
madismdigital.com