അടുത്ത കാലത്തായി ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യത വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കടത്തിന്റെ പണ മൂല്യത്തേക്കാള്‍, ആ കടത്തിന്റെ സ്വഭാവമാണ് സാമ്പത്തിക മേഖലയിലെ നിയന്ത്രണ ഏജന്‍സികളെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. നിലവില്‍ കുടുംബങ്ങള്‍ എടുക്കുന്ന വായ്പകളില്‍ പകുതിയിലധികവും വീടുനിര്‍മ്മാണം പോലെയുള്ള ആസ്തി നിക്ഷേപങ്ങള്‍ക്കായല്ല, മറിച്ച് ദൈനംദിന ഉപയോഗങ്ങള്‍ക്കും ആഡംബര ചെലവുകള്‍ക്കുമാണ്. ഭവനം, കൃഷി, ബിസിനസ് എന്നിവയ്ക്കായി എടുക്കുന്ന വായ്പകളേക്കാള്‍ വേഗത്തിലാണ് നോണ്‍-ഹൗസിങ് റീട്ടെയ്ല്‍ വിഭാഗത്തില്‍ പെടുന്ന വായ്പകള്‍ വളരുന്നത്.
2026 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം, കുടുംബങ്ങളുടെ ആകെ വായ്പകളില്‍ 58.4 ശതമാനവും നോണ്‍-ഹൗസിങ് റീട്ടെയ്ല്‍ വിഭാഗത്തില്‍പ്പെട്ടതാണ്. 2025 മാര്‍ച്ചില്‍ ഇത് 54.9 ശതമാനമായിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, വായ്പ എടുത്ത ഒരാളുടെ ശരാശരി കുടിശ്ശിക തുക 2018 മാര്‍ച്ചില്‍ 3.41 ലക്ഷം രൂപയായിരുന്നത് 2025 മാര്‍ച്ചോടെ 4.78 ലക്ഷം രൂപയായി ഉയര്‍ന്നു. വ്യക്തിഗത വായ്പകളുടെ കാര്യത്തിലാണ് ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, സ്വര്‍ണ്ണാഭരണങ്ങള്‍ ഈട് നല്‍കിയുള്ള വായ്പകളുടെ കുടിശ്ശിക 2022 മാര്‍ച്ച് മാസത്തില്‍ 74,738 കോടിയായിരുന്നു. ഇത് 2026 മാര്‍ച്ചില്‍ 4.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മറ്റു പേഴ്‌സണല്‍ വായ്പകളുടെ കുടിശ്ശിക 2022 മാര്‍ച്ച് മാസത്തിലെ 9.02 ലക്ഷം കോടി രൂപയില്‍ നിന്ന് 2026 മാര്‍ച്ചില്‍ 17.32 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.
റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്
വായ്പകള്‍ കൂടിയത് നിലവില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നേരിട്ട് വലിയ ഭീഷണിയല്ലെങ്കിലും കുറഞ്ഞ വരുമാനക്കാരിലെയും യുവതലമുറയിലെയും കടബാധ്യത നിരീക്ഷിക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. 2026 മാര്‍ച്ച് അവസാനത്തോടെ ഈടുള്ള റീട്ടെയില്‍ വായ്പകളിലെ നിഷ്‌ക്രിയ ആസ്തി 0.7 ശതമാനവും ഈടില്ലാത്ത റീട്ടെയില്‍ വായ്പകളില്‍ ഇത് 1.7 ശതമാനവും ആയിരുന്നു. പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം സാമ്പത്തിക മേഖല ദുര്‍ബലമാവുകയും വായ്പ എടുത്തവരുടെ വരുമാനത്തെ ബാധിക്കുകയും ചെയ്തതിനാല്‍ ഈ മേഖലകളിലെ ഇടപെടലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ആര്‍ബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
50,000 രൂപയില്‍ താഴെയുള്ള ചെറിയ വ്യക്തിഗത വായ്പകള്‍ നല്‍കുന്നതില്‍ ഫിന്‍ടെക് കമ്പനികളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവരുടെ വിപണി വിഹിതം 56.8 ശതമാനമാണ്. 41.6% അതിവേഗ വായ്പാ വളര്‍ച്ചയാണ് ഇവര്‍ കൈവരിച്ചത്. ഫിന്‍ടെക് വായ്പകളില്‍ 70.5 ശതമാനവും യാതൊരു ഈടുമില്ലാത്ത വായ്പകളാണ്. ഇതില്‍ പകുതിയോളം നല്‍കിയിരിക്കുന്നത് 35 വയസ്സിന് താഴെയുള്ള ചെറുപ്പക്കാര്‍ക്കുമാണ്. പൊതുവായ മേഖലയുടെ വളര്‍ച്ച 20.1 ശതമാനം മാത്രമായിരുന്നു. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് കുടിശ്ശിക വരുത്തുന്നവരുടെ നിരക്ക് 6.4 ശതമാനമാണ്.
