

കേരളത്തിന്റെ ഊര്‍ജമേഖല വലിയൊരു പരിവര്‍ത്തനത്തിലൂടെയാണു കടന്നുപോകുന്നത്. പിഎം സൂര്യഘര്‍ യോജന ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഭാഗമായി ആയിരക്കണക്കിനു വീടുകള്‍ സൗരോര്‍ജത്തിലേക്ക് മാറിയതോടെ, പുനരുപയോഗ ഊര്‍ജോല്‍പ്പാദനത്തില്‍ കേരളം ഇന്നു രാജ്യത്ത് തന്നെ മികച്ച സ്ഥാനത്താണ്. എന്നാല്‍ ഈ സൗരോര്‍ജ വിപ്ലവം അരങ്ങേറുമ്പോഴും സംസ്ഥാനം തുടര്‍ച്ചയായ വൈദ്യുതി പ്രതിസന്ധിയെ നേരിടുന്നുവെന്നതു വലിയൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഉല്‍പ്പാദനം വര്‍ദ്ധിച്ചിട്ടും എന്തുകൊണ്ട് കേരളത്തിന്റെ വൈദ്യുതി ഗ്രിഡ് ഈ നേട്ടത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുന്നുവെന്നു പരിശോധിക്കാം.
പ്രതിസന്ധിക്കുള്ള ഏക ശാശ്വത പരിഹാരം പകൽസമയത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ചുവച്ച്, വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഉപയോഗിക്കുകയെന്നതാണ്.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ കാതല്‍ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന സമയവും അതുപയോഗിക്കുന്ന സമയവും തമ്മിലുള്ള വലിയൊരു അന്തരം തന്നെയാണ്. സൗരോര്‍ജം പകല്‍ സമയത്താണ് പ്രധാനമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ വൈദ്യുതി ഉപഭോഗരീതി തികച്ചും വ്യത്യസ്തമാണ്. സംസ്ഥാനത്തെ ഉപഭോക്താക്കളില്‍ വലിയൊരു പങ്കും വീടുകളാണ്. വൈകിട്ട് ആറു മുതല്‍ പതിനൊന്ന് വരെയുള്ള സമയത്താണ് കേരളത്തില്‍ വൈദ്യുതിയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത്. സൂര്യപ്രകാശം ലഭ്യമായ പകല്‍ സമയങ്ങളില്‍ സൗരോര്‍ജം ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഈ ഊര്‍ജം ലഭ്യമാകുന്നില്ല. പകല്‍ സമയത്തു ഗ്രിഡിലേക്കു തള്ളുന്ന വൈദ്യുതി, വൈകുന്നേരങ്ങളില്‍ ഉപഭോക്താക്കള്‍ വീണ്ടും ആവശ്യപ്പെടുമ്പോള്‍ ഗ്രിഡിന് അതു നല്‍കാന്‍ കഴിയാതെ വരുന്നു. ഇത് ഉല്‍പ്പാദനം വര്‍ദ്ധിച്ചിട്ടും പ്രതിസന്ധി തുടരുന്നതിന്റെ പ്രധാന കാരണമാണ്.
കേരളത്തിലെ നിലവിലുള്ള വൈദ്യുതി വിതരണ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഒരു വശത്തേക്കു മാത്രം വൈദ്യുതി ഒഴുകുന്ന രീതിയിലാണ്. അതായതു വലിയ പവര്‍ പ്ലാന്റുകളില്‍നിന്ന് വീടുകളിലേക്ക് എന്ന ഏകദിശയിലുള്ള പ്രവാഹം. എന്നാല്‍ ഇപ്പോള്‍ ആയിരക്കണക്കിനു വീടുകളില്‍ സോളാര്‍ പാനലുകള്‍ വന്നതോടെ, വീടുകളില്‍നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി പ്രവഹിക്കുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നു. ഇതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ആധുനികവല്‍ക്കരണം നമ്മുടെ ഗ്രിഡ് സംവിധാനത്തില്‍ നടക്കേണ്ടതുണ്ട്. പകല്‍ സമയത്ത് ഗ്രിഡിലേക്ക് അധികമായി വരുന്ന വൈദ്യുതി വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ക്കു കാരണമാകുന്നു. ഇത് ട്രാന്‍സ്‌ഫോര്‍മറുകളെയും ഗാര്‍ഹിക ഇലക്ട്രിക്കല്‍ ഉപകരണങ്ങളെയും തകരാറിലാക്കുന്നു. ആവശ്യമായ സംഭരണ സംവിധാനങ്ങളില്ലാതെ ഈ അധിക ഊര്‍ജ്ജം ഗ്രിഡിലേക്കു തള്ളുന്നതു വൈദ്യുതി വിതരണത്തിന്റെ സുസ്ഥിരതയെ തന്നെ ബാധിക്കുന്നു.
