അനാവശ്യ രാഷ്ട്രീയവല്‍ക്കരണവും ജീവനക്കാരെ പഴിചാരലും; കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ത്?

യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമായ കേരള സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററാണ് വൈദ്യുതി ഉല്‍പ്പാദനവും വിതരണവും കൃത്യമായി ഏകോപിപ്പിച്ച് നിയന്ത്രിക്കുന്നത്
അനാവശ്യ രാഷ്ട്രീയവല്‍ക്കരണവും ജീവനക്കാരെ പഴിചാരലും; കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ത്?
Published on

കടുത്ത വൈദ്യുതി ക്ഷാമം കേരളത്തിന്റെ ഊര്‍ജ്ജ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസരിച്ച് ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്താന്‍ കഴിയാത്തതും പുറം കരാറുകളിലെ സങ്കീര്‍ണ്ണതകളും ഈ സാഹചര്യത്തിന് ആക്കം കൂട്ടുന്നു. ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതോപയോഗം സര്‍വ്വകാല റെക്കോര്‍ഡുകളിലേക്ക് ഉയരുമ്പോഴും ഈ പ്രതിസന്ധി രാഷ്ട്രീയവല്‍ക്കരിച്ച് ഉത്തരവാദിത്തത്തില്‍ നിന്നും കയ്യൊഴിയാനാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ശ്രമിച്ചത്. കൊച്ചിയില്‍ നടന്ന എനര്‍ജി കോണ്‍ക്ലേവിലായിരുന്നു കെഎസ്ഇബി ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ചുമലില്‍ ഈ പ്രതിസന്ധി വെച്ചുകെട്ടാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്.

പുനരുപയോഗ ഊര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ചൊറിച്ചിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് 'കുളം കലക്കി മീന്‍ പിടിക്കുന്ന' സമീപനമാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചടിയാകും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി വിച്ഛേദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. അതായത് സംസ്ഥാനത്തൊട്ടാകെയുള്ള ജനത്തെ വൈദ്യുതി നല്‍കാതെ ബുദ്ധിമുട്ടിലാക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ധ്വനി.

യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമായ കേരള സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററാണ് വൈദ്യുതി ഉല്‍പ്പാദനവും വിതരണവും കൃത്യമായി ഏകോപിപ്പിച്ച് നിയന്ത്രിക്കുന്നത്. എവിടെ കറന്റ് പോകണം, പോകേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ഈ കേന്ദ്രമാണ്. ലൈസന്‍സികളുമായോ ഉല്‍പ്പാദന കമ്പനികളുമായോ ഉണ്ടാക്കിയിട്ടുള്ള കരാറുകള്‍ക്ക് വിധേയമായി, സംസ്ഥാനത്തിനുള്ളിലെ വൈദ്യുതിയുടെ അനുയോജ്യമായ ഷെഡ്യൂളിങിനും വിതരണത്തിനും ഉത്തരവാദിത്തം സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിനാണെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍തന്നെ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് സെക്ഷന്‍ ഓഫീസുകളില്‍ ഇരിക്കുന്ന ജീവനക്കാര്‍ക്ക് തോന്നിയപോലെ വൈദ്യുതി കട്ട് ചെയ്യാന്‍ കഴിയുന്നത്?. പ്രതിസന്ധിഘട്ടത്തെ പഠിച്ച് ആവശ്യമായ സാങ്കേതിക-മനുഷ്യവിഭവശേഷി ഉറപ്പാക്കി പരിഹാരം കാണുന്നതിനു പകരം ജീവനക്കാരെ ജനത്തിന്റെ മുമ്പിലേയ്ക്ക് എറിഞ്ഞുകൊടുക്കുകയല്ലല്ലോ വേണ്ടത്.

അനാവശ്യ രാഷ്ട്രീയവല്‍ക്കരണവും ജീവനക്കാരെ പഴിചാരലും; കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ത്?
താരശരീരങ്ങളിൽ മെരുങ്ങുന്നതല്ല, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങള്‍; 'പരാജിത നായകര്‍' - ഒരു വായന

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് യഥാര്‍ത്ഥ കാരണം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പ്രാഥമിക കാരണം ആവശ്യകതയിലെ വന്‍ വര്‍ധനവും ലഭ്യതയിലെ പരിമിതിയുമാണ്. 2025 ജൂലൈയില്‍ ലഭ്യമായിരുന്ന വൈദ്യുതി ഏകദേശം 4,528 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2026 ജൂലൈയില്‍ അത് 4,560 മെഗാവാട്ടായി നേരിയ തോതില്‍ മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതേ കാലയളവില്‍ പരമാവധി ആവശ്യകത 79.19 മില്യണ്‍ യൂണിറ്റില്‍ നിന്ന് 88.60 മില്യണ്‍ യൂണിറ്റായി കുതിച്ചുയര്‍ന്നു. അതായത് ലഭ്യത വര്‍ധിക്കാത്തപ്പോള്‍ ആവശ്യകതയില്‍ 10-11 മില്യണ്‍ യൂണിറ്റിന്റെ വര്‍ധനവുണ്ടായി.

രാജ്യത്താകമാനം അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമം കേരളത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡിഎഎം (ഡേ-അഹെഡ് മാര്‍ക്കറ്റ്), ആര്‍ടിഎം (റിയല്‍-ടൈം മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ വഴി 7,000 മെഗാവാട്ട് വൈദ്യുതിക്കായി ബിഡ് സമര്‍പ്പിക്കുമ്പോള്‍ വെറും 400 മെഗാവാട്ട് മാത്രമാണ് ക്ലിയര്‍ ചെയ്ത് ലഭിക്കുന്നതെന്ന് കെഎസ്ഇബി ജീവനക്കാര്‍ തന്നെ പറയുന്നു. കൂടാതെ, ഹ്രസ്വകാല വൈദ്യുതി വാങ്ങാന്‍ ഉപയോഗിക്കുന്ന ഇ-ബങ, ഇ-റിവേഴ്‌സ് ലേല പ്ലാറ്റ്ഫോമായ ഡിഇഇപി (DEEP) പോര്‍ട്ടല്‍ വഴി വൈദ്യുതി വാങ്ങാന്‍ നടത്തിയ ശ്രമങ്ങളിലും ആവശ്യപ്പെട്ട അളവില്‍ വൈദ്യുതി ലഭിച്ചില്ല. മാര്‍ക്കറ്റില്‍ വലിയ വില നില്‍ക്കുന്നതിനാല്‍ ജനറേറ്ററുകള്‍ ചില മാസങ്ങളില്‍ യൂണിറ്റിന് 15 രൂപ വരെ വില ആവശ്യപ്പെട്ട സാഹചര്യവും ഉണ്ടായി.

ജൂലൈ 13-ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം എല്ലാ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്കും പരമാവധി വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താകെ വൈദ്യുതി ക്ഷാമം വരാന്‍പോകുന്നത്തിന്റെ സൂചന കൂടിയാണിത്. ഈ നിര്‍ദേശം മുന്‍നിര്‍ത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ഭരണ തലത്തിലുള്ള നടപടിക്രമങ്ങളിലെയ്ക്ക് സര്‍ക്കാര്‍ പോകേണ്ടതായിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ സേവനം ഉറപ്പാക്കുന്ന ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് പകരം സര്‍ക്കാരിനു ചെയ്യാന്‍ കഴിയുക, കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വിഹിതവും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതിയും ഉറപ്പാക്കാന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവുമായി ശക്തമായ ഭരണതല ഇടപെടല്‍ നടത്തുക എന്നതാണ്. മറ്റ് സംസ്ഥാനങ്ങളുമായുള്ള വൈദ്യുതി കൈമാറ്റ കരാറുകള്‍ കൂടുതല്‍ കാര്യക്ഷമമായി പുനക്രമീകരിച്ചാലും പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വരില്ല.

Summary

Kerala is facing a growing power crisis as electricity demand continues to rise while the state’s available supply has increased only marginally. The gap between demand and availability, difficulties in procuring additional power from external markets and wider shortages across the country are contributing to the situation. The article argues that the crisis should not be reduced to allegations against KSEB employees, particularly regarding repeated power cuts, and instead calls for a closer examination of the structural and administrative factors behind the shortage.

Madism Digital
madismdigital.com