കടമെടുക്കുന്നവര്‍ കൂടി
സിബില്‍ ട്രാന്‍സ് യൂണിയന്റെ ഏറ്റവും പുതിയ വിവരമനുസരിച്ച്, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വായ്പ ലഭിക്കാന്‍ അര്‍ഹതയുള്ളവരില്‍ കടമെടുക്കുന്നവരുടെ അനുപാതം 11 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ന്നു. വായ്പ എടുക്കാന്‍ യോഗ്യതയുള്ള 890 ദശലക്ഷം ആളുകളില്‍ മൂന്നിലൊന്ന് പേരും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വായ്പ എടുക്കുകയോ, വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയോ, ഇഎംഐകള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുകയോ ചെയ്യുന്നവരാണ്. ഈ വായ്പാ ഉപഭോക്താക്കളില്‍ പകുതിയോളം പേര്‍ക്കും ഉപഭോഗ ആവശ്യങ്ങള്‍ക്കായുള്ള വായ്പകളാണ് (ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ) ഉള്ളത്. എന്നാല്‍ 10% ആളുകള്‍ക്ക് മാത്രമാണ് സംരംഭക അല്ലെങ്കില്‍ ബിസിനസ് വായ്പകള്‍ ഉള്ളത്. 2017-നും 2024-നും ഇടയില്‍ ഇത്തരം വായ്പകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജെന്‍ സി ഉള്‍പ്പെടെയുള്ള യുവ ഉപഭോക്താക്കളാണ് ഉപഭോഗ വായ്പകള്‍ പ്രധാനമായും എടുക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും മൂന്ന് വര്‍ഷത്തില്‍ താഴെ തിരിച്ചടവ് കാലാവധിയുള്ളവയാണ്.
അമിതമായി കടബാധ്യതയുള്ള ഉപഭോക്താക്കളുടെ എണ്ണം 2017 സാമ്പത്തിക വര്‍ഷത്തിലെ അഞ്ചു ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 18% ആയി ഉയര്‍ന്നു. യുവാക്കളാണ് പ്രധാനമായും അമിതമായ വായ്പയെടുക്കുന്നവരുടെ ഗണത്തില്‍ പെടുന്നത്. രാജ്യത്തെ വായ്പാ ഉപഭോക്താക്കളില്‍ ഇവരുടെ പങ്കാളിത്തം 2017 ലെ 33% ല്‍ നിന്ന് 2026 ല്‍ 39% ആയി വര്‍ദ്ധിച്ചു. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി കടമെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡ് കടം മൂന്നു ലക്ഷം കോടി രൂപ കടന്നു.
ചെറുപ്പക്കാരുടെ വായ്പാ സംസ്‌കാരം മാറുന്നു
'ഇപ്പോള്‍ ആസ്വദിക്കൂ, പിന്നീട് പണം നല്‍കൂ' എന്ന മനോഭാവമാണ് യുവതലമുറ ഭൂരിഭാഗവും വെച്ചുപുലര്‍ത്തുന്നത്. 1960-കളിലും 70-കളിലും ജനിച്ചവര്‍ തങ്ങളുടെ 30-കളുടെ അവസാനത്തിലോ 40-കളുടെ തുടക്കത്തിലോ ഭവന, വാഹന വായ്പകളിലൂടെയാണ് കടമെടുപ്പ് ആരംഭിച്ചിരുന്നതെങ്കില്‍, 'ജെന്‍ സി' തലമുറ 22-ാം വയസ്സില്‍ തന്നെ 'ബൈ നൗ, പേ ലെറ്റര്‍' ഉല്‍പ്പന്നങ്ങളിലൂടെ വായ്പ എടുക്കല്‍ തുടങ്ങി. ബാങ്ക് ഓഫ് ബറോഡയുടെ പഠനമനുസരിച്ച്, കഴിഞ്ഞ 24 മാസത്തിനിടെ നടന്ന പ്രധാന സംഗീത പരിപാടികള്‍ക്കായി യുവജനങ്ങള്‍ 1,600 മുതല്‍ 2,000 കോടി രൂപ വരെ ചെലവഴിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള യാത്രകള്‍ക്കായി വായ്പകളെയും ക്രെഡിറ്റ് കാര്‍ഡുകളെയുമാണ് പലരും ആശ്രയിക്കുന്നത്.
എയര്‍ബിഎന്‍ബിയുടെ 'എക്‌സ്പീരിയന്‍സ്-ലെഡ് ട്രാവല്‍ ഇന്‍സൈറ്റ്‌സ്' റിപ്പോര്‍ട്ടും ജെന്‍ സിക്കാരുടെ സംഗീത പരിപാടികള്‍ക്കായുള്ള യാത്രകളുടെ ട്രെന്‍ഡ് വ്യക്തമാക്കുന്നു. പത്തില്‍ ആറുപേരും തങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 21 മുതല്‍ 40 ശതമാനം വരെ സംഗീതമേളകള്‍ക്കും വിനോദയാത്രകള്‍ക്കുമായി ചെലവഴിക്കാന്‍ തയ്യാറാണ്. പത്തില്‍ ഒരാള്‍ തങ്ങളുടെ വരുമാനത്തിന്റെ പകുതി വരെ ചെലവഴിക്കാന്‍ സന്നദ്ധരാണ്. ജീവിതശൈലി ആവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ തങ്ങളുടെ സമ്പാദ്യത്തേക്കാള്‍ ഉപരിയായി വായ്പകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 2025-ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ എടുത്ത വ്യക്തിഗത വായ്പകളില്‍ 25 ശതമാനത്തിലധികവും യാത്രകള്‍ക്കുവേണ്ടിയായിരുന്നു എന്ന് മുത്തുറ്റ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നു.
Household debt in India is rising rapidly, with a growing share of borrowing being used for consumption, lifestyle expenses and other non-housing purposes rather than productive investments such as housing, agriculture and business. Non-housing retail loans accounted for 58.4% of total household credit in March 2026, up from 54.9% a year earlier. Average outstanding debt per borrower also rose from ₹3.41 lakh in 2018 to ₹4.78 lakh in 2025. Personal loans, particularly gold-backed loans and other unsecured loans, have recorded significant growth. The RBI has warned that while rising household debt does not currently pose a major systemic threat, borrowing among low-income groups and younger consumers needs close monitoring. Fintech companies are particularly prominent in small-ticket personal lending, with a large share of their loans being unsecured and going to borrowers under 35.