കേരളത്തിന്റെ പരമ്പരാഗത വൈദ്യുതി സ്രോതസ് എപ്പോഴും ജലവൈദ്യുത പദ്ധതികളാണ്. എന്നാല്‍ മഴയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഡാമുകളിലെ ജലനിരപ്പിലുണ്ടാകുന്ന കുറവും ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ആഭ്യന്തര ഉല്‍പ്പാദനം കുറയുമ്പോള്‍ കേരളത്തിനു വൈദ്യുതിക്കായി ദേശീയവിപണിയെ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍ ദേശീയ വിപണിയില്‍ വൈദ്യുതിയുടെ വില പീക്ക് സമയങ്ങളില്‍ കുതിച്ചുയരാറുണ്ട്. ഒരു യൂണിറ്റിന് 10 രൂപ വരെ നല്‍കിയാണു പലപ്പോഴും കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്. സ്വന്തമായി സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും അതു കൃത്യസമയത്ത് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍, വന്‍ തുക മുടക്കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നത് കെ എസ് ഇ ബിയുടെ സാമ്പത്തിക അടിത്തറയെയും ബാധിക്കുന്നു.
ഈ പ്രതിസന്ധിക്കുള്ള ഏക ശാശ്വത പരിഹാരം പകൽസമയത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ചുവച്ച്, വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഉപയോഗിക്കുകയെന്നതാണ്. ഇതിനായി കെ എസ് ഇ ബി ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം എന്ന ആശയത്തിലേക്കു നീങ്ങിക്കഴിഞ്ഞു. വലിയ ബാറ്ററി സംവിധാനങ്ങള്‍ വഴി പകല്‍ സമയം അധികമായി വരുന്ന സൗരോര്‍ജം ശേഖരിക്കുകയും അതു രാത്രി ഉപയോഗിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കാസര്‍ഗോഡ് മയിലാട്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഈ പദ്ധതികള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍ മാത്രമേ സൗരോര്‍ജത്തിന്റെ പൂര്‍ണ ഗുണം കേരളത്തിനു ലഭിക്കുകയുള്ളൂ.
സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നത് കൊണ്ട് മാത്രം വൈദ്യുതി പ്രതിസന്ധി അവസാനിക്കില്ലെന്ന് വ്യക്തമാണ്. നയപരമായ മാറ്റങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഒരുപോലെ നടപ്പിലായാല്‍ മാത്രമേ കേരളത്തിന്റെ ഈ ഊര്‍ജ്ജ മുന്നേറ്റം സുസ്ഥിരമായ ഒന്നായി മാറുകയുള്ളൂ. ഗ്രിഡിന്റെ ആധുനികവല്‍ക്കരണവും സംഭരണ ശേഷി വര്‍ദ്ധിപ്പിക്കലും തന്നെയാണ് കേരളം നേരിടുന്ന ഈ ഊര്‍ജ്ജ വെല്ലുവിളിക്കുള്ള ഏക പോംവഴി.
Kerala's energy sector is undergoing a major transformation, with thousands of households adopting solar power through initiatives such as the PM Surya Ghar Yojana. This shift has helped the state emerge as one of India's leading contributors to renewable energy generation. However, despite the rapid growth of solar power, Kerala continues to face recurring electricity shortages and grid-related challenges. The paradox raises important questions about the state's power infrastructure, grid integration capacity, energy storage limitations, and the ability to effectively absorb and distribute the increasing volume of renewable energy being generated.