ലോക്‌സഭ കടന്ന് 'കേരളം'; പേരുമാറ്റ ബില്ലിന് അംഗീകാരം

ബില്‍ അടുത്ത ദിവസങ്ങളില്‍ രാജ്യസഭയുടെ പരിഗണയ്‌ക്കെത്തും.
ലോക്‌സഭ കടന്ന് 'കേരളം'; പേരുമാറ്റ ബില്ലിന് അംഗീകാരം
Published on

കേരള സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുതുക്കി നിശ്ചയിക്കുന്ന കേരള സംസ്ഥാന ബില്‍ പാര്‍ലമെന്റ് പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചകളില്ലാതെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുതുക്കി നിശ്ചയിക്കുന്നതാണ് ബില്‍. ബില്‍ അടുത്ത ദിവസങ്ങളില്‍ രാജ്യസഭയുടെ പരിഗണയ്‌ക്കെത്തും.

കേരളത്തെ ഔദ്യോഗികമായി 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം 2024 ജൂണില്‍ കേരള നിയമസഭയും ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭാവത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ബില്ലിന്റെ ലക്ഷ്യം

സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയുമായും സ്വത്വവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ് 'കേരളം' എന്ന പദം. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭാഷാപരവും സാംസ്‌കാരികവുമായ സ്വത്വത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമാക്കുന്നത്. മലയാളത്തില്‍, സംസ്ഥാനത്തെ കേരളം എന്ന് തന്നെയാണ് കാലങ്ങളായി രേഖപ്പെടുത്തുന്നത്. പക്ഷേ ഇംഗ്ലീഷില്‍ കേരള എന്നാണ് രേഖപ്പെടുത്തുന്നതും ഉച്ഛരിക്കുന്നതും.

ലോക്‌സഭ കടന്ന് 'കേരളം'; പേരുമാറ്റ ബില്ലിന് അംഗീകാരം
മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ക്ക് പിന്തുണ; എന്‍ഡിഎക്ക് പുറത്തെ ആദ്യ പാര്‍ട്ടിയായി അകാലിദള്‍; പഞ്ചാബില്‍ വീണ്ടും ബിജെപി സഖ്യം?

പേരിന്റെ പശ്ചാത്തലം

1956-ലെ സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് ഭാഷാടിസ്ഥാനത്തില്‍ പ്രദേശങ്ങള്‍ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാനം രൂപീകരിക്കുന്നത്. 1956 നവംബര്‍ 1-ന് സംസ്ഥാനത്തിന് ഔദ്യോഗികമായി കേരള എന്ന് നല്‍കി. 'കേരളം' എന്ന പേര് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാന രൂപീകരണം മുതല്‍ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ കേരള എന്നാണ് രേഖപ്പെടുത്തപ്പെട്ടത്.

കേരളം എന്ന പേരിന്റെ ആദ്യകാല തെളിവുകള്‍ മൗര്യ ചക്രവര്‍ത്തിയായ അശോകന്റെ മൂന്നാം നൂറ്റാണ്ടിലെ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിട്ടുണ്ട്. 'കേരളം' എന്ന പേര് ചേര രാജവംശവുമായി ബന്ധപ്പെട്ടിരിക്കാമെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു. ചേര ഭരണാധികാരികളുടെ പ്രദേശം കാലക്രമേണ 'ചേരളം' എന്ന് വിളിക്കപ്പെട്ടുവെന്നും അത് 'കേരളം' ആയി പരിണമിക്കുകയുമായിരുന്നു എന്നാണ് വാദം.

ലോക്‌സഭ കടന്ന് 'കേരളം'; പേരുമാറ്റ ബില്ലിന് അംഗീകാരം
ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍

ഭരണഘടനാ പ്രക്രിയ

ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിന് ഭരണഘടനാ പരമായ നടപടി ക്രമങ്ങള്‍ നിരവധിയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 ആണ് ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിക്കുന്നതോടെ പേരുമാറ്റം നിയമമാകും.

നടപടിക്ക് സംസ്ഥാന നിയമസഭയുടെ അഭിപ്രായവും സ്വീകരിക്കും. എന്നാല്‍ അത് നിര്‍ബന്ധമല്ല. അന്തിമ തീരുമാനം പാര്‍ലമെന്റിന്റെയും രാഷ്ട്രപതിയുടെയും അധികാരപരിധിയില്‍പ്പെടുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ കേരളം നേരത്തെ തന്നെ പ്രമേയം പാസാക്കിയിട്ടുണ്ട്. ബില്‍ നിയമമാകുന്നതോടെ എല്ലാ ഭരണഘടനാ, സര്‍ക്കാര്‍ രേഖകളിലും സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്ന് രേഖപ്പെടുത്തും.

Summary

The Lok Sabha has passed the Kerala (Alteration of Name) Bill, 2026, paving the way for the state to officially be renamed Keralam. The legislation follows a resolution passed by the Kerala Legislative Assembly in June 2024 and subsequently forwarded to the Centre. Introducing the Bill in the Lok Sabha, Minister of State for Home Affairs Nityanand Rai said it provides for the change of the state's name along with the necessary constitutional and related amendments required to implement it.

Madism Digital
madismdigital